ഭിക്ഷാടന മാഫിയയ്ക്ക് വളമാകുന്നത് ഉദ്യോഗസ്ഥവൃന്ദങ്ങൾ തന്നെയോ? (അന്വേ­ഷണ പരന്പര - 2)


ലക്ഷ്മി ബാലചന്ദ്രൻ

കേരളത്തിൽ എന്തുകൊണ്ട് ബാലഭിക്ഷാടകർ വർദ്ധിക്കുന്നു, ഇവരുടെ പുനരധിവാസം എന്തുകൊണ്ട് ഉദ്യോഗസ്ഥവൃന്ദങ്ങൾ പോലും തലവേദനയായി കാണുന്നു തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ലഭിക്കാൻ കഴിഞ്ഞ ഇരുപതു വർഷത്തോളമായി തെരുവുകുട്ടികളുടെ സംരക്ഷണത്തിനായി പ്രവർ‍ത്തിച്ചു കൊണ്ടിരിക്കുന്ന ജോസ് മാവേലിയുമായി ഫോർ‍ പി.എം ന്യൂസ് ഈ പരന്പര തയ്യാറാക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ‍ ബന്ധപ്പെടുകയുണ്ടായി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ‍ ഈ കുട്ടികളെ ഏറ്റവും കൂടുതൽ‍ പ്രതിസന്ധിയിൽ‍ ആക്കുന്നത് ഇപ്പോൾ‍ നിലവിലുള്ള കേന്ദ്ര−സംസ്ഥാന സർ‍ക്കാർ‍ നയങ്ങൾ‍ തന്നെയാണ്. അന്യസംസ്ഥാനത്തു നിന്നും കേരളത്തിൽ‍ എത്തിച്ചേരുന്ന കുട്ടികളെ സംരക്ഷിക്കാൻ ഒരു രൂപ പോലും സർ‍ക്കാർ‍ ഗ്രാൻ‍ഡ്‌ നൽ‍കുന്നില്ല. ഇരുനൂറ്റി അന്‍പതോളം അന്യസംസ്ഥാന കുട്ടികൾ‍ ഉള്ള ജനസേവ ശിശുഭവൻ അതുകൊണ്ട് തന്നെ മറ്റു കുട്ടികൾ‍ക്കും സർ‍ക്കാർ‍ ഗ്രാൻഡ്‌ വേണ്ട എന്ന തീരുമാനത്തിൽ‍ എത്തിച്ചേർ‍ന്നു. നാട്ടിലെ സുമനസുകളുടെ സംഭാവനകൾ‍ മാത്രമാണ് ഈ കുട്ടികൾ‍ക്ക് അന്നമേകുന്നത്. അതുപോലെ തന്നെ അന്യസംസ്ഥാന ബാലകരുടെ വിഷയത്തിൽ‍ ചൈൽ‍ഡ് വെൽ‍ഫെയർ‍ കമ്മിറ്റി എടുക്കുന്ന കടുപിടുത്തവും ഒരു പ്രശ്നമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൃത്രിമ വിലാസവുമായി കുട്ടികളുടെ രക്ഷിതാക്കൾ‍ ചമഞ്ഞു വരുന്നവരുടെ കൂടെ പോകാൻ കുട്ടികൾ‍ തയ്യാറാകുന്നില്ലെങ്കിൽ‍ കൂടി, ചൈൽ‍ഡ് വെൽ‍ഫെയർ‍ കമ്മിറ്റി കുട്ടികളെ വിട്ടു നൽ‍കാനാണ് നിർ‍ദേശം നൽ‍കാറുള്ളത്. ഫലമോ കുറച്ചു ദിവസങ്ങൾ‍ക്കുള്ളിൽ‍ ആ കുട്ടികൾ‍ വീണ്ടും തെരുവിൽ‍ അലയുന്ന കാഴ്ചയും. 

ചൈൽഡ് വെൽഫെയർ സൊസൈറ്റിയുടെ ഇടപെടലും, നിർബന്ധബുദ്ധിയും കാരണം ദുരിതമനുഭവിച്ച ചില കുട്ടികളുടെ വിവരങ്ങൾ ജനസേവ അധികൃതർ ഞങ്ങളുമായി പങ്കുവെയ്ക്കുകയുണ്ടായി. ഇതിലൊന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഇരുപതുവയസുകാരി പെൺകുട്ടിയുടെ അനുഭവം. രണ്ടായിരത്തി ഒന്നിൽ, തന്റെ അഞ്ചാം വയസിലാണ് ഈ കുട്ടി ജനസേവാ ശിശുഭവനിൽ എത്തിച്ചേരുന്നത്. തമിഴ്നാട് സ്വദേശിനിയായ ഒരു സ്ത്രീയാണ് അന്ന് ഈ കുട്ടിയെ അവിടെ ഏൽപ്പിച്ചതും. നിയമപരമായി കുട്ടിയെ ഏറ്റെടുത്ത ജനസേവാ ശിശുഭവനിൽ ഏഴു വർഷങ്ങൾക്ക് ശേഷം ആ സ്ത്രീ വീണ്ടും എത്തി കുട്ടിയെ തിരികെ ആവശ്യപ്പെട്ടു. പക്ഷെ അവരോടൊപ്പം തിരികെ പോകാൻ കുട്ടിയോ, വിട്ടുകൊടുക്കാൻ ജനസേവാ അധികൃതരും തയ്യാറല്ലായിരുന്നു. പക്ഷെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടൽ മൂലം ഒടുവിൽ‍ ആ കുട്ടിക്ക് അവരോടൊപ്പം പോകേണ്ടിയും വന്നു. പന്ത്രണ്ടു വയസായ പെൺകുട്ടിയെ കൊണ്ടുപോയ സ്ത്രീയാകട്ടെ, അവളെ കൊല്ലം സ്വദേശിയായ തന്റെ കാമുകന് കാഴ്ച വെച്ചു. അന്ന് മുതൽ ആറു വർഷം ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടി, പതിനെട്ടു വയസായപ്പോൾ ആണ് ജോലിക്കാര്യവുമായി എറണാകുളത്ത് വീണ്ടും എത്തിയത്. ജോലി ചെയ്യുന്ന സ്ഥാപന ഉടമയായ സ്ത്രീയോട് തന്റെ വിവരങ്ങൾ അറിയിച്ച അവൾ വീണ്ടും ജനസേവാ ശിശുഭവനുമായി ബന്ധപ്പെടുകയും, കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. താൻ നേരിട്ട ദുരനുഭവങ്ങൾക്ക് ചൈൽഡ് വെൽഫെയർ സൊസൈറ്റിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടു പിന്നീട് പെൺകുട്ടി ഹർജിയും നൽകിയിരുന്നു. 

സമാനമായ മറ്റൊരു കഥ പറയാനുള്ളത് തമിഴ്നാട് സ്വദേശികൾ ആയ അനു, അനിത, മാധവ് എന്നീ കുട്ടികൾക്കാണ്. മൂന്നു വർഷങ്ങൾക്ക് മുന്പ്‌ ആലുവാ ദേശീയപാതയിൽ മേൽപ്പാലത്തിന് ചുവട്ടിൽ തുറസായ സ്ഥലത്ത് ഉറങ്ങിയിരുന്ന കുട്ടികളുടെ ദയനീയാവസ്ഥ കണ്ട് നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തി ജനസേവ ശിശുഭവനിൽ എത്തിച്ചത്. അധികം വൈകാതെ അവർ‍ സ്കൂളിൽ‍ പോകാനും തുടങ്ങി. പക്ഷെ ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടികളെ അവധിക്കാലം ചെലവഴിക്കാൻ തങ്ങളുടെ കൂടെ വിടണം എന്ന ആവശ്യവുമായി കുട്ടികളുടെ മാതാപിതാക്കൾ മാരിയപ്പനും, തിലകയും ജനസേവാ ശിശുഭവനിൽ എത്തി. ജനസേവാ ശിശു ഭവനിൽ‍ എത്തുന്നതിനു മുന്‍പ് ഈ കുട്ടികൾ‍ ജീവിച്ചിരുന്ന അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. വൈകുന്നേരങ്ങളിൽ‍ മദ്യപിച്ചു ബോധമില്ലാതെ അച്ഛനും, അമ്മയും വന്നു കിടന്നുറങ്ങുകയാണ് സ്ഥിരം പതിവ്. പല ദിവസങ്ങളിലും കുട്ടികൾ‍ പട്ടിണിയുമാണ്‌. അതിനും പുറമേ രാത്രി കാലങ്ങളിൽ‍ എട്ടു വയസിൽ‍ താഴെ മാത്രം പ്രായമുള്ള പെൺകുട്ടികളെ തേടി വരുന്ന അന്യപുരുഷന്മാരും ഇവരുടെ ഉറക്കം കെടുത്തിയിരുന്നു. കരഞ്ഞു ബഹളം വെച്ചും, കയ്യിൽ‍ കിട്ടിയ സാധനങ്ങൾ‍ എടുത്തു എറിയുകയും ചെയ്താണ് ഇവരിൽ‍ നിന്നും കുട്ടികൾ‍ രക്ഷപ്പെട്ടിരുന്നത്. ഇതെല്ലാം കൊണ്ട് തന്നെ അവരുടെ കൂടെ പോകാൻ കുട്ടികളോ, വിട്ടു നൽകാൻ ശിശുഭവൻ അധികൃതരോ തയ്യാറല്ലായിരുന്നു. പിന്നീട് വ്യാജവിലാസവും സംഘടിപ്പിച്ചു ചൈൽഡ് വെൽഫെയർ സൊസൈറ്റിയെ സമീപിച്ച ദന്പതികൾ കുട്ടികളെ ബലമായി പിടിച്ചു കൊണ്ടുപോയി. പക്ഷെ അന്പലപ്പുഴ ഭാഗത്ത് തെരുവിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിൽ നനഞ്ഞു വിറച്ചു കഴിയുന്ന കുട്ടികളുടെ കഥ വൈകാതെ മാധ്യമങ്ങളിൽ വരികയുണ്ടായി. വാർത്ത ശ്രദ്ധയിൽ പെട്ട ജനസേവാ അധികൃതർ അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് പട്ടിണി മൂലം അവശരായ കുട്ടികളെ ആണ്. അവരെ വീണ്ടും കൂട്ടിക്കൊണ്ടു വരാൻ സാധിച്ചതോടെ, കുട്ടികൾക്ക് രണ്ടാം തവണയും മോചനം ലഭിച്ചു. 

ഇത്തരം പ്രശ്നങ്ങളെ കുറിച്ചും, മേൽപ്പറഞ്ഞ ആരോപണങ്ങളെ കുറിച്ചും അറിയുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ പദ്മജ നായരെ നേരിട്ട് ബന്ധപ്പെടുകയുണ്ടായി. ഖേദപൂർവ്വം തന്നെ പറയട്ടെ, തികച്ചും അലസവും നിരുത്തരവാദപരവുമായ പ്രതികരണമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങൾ‍ പ്രഥമ പരിഗണന കൊടുക്കുന്നത് എന്നും, പക്ഷെ മാതാപിതാക്കൾ‍ നിയമപരമായി നീങ്ങിയാൽ‍ തങ്ങൾ‍ക്കും അവരോടൊപ്പം നിൽ‍ക്കാനേ സാധിക്കൂ എന്നും പറഞ്ഞ ചെയർപേഴ്‌സണോട് പല ആരോപണങ്ങളുടെയും തെളിവുകൾ ഞങ്ങളുടെ കയ്യിലുണ്ട് എന്നു പറഞ്ഞപ്പോൾ, എന്തും നേരിടാൻ ഞങ്ങൾ തയ്യാറാണ് എന്നായിരുന്നു മറുപടി. മുന്പ് സൂചിപ്പിച്ച അനു, മാധവ്, അനിത എന്നീ കുട്ടികളുടെ കാര്യം ചോദിച്ചപ്പോൾ രക്ഷാകർത്താക്കളുടെ കൂടെ വിടാനാണ് നിയമം അനുശാസിക്കുന്നത് എന്നവർ പറഞ്ഞു. അങ്ങിനെ പറഞ്ഞയയ്ക്കുന്ന കുട്ടികൾ സുരക്ഷിതരാണോ എന്നു കൂടി അന്വേഷിക്കേണ്ട ചുമതലയില്ലേ എന്നു ചോദിച്ചപ്പോൾ അത് ഞങ്ങളുടെ പണിയല്ല, എല്ലാ കുട്ടികളെ കുറിച്ചും അന്വേഷിക്കാൻ തുടങ്ങിയാൽ ഞങ്ങൾക്ക് അതിനു മാത്രമേ സമയം ഉണ്ടാകൂ എന്നായിരുന്നു അവരുടെ വാദം. രണ്ടാമതും ഈ കുട്ടികളെ ഏറ്റെടുത്ത ജനസേവാ ശിശുഭവൻ അധികൃതർ തങ്ങളെ ഇതുവരെ വിവരം അറിയിച്ചിട്ടില്ലെന്നും, അതിന്റെ പേരിൽ അവർ‍ക്കെതിരെ നടപടി എടുക്കും എന്നു ഭീഷണിപ്പെടുത്താനും മറന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മഴ നനയാൻ തെരുവിലേയ്ക്ക് ഇറക്കി വിട്ട കുട്ടികളെ ജനസേവാ ശിശുഭവൻ സംരക്ഷിച്ചത് മഹാപരാധമായിട്ടാണ് അവർ‍ കാണുന്നത്. ഈ മൂന്നു കുട്ടികൾ മഴ നനഞ്ഞു തെരുവിൽ പാർക്കുന്ന കാര്യം പ്രമുഖ പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നല്ലോ എന്നാരാഞ്ഞപ്പോൾ, വീട് നിർമ്മിച്ചു കിട്ടാനായി കുട്ടികളുടെ മാതാപിതാക്കൾ നടത്തിയ നാടകമാണത് എന്നായിരുന്നു മറ്റൊരു ഉദ്യോഗസ്ഥയുടെ മറുപടി. അങ്ങിനെയെങ്കിൽ പാർപ്പിക്കാൻ വീടില്ലാത്ത രക്ഷിതാക്കളുടെ കൂടെ ഈ കുട്ടികളെ വിടാൻ പാടുണ്ടോ എന്നു ചോദിച്ചപ്പോൾ മറുപടി ലഭിച്ചതുമില്ല. “സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലേയ്ക്ക് നിങ്ങൾ പറഞ്ഞയക്കുന്ന ഈ പെൺകുട്ടികൾ നാളെ ബലാത്സംഗം ചെയ്യപ്പെട്ടു എന്നൊരു വാർത്ത വന്നാൽ എന്തായിരിക്കും നിങ്ങൾക്ക് പറയാനുള്ള ന്യായീകരണം” എന്ന അവസാന ചോദ്യത്തിനാകട്ടെ പരിഹാസം നിറഞ്ഞൊരു ചിരി മാത്രമായിരുന്നു പ്രതികരണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി പുറത്ത് വിട്ട കുട്ടികൾ തിരിച്ച് ഹാജരാകുന്പോൾ കുട്ടികളെ കൗൺസിലിംഗിനു വിധേയരാക്കുക എന്നൊരു സാമാന്യ മര്യാദ പോലും നടപ്പിലാക്കപ്പെടാറില്ല എന്നും ആരോപണമുണ്ട്. ചുരുക്കത്തിൽ കേവലം ശന്പളം ലഭിക്കുന്നൊരു തൊഴിലിടം മാത്രമാണ് പലർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി. 

തെരുവുകുട്ടികളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച മറ്റൊരു പ്രമുഖ സ്ഥാപനം ആയ ചൈൽഡ് ലൈനിനെ കുറിച്ചും ജനങ്ങൾ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. രക്ഷിതാക്കൾ എന്നവകാശപ്പെട്ടു വരുന്നവരെ കുറിച്ചു കാര്യക്ഷമമായ അന്വേഷണം നടത്താതെ കുട്ടികളെ അവർക്കൊപ്പം അയയ്ക്കുന്നു എന്നത് തന്നെയാണ് പ്രധാന ആരോപണം. വിശദാംശങ്ങൾ അറിയാനായി മൂന്നു നാലു ദിവസം നിരവധി തവണ വിളിച്ചതിന് ശേഷമാണ് ഒരാൾ‍ ഫോൺ എടുത്തത് തന്നെ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പോലെ തന്നെ ആരോപണങ്ങളെ നിഷേധിച്ച അവർ, അന്യസംസ്ഥാന കുട്ടികൾക്കും ഗ്രാൻഡ് നൽകുന്നുണ്ട് എന്നറിയിച്ചു. അന്യസംസ്ഥാന കുട്ടികൾക്ക് ഗ്രാൻഡ് ലഭിക്കുന്നില്ല എന്നതിനുള്ള തെളിവും ജനസേവാ ശിശുഭവനിൽ നിന്നും ഞങ്ങൾ ശേഖരിച്ചിരുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം ഒരു തെളിവ് കാണിക്കുന്ന പക്ഷം അവരെന്തു നടപടികൾ വേണമെങ്കിലും ചെയ്തു തരാം എന്നും മറുപടി നൽകി. 

പോലീസ് ഡിപ്പാർട്ട്മെന്റിനു ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത് എന്നതായിരുന്നു അടുത്ത സംശയം. അതിനായി ബഹുമാനപ്പെട്ട കൊച്ചി അസിസ്റ്റന്റ് കമ്മീഷ്ണർ ബാബു കുമാറിനെ വിളിച്ചെങ്കിലും, “ദയവു ചെയ്തു ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്” എന്നായിരുന്നു മറുപടി. മാത്രമല്ല പ്രസ്തുത വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത സൈബർ സെല്ലിൽ എങ്ങാൻ വിളിച്ചു അന്വേഷിക്കൂ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഞങ്ങളെ ഒഴിവാക്കി. തുടർ‍ന്ന് കേരള പോലീസ് PRO V.S രാജശേഖരനെ ബന്ധപ്പെട്ടു. തൃപ്തികരമായ വിവരങ്ങൾ‍ നൽ‍കാൻ അദ്ദേഹത്തിനും സാധിച്ചില്ലെങ്കിലും, സഹകരണമനോഭാവത്തോടെ പ്രതികരിച്ച അദ്ദേഹം ക്രൈം റെക്കോർ‍ഡ്സ് ബ്യൂറോയുമായി ബന്ധപ്പെടാൻ നിർ‍ദ്ദേശിച്ചു. അതനുസരിച്ച് CRB- SP സക്കറിയാ ജോർ‍ജുമായി സംസാരിച്ചു. ആദ്യമെല്ലാം സംസാരിക്കാൻ വിമുഖത കാണിച്ച അദ്ദേഹം ആവശ്യമെങ്കിൽ‍ RTI മുഖേന അന്വേഷിക്കാൻ പറഞ്ഞു. ഫോർ‍ പി.എമ്മിന്റെ തന്നെ പ്രതിനിധി ഇത്തരമൊരുവസ്ഥയിൽ‍ പെട്ടുപോയ ഒരു കുട്ടിയെ ട്രാഫിക് ഡ്യൂട്ടിയിൽ‍ ഉണ്ടായിരുന്ന ഒരുദ്യോഗസ്ഥനു കാണിച്ചു കൊടുത്തതും അദ്ദേഹം അവഗണിച്ചതുമായ സംഭവം പങ്കുവെച്ചപ്പോൾ‍ അദ്ദേഹം കുറച്ചു കാര്യങ്ങൾ‍ അറിയിച്ചു. ഒന്നാമതായി ട്രാഫിക് ഡ്യൂട്ടിയിൽ‍ ഉള്ളൊരു ഉദ്യോഗസ്ഥന് സിവിൽ‍ വിഷയങ്ങളിൽ‍ ഇടപെടാൻ സാധിക്കില്ലെന്ന് മാത്രമല്ല, മനുഷ്യത്വത്തിന്‍റെ പുറത്ത് ഏതെങ്കിലും ഉദ്യോഗസ്ഥൻ സ്വന്തം പരിധിക്കപ്പുറം എന്തെങ്കിലും ചെയ്‌താൽ‍ തന്നെ അയാൾ‍ക്ക് അത് വിനയായി മാറുകയുമാണ് പതിവെന്നും എന്നദ്ദേഹം കൂട്ടിച്ചേർ‍ത്തു. 

വിമൺ & ചിൽഡ്രൻസ് വെൽഫെയർ കോപ്സ് എന്നൊരു വിഭാഗത്തിന്റെ രൂപീകരണത്തിനുള്ള ആശയം താൻ 2012 ഇൽ മുന്നോട്ടു വെച്ചുവെങ്കിലും മേലുദ്യോഗസ്ഥരിൽ നിന്നും മറുപടി പോലും ലഭിക്കാഞ്ഞതിനാൽ ഉപേക്ഷിക്കേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരം പ്രശ്നങ്ങൾക്കായി പ്രത്യേകവിഭാഗം രൂപീകരിക്കാൻ കേരളപോലീസിനു മതിയായ അംഗബലവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ ക്രൈം റെക്കോർഡ്സ് ബ്യുറോ ADGPഅനന്തകൃഷ്ണനെ കൂടി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും, അതൊന്നും ഫലവത്താകാതെ അവസാനിച്ചു. 

ഒടുവിൽ‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേയ്ക്ക് കൂടി ഞങ്ങൾ‍ വിളിച്ചു. മറ്റെല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും പോലെ തന്നെ അപമൃത്യു വരിച്ച കോളുകളുടെ എണ്ണം കൂടി കൂടി വന്നുവെന്നു മാത്രം. പിന്നീട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ ബന്ധപ്പെടുകയും, അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിഷയത്തിൽ അറിയേണ്ട കാര്യങ്ങൾ മെയിൽ അയയ്ക്കുകയും ചെയ്തു. അതിനു ശേഷം ഒരാഴ്ചയോളം കാത്തിരുന്നിട്ടും മറുപടി കിട്ടാഞ്ഞപ്പോൾ വീണ്ടും വിളിച്ചു. ഇതിലും പ്രബലമായ പ്രശ്നങ്ങൾ നിരവധിയുണ്ട്, അതുകൊണ്ടു കുറച്ചു കൂടി കാത്തിരിക്കൂ എന്നുത്തരമാണ് ലഭിച്ചത്. സംസ്ഥാനത്തെ ക്രൈം റെക്കോർഡ്‌സ് പട്ടിക പ്രകാരം കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികളുടെ മാത്രം എണ്ണം ആയിരത്തോളമാണ്. മുതിർന്ന പെൺകുട്ടികളുടെയും, സ്ത്രീകളുടെയും ലിസ്റ്റ് വേറെയുമുണ്ട്. ഇതിൽ മോശമല്ലാത്തൊരു പങ്ക് കേരളത്തിലെ ഭിക്ഷാടന മാഫിയയ്ക്കുണ്ട്. ഇതിനെക്കാൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്ന ഉദ്യോഗസ്ഥവൃന്ദങ്ങൾക്ക് ഇത്തരം ചെറിയ കാര്യങ്ങളെ ശ്രദ്ധിക്കാൻ മാത്രം സമയമില്ല. 

വാഗ്വാദങ്ങളും വിശദീകരണങ്ങളും എന്തൊക്കെ തന്നെയായാലും ഒരു കാര്യം വ്യക്തം. സാഹചര്യവശാൽ മേൽക്കോയ്മ ഇപ്പോൾ ഭിക്ഷാടന മാഫിയ അടക്കമുള്ള ദുഷ്കർമ്മികൾക്ക് തന്നെയാണ്. കുട്ടികളുടെ ക്ഷേമത്തിനായി സർക്കാർ നടത്തുന്ന സ്ഥാപനങ്ങളും, ക്രമസമാധാനവിഭാഗവും, സംസ്ഥാന ഭരണകൂടവും വരെ അന്യന്റെ മക്കളുടെ കാര്യത്തിൽ നിസ്സംഗ മനോഭാവം പുലർത്തുന്നവർ മാത്രമായി മാറുന്പോൾ ജനങ്ങളുടെ സുരക്ഷയും, ബലി കഴിക്കപ്പെടുന്ന കുട്ടികൾക്ക് നീതിയും ദിവാസ്വപ്നം മാത്രമാണ്. കേവലം ധനമോഹം ഒന്ന് കൊണ്ട് മാത്രം, നിരാലംബരായ കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറുന്ന ഭീകര സത്വങ്ങൾക്ക് എന്ത് ശിക്ഷ നൽകിയാലും കുറഞ്ഞു പോകില്ല. പക്ഷെ ഇവരെയെല്ലാം ആര് നിയന്ത്രിക്കും, കുട്ടികളെ ആര് സഹായിക്കും എന്നെല്ലാമുള്ള ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നു. 

പരന്പര നാളെ തുടരും...

You might also like

Most Viewed