തുടരുന്ന കുരുതികൾ
വി.ആർ.സത്യദേവ്
മനുഷ്യത്വം നഷ്ടമായ മനുഷ്യ ക്രൂരത ലോകത്തിന്റെ പലയിടങ്ങളിലും ചോരപ്പുഴകളൊഴുക്കുന്നത് തുടരുകയാണ്. അതുകൊണ്ടു തന്നെ ഇത്തവണയും ലോക ജാലകത്തിൽ ഒന്നിലധികം വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യേണ്ടി വരുന്നു. കഴിഞ്ഞ തവണ ഫ്രാൻസിലും ടർക്കിയിലും ചോരച്ചൊരിച്ചിലുണ്ടായപ്പോൾ ഇത്തവണ ക്രൂരതയുടെ പുത്തൻ അധ്യായങ്ങൾ കുറിക്കപ്പെട്ടത് ജർമ്മനിയിലെ മ്യൂണിക്കിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലുമാണ്.
അസ്വസ്ഥമാണ് അഫ്ഗാൻ
ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് നമ്മുടെ അയൽ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനു നേരേ പാശ്ചാത്യ ശക്തികളുടെ സംയുക്ത സൈനിക നടപടിയുണ്ടായത്. അഫ്ഗാനിലെ തീവ്രവാദത്തിന്റെ വേരറുത്ത് സാധാരണക്കാരായ ആൾക്കാർക്ക് സ്വൈര്യജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യം സാധ്യമാക്കാനായിരുന്നു ആ സൈനിക നടപടി. എന്നാൽ സൈനിക നടപടി ഒരു ദശാബ്ദം പിന്നിട്ടിട്ടും അഫ്ഗാന്റെ ഗതി അധോഗതിയായി തുടരുകയാണ്. പുരാണങ്ങളിലെ ഗാന്ധാരമാണ് ഇന്നത്തെ അഫ്ഗാൻ. മാതൃദുഖത്തിന്റെ പര്യായമാണ് മഹാഭാരത പുരാണത്തിലെ ഗാന്ധാരി. കണ്ണു മൂടിക്കെട്ടിയിട്ടും കണ്ണീരൊടുങ്ങാത്തവൾ. എന്തൊക്കെ ചെയ്തിട്ടും ഗാന്ധാരിയുടെ നാട്ടിൽ ഇന്നും കണ്ണീരൊടുങ്ങുന്നില്ല. ഇന്നലെ മൂന്നു ചാവേറുകളാണ് തലസ്ഥാനമായ കാബൂളിൽ ചോരപ്പുഴയൊഴുക്കിക്കൊണ്ട് സ്ഫോടനങ്ങൾ നടത്തിയത്. അക്രമങ്ങളിൽ എൺപതുപേരാണ് കൊല്ലപ്പെട്ടത്. ഇരുനൂറ്റി അറുപതോളം ആൾക്കാർക്ക് പരിക്കേറ്റെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
തികച്ചും സമാധാനപരമായി നടന്ന ഒരു പ്രതിഷേധ റാലിക്കിടെ ചാവേറുകൾ നടത്തിയ ആക്രമണമാണ് നിരപരാധികളുടെ ജീവനെടുത്തത്. തലസ്ഥാനമായ കാബൂളിനു പടിഞ്ഞാറുള്ള താരതമ്യേന അവികസിതമായ പ്രവശ്യയാണ് ബാമിയാൻ. ചരിത്ര പ്രസിദ്ധമായ ബാമിയാൻ ബുദ്ധപ്രതിമകൾ ഉണ്ടായിരുന്നത് ഇവിടെയായിരുന്നു. താലിബാന്റെ തേർവാഴ്ചക്കാലത്ത് ഇതര സാംസ്കാരിക ചിഹ്നങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ആ സാംസ്കാരിക തിരുശേഷിപ്പുകൾ സംസ്കാര ശൂന്യരായ താലിബാൻ തീവ്രവാദികൾ തകർത്തുടയ്ക്കുകയായിരുന്നു. ഹസാരകൾ എന്ന വിഭാഗമാണ് ബാമിയാനിലെ ഭൂരിപക്ഷ ജനത. തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കാൻ പോകുന്ന നിർദ്ദിഷ്ട വൈദ്യുതി ലൈൻ ബാമിയാനിലൂടെ കടന്നു പോയാൽ അതു തങ്ങളുടെ മണ്ണിനു ഗുണകരമാകുമെന്നാണ് ഹസാരകൾ പറയുന്നത്. എന്നാൽ ഇത് അനാവശ്യ പണച്ചെലവുണ്ടാക്കുന്ന കാര്യമാണെന്ന് അഫ്ഗാൻ സർക്കാർ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വൈദ്യുത ലൈനിനു വേണ്ടി നിരന്തര സമരത്തിലാണ് ഹസാരകൾ. പ്രായേണ അവഗണനയുടെ കയ്പ്പുനീർ ആവശ്യത്തിലധികം കുടിയ്ക്കാൻ വിധിക്കപ്പെട്ട ഹസാരകൾ ഇതുവരെ അക്രമ പാതയിലേക്ക് തിരിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബറിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ഏഴ് ഹസാരകൾ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിലെ അഞ്ചിലൊന്നു വരുന്ന ഹസാരകൾ ഷിയ വിഭാഗക്കാരാണ്.
ഇത്തവണയും ആക്രമണം നടത്തിയത് താലിബാനാണെന്നു സംശയമുയർന്നിരുന്നെങ്കിലും ആഗോള തീവ്രവാദ സംഘങ്ങളിൽ മുന്പന്മാരായ ഐ.എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. സമാധാനപരമായി നടന്ന മാർച്ചിലേക്കു കടന്നു കയറിയ രണ്ടു ചാവേറുകൾ ബെൽറ്റു ബോംബുപയോഗിച്ച് സ്ഫോടനം നടത്തിയപ്പോൾ മൂന്നാമനെ സുരക്ഷാ സൈനികർ വെടിവെച്ചു കൊലപ്പെടുത്തി. പുതിയ അക്രമങ്ങളുടെ വെളിച്ചത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അമേരിക്കൻ സേനാ പിന്മാറ്റം വൈകിപ്പിക്കാൻ പ്രസിഡണ്ട് ഒബാമ തീരുമാനിച്ചു. എന്നാൽ അതൊന്നും ഗാന്ധാര ദേശത്ത് ശാന്തിയോ സമാധാനമോ കൊണ്ടുവരില്ല എന്നുറപ്പ്.
മ്യൂണിക്കിൽ സംഭവിച്ചത്
മ്യൂണിക്കിലാണ് അടുത്ത കൂട്ടക്കുരുതി അരങ്ങേറിയത്. 9 നിരപരാധികളാണ് ഇവിടെ കൊല്ലപ്പെട്ടത്. 30ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഒരു യുവാവ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. ഇയാളെ മരിച്ച നിലയിൽ പിന്നീടു കണ്ടത്തി. ജർമ്മനിയിലെ പ്രശസ്ത നഗരങ്ങളിലൊന്നാണ് മ്യൂണിക്. ശാന്ത സുന്ദരമായ മറ്റൊരു യൂറോപ്യൻ നഗരം. കുപ്രസിദ്ധമായ മ്യൂണിക് കൂട്ടക്കൊലയുടെയും നാട്. 1972ൽ മ്യൂണിക് ഒളിന്പിക്സ് നടക്കുന്നതിനിടെയായിരുന്നു തീവ്രവാദികൾ ഇസ്രായേലിന്റെ 11 കായിക താരങ്ങളെ ബന്ധികളാക്കുകയും തുർന്നു കൊലപ്പെടുത്തുകയും ചെയ്തത്. അന്ന് ഒരു ജർമ്മൻ പൊലീസുകാരനെയും ബ്ലാക് സപ്തംബർ എന്ന പേരിലറിയപ്പെട്ട തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.
എന്നാൽ മറ്റു പല യൂറോപ്യൻ നഗരങ്ങളിലും സംഭവിക്കും പോലെ കുടിയേറ്റവുമായി ബന്ധപ്പെട്ട കൂട്ടക്കുരുതിയായിരുന്നു ഇത്തവണ സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൊലയാളിയെയും കൊലയ്ക്കു പിന്നിലുള്ള കാരണങ്ങളെയും പറ്റിയുള്ള കൃത്യമായ വിവരങ്ങളൊന്നും അധികതർ പുറത്തു വിട്ടിട്ടില്ല. എന്നാൽ അലി ഡേവിഡ് സോൺബോളി എന്ന പതിനെട്ടുകാരനായിരുന്ന മ്യൂണിക്കിലെ ഒളിന്പിയ ഷോപ്പിംഗ് സെൻ്ററിലും പരിസരത്തുമായി നിരവധി നിരപരാധികളെ നിഷ്കരുണം വെടിവച്ചു കൊലപ്പെടുത്തിയതെന്ന് മാധ്യമ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു.
ജർമ്മനിയുടെയും ഇറാന്റെയും പൗരത്വങ്ങളുള്ള യുവാവായിരുന്നു അലി. ഇറാനിൽ നിന്നും കുടിയേറിയവരാണ് അലിയുടെ മാതാപിതാക്കൾ. വെടിവയ്പ്പിനോട് അടങ്ങാനാവാത്ത അഭിവാഞ്ഛയുണ്ടായിരുന്ന വ്യക്തിയായിരുന്നു അലി. അയാളുടെ ബാഗിൽ നിന്നും ഒരു സെമി ഓട്ടോമാറ്റിക് തോക്കും മുന്നൂറോളം തിരകളും പൊലീസ് കണ്ടെടുത്തു. ഇവ അയാൾക്ക് എവിടെനിന്നു ലഭിച്ചു എന്നു വ്യക്തമല്ല. തോക്കിന് ലൈസൻസില്ല. വെള്ളിയാഴ്ച ഹാനോവർ സ്ട്രീറ്റ്, റൈസ് സ്ട്രീറ്റ്, ഒളിന്പിയ ഷോപ്പിംഗ് സെൻ്റർ എന്നിവിടങ്ങളിലായാണ് അക്രമി വെടിവയ്പ്പു നടത്തിയത്. കൊല്ലപ്പെട്ടവരിൽ 7 പേരും യുവാക്കളാണ്. ഇതിൽ മൂന്നു പേർ കൊസോവയിൽ നിന്നുള്ളവരാണ്. 3 പേർ ടർക്കിക്കാർ. ഒരാളുടെ സ്വദേശം ഗ്രീസും.
അക്രമകാരണം എന്തെന്ന് ഇതുവരെ വെളിവാക്കിയിട്ടില്ല. എന്നാൽ കൃത്യമായ തയ്യാറെടുപ്പോടെ കരുതിക്കൂട്ടി നടത്തിയ ആക്രമാണ് ഇതെന്ന കാര്യത്തിൽ അധികൃതർക്ക് സംശയവുമില്ല.
ഒളിന്പിയ ഷോപ്പിംഗ് സെൻ്ററിലെ ഒരു കടയിലേക്ക് ഇരകളെ ക്ഷണിച്ചു വരുത്തിയാണ് അക്രമി കൃത്യം നിർവ്വഹിച്ചത് എന്നു കരുതുന്നു. ഇതിനായി ഫേസ്ബുക്കും അയാൾ ഉപയോഗിച്ചിട്ടുണ്ട്. ഒളിന്പിയയിലെ ഒരു കടയിൽ പ്രത്യേക ഓഫറുകളുണ്ട് എന്നതരത്തിലായിരുന്നു വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കിയുള്ള പ്രചാരണം. ഇതു കണ്ട് എത്തിയ യുവാക്കളെ തിരഞ്ഞു പിടിച്ചായിരുന്നു ആക്രമണം. അലി സമീപകാലത്തായി മാനസിക അസ്വസ്ഥതകൾക്ക് ചികിൽസയിലായിരുന്നു. ഇയാൾക്ക് മറ്റെന്തെങ്കിലും തീവ്രവാദ ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാലും യൂറോപ്പിൽ പടരുന്ന കുടിയേറ്റ വിരുദ്ധവികാരം ആളിക്കത്തിക്കാൻ അലി നടത്തി വെടിവെപ്പ് സഹായകരമാകാൻ തന്നെയാണ് സാദ്ധ്യത.