നാം ആർക്കും ഒരു ചെരുപ്പായി തീരരുത്
തോമസ് വർഗീസ്
‘ചെരുപ്പ്’ (പാദ രക്ഷ) എന്ന് കേൾക്കുന്പോൾ ഒറ്റയായി തോന്നുമെങ്കിലും ജോടിയായിട്ടാണ് ഉപയോഗത്തിൽ... വേർപിരിയാത്ത ഇണകൾ... ഒറ്റ ചെരുപ്പ് മാത്രമായി ഒരു കാലിൽ മാത്രം ഇട്ടു നടക്കാനായിആരും താൽപ്പര്യപ്പെടാറില്ലല്ലോ... ചെരുപ്പ്, പാദരക്ഷ, ഷൂസ്, മെതിയടി എന്നൊക്കെ ഓമനപേരിൽ നാം വിളിക്കാറുണ്ട്. ഏതു പേരിൽ വിളിച്ചാലും ഇവകൾ നമ്മുടെ പാദങ്ങളുടെ സംരക്ഷയ്ക്കും സുഖമമായ സഞ്ചാരത്തിനും വേണ്ടി മാത്രമാണ്.
ഏതു രാജ്യക്കാരനായാലും, ഏതു ഭാഷ സംസാരിക്കുന്നവരായാലും ശരി ഇന്നത്തെ ജീവിത സാഹചര്യത്തിൽ വസ്ത്രത്തിന് കൊടുക്കുന്നതിനു തുല്യമായ വിധത്തിലുള്ള പ്രാധാന്യം ചെരുപ്പുകൾക്കും ഉണ്ട് എന്നുള്ളത് പറയേണ്ടതില്ലല്ലോ. നിത്യജീവിതത്തിൽ ചെരുപ്പില്ലാതെ പുറത്തുപോകുന്നത് ആക്ഷേപം ആയി മാറിയിരിക്കുന്നു. നമ്മുടെ പൂർവ്വികർ പലരും ചെരുപ്പ് ഉപയോഗിക്കാതെ ജീവിച്ചിട്ടുള്ളതും സത്യമായിരിക്കും. കാലം മാറി പാദര
ക്ഷകൾ ഇല്ലാത്ത ഒരു ഭവനവും ലോകത്ത് കാണുകയില്ല.
പണ്ടു കാലങ്ങളിൽ മരത്തടികൊണ്ടു നിർമ്മിച്ച ചെരുപ്പുകൾ ഉപയോഗിക്കുന്നവരെ ഞാൻ കണ്ടിട്ടുള്ളത് ഇപ്പോഴും ഓർമ്മയിലുണ്ട്. ചെരുപ്പ് അല്ലെങ്കിൽ പാദരക്ഷയുടെ ഉപയോഗം എങ്ങനെ മനുഷ്യനിൽ വന്നുചേർന്നു എന്നു നാം ചിന്തിച്ചിട്ടുണ്ടോ..? ആദ്യകാലങ്ങളിൽ സഞ്ചാര യോഗ്യമല്ലാത്ത ഭൂമിയുടെ കിടപ്പും പ്രകൃതികളും ഒരു പക്ഷെ മനുഷ്യകാലുകൾക്ക് വേദന കൊടുത്തിരിക്കാം. അതിൽനിന്നും തന്റെ പാദങ്ങളുടെ വേദനയുടെ രക്ഷക്കായി കണ്ടുപിടിച്ചതാകാം. തണുപ്പിൽ കൂടിയും പാറകെട്ടുകളിൽ കൂടി യാത്രചെയ്യുന്പോൾ മൃഗതോലുകൊണ്ടുള്ള ചെരുപ്പുകൾ ഉപയോഗിച്ചതായി ബൈബിളിലും പറയുന്നുണ്ട്.
പ്രായഭേതമെന്യേ ഏതു ഉന്നതനും, ഏതു നിർദ്ധനനും, ഏതുരോഗിക്കും, ഏതുതരം ജോലി ചെയ്യുന്നവർക്കും അനുയോജ്യമായ വിധത്തിലുള്ള ചെരുപ്പുകളും ഷൂസുകളും അവരവരുടെ അഭിരുചിക്കും, സ്റ്റാറ്റസിനും ചേർന്ന വിധത്തിലുള്ളത് മാർക്കറ്റിൽ ലഭ്യമാണ്. ഇനി അല്പ്പം ഫാഷനുവേണ്ടിയോ അതല്ല ശരീര വടിവുകൾക്കോ ഫാഷൻ നടത്തത്തിനോ അനുയോജ്യമായ ഉപ്പൂറ്റി ഉയർന്ന ചെരുപ്പുകളും എവിടെയും ലഭ്യമാണ്. കടകളിലെയും, ഷോപ്പിംഗ് മാളുകളിലെയും എ.സി മുറിക്കുള്ളിലെ കണ്ണാടി ചില്ലുകൾക്കുള്ളിൽ തന്റെ സൗന്ദര്യം പ്രദർശിപ്പിച്ചു മോഹിപ്പിച്ചിരുന്ന ആ സുന്ദരികളും സുന്ദരന്മാരുമായ ചെരുപ്പുകളെ വിലകൊടുത്തു സ്വന്തമാക്കിയ തങ്ങളുടെ ഉടമസ്ഥരുടെ പാദങ്ങളുടെ അടിമളായി ചവിട്ടുകൊള്ളാൻ കച്ചവടക്കാരന്റെഅനുവാദത്തോടു പുറത്തിറങ്ങിയാൽ അന്ന് തുടങ്ങുന്നു ചെരുപ്പിന്റെ ജീവിതം. ആദ്യം ആദ്യം വളരെ വളരെ സ്നേഹത്തോടു കൂടിയുള്ള പരിപാലനം. ചെളിയിൽ ആ ചെരുപ്പിട്ട് ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കും, നിസ്സാര ചെളിയോ പോറലുകളോ പറ്റിയാൽ പോലും ശ്രദ്ധയോടെ വൃത്തിയാക്കും. എന്നാൽ ദിവസങ്ങൾ കഴിയുംതോറും പഴയ കരുതൽ ഉണ്ടാകുന്നില്ല. വാർ ഉൾപ്പെടെ തേയാൻ തുടങ്ങുന്നു. ചെരിപ്പുടമയുടെ കാൽപ്പാദത്തിന്റെ പ്രതിരൂപം തേയുന്നതിനനുസരിച്ചു പതിയാൻ തുടങ്ങുന്നു.
പാവം ചെരുപ്പ് തന്റെ ഉടമസ്ഥന്റെ എല്ലാ ചലനങ്ങളും, വികാരങ്ങളും കണ്ടും കേട്ടും മൂകസാക്ഷിയായി സന്തത സഹചാരിയായി ഉടമസ്ഥനായവൻ നടന്നിട്ടുള്ള വഴികളിലെ കൂർത്ത കല്ലിന്റെയും, മുള്ളിന്റെയും വേദനകൾ സ്വയം ഏറ്റെടുത്തുകൊണ്ട് യാത്ര തുടരുന്നു. നന്മചെയ്യാനും, തിന്മചെയ്യാനും, ദേഷ്യം വരുന്പോൾ അന്യനോട് കാണിക്കാൻ ഒക്കാത്ത ദേഷ്യം തന്റെ കാലിന്റെ ശക്തി പാവം ചെരുപ്പുകൾ സഹിക്കേണ്ടിവരുന്നു. വിരുന്നു പോകാനും, വിശേഷങ്ങൾക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും എല്ലാം കൂടെ കൂട്ടും. എന്നാൽ ചെരുപ്പിന് എല്ലായിടത്തും പ്രവേശനം അനുവദനീയമല്ല. പ്രവേശിക്കാവുന്ന ഇടങ്ങൾക്കു പരിധി നിശ്ചയിച്ചിട്ടുണ്ട്. സന്തതസഹചാരിയായിട്ടും പ്രവേശന കവാടംവരെ മാത്രം യാത്ര. ചെരുപ്പുകൾ ഇവിടെ സൂഷിക്കുക എന്ന ബോർഡുകളുടെ മുന്പിൽ ഏതു വിലയുള്ള ചെരുപ്പും തന്റെ ഉടയവന്റെ വരവും കാത്തു ആ വാതിൽ പടിക്കൽ വിലകുറഞ്ഞതോ, തേഞ്ഞരഞ്ഞതോ, വിയർപ്പു ഗന്ധം വമിക്കുന്നവയോ എന്ന വിത്യാസമില്ലാതെ കാത്തു കിടക്കാൻ വിധിക്കപ്പെട്ടവകൾ. എന്നാൽ ഏതുകൂട്ടത്തിലും തന്റെ സന്തതസഹചാരിയായ ചെരുപ്പിനെ ഉടമസ്ഥൻ കണ്ടുപിടിക്കാൻ പ്രയാസം ഉണ്ടാകില്ല എന്നുള്ളത് സത്യമാണ്.
ഇണപിരിഞ്ഞാൽ. അല്പ്പസമയം ഇണയിൽ ഒന്നിനെ കാണാതിരുന്നാൽ എത്ര സസൂഷ്മതയോട് അന്വേഷിച്ചു കണ്ടെത്താൻ ശ്രമിക്കാറുണ്ട് നാം ഒരോരുത്തരും. എത്ര വലിയ വിലകൊടുത്തു വാങ്ങിയ ചെരുപ്പായാലും ശരി ജോഡിയിലൊന്നിനെ കണ്ടില്ലെങ്കിൽ ഉപയോഗശൂന്യം തന്നെയാണ് ഫലത്തിൽ. അളവിലും പാകത്തിനും ചേരാത്ത ചെരുപ്പുകളും, ഷൂസുകളും ധരിക്കുന്പോൾ അവ കാലുകൾക്ക് രക്ഷയ്ക്കു പകരം വീഴ്ച്ചയായിരിക്കും സമ്മാനിക്കുന്നത് എന്ന് അനുഭവസ്ഥർ പറയും. പുതു ചെരുപ്പുകളും, ഷൂസുകളും ധരിക്കുന്പോൾ അല്പ്പം വേദനകൾ ആ കാലുകൾക്കു തോന്നിയാലും ആ വേദനകൾ സഹിക്കാനും ക്ഷമിക്കാനും അതിന്റെ ഉടമസ്ഥൻ തയ്യാറാണ്. വേദന തന്നതുകൊണ്ടു ആരും വലിച്ചെറിയുന്നില്ല.
മൂക സാക്ഷിയായി, സന്തത സഹചാരിയായി, നിശബ്ദനായി, ഭൂമിയോളം ക്ഷമിച്ചും ചവിട്ടും കൊണ്ടും ഇരുന്ന പാവം ചെരുപ്പ് പലപ്പോഴും ചിലരുടെ എങ്കിലും കൈകളിൽ എത്തുന്പോൾ വലിയ വാർത്തകൾ സൃഷ്ടിച്ച് ലോക ശ്രദ്ധ വരെ ആകർഷിക്കപ്പെടുന്നതായി കാണാം. ചെരുപ്പ് എറിഞ്ഞെന്നും, ചെരുപ്പുമാല ചാർത്തി എന്നും, ചെരുപ്പിനടിച്ചു എന്നും അറിയപ്പെടുന്ന പേരുകൾക്കൊപ്പം ചേർത്തുവായിക്കാൻ അവസരം ഉണ്ടായി കാണുന്പോൾ അത് ഒരു സംഭവം ആകുന്നല്ലോ.
ഒരു മൂകസാക്ഷിയായി ചെളിപുരണ്ട ജീവിത വഴികളിലെ നന്മ തിന്മകൾ എല്ലാം കണ്ടറിഞ്ഞു അറിയാത്തതും അറിഞ്ഞതുമായ വഴികളിൽ ഈ സന്തത സഹാചാരിയായ ചെരുപ്പിന്റെ കാൽനട പാടുകൾ പതിഞ്ഞിരിക്കാം. ആ ചെരുപ്പിന്റെ പാടുകൾ ഒരുപക്ഷെ ഒരു തെളിവായി തീരാനും ഇടനൽകുന്നു. അങ്ങനെ ചെരുപ്പും ഒരു അടയാളമായി കോടതി കയറാനും സാഹചര്യമാകുന്നുവല്ലോ.
ഗുണപാഠം: “ഒരിക്കലും നാം ആർക്കും ഒരുചെരുപ്പായി തീരരുത്”.