രാമകഥാമൃതം ( ഭാഗം 11)
എ. ശിവപ്രസാദ്
ശ്രീരാമദേവനെ അന്വേഷിച്ച് ലക്ഷ്മണൻ പോയ സമയത്ത് ആശ്രമത്തിൽ ഒരു സന്യാസിയെത്തി. സന്യാസി സീതാദേവിയോട് അല്പം ദാഹജലം ആവശ്യപ്പെട്ടു. ജലമെടുക്കാനായി ആശ്രമത്തിനകത്തേക്ക് പോയ സീതയെ പിൻതുടർന്ന ആ സന്യാസിക്ക് ആ്രശമത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. സന്യാസി കാൽ മുന്നോട്ടുവെച്ചപ്പോൾ തന്നെ അഗ്നിജ്വാലകൾ ഉയരാൻ തുടങ്ങി. പിൻതിരിഞ്ഞ സന്യാസിക്ക് ദാഹജലവുമായി സീതയെത്തി. താൻ അകത്തേക്ക് പ്രവേശിക്കില്ലെന്നും ജലം ഇവിടേക്ക് കൊണ്ടുവരണമെന്നും സ്വാമി ആവശ്യപ്പെട്ടതനുസരിച്ച് സീത ആശ്രമത്തിന് പുറത്തെത്തി. ആശ്രമ രക്ഷയ്ക്കായി ലക്ഷ്മണൻ വരച്ച രേഖ മറികടന്ന് സീത സന്യാസിയുടെ അടുത്തെത്തിയതും സന്യാസി തന്റെ യഥാർത്ഥ രൂപം ധരിച്ചു. രാക്ഷസ രാജാവായിരുന്ന രാവണനായിരുന്നു അത്. ഭയപ്പെട്ടുപോയ സീതയേയും അപഹരിച്ച് രാവണൻ തന്റെ പുഷ്പകവിമാനത്തിൽ കേറി. പുഷ്പകവിമാനം സീതാസമേതം ആകാശത്തിലേയ്ക്ക് പറന്നുയർന്നു.
സീതയേയും വഹിച്ചുകൊണ്ട് പുഷ്പകവിമാനം അതിവേഗം പറന്നുയർന്നു. സീതയുടെ ആർത്തനാദം ആകാശത്ത് പരന്നു. യാത്രാമദ്ധ്യേ ഒരു വൻവൃക്ഷത്തിൽ വിശ്രമിക്കുകയായിരുന്ന പക്ഷിശ്രേഷ്ഠനായ ജടായുവിനെ സീത കണ്ടു. ജടായുവിനോട് സീത പറഞ്ഞു. “വന്ദ്യനായ പക്ഷിശ്രേഷ്ഠാ, ഈ രാക്ഷസൻ എന്നെ പിടിച്ചുകൊണ്ടു പോവുകയാണ്. രാമനും ലക്ഷ്മണനും ഇല്ലാത്ത സമയം നോക്കി ഇയാൾ ആശ്രമത്തിൽ വന്നു കയറി എന്നെ ബലാൽക്കാരമായി പിടിച്ചു കൊണ്ടുപോയി. ഇയാൾ ആയുധധാരിയാണ്. ആർക്കും ഇയാളോട് എതിർക്കുക സാധ്യമല്ല. സീതയെ രാവണൻ അപഹരിച്ചു കൊണ്ടുപോയി എന്ന് രാമദേവനോട് പറയുക.” ദുഃഖാധിക്യം മൂലം സീതയുടെ തൊണ്ടയിടറി.
സീതാദേവിയുടെ രോദനം കേട്ട് ക്രൂദ്ധനായ ജടായു രാവണന്റെ ആകാശരഥത്തിനടുത്തേക്ക് പാഞ്ഞടുത്തു. പിന്നീട് ഘോരമായ ആകാശയുദ്ധമായിരുന്നു. ജടായുവിന്റെ കൂർത്ത നഖങ്ങളാൽ രാവണനു മുറിവേറ്റു. ഒടുവിൽ രാവണൻ ചന്ദ്രഹാസമെന്ന തന്റെ വാളെടുത്ത് ജടായുവിന്റെ ചിറകുകൾ അരിഞ്ഞു മുറിച്ചു. ചിറകറ്റ ജടായു ഭൂമിയിൽ പതിച്ചു. അപ്പോൾ ജടായുവിന് “ശ്രീരാമ സമാഗമത്തിന് ശേഷം മാത്രമേ മൃത്യു സംഭവിക്കുകയുള്ളൂ” എന്ന വരം സീത നൽകി. സീതയേയും കൊണ്ട് രാവണന്റെ ആകാശയാനം ലങ്ക ലക്ഷ്യമാക്കി പറന്നു.
ഇവിടെ ആശ്രമത്തിൽ തിരിച്ചെത്തിയ രാമലക്ഷ്മണന്മാർ പരിഭ്രാന്തരായി. അവർക്ക് സീതയെ എവിടെയും കാണാൻ കഴിഞ്ഞില്ല. ആശ്രമത്തിലെ ഓരോ ചെടിയോടും വൃക്ഷലതാദികളോടും ശ്രീരാമൻ സീതയെ അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ആശ്രമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു. നിരാശനായ ശ്രീരാമൻ ദുഃഖവും കോപവും ഒരുമിച്ചു വന്നു. ആവനാഴിയിൽ നിന്ന് ഒരു അസ്ത്രമെടുത്ത രാമൻ ഈ ലോകം മുഴുവൻ നശിപ്പിക്കുമെന്ന് പറഞ്ഞു. ശ്രീരാമന്റെ രൗദ്രഭാവം കണ്ട ലക്ഷ്മണൻ ഉടൻ തന്നെ സാന്ത്വന വാക്കുകളുമായി അടുത്തെത്തി. ലക്ഷ്മണൻ പറഞ്ഞു. “അല്ലയോ പ്രിയ ജ്യേഷ്ഠാ... രാജാക്കന്മാർ കോപത്തെ അടക്കി അപരാധികൾ ആരെന്ന് കണ്ടുപിടിക്കുകയും അവരെ ശിക്ഷിക്കുകയുമാണ് വേണ്ടത്. ഒരു വ്യക്തിയുടെ കുറ്റത്തിന് ലോകം മുഴുവൻ ശിക്ഷിക്കപ്പെടരുത്. രാമാ, അങ്ങ് നമ്മുടെ പൂർവ്വികരെക്കുറിച്ച് ചിന്തിക്കൂ. നമ്മുടെ അച്ഛനെക്കുറിച്ച് ചിന്തിക്കൂ. അങ്ങ് സ്വയം ആരാണെന്നോർത്തു നോക്കു! സീതാദേവി എവിടെയുണ്ടെന്നറിയാൻ നമുക്ക് സർവ്വ ശക്തിയും പ്രയോഗിക്കാം. അതിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും. ലക്ഷ്മണന്റെ വാക്കുകൾ കേട്ട ശ്രീരാമൻ ശാന്തനായി.