ദരിദ്രകുട്ടികൾക്കായി ഇന്ത്യ ചെയ്യുന്നത്, ചെയ്യേണ്ടത് (അന്വേ­ഷണ പരന്പര 3)


ലക്ഷ്മി ബാലചന്ദ്രൻ

രോ മനുഷ്യന്റെയും വ്യക്തിത്വ രൂപീകരണത്തിൽ വളർന്നു വരുന്ന സാഹചര്യത്തിന് വ്യക്തമായ പങ്കുണ്ട്. എത്ര കുലീനമായ കുടുംബത്തിൽ പിറന്നവനായാലും, എത്ര മോശം സാഹചര്യങ്ങളിൽ പിറന്നവനായാലും അവരുടെ സഹവാസം ആരോടെല്ലാം എന്നതനുസരിച്ചാണ് അവരുടെ വ്യക്തിത്വവും രൂപപ്പെടുന്നത്. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഓരോ കുട്ടിയെയും നല്ല രീതിയിൽ വളർത്തിയെടുക്കാൻ അവർക്ക് ചുറ്റുമുള്ള സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. തെരുവിലെ പീഡനങ്ങൾ ഏറ്റു വളരുന്ന കുട്ടികൾക്ക് തങ്ങൾക്ക് ചുറ്റുമുള്ള സമൂഹത്തെ വെറുപ്പോടെ കാണാൻ മാത്രമേ സാധിക്കൂ. അതുകൊണ്ടു തന്നെ സ്വന്തം ലാഭത്തിനായി മറ്റൊരുവനെ ആക്രമിക്കാൻ അവർ രണ്ടാമതൊന്നു ചിന്തിക്കുകയുമില്ല. ഇതേ കുട്ടികളെ തന്നെ മോശം സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തി എടുത്താലോ അവർ സമൂഹത്തിനു മുതൽക്കൂട്ടാവുകയും ചെയ്യും. അത്തരത്തിൽ തെരുവിൽ നിന്നും കണ്ടെടുത്ത ഒരുപിടി മണിമുത്തുകളുടെ കാര്യം കൂടി വായനക്കാരോട് പങ്കുവെയ്‌ക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ഇരുണ്ട വശങ്ങളിൽ നരകിച്ചു ജീവിക്കുന്ന കുട്ടികളെ സഹായിക്കാൻ ജനങ്ങളും, ഭരണകൂടങ്ങളും മുന്നോട്ടു വരേണ്ടതുമുണ്ട്. 

ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടു വിഷയങ്ങളിൽ A+ഉം, മറ്റെല്ലാ വിഷയങ്ങളിലും A യും നേടി വിജയിച്ച ഗായത്രി സർക്കസ് ക്യാന്പിൽ നിന്നും പലയാനം ചെയ്താണ് ശിശുഭവനിൽ എത്തിയത്. അച്ഛന്റെ മരണശേഷം, രണ്ടാനച്ഛൻ മുഖേന സർക്കസ് കന്പനിയിൽ എത്തിയ ഗായത്രി അവിടെ നിന്നും കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി. സർക്കസിൽ നിന്നുള്ള വരുമാനം രണ്ടാനച്ഛനും കൂട്ടരും മദ്യത്തിനും ലഹരിവസ്തുക്കൾക്കുമായാണ് ചെലവാക്കിയിരുന്നത്. രണ്ടായിരത്തി പത്തിൽ ആലപ്പുഴ ഭാഗത്ത് സർക്കസ് നടക്കവേ കൂട്ടുകാരെയും കൂട്ടി ട്രെയിനിൽ കയറിയ ഗായത്രി ജനസേവ ശിശുഭവനിൽ അഭയം തേടി. പഠിക്കാൻ മാത്രമല്ല സ്പോട്സിലും മിടുക്കിയായ ഗായത്രി, മികച്ചൊരു ഫുട്ബോൾ പ്ലെയറും, എറണാകുളം സബ്ബ്‌ ജൂനിയർ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ്. 

സമാനമായ കഥ പറയാനുള്ള ഒരു കുട്ടിയാണ് ആന്ധ്ര സ്വദേശിയായ ശിവ. സ്വന്തം പിതാവ്തന്നെ പീഡനങ്ങൾക്ക് വിധേയനാക്കി തെരുവ് സർക്കസിനുപയോഗിച്ചിരുന്ന ശിവയെ 2004ലിലാണ് ജനസേവ ശിശുഭവൻ അധികൃതർ രക്ഷിക്കുന്നത്. ഇപ്പോൾ +2 പൂർത്തിയാക്കിയ ശിവ, കേരള ‘ടെന്നീസ് ബോൾ ക്രിക്കറ്റ്’ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. ഇതേ പോലെ ഓരോ അനാഥാലയത്തിൽ ചെന്നാലും നമുക്ക് കാണാം ഒരുപാട് കഴിവുള്ള കുട്ടികളെ. 

ഭിക്ഷാടന മാഫിയയുടെ കയ്യിൽ‍ നിന്നും രക്ഷപ്പെട്ടു വിവിധ അഭയകേന്ദ്രങ്ങളിൽ‍ എത്തിച്ചേർ‍ന്ന കുട്ടികളിൽ‍ പലരിൽ‍ നിന്നും പൊതുവായി കേട്ട ഒരു പേരാണ് മുത്തുസ്വാമി. കേരളത്തിലെ ഭിക്ഷാടന മാഫിയയുടെ പ്രധാന കണ്ണിയായ ഇയാൾ‍ തന്നെയാണത്രേ കുട്ടികളെ പലയിടങ്ങളിൽ‍ നിന്നും കൊണ്ട് വരുന്നതും, ഇടവേളകൾ‍ അനുസരിച്ച് സ്ഥലങ്ങൾ‍ മാറ്റുന്നതും. മറ്റു സംസ്ഥാനങ്ങളിൽ‍ നിന്നും കുട്ടികളെ കിഡ്നാപ് ചെയ്തു കേരളത്തിൽ‍ എത്തിക്കുന്നവർ‍ കേരളത്തിലെ കുടുംബങ്ങളോടും ഇത് തന്നെയാകും ചെയ്യുന്നുണ്ടാവുക. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഇക്കൂട്ടരെ നിഷ്കാസനം ചെയ്യാൻ‍ ബാധ്യസ്ഥരുമാണ്. കേവലം കുട്ടികളെ രക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല സമൂഹത്തിന്റെ ഉത്തരവാദിത്വം എന്നും അറിയുക. നമ്മുടെ ആഡംബരങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നതിൽ ഒരു പങ്കോ, നമ്മുടെ ആഘോഷദിനങ്ങളിൽ ഒരു നേരത്തെ ഭക്ഷണമോ എല്ലാം സമീപത്തുള്ള അനാഥാലയങ്ങളിൽ നൽകാനോ, അശരണരെ സഹായിക്കാനോ നാം വിനിയോഗിച്ചാൽ വളരെ മൂല്യമുള്ള ഒരു പ്രവൃത്തി ആകുമത്. അനാഥാലയങ്ങളെ സഹായിക്കാൻ ശ്രമിക്കുന്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം, അവയെല്ലാം സർക്കാർ രജിസ്ട്രേഷൻ ഉള്ളവ ആണോ എന്നതുമാണ്. 

ഭിക്ഷാടനമാഫിയയെ പോലെ തന്നെ ശ്രദ്ധ പുലർത്തേണ്ട കൂട്ടരാണ് മതമൗലീക സംഘടനകൾക്ക് കീഴിൽ നടത്തപ്പെടുന്ന രജിസ്‌ട്രേഷൻ ഇല്ലാത്ത അനാഥാലയങ്ങൾ. ദാരിദ്ര്യവും പട്ടിണിയും മാറാത്ത, ജീവിത സാമൂഹ്യനിലവാരങ്ങൾ‍ കുറഞ്ഞ സംസ്ഥാനങ്ങളിൽ‍ നിന്നാണ് കേരളത്തിലെ അനാഥാലയങ്ങളിൽ‍ നിലവിൽ‍ കുട്ടികൾ‍ എത്തപ്പെടുന്നത്. കുട്ടികൾ‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ശോഭനമായ ഭാവിയും വാഗ്ദാനം നൽ‍കി മാതാപിതാക്കളുടെ അനുവാദമുണ്ടെന്ന് കാണിച്ചാണ് സ്ഥാപനങ്ങളിൽ‍ കുട്ടികളെ എത്തിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും മനോഹരഭാവിയും കുട്ടിക്ക് നൽ‍കുന്നുവെങ്കിൽ‍ അതിലെ സേവനപരതയെ മാനിക്കേണ്ടതുണ്ട്. അങ്ങിനെയുള്ളവർ നിയമങ്ങളെ മാനിക്കുകയും ചെയ്യും. രക്ഷകർ‍ത്താക്കളുടെയും വില്ലേജ് ഓഫീസറുടെയും സാക്ഷ്യപത്രവും അതത് സംസ്ഥാനസർ‍ക്കാരുകളുടെ അനുമതിയും കൂടാതെ മറ്റൊരു സംസ്ഥാനത്തെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ നിയമപരമായി കൊണ്ടുവന്നുകൂടാ. അഥവാ അങ്ങനെ കൊണ്ടുവന്നാൽ‍തന്നെ അനാഥാലയങ്ങൾ‍ അവ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർ‍ക്കാരുകളിലും ജുവനൈൽ‍ ജസ്റ്റിസ് ബോർ‍ഡിന് മുന്നിലും കുട്ടികളെ ഹാജരാക്കിയേ തീരൂ. അവയുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ‍ പാർ‍പ്പിക്കാവൂ എന്ന നിയമം നിലനിൽ‍ക്കെയാണ് കൃത്രിമമായ രേഖകളോടെയും, രേഖകളില്ലാതെ തന്നെയും സംസ്ഥാനത്ത് കുട്ടികൾ‍ എത്തപ്പെടുന്നത്. എല്ലാവിധ സേവനങ്ങളും നിലനിൽ‍ക്കുന്ന നിയമങ്ങൾ‍ക്ക് വിധേയമാകേണ്ടതും ബാധകമാകേണ്ടതുമാണ്. ഛത്തീസ്ഗഢ് പോലീസിന്റെ റിപ്പോർട്ട് പ്രകാരം ഇങ്ങനെ കൊണ്ടുവരപ്പെടുന്ന പല കുട്ടികളും ലൈംഗീകമായി ഉപയോഗിക്കപ്പെടുകയും, അവയവ കച്ചവടമാഫിയകളുടെ ഇരകളാവുകയും ചെയ്യുന്നുമുണ്ട്. മതനിരപേക്ഷ അന്തരീക്ഷമാകണം ഇത്തരം സ്ഥാപനങ്ങളിൽ‍ ഉണ്ടാകേണ്ടത്. ഏതെങ്കിലും ഒരു മതവിശ്വാസം മാത്രം പുലർ‍ത്താൻ‍ കുട്ടിയെ നിർ‍ബന്ധിക്കുകയുമരുത് എന്ന നിർദ്ദേശം ഉള്ളപ്പോൾ തന്നെ ഏറ്റെടുക്കപ്പെടുന്ന കുട്ടികൾ മതപരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ‍ തന്നെ രജിസ്റ്റർ‍ ചെയ്യപ്പെട്ട അനാഥാലയങ്ങളിൽ‍ സർ‍ക്കാർ‍ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ ഉള്ളത് 30ൽ‍ താഴെ മാത്രമാണ്. ബാക്കി വരുന്ന മഹാഭൂരിപക്ഷം സ്ഥാപനങ്ങളും നടത്തുന്നവർ‍, കേരളത്തിലെ സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ‍ തന്നെയാണ് എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. സെക്കണ്ടറി തലത്തിനപ്പുറം ഉന്നത വിദ്യാഭ്യാസ ശ്രേണിയിൽ‍ ഇത്തരം സ്ഥാപനങ്ങളിൽ‍ നിന്നുമുള്ള കുട്ടികളൊന്നും എത്തപ്പെടുന്നില്ലായെന്നത് പൊതുസമൂഹം ചർ‍ച്ച ചെേയ്യണ്ടതുമുണ്ട്. അനാഥാലയങ്ങളെ സംബന്ധിച്ച് കർ‍ശന നിയമനിർ‍മ്മാണങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാൻ‍ സർ‍ക്കാരുകൾ‍ തയ്യാറാകണം. സംസ്ഥാന − ജില്ലാതലങ്ങളിൽ‍ നിശ്ചയമായും മോണിറ്ററിംഗ് സംവിധാനം ഉണ്ടാകണം. സർ‍ക്കാരുകൾ‍ മാത്രമല്ല, പൊതുസമൂഹവും കൂടി ജാഗ്രതയോടെ ഇത്തരം വിഷയങ്ങളെ സമീപിച്ചേ മതിയാകൂ.

കുട്ടികളാരും അനാഥരല്ല. മറിച്ച് അവരെല്ലാം സനാഥരാണ്. നല്ലതെല്ലാം കുട്ടികൾ‍ക്ക് മാറ്റിെവയ്ക്കപ്പെടണമെന്നാണ് കുട്ടികളുടെ സാർ‍വദേശീയ പ്രമാണങ്ങളെല്ലാം അടിവരയിടുന്നത്. അതുകൊണ്ടുതന്നെ അനാഥ ബാല്യങ്ങളെ സനാഥബാല്യങ്ങളാക്കി വളർ‍ത്തേണ്ടത് ഭരണകൂടത്തിന്റേയും പൊതുസമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്. ആഹാരം, വസ്ത്രം, വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതരീതി ഇവയെല്ലാം ഒരുക്കാൻ‍ ബാധ്യതപ്പെട്ടവർ‍ ആ നിലയിൽ‍ പരിചരിക്കുവാൻ‍ തയ്യാറാകുന്നില്ലായെന്നതാണ് സമീപകാല സംഭവങ്ങൾ‍ തെളിയിക്കുന്നത്.

കുട്ടികളുടെ നല്ല ഭാവിക്കായി പ്രവർ‍ത്തിച്ച ലോകനേതാക്കളിൽ‍ ഒരാളാണ് ജവഹർ‍ലാൽ‍ നെഹ്‌റു. ചാച്ചാജിയെന്ന് സ്‌നേഹത്തോടെ കുരുന്നുകൾ‍ അദ്ദേഹത്തെ വിളിച്ചു. സ്വാതന്ത്ര്യം കിട്ടി ആറര പതിറ്റാണ്ട് പിന്നിടുന്പോഴും നെഹ്‌റുവിന്റെ ഇന്ത്യയിലെ കുട്ടികൾ ഭീകരവും ഭയാനകവുമായ അരക്ഷിതാവസ്ഥയിൽ തന്നെ ജീവിക്കുന്നു. മാതാപിതാക്കൾ തന്നെ സ്വന്തം കുട്ടികളെ ജീർണ്ണാവസ്ഥയിലേയ്ക്ക് തള്ളിവിടുന്നു.

പ്രാഥമിക തലത്തിലെങ്കിലും സ്‌കൂൾ‍ വിദ്യാഭ്യാസം ലഭിക്കുന്നത് 57 ശതമാനം കുട്ടികൾ‍ക്ക് മാത്രമാണെന്നാണ് വിവരാവകാശപ്രകാരമുള്ള കണക്കുകൾ‍ വ്യക്തമാക്കുന്നത്. ഈ കണക്ക് പ്രകാരം 43 ശതമാനം വരുന്ന കോടിക്കണക്കിന് കുട്ടികൾ‍ വിദ്യ അഭ്യസിക്കുവാൻ‍ കഴിയാത്തരവായി ഉണ്ട്. എന്നിട്ടും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാർ‍ത്ഥി പ്രവേശനാനുപാതം 98 ശതമാനമെന്ന നിലയിൽ‍ വസ്തുതാ വിരുദ്ധമായ അവതരണങ്ങൾ‍ ആണ് സർ‍ക്കാർ‍ ഏജൻ‍സികൾ‍ പ്രചരിപ്പിക്കുന്നത്. സ്‌കൂൾ‍ വിദ്യാഭ്യാസത്തിന് പുറത്തുനിൽ‍ക്കുന്ന കുട്ടികളുടെ എണ്ണം 81.5 ലക്ഷമാണെന്നും ഇവരിൽ‍ 6 മുതൽ‍ 14 വരെയുള്ള പ്രായപരിധിയിൽ‍ 4.22 ശതമാനം കുട്ടികളുണ്ടെന്നുമാണ് കണക്ക്. സ്‌കൂൾ‍ വിദ്യാഭ്യാസത്തിന് പുറത്തു നിൽ‍ക്കുന്ന കുട്ടികൾ‍ക്കായി സർ‍ക്കാർ‍ തന്നെ ആരംഭിച്ച സമാന്തര വിദ്യാഭ്യാസം ഉറപ്പുനൽ‍കുന്നതോ സമാനമോ ആയ ഒരുവിധ പദ്ധതികളിലും ബഹുഭൂരിപക്ഷം കുട്ടികളും ഉൾ‍പ്പെടുന്നില്ലായെന്നതാണ് മറ്റൊരു ഗുരുതരമായ വസ്തുത. ഇന്ത്യൻ‍ ഭരണകൂടത്തിന്റെ ദരിദ്രകുട്ടികളോടുള്ള മനോഭാവം ഇതിൽ‍ നിന്നെല്ലാം തന്നെ വ്യക്തമാണ്.

ഓരോ രാജ്യത്തിന്റെയും ഭാവി അവിടുത്തെ കുട്ടികളിലാണ് ഉള്ളത്. ആയിരം സന്പന്നരും, അൻപതു ലക്ഷം ദരിദ്രരും ഉള്ളൊരു രാജ്യത്തിന്റെ ജിഡിപി നോക്കി രാജ്യം വികസിച്ചു എന്നു ഗീർവാണം മുഴക്കുന്നതിലല്ല കാര്യം. രാജ്യത്തെ എല്ലാ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളോടെ ജീവിക്കാനുള്ള അവസ്ഥ ഉണ്ടാക്കുന്നതിലാണ്. അതിനായി സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. നല്ല സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളിലൂടെ നമുക്ക് രചിക്കാം നല്ലൊരു രാഷ്ട്രത്തെ..

You might also like

Most Viewed