രാ­മകഥാ­മൃ­തം (ഭാ­ഗം 15)


എ. ശിവപ്രസാദ്

 

 

സുഗ്രീവന്റെ ആജ്ഞയനുസരിച്ച് നാല് ദിക്കിലേയ്ക്കും വീരന്മാരായ വാനരപ്രമുഖരുടെ നേതൃത്വത്തിൽ വാനരസൈന്യം സീതാന്വേഷണത്തിനായി യാത്ര തിരിച്ചു. ഒരു മാസത്തിനുശേഷം പൂർവ്വദിക്കിലേയ്ക്ക് പോയ വിനതനും പശ്ചിമ ദിക്കിലേയ്ക്ക് പോയ സുഷേണനും ഉത്തരദിക്കിലേയ്ക്ക് പോയ ശതബലിയും അവരവരുടെ സൈന്യസമേതം സീതാദേവിയെ കാണാൻ കഴിയാതെ നിരാശരായി മടങ്ങി. ദക്ഷിണദിക്കിലേയ്ക്ക് സീതാന്വേഷണത്തിനായി പോയവരിൽ ഹനുമാൻ, ജാംബവാൻ, അംഗദൻ, നളൻ തുടങ്ങി ഒട്ടേറെ ശക്തിശാലികളായ കപിശ്രേഷ്ഠരുണ്ടായിരുന്നു. എന്നിട്ടും സുഗ്രീവൻ നിർദ്ദേശിച്ച മുപ്പത് ദിവസത്തിനുള്ളിൽ സീതാദേവിയെ കണ്ടെത്താൻ അവർക്കും കഴിഞ്ഞില്ല.

അങ്ങിനെ നിരാശരായ അവർ ഇനിയെന്തു ചെയ്യുമെന്നാലോചിച്ചിരുന്നു. ഒടുവിൽ കടൽതീരത്ത് ദർഭപ്പുല്ലു വിരിച്ച് അതിൽ കിടന്ന് നിരാഹാമനുഷ്ഠിച്ച് കൂട്ടത്തോടെ മരിക്കാൻ അവർ നിശ്ചയിച്ചു. അതനുസരിച്ച് അവർ കൂട്ടത്തോടെ ദർഭപുല്ലിൽ കിടന്നു. കിടക്കുന്നതിനിടയിൽ ശ്രീരാമദേവന്റെ വനവാസത്തെക്കുറിച്ചും മറ്റും അവർ പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു. വാനരന്മാരെ ഭക്ഷിപ്പാനായി അടുത്ത വൃദ്ധനായ പക്ഷിശ്രേഷ്ഠൻ സന്പാതി ഇവരുടെ സംഭാഷണം കേട്ടു. കൂട്ടത്തിൽ ജടായുവിന്റെ പേരും കേട്ട സന്പാതി ഇവർ ആരാണെന്നും ആഗമനോദ്ദേശ്യവും അന്വേഷിച്ചു. ബാലി പുത്രനായ അംഗദൻ നടന്ന സംഭവങ്ങളെല്ലാം പക്ഷി ശ്രേഷ്ഠനായ സന്പാതിയോട് വിവരിച്ചു. തന്റെ പ്രിയ സഹോദരനായ ജടായുവിന്റെ മൃത്യുവാർത്ത സന്പാതിയെ ദുഃഖത്തിലാഴ്ത്തി.

സീതാദേവിയെ കൊണ്ടുപോയത് ലങ്കാപുരിയിലേക്കാണെന്നും അവിടത്തെ വിവരങ്ങൾ മഹേന്ദ്ര പർവ്വതത്തിന് മുകളിൽ കയറിയാൽ തനിക്ക് കാണാമെന്നുമുള്ള സന്പാതിയുടെ വാക്ക് കേട്ട വാനരർ സന്പാതിയെ മഹേന്ദ്ര പർവ്വതത്തിനു മുകളിലെത്തിച്ചു. മഹേന്ദ്ര പർവ്വതത്തിലേറിയ സന്പാതി ലങ്കാ നഗരിയെക്കുറിച്ചുള്ള വിവരണം വാനര സൈന്യത്തിന് നൽകി. ലങ്കാപുരിയിലെത്താൻ നൂറ് യോജന സമുദ്രം താണ്ടണമെന്നും ലങ്കാ നഗരം അനേകം കോട്ടകളും കിടങ്ങുകളും കൊണ്ട് നിറഞ്ഞതാണെന്നും സന്പാതി പറഞ്ഞു. സന്പാതിയുടെ ലങ്കാവിവരണം ശ്രവിച്ച വാനരൻ ആശങ്കാകുലരായി. ഏത് വിധേനയും സമുദ്രം കടക്കണമെന്നതായി അവരുടെ ചിന്ത. പക്ഷേ നൂറുയോജന എങ്ങിനെ മറികടക്കും? അതായി അവരുടെ അടുത്ത കടന്പ. പത്തുയോജന ചാടാനാകുമെന്ന് ചില വാനരന്മാർ പറഞ്ഞു. പക്ഷെ ഇതൊന്നും ലങ്കാപുരിയിലെത്താൻ പ്രാപ്തമായിരുന്നില്ല. നൂറ് യോജന ചാടി ലങ്കയിലെത്താമെന്ന് അംഗദൻ പറഞ്ഞു. പക്ഷേ തിരിച്ചിങ്ങോട്ട് ചാടാൻ കരുത്തില്ലെന്ന് അംഗദൻ അറിയിച്ചു.

വാനരവീരന്മാരെല്ലാം നിരാശരായി. ഒടുവിൽ അവർ ജാംബവാന്റെ അടുത്തെത്തി. എന്തെങ്കിലും ഒരു പോംവഴി കാണിച്ചു തരണമെന്ന് അഭ്യർത്ഥിച്ചു. അവരെ ആശ്വസിപ്പിച്ച ജാംബവാൻ അങ്ങ് അകലെ ചിന്താമഗ്നായിരിക്കുന്ന ഹനുമാന്റെ അടുത്തെത്തി. എന്നിട്ട് ഹനുമാന്റെ ഗുണഗണങ്ങളെപ്പറ്റി പ്രകീർത്തിക്കാൻ തുടങ്ങി. പണ്ട് സൂര്യനെ കണ്ട ഹനുമാൻ പഴമാണെന്ന് കരുതി പിടിക്കാൻ പോയതും ദേവേന്ദ്രന്റെ വാളിനാൽ മുറിവേറ്റതും തുടങ്ങിയ കഥകൾ ഹനുമാനെ ഓ‍ർമ്മിപ്പിച്ചു. അഷ്ടഐശ്വര്യസിദ്ധിയുള്ള ഒരേ ഒരു വ്യക്തിയാണ് ഹനുമാനെന്നും ജാംബവാൻ ഓർമ്മിപ്പിച്ചു. വായുതനയനായ ഹനുമാനെ തോൽപ്പിക്കാൻ ഈ വിശ്വത്തിൽ ആർക്കും തന്നെ കഴിയില്ലെന്നും അതുകൊണ്ട് നൂറുയോജന സമുദ്രലംഘനം നടത്തി ലങ്കാപുരിയിലെത്തി അവിടെ നിന്നും സീതാദേവിയെ തിരഞ്ഞ് കണ്ടുപിടിക്കണമെന്നും ജാംബവാൻ ഹനുമാനോട് പറഞ്ഞു. ജാംബവാന്റെ പ്രശംസയാൽ വിജ്രംഭിതനായ ഹനുമാൻ തന്റെ യഥാർത്ഥ വലുപ്പം സ്വീകരിച്ചു. മഹേന്ദ്രപർവ്വതത്തിന് മുകളിൽ കയറിയ ഹനുമാൻ മൂന്ന് ലോകങ്ങളും നടുങ്ങുമാറ് ഒന്ന് അലറി.

You might also like

Most Viewed