രാ­മകഥാ­മൃ­തം (ഭാഗം 10)


എ. ശിവപ്രസാദ്

 

സീതാദേവിയുടെ നിർബന്ധത്തിന് വഴങ്ങി ധനുർധാരിയായി ശ്രീരാമൻ മാനിനെ പിടിക്കാനായി പുറപ്പെട്ടു. ലക്ഷ്മണനോട് സീതാദേവിയെ സംരക്ഷിക്കണമെന്ന് ആജ്ഞ നൽകിക്കൊണ്ടാണ് രാമദേവൻ പുറപ്പെട്ടത്. എന്തൊക്കെ സംഭവിച്ചാലും ആശ്രമം വിട്ടുപോവരുതെന്നും ശ്രീരാമൻ ലക്ഷ്മണനെ ഉപദേശിച്ചു.

ശ്രീരാമൻ പിൻതുടരുന്നതനുസരിച്ച് മാനും ദൂരേയ്ക്ക് പോയ്ക്കൊണ്ടിരുന്നു. പിടിയ്ക്കാനായടക്കുന്പോഴേയ്ക്കും അത് ഓടി മായും, ഇങ്ങനെ കുറെസമയം കഴിഞ്ഞപ്പോഴേയ്ക്കും ശ്രീരാമൻ ആശ്രമത്തിൽ നിന്നും വളരെ ദൂരെ എത്തിയിരുന്നു. ഇങ്ങിനെയായാൽ മാനിനെ ജീവനോടെ പിടികൂടുക അസാധ്യമാണെന്നും മാത്രമല്ല മാൻ മാരീചനെന്ന രാക്ഷസനാണെന്നും ശ്രീരാമന് മനസിലായി. അതോടെ മാനിന് നേരെ ഒരു ദിവ്യാസ്ത്രം തൊടുത്തു വിട്ടു. അസ്ത്രം ഏറ്റ മാൻ ഒരു രാക്ഷസനായി വളർന്നു. രാവണൻ അയച്ച മാരീചൻ എന്ന രാക്ഷസനായിരുന്നു അത്. മരിച്ചു വീഴുന്നതിന് മുന്പ് മാരീചൻ ശ്രീരാമന്റെ ശബ്ദത്തിന് സാമ്യമുള്ള ശബ്ദമുപയോഗിച്ച് “അനുജാ ലക്ഷ്മണാ ഓടി വായോ!” എന്ന് ആർത്തു വിളിച്ചുകൊണ്ട് വീണു മരിച്ചു.

മാരീചനുണ്ടാക്കിയ ദയനീയമായ ആ നിലവിളി ആശ്രമത്തിലായിരുന്ന സീത കേട്ടു. രാമൻ ആപത്തിൽ പെട്ടിരിക്കുകയാണെന്നും സഹായം ആവശ്യമായിരിക്കുകയാണെന്നും സീത തെറ്റിദ്ധരിച്ചു. സീത കരഞ്ഞുകൊണ്ട് ലക്ഷ്മണനോട് പറഞ്ഞു. “അല്ലയോ ലക്ഷ്മണാ, സഹായത്തിനായുള്ള എന്റെ ഭർത്താവിന്റെ വിളി നീ കേട്ടിട്ടില്ലേ? അദ്ദേഹത്തെ സഹായിക്കാനായി നീ ഇപ്പോൾ പോകണം. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്. വേഗം പുറപ്പെടൂ ലക്ഷ്മണാ.”

എന്നാൽ സീതയുടെ വാക്കുകൾ ലക്ഷ്മണനിൽ ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല മാത്രമല്ല ശ്രീരാമൻ ഈശ്വരന്റെ അവതാരമാണെന്നും ലോകത്തിൽ ഒരു ശക്തിയ്ക്കും ശ്രീരാമനെ തോൽപ്പിക്കാനോ വധിക്കാനോ കഴിയില്ലെന്നും ലക്ഷ്മണൻ സീതയോടു പറഞ്ഞു. മാത്രമല്ല ശ്രീരാമദേവന്റെ വായിൽ നിന്നും ഒരു ദീനരോദനം ഒരിക്കലും പുറത്തുവരില്ലെന്നും ലക്ഷ്മണൻ പറഞ്ഞു. എന്നാൽ ലക്ഷ്മണന്റെ ഈ വാക്കുകളൊന്നും സീതയ്ക്ക് സ്വീകാര്യമായിരുന്നില്ല. സീത ലക്ഷ്മണനോട് കോപത്തോടെ പറഞ്ഞു. “അല്ലയോ ലക്ഷ്മണാ താങ്കൾ എന്താണിങ്ങനെ ഇളകാതെ നിൽക്കുന്നത്...? താങ്കളുടെ ജ്യേഷ്ഠനെ താങ്കൾ സ്നേഹിക്കുന്നില്ലേ.....? നീ രാമന്റെ സഹോദരനല്ല, മറിച്ച് ശത്രുവാണ്. നീ രാമന്റെ മരണമാഗ്രഹിക്കുന്നു. എന്നെ ഭാര്യയാക്കാനുള്ള ചിന്ത മനസിലുള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. നിന്റെ ഈ ദുരുദ്ദേശം ജീവിതത്തിൽ ഒരിക്കലും നടക്കുകയില്ല.”

ലക്ഷ്മണന്റെ ഉപദേശങ്ങളൊന്നും തന്നെ സീത ചെവിക്കൊണ്ടില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ ശ്രീരാമന്റെ അടുത്തേയ്ക്ക് പോകാൻ തയ്യാറായി. പോകുന്നതിന് മുന്പ് ലക്ഷ്മണൻ തന്റെ ആശ്രമത്തിന് ചുറ്റും അസ്ത്രം കൊണ്ട് ഒരു വര വരച്ചു. ഒരു കാരണവശാലും എന്തു സംഭവിച്ചാലും ഈ രേഖയ്ക്ക് പുറത്ത് കടക്കരുതെന്ന് സീതയ്ക്ക് നിർദ്ദേശം നൽകി. ശ്രീരാമനെ തേടി യാത്രയായ ലക്ഷ്മണൻ കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ ശ്രീരാമൻ തിരിച്ചു വരുന്നത് കണ്ടു. സംഭവങ്ങളെല്ലാം വിവരിച്ച ശ്രീരാമൻ സീതയെ അന്വേഷിച്ചു. സീത ആശ്രമത്തിൽ തനിച്ചാണെന്നും പക്ഷെ ആശ്രമത്തിന് ചുറ്റും സംരക്ഷണ രേഖ (ലക്ഷ്മണരേഖ) വരച്ചാണ് താൻ വന്നതെന്നും ലക്ഷ്മണൻ ശ്രീരാമനോട് പറഞ്ഞു. എന്നാൽ വല്ലാത്തൊരു ആശങ്ക ശ്രീരാമനിൽ പരന്നു. സീതയുടെ അടുത്തെത്താനായി രാമലക്ഷ്മണന്മാർ വേഗം നടന്നു.

 

You might also like

Most Viewed