ഈ കുട്ടികൾ നമ്മുടെ വീടുകളിലെ കുട്ടികളായിരുന്നെങ്കിലോ? (അന്വേഷണ പരന്പര - 1)
ലക്ഷ്മി ബാലചന്ദ്രൻ
ഈയടുത്ത കാലത്തായി മലയാളിയുടെ സോഷ്യൽ മീഡിയാ ചർച്ചകളിലെ ഒരു പ്രധാന വിഷയമാണ് സദാസമയം ഉറങ്ങിക്കിടക്കുന്ന യാചകക്കുട്ടികൾ. ഇതേ പോലെ തന്നെ നഗരത്തിരക്കുകൾക്കിടയിൽ അലയുന്ന അന്ധരും, അംഗഭംഗം സംഭവിച്ചവരുമായ കുട്ടികളെ കാണാം. ഈ കുട്ടികൾ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? എങ്കിൽ അറിയുക, ദയയുടെ പേരിൽ നിങ്ങൾ നൽകുന്ന ഓരോ രൂപയും പുതിയൊരു വികലാംഗനായ അല്ലെങ്കിൽ വികലാംഗയായ ബാലഭിക്ഷുവിനെ സൃഷ്ടിക്കാനുള്ള പ്രചോദനം കൂടിയാണ് നൽകുന്നത്. അവരെ കൊല്ലാക്കൊല ചെയ്തു കോടികൾ കൊയ്യുന്നവർക്ക് നാം നല്കിയ പേരാണ് ഭിക്ഷാടന മാഫിയ!!
കേരളം ഈ പേരുച്ചരിച്ചു തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിൽ ഏറെയായി കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇതുവരെ ഇവർക്കെതിരെ ശക്തമായൊരു നടപടി കൈക്കൊള്ളാൻ ഭരണകൂടങ്ങൾക്കോ, സമൂഹത്തിനോ സാധിച്ചിട്ടില്ല എന്നതാണ് ഏറെ വിഷമകരമായ വസ്തുത. മലയാളിയുടെ സമാധാനപൂർണ്ണമായ ജീവിതത്തിനു വിഘാതമായിക്കൊണ്ട് സർവ്വ മേഖകളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളം ഭിക്ഷാടന മാഫിയകളുടെ വായിലാണെന്ന് പറഞ്ഞാലും അതിശോയക്തിയില്ല. അന്യസംസ്ഥാനക്കാരായ ഭിക്ഷാടകരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചതിനോടൊപ്പം കുറച്ചു കാലമായി കേരളത്തിലെ വീടുകളിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെടുന്ന കുട്ടികളുടെ എണ്ണവും അഭൂതപൂർവ്വമായി വർദ്ധിച്ചിട്ടുമുണ്ട്. പക്ഷെ ഈ കുട്ടികളെ കേരളം മുഴുവൻ അന്വേഷിച്ചാലും കണ്ടെത്താൻ സാധിക്കില്ല. ഭിക്ഷാടന മാഫിയകളുടെ അന്തർസംസ്ഥാന ബന്ധം തന്നെയാണ് ഇതിനും കാരണം. കേരളത്തിൽ ഭിക്ഷയെടുക്കുന്ന കുട്ടികൾ അന്യസംസ്ഥാനക്കാർ ആകുന്പോൾ ഇവിടെ നിന്നും കാണാതാകുന്ന കുട്ടികളും മറ്റു സംസ്ഥാനങ്ങളിൽ ആകാനേ വഴിയുള്ളൂ. ഒന്നാലോചിച്ചു നോക്കുക, നമ്മുടെ വീട്ടിലെ കുട്ടികൾ മുഖത്ത് ആസിഡ് വീണും, കാഴ്ച നശിപ്പിക്കപ്പെട്ടും വികൃത ജന്മങ്ങൾ ആക്കപ്പെടുന്ന അവസ്ഥ. പിച്ചപ്പാത്രത്തിൽ വീഴുന്ന നാണയങ്ങൾ ചേർത്ത് ആർക്കൊക്കെയോ കോടികൾ കൊയ്യാൻ വേണ്ടി നമ്മുടെ കുട്ടികൾ അംഗഭംഗം ചെയ്യപ്പെടുന്ന കാഴ്ച. ആവശ്യക്കാരുടെ പ്രായം അനുസരിച്ച് ആന്തരികാവയവങ്ങൾ കച്ചവടം ചെയ്യപ്പെടുന്ന കുട്ടികളുടെ, വയസറിയിക്കുന്ന കാലത്തിനു മുന്പേ ആരുടെയൊക്കെയോ കാമഭ്രാന്തിനു ഇരയായി ഓരോ രാത്രിയും കച്ചവട വസ്തുവായി മാറുന്ന പെൺകുഞ്ഞുങ്ങളുടെ, സ്വന്തം കുഞ്ഞിനെ കാണാതെ വർഷങ്ങളോളം ഉള്ളിൽ ആധിയുമായി കരഞ്ഞുകൊണ്ട് ജീവിക്കുന്ന രക്ഷിതാക്കളുടെ ദുരവസ്ഥ. ഇതെല്ലാം നമ്മുടെ ജീവിതത്തിലും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് പൊതുസമൂഹത്തിലെ ഓരോരുത്തരും ചിന്തിക്കാൻ സമയമായിരിക്കുന്നു.
യഥാർത്ഥത്തിൽ കുട്ടികളെ ഉപയോഗിക്കുക വഴി സമൂഹത്തെ വൈകാരികമായാണ് ഭിക്ഷാടന മാഫിയകൾ ചൂഷണം ചെയ്യുന്നത്. ക്ഷീണിതരായി ഉറങ്ങുന്ന കുട്ടികൾ, വഴിയരികിൽ ഇരുന്നു വാവിട്ടു കരയുന്ന കുട്ടികൾ ഇവരെയെല്ലാം കാണുന്പോൾ ആളുകളിൽ ഉണ്ടാകുന്ന മനോവേദന തങ്ങൾക്ക് സാന്പത്തിക നേട്ടം ഉണ്ടാക്കും എന്നവർക്ക് നന്നായി അറിയാം. കുട്ടികളെ വേദനിപ്പിച്ചു കരയിക്കാനായി മാത്രം ആളുകളെ നിർത്തുന്നു എന്നതാണ് മറ്റൊരു വസ്തുത. ജനം കരുതുന്നതോ പാവം കുട്ടി വിശപ്പ് കൊണ്ടായിരിക്കാം കരയുന്നത് എന്നും. ഭിക്ഷാടന മാഫിയകളുടെ കൈയിൽ നിന്നും രക്ഷപ്പെട്ടു, ജനസേവാ ശിശുഭവൻ അടക്കമുള്ള കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾ നൽകിയതും ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പിന്നോക്ക മേഖലകളിൽ ഭിക്ഷാടന മാഫിയയ്ക്ക് കുട്ടികളെ വിൽക്കുന്ന കുടുംബങ്ങൾ ഉണ്ട്. വിൽക്കാനായി മാത്രം കുട്ടികൾക്ക് ജന്മം നൽകുന്ന ദന്പതികൾ പോലും ഒരുപാടുണ്ട് എന്നത് അവിശ്വസനീയമായ യാഥാർത്ഥ്യവുമാണ്.
ഭിക്ഷാടനത്തെ നിയമം വഴി നിരോധിച്ച സംസ്ഥാനം, ബാലവേല കുറ്റകരമായ രാജ്യം. ഇത്തരമൊരു സംവിധാനത്തിൽ ജീവിക്കുന്ന സമൂഹത്തിനു മുന്നിലാണ് സർവ്വനിയമങ്ങളെയും, മനുഷ്യത്വ മൂല്യങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടു ഭിക്ഷാടന മാഫിയ വിലസുന്നത് എന്ന് കൂടി ഓർക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ ബാധ്യസ്ഥരെന്നു പറയപ്പെടുന്ന ആഭ്യന്തരവകുപ്പ് പ്രസ്തുത വിഷയത്തിൽ തീർത്തും നിഷ്ക്രിയരാണ് എന്ന് പറയാതെ വയ്യ. പോലീസ് അധികാരികളും, ജനപ്രതിനിധികളും കടന്നു പോകുന്ന വഴികളിൽ, ഇവരുടെ നേരെ മുന്നിൽ പോലും കൈ നീട്ടി ചെല്ലുന്ന, ഇവർ നില്ക്കുന്ന ഇടങ്ങളിൽ ബോധമില്ലാതെ ഉറങ്ങുന്ന കുട്ടികൾ ഉണ്ടാകും. എന്തുകൊണ്ട് ആരുടെയും ശ്രദ്ധ അവരിലേയ്ക്ക് തിരിയുന്നില്ല എന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്. ഇനിയാരെങ്കിലും ഇതേക്കുറിച്ച് പരാതിപ്പെട്ടാൽ തന്നെ, ഈ പിള്ളേരെ ഒക്കെ ഞാൻ എവിടെ കൊണ്ട് പോകുമെന്നും, ഇവരെയൊന്നും പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഈ നാട്ടിലില്ല എന്നുമൊക്കെയാണ് ഉദ്യോഗസ്ഥ വൃന്ദങ്ങൾ നൽകുന്ന മറുപടി. ക്രമസമാധാന പാലകർക്കിടയിലും പിച്ചക്കാശു മാസാമാസം ചെല്ലുന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാൽ തന്നെയും അവരെ കുറ്റം പറയാനും പറ്റില്ല.
കേവലം കുട്ടികളുടെ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല കേരളത്തിലെ ഇവരുടെ പ്രവർത്തനങ്ങൾ. കേരളത്തിലെ തിരക്കുള്ള ദേവാലയങ്ങളെ ആശ്രയമാക്കി തന്പടിച്ചിരിക്കുന്ന അന്യസംസ്ഥാന സംഘങ്ങളെയും ഇന്ന് ധാരാളമായി കാണാം. ഉദാഹരണമായി ഏറണാകുളത്തെ തിരക്കുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ചോറ്റാനിക്കരയിൽ സന്ധ്യാസമയങ്ങളിൽ ചെന്നാൽ ഭ്രാന്തിളകി എന്ന ഭാവേന ഉറഞ്ഞു തുള്ളുന്ന ആളുകളെയും അവരുടെ കൂട്ടാളികളെയും കാണാൻ സാധിക്കും. ഇവരെല്ലാം വളരെ കാലമായി ക്ഷേത്രപരിസരത്ത് തന്പടിച്ചിരിക്കുന്നവർ ആണ്. രാത്രികളിൽ ഇവരെല്ലാം എവിടെ പോകുന്നു എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. എറണാകുളത്തെ തന്നെ സൗത്ത്, നോർത്ത് റെയിൽവേ േസ്റ്റഷനുകൾക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലങ്ങൾ, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ആളൊഴിഞ്ഞു പൂട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട വീടുകൾ എന്നിങ്ങനെ നഗരത്തിലുള്ളളവരുടെ ഭയാനകമായ സാന്നിദ്ധ്യം ശക്തമാണ്. ആളുകൾ ഉണരുന്നതിനു മുന്പേ ജോലിക്കിറങ്ങുന്ന യാചകരും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. പുലർകാല സമയങ്ങളിൽ ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു കാഴ്ചയാണ് റോഡ് സൈഡിലൂടെ ഇടവിട്ടെന്ന പോലെ നടന്നു നീങ്ങുന്ന യാചകർ. വാനുകളിൽ ഇവരെ കൊണ്ടിറക്കി വിടുന്ന കാഴ്ചകൾ പോലും കാണാം.
ചെറിയ കുട്ടികളെയും കൊണ്ട് വീടുകളിൽ ഭിക്ഷാടനം നടത്തുന്ന സ്ത്രീകൾ സംസ്ഥാനത്തെ ഹൗസിംഗ് എരിയാകളിൽ ഒരു പതിവ് കാഴ്ചയാണ്. പല വീടുകളിലും ചെന്നാൽ ഇവർ കുട്ടിക്ക് കുടിക്കാൻ വെള്ളമോ, എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്നെല്ലാമായിരിക്കും ചോദിക്കുന്നത്. ഇതോടൊപ്പം ചുരുങ്ങിയ സമയം കൊണ്ട് ആ വീടിന്റെ മൊത്തം വിവരങ്ങളും എടുക്കാൻ അവർക്ക് സാധിക്കുന്നു എന്നതാണ് സത്യം. ഇവർ വലിയ മോഷണസംഘങ്ങളുടെ കണ്ണികൾ ആണെന്ന് കേരള പോലീസ് തന്നെ നിരവധി തവണ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ നമ്മുടെ ദീനാനുകന്പ ഇത്തരം നിർദേശങ്ങളെ കാണാതെ പോകുന്നു. കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്നവരുടെ പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടന്നാൽ തന്നെ മിക്കവാറും അറിയുന്നത് മാസങ്ങൾക്ക് ശേഷമാവുമായിരിക്കും. ഇത്തരം സംഘങ്ങളിൽ നിന്നും രക്ഷപ്പെട്ട് ആലുവയിലെ ജനസേവാ ശിശുഭവനിൽ അഭയം പ്രാപിച്ച ഒരു കുട്ടി പറഞ്ഞത്, കുട്ടികൾക്ക് മോഷണം നടത്താനുള്ള പരിശീലനം നൽകപ്പെടുന്നുണ്ട് എന്നാണ്. ബസുകളിലും, തിരക്കുള്ള പാർക്കുകളിലുമൊക്കെ ഇവരെ അലയാൻ വിടുകയും, പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങൾ നടത്താൻ നിർദേശിക്കുകയും ചെയ്യുന്നു. മോഷണം നടത്താൻ കഴിയാത്ത ദിവസങ്ങളിൽ ക്രൂരപീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്നും ഈ കുട്ടിയിൽ നിന്നും അറിയാൻ സാധിക്കുകയുണ്ടായി. കേരളത്തിൽ പൊടിപൊടിക്കുന്ന കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ പ്രധാനകണ്ണികളും ഇക്കൂട്ടർ തന്നെയാണ് എന്നതും പരസ്യമായ കാര്യമാണ്. ഹൈജീനിക് ആയി നടക്കുന്ന ഏമാൻമാർ ഒരിക്കലും അഴുക്കു പിടിച്ചു നടക്കുന്ന ഭിക്ഷാടകരുടെ സഞ്ചികളോ, ആക്രി പെറുക്കി നടക്കുന്നവന്റെ വണ്ടിയോ പരിശോധിക്കാൻ മെനക്കെടില്ല എന്നവർക്കും നന്നായി അറിയാം.
മുന്പേ സൂചിപ്പിച്ചത് പോലെ ഈ പ്രശ്നം പരിഹരിക്കുന്നതിലെ ഏറ്റവും വലിയ കടന്പ, തെരുവു ബാലകരുടെ പുനരധിവാസം ആണ്. സംസ്ഥാന ആഭ്യന്തര വകുപ്പോ, ജനസേവാ ശിശുഭവൻ അടക്കമുള്ള സേവന സംഘടനകളോ ഇതിനു വേണ്ടി ശ്രമിച്ചാൽ പോലും ഒരുപാട് നൂലാമാലകൾ പ്രതിസന്ധിയായി കിടപ്പുണ്ട്. ജനസേവാ ശിശുഭവൻ വഴി മുന്നൂറോളം കുട്ടികൾക്ക് അഭയമേകുന്ന ജോസ് മാവേലി പറഞ്ഞത് തെരുവുകുട്ടികളുടെ പുനരധിവാസത്തിനു ഏറ്റവും വലിയ പ്രശ്നമായി നിലകൊള്ളുന്നത് ഈ വിഷയത്തിലെ കേന്ദ്ര−സംസ്ഥാന സർക്കാർ നയങ്ങൾ തന്നെയാണ് എന്നാണ്. “അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കാൻ സഹായകരമായ യാതൊരു വിധ നിയമങ്ങളും ഇവിടെയില്ല. ഇത്തരം കുട്ടികളെ ഏറ്റെടുത്താൽ തന്നെ അവരുടെ രക്ഷിതാക്കൾ എന്ന പേരിൽ ചിലർ ചൈൽഡ് വെൽഫെയർ സൊസൈറ്റിയെ സമീപിക്കും. കുട്ടികൾ മടങ്ങിപ്പോകാൻ തയ്യാറല്ല എങ്കിൽ തന്നെയും നിയമവും, ചൈൽഡ് വെൽഫെയർ സൊസൈറ്റിയും കുട്ടികളെ കൊണ്ടുപോകാൻ വരുന്നവരുടെ കൂടെയേ നിൽക്കൂ എന്നതാണ് ദുഃഖകരമായ സത്യം. ഇങ്ങനെ വിളിച്ചു കൊണ്ടുപോകപ്പെടുന്ന കുട്ടികളെ കുറച്ചു ദിവസങ്ങൾക്ക് ശേഷം തെരുവിൽ തന്നെ കാണുകയും ചെയ്യും.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാഥാലയങ്ങളെ കൂടാതെ തെരുവ് കുട്ടികളെ ദത്തെടുക്കാൻ തയ്യാറായി വരുന്ന ദന്പതികളും ഉണ്ട്. പക്ഷെ സംസ്ഥാനത്തെ ചില വക്കീലന്മാരും ഭിക്ഷാടന മാഫിയയുടെ പിണിയാളുകളായി പ്രവർത്തിക്കുന്പോൾ കുട്ടികളെ സംരക്ഷിക്കാൻ സന്മനസ്സു കാണിക്കുന്നവർക്ക് കാര്യങ്ങൾ ദുഷ്കരവുമാകുന്നു. ഞങ്ങളുടെ കുട്ടികൾ അല്ലല്ലോ, അവരെങ്ങിനെ ജീവിച്ചാലും ഞങ്ങൾക്കെന്ത് എന്നാകാം ഒരുപക്ഷെ മാഫിയയെ സഹായിക്കുന്നവരുടെ ചിന്ത.
ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി വളരെ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട ഒരു വസ്തുതയാണ് ഭിക്ഷാടന മാഫിയകളെ ഇല്ലാതാക്കുക എന്നത്. അതിനു വേണ്ടി ഒരുപക്ഷെ പ്രത്യേക വിഭാഗം തന്നെ ഉണ്ടാക്കേണ്ടി വന്നേയ്ക്കാം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി തന്പടിച്ചിരിക്കുന്ന യാചക സംഘങ്ങളെ അറസ്റ്റ് ചെയ്ത്, അവരെ നിയന്ത്രിക്കുന്ന ശക്തികളെ കൂടി പിടികൂടാനും സാധിക്കണം. കേരളത്തിൽ തന്നെ പുനരധിവസിപ്പിക്കുന്നതിനെക്കാൾ ഇക്കൂട്ടരെ സ്വന്തം നാടുകളിലേയ്ക്ക് തന്നെ വിടുന്നതായിരിക്കും കൂടുതൽ ഉചിതം. തിരിച്ചു പോകാൻ ഇടമില്ലാത്ത കുട്ടികളെ സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിൽ പാർപ്പിക്കുവാൻ സന്നദ്ധസംഘടനകൾ തയ്യാറാകുന്നു എങ്കിൽ, അവരെ സഹായിക്കാൻ തക്ക നിയമഭേദഗതികളും ഉണ്ടാക്കാൻ സാധിച്ചാൽ വളരെ വലിയൊരു കാരുണ്യവും ആയിരിക്കും. യാചക നിരോധനം നിർബന്ധപൂർവ്വം നടപ്പിലാക്കാൻ സർക്കാരും, സർക്കാരിനോട് സഹകരിക്കാൻ ജനങ്ങളും തയ്യാറാകണം. അല്ലാത്ത പക്ഷം നമ്മുടെ കുട്ടികളും പലയിടങ്ങളിൽ നിന്നും അപ്രത്യക്ഷരാകും. നാളെ അവരും അംഗഭംഗം സംഭവിച്ചു ഏതെങ്കിലും അന്യസംസ്ഥാനത്തെ തെരുവിൽ മയങ്ങിക്കിടക്കും. അത്തരം സാഹചര്യങ്ങൾ നമ്മളായി തന്നെ ഉണ്ടാകാൻ അനുവദിക്കണോ? ചോദ്യം മലയാള നാടിനോടാണ്... മലയാളികളോടാണ്.
പരന്പര നാളെ തുടരും...