രാമകഥാമൃതം (12)
എ. ശിവപ്രസാദ്
രാവണൻ സീതയേയും അപഹരിച്ച് തന്റെ രഥത്തിൽ ആകാശമാർഗ്ഗേ സഞ്ചരിച്ചുകൊണ്ടിരിക്കുന്പോൾ രാവണ കരങ്ങളാൽ ബന്ധനസ്ഥനായ സീതാദേവി താഴേക്കു നോക്കി. അപ്പോൾ ഒരു പർവ്വതത്തിനു മുകളിൽ അഞ്ചു വാനരന്മാർ ഇരിക്കുന്നതു കണ്ടു. അപ്പോൾ സീതയ്ക്ക് ഒരാശയം തോന്നി. തന്റെ കർണാഭരണങ്ങളും കണ്ഠാഭരണങ്ങളും അഴിച്ച സീത അത് ഒരു തുണിയിൽ കെട്ടി താഴെ വാനരന്മർ ഇരിക്കുന്നിടത്തേക്ക് എറിഞ്ഞു. ഈ ആഭരണങ്ങൾ കാണുന്ന പക്ഷം ശ്രീരാമദേവന് തന്നെ രക്ഷിക്കാൻ കഴിയുമെന്നും സീത വിശ്വസിച്ചു.
ഇങ്ങ് ഇവിടെ പഞ്ചവടിയിൽ സീതാദേവിയെ കാണാഞ്ഞ് അതീവ ദുഃഖിതനായ ശ്രീരാമൻ ലക്ഷ്മണനുമൊത്ത് സീതാന്വേഷണമാരംഭിച്ചു. കുറെ ദൂരം സഞ്ചരിച്ച അവർ വഴിയരികിൽ ചിറകുകൾ അറ്റ് കിടക്കുന്ന ജടായുവിനെ കണ്ടു. വിവരങ്ങളന്വേഷിച്ച ശ്രീരാമനോട് ജടായു സംഭവങ്ങളെല്ലാം വിവരിച്ചു. മാത്രമല്ല ദക്ഷിണ ദിക്കിലേക്കാണ് രാവണൻ സീതയുമായി പോയത് എന്നും ജടായു പറഞ്ഞു. ഇത്രയും പറഞ്ഞ് പക്ഷിശ്രേഷ്ഠനായ ജടായു ചരമഗതി പ്രാപിച്ചു. ജടായുവിന്റെ ഭൗതീകശരീരം സംസ്കരിച്ച രാമലക്ഷ്മണന്മാർ വീണ്ടും സീതാന്വേഷണമാരംഭിച്ചു. ദീർഘനേരം സഞ്ചരിച്ച അവർ എത്തിച്ചേർന്നത് ക്രൗഞ്ചാരണ്യമെന്ന കാട്ടിലായിരുന്നു. ക്രൂരജന്തുക്കൾ വസിക്കുന്നതും പകൽ സമയത്തു പോലും ഇരുട്ടു നിറഞ്ഞതുമായ ഒരു പ്രദേശമായിരുന്നു അത്. അല്പദൂരം മുന്നോട്ടു പോയ അവർ അതിഭീകരമായ ശബ്ദം കേട്ടു. കാട് മുഴുവൻ കുലുങ്ങുമാറുള്ള ആ അലർച്ചയുടെ ഉറവിടം അന്വേഷിച്ച രാമലക്ഷ്മന്മാർ കണ്ടത് ഭീകരരൂപിയായ ഒരു രാക്ഷസനെയാണ് തലയില്ലാത്ത ഒരു ഭീകരരൂപമായിരുന്നു. അതിന്റെ വായ വയറിന്റെ ഭാഗത്തായിരുന്നു. ഒറ്റക്കണ്ണുള്ളതാകട്ടെ നെഞ്ചിലും. ഈ ഭീകര രാക്ഷസന് തന്റെ കൈകൾ ഒരു യോജന നീട്ടാൻ കഴിയുമായിരുന്നു. കബന്ധൻ എന്ന രാക്ഷസനാണിതെന്ന് ശ്രീരാമൻ ലക്ഷ്മണനോട് പറഞ്ഞു. അപ്പോഴേക്കും കബന്ധൻ തന്റെ രണ്ടു കരങ്ങളും നീട്ടി ശ്രീരാമനേയും ലക്ഷ്മണനെയും പിടിച്ചു. എന്നാൽ രാമലക്ഷ്മണന്മാർ കബന്ധന്റെ ഇരുകരങ്ങളും മുറിച്ചു കളഞ്ഞു. പിന്നീട് രാമബാണമേറ്റ് കബന്ധൻ ഇഹലോകവാസ വെടിഞ്ഞു. വാസ്തവത്തിൽ മുനിശാപം നേരിട്ട് രാക്ഷസനായി തീർന്ന ധനു എന്ന ഗന്ധർവ്വനായിരുന്നു കബന്ധൻ. മോക്ഷം ലഭിച്ച കബന്ധൻ ഗന്ധർവ്വലോകത്തിലേക്ക് പോയി.
കബന്ധവധത്തിനു ശേഷം രാമലക്ഷ്മണന്മാർ സഞ്ചരിച്ചെത്തിയത് പന്പാതീരത്തുളള മനോഹരമായ ഒരു ആശ്രമത്തിലാണ്. ശബരി എന്ന മഹാതപസ്വിനിയുടെ ആശ്രമമായിരുന്നു അത്. തന്റെ അടുക്കലെത്തിയ അതിഥികളെ ശബരി ഭക്ത്യാദരപൂർവ്വം സ്വീകരിച്ചിരുത്തി. എന്നിട്ട് താൻ വനങ്ങളിൽ നിന്നു ശേഖരിച്ച ഫലങ്ങൾ ശ്രീരാമലക്ഷ്മണന്മാർക്കു നൽകി. എന്നിട്ട് ശ്രീരാമനോടായി പറഞ്ഞു. “എന്റെ ചിരകാലാഭിലാഷം സഫലമായി. കാരണം എനിക്ക് രാമദേവനെ സൽക്കരിക്കാൻ കഴിഞ്ഞു. പരലോകത്തേക്കു പോകാൻ ഞാനിതാ തയ്യാറായിക്കഴിഞ്ഞു. അങ്ങനെ ചെയ്യാൻ എനിക്കനുവാദം തന്നാലും.” രാമൻ പറഞ്ഞു. “ഭവതി പുണ്യശാലിനിയാണ്. പരിശുദ്ധ ഹൃദയത്തോടെ ഭവതി ഋഷിമാരെ സേവിച്ചു. ഭവതിയുടെ ആഗ്രഹം നിറവേറട്ടെ. ഭവതിക്ക് സ്വർഗ്ഗം ലഭിക്കട്ടെ.”
എല്ലാ മോഹങ്ങളും പരിത്യജിച്ച ബ്രഹ്മജ്ഞാനിയായ ശബരി ജലസ്പർശം ചെയ്ത് അഗ്നിദേവനെ ധ്യാനിച്ചു. സ്വയമുണ്ടാക്കിയ ചിതയിൽ അവൾ ജ്വലിച്ച് അഗ്നിജ്വാലയായി. ഈ അഗ്നിജ്വാലയിൽ നിന്നും ഒരു സുന്ദരിയായ യുവതി പ്രത്യക്ഷപ്പെട്ടു. ആ യുവതി ശ്രീരാമന്റെ മുന്നിൽ ദണ്ധനമസ്കാരം ചെയ്തു. പിന്നീട് എല്ലാവരും നോക്കി നിൽക്കെ സ്വർഗ്ഗത്തിലേക്കു യാത്രയായി. ശബരിയുടെ നിഷ്കളങ്കമായ ഭക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് രാമലക്ഷ്മണന്മാർ വീണ്ടും യാത്ര തുടർന്നു.