രാ­മകഥാ­മൃ­തം (ഭാഗം 9)


എ. ശിവപ്രസാദ്

പഞ്ചവടിയിലെ ശ്രീരാമൻ താമസിക്കുന്ന ആശ്രമത്തിന് മുന്നിലെത്തിയ ശൂർപ്പണഖ താൻ രാവണ സഹോദരിയായ ശൂർപ്പണഖയാണെന്നും താങ്കളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ശ്രീരാമനോട് പറഞ്ഞു. എന്നാൽ താൻ പത്നീ സമേതനാണെന്നും വീണ്ടുമൊരു വിവാഹം കഴിക്കുക സാധ്യമല്ലെന്നും ലക്ഷ്മണൻ പത്നീസമേതനല്ലെന്നും അദ്ദേഹത്തിന്റെ അടുത്തു വിവാഹാഭ്യർത്ഥന നടത്തണമെന്നും ശ്രീരാമൻ പറഞ്ഞു. ശ്രീരാമന്റെ വാക്കുകൾ കേട്ട ശൂർപ്പണഖ ലക്ഷ്മണനെ സമീപിച്ചു. എന്നാൽ താൻ ശ്രീരാമദാസനാണെന്നും ദാസന്റെ ഭാര്യ ദാസിയായിരിക്കുമെന്നും രാവണ സഹോദരിയായ ശൂർപ്പണഖ ദാസിയായിരിക്കേണ്ടവളല്ലെന്നും ലക്ഷ്മണൻ പറഞ്ഞു. മാത്രമല്ല താൻ ശ്രീരാമന് കാവലായി വന്നതാണെന്നും വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും ലക്ഷ്മണൻ പറഞ്ഞു. ലക്ഷ്മണന്റെ വാക്കുകൾ കേട്ട ശൂർപ്പണഖ വീണ്ടും ശ്രീരാമ സമീപത്തെത്തി വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ ശ്രീരാമൻ പഴയ പല്ലവി ആവർത്തിച്ചു. നിരാശയായ ശൂർപ്പണഖ തന്റെ സുന്ദരമായ രൂപം ഉപേക്ഷിച്ച് രാക്ഷസരൂപം കൈക്കൊണ്ടു. ദേഷ്യത്താൽ സീതയെ ആക്രമിക്കാൻ അടുത്തു. ഇതുകണ്ട ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും മുലകളും അറുത്തു. അതോടെ ആർത്തനാദം പുറപ്പെടുവിച്ചു കൊണ്ട് ശൂർപ്പണഖ അവിടെനിന്നും ഓടിപ്പോയി.

ശൂർപ്പണഖ നേരെ പോയത് തന്റെ സഹോദരനായ രാവണന്റെ അടുത്തേക്കാണ്. രാവണന്റെ അടുത്തെത്തിയ ശൂർപ്പണഖ സംഭവങ്ങളെല്ലാം വിവരിച്ചു. മാത്രമല്ല ശ്രീരാമന്റെ പത്നിയായ സീത ഭൂമിയിൽ വെച്ച് ഏറ്റവും സുന്ദരിയാണെന്നും അവളെ രാവണൻ പത്നിയായി സ്വീകരിക്കണമെന്നും ശൂർപ്പണഖ കൂട്ടിച്ചേർത്തു. ശ്രീരാമലക്ഷ്മണന്മാരെ യുദ്ധം ചെയ്ത് തോൽപിക്കാനായി തന്റെ സഹോദരങ്ങളായ ഖരൻ, ദൂഷണൻ, ത്രിശിരസ് എന്നിവരെ അയച്ചു. ഘോരമായ യുദ്ധത്തിനൊടുവിൽ രാമലക്ഷ്മണന്മാർ മൂവരെയും വധിച്ചു. രക്ഷപ്പെട്ട രാവണ കിങ്കരനായ അകന്പനൻ രാവണ സന്നിധിയിലെത്തി രാവണനെ വിവരങ്ങളെല്ലാം ധരിപ്പിച്ചു. ഏത് വിധേനയും രാമനെ കീഴ്പ്പെടുത്തുക എന്നതായി പിന്നീട് രാവണന്റെ ചിന്ത. സീതയെക്കുറിച്ച് ശൂർപ്പണഖയിൽ നിന്നും അറിഞ്ഞ രാവണൻ സീതയെ സ്വന്തമാക്കണമെന്ന് ആശ ഉദിച്ചു. അതിനായി രാവണൻ മാരീചൻ എന്ന രാക്ഷസനെ സമീപിച്ചു. ആവശ്യം അറിയിച്ചപ്പോൾ ശ്രീരാമനുമായി യുദ്ധത്തിനൊരുങ്ങുന്നത് ബുദ്ധിയല്ലെന്നും ശ്രീരാമൻ ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണെന്നും മാരീചൻ പറഞ്ഞു. എന്നാൽ ഇതൊന്നും രാവണനെ പിൻതിരിപ്പിച്ചില്ല. മാരീചനോട് ഒരു സ്വർണനിറമുള്ള മാനിന്റെ രൂപം ധരിച്ച് ശ്രീരാമന്റെ ആശ്രമത്തിൽ പോവണമെന്നും രാമനെ സീതയിൽ‍ നിന്ന് അകറ്റണമെന്നും രാവണൻ കൽപിച്ചു. ഗത്യന്തരമില്ലാതെ മാരീചൻ രാവണന്റെ ആജ്ഞ അനുസരിക്കേണ്ടി വന്നു.

പഞ്ചവടിയിലെ ആശ്രമത്തിൽ വിശ്രമിക്കുകയായിരുന്ന സീതാദേവി ആശ്രമമുറ്റത്ത് വന്നു നിന്ന സ്വർണമയമായ ഒരു പുള്ളിമാനിനെ കണ്ടു. അതിമനോഹരമായ മാൻപേടയെ സ്വന്തമാക്കണമെന്ന് സീത ആഗ്രഹിച്ചു. തദാനന്തരം ശ്രീരാമദേവനോട് ആ മാൻപേടയെ പിടിച്ചു തരാനായി അഭ്യർത്ഥിച്ചു. എന്നാൽ അത് കേവലം ഒരു മാൻപേടയല്ലെന്നും ഏതോ രാക്ഷസന്മാരുടെ മായാവിദ്യയാണെന്നും ഉള്ള ശ്രീരാമന്റെ വാക്കുകൾ സീതാദേവി ചെവിക്കൊണ്ടില്ല. സീതാദേവി ശ്രീരാമനോട് പറഞ്ഞു. “അല്ലയോ രാമദേവാ, ഈ പുള്ളിമാൻ എന്റെ ഹൃദയം കവർന്നിരിക്കുന്നു. ദയവു ചെയ്ത് എനിക്കിതിനെ പിടിച്ചു തരൂ. എനിയ്ക്കൊരു കളിതോഴനാവും ഇത്. ഇത്രയും ഭംഗിയും ഇണക്കവുമുള്ള ഒരു മാനിനെ ഞാനിതുവരെ കണ്ടിട്ടില്ല. നമ്മൾ അയോദ്ധ്യയിലേക്ക് മടങ്ങിച്ചെല്ലുന്പോൾ കൊട്ടാരവാസികൾക്ക് ഒരു അത്ഭുതമായിരിക്കും ഇത്.”

You might also like

Most Viewed