രാമകഥാമൃതം (ഭാഗം 8)
എ. ശിവപ്രസാദ്
അയോദ്ധ്യയിൽ തിരിച്ചെത്തിയ ഭരതൻ അയോദ്ധ്യാ സിംഹാസനത്തിൽ ശ്രീരാമദേവന്റെ പാദുകം പ്രതിഷ്ഠിച്ച് ഭരണം തുടങ്ങി. രാജവസ്ത്രങ്ങളും കിരീടം, ചെങ്കോൽ എന്നിവയും ഉപേക്ഷിച്ച് വൽക്കങ്ങൾ ഉടുത്തു. പട്ടുെമത്തയും മറ്റ് രാജ സൗകര്യങ്ങളും ഉപേക്ഷിച്ച് വെറും നിലത്ത് കിടന്നുറങ്ങി. വനത്തിൽ എങ്ങിനെയാണോ ശ്രീരാമൻ കഴിഞ്ഞത് അതുപോലെ തന്നെ തന്റെ കൊട്ടാരത്തിൽ ജീവിക്കുമെന്ന് ഭരതൻ ദൃഢപ്രതിജ്ഞ ചെയ്തു.
സഹോദരസ്നേഹത്തിന്റെ മകുടോദാഹരണമാണ് ഭരതൻ. സ്വന്തം സഹോദരനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭരതൻ ആധുനിക സമൂഹത്തിന് ഉദാത്ത മാതൃകയാണ്. ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തുന്നതുവരെയുള്ള പതിനാല് വർഷവും സന്യാസജീവിതം നയിച്ച ഭരതൻ തന്റെ പ്രതിജ്ഞ പാലിച്ചു.
ചിത്രകൂട പർവ്വതത്തിലെ കുറച്ചു കാലത്തെ വാസത്തിന് ശേഷം ശ്രീരാമൻ അവിടെ നിന്നും യാത്രയാകാൻ നിശ്ചയിച്ചു. അവർ പിന്നീട് പോയത് മഹർഷിമാർ കൂട്ടമായി താമസിച്ചിരുന്ന ദണ്ധകാരണ്യത്തിലേക്കാണ്. ദണ്ധകാരണ്യത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന രാമലക്ഷ്മണന്മാരുെട മുന്നിൽ ഭീകരരൂപിയായ ഒരു രാക്ഷസൻ പ്രത്യക്ഷപ്പെട്ടു. ആയുധമുപയോഗിച്ച് വധിക്കാൻ കഴിയാത്ത വിരാധൻ എന്ന രാക്ഷസനായിരുന്നു അത്. തന്റെ പ്രഭുവായ കുബേരനിൽ നിന്നും ശാപം ഗ്രസിച്ച് രാക്ഷസനായിത്തീർന്ന തംബുരു എന്ന ഗന്ധർവ്വനായിരുന്നു വിരാധൻ. വിരാധൻ സീതയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രാമനും ലക്ഷ്മണനും ചേർന്ന് വിരാധനെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചു മൂടി. അതോടെ തംബുരു എന്ന ഗന്ധർവ്വന് മോക്ഷവും ലഭിച്ചു.
വിരാധ വധത്തിന് ശേഷം അവർ എത്തിച്ചേർന്നത് മുനിശ്രേഷ്ഠനായ ശരഭംഗന്റെ ആശ്രമത്തിലാണ്. ശരഭംഗ മഹർഷിയെ സന്ദർശിച്ച രാമലക്ഷ്മണന്മാരെ മഹർഷി അനുഗ്രഹിച്ചു. അവിടെ നിന്നും രാമലക്ഷ്മണാദികൾ എത്തിച്ചേർന്നത് സുതീഷ്ണാശ്രമത്തിലായിരുന്നു. സുതീഷ്ണ മഹർഷിയുടെ ആതിഥ്യം സ്വീകരിച്ച് ഒരു രാത്രി കഴിച്ചുകൂട്ടിയ അവർ പിറ്റേന്ന് രാവിലെ വീണ്ടും യാത്രയാരംഭിച്ചു. ദീർഘദുരം യാത്ര ചെയ്ത അവർ എത്തിച്ചേർന്നത് മഹാ തപസ്വിയായ അഗസ്ത്യമഹർഷിയുടെ ആശ്രമത്തിലാണ്. രാമലക്ഷ്മണന്മാരെ കണ്ട അഗസ്ത്യമഹർഷി അതീവ സന്തുഷ്ടനായി. അതിഗംഭീരമായ ഒരു ചാപം അദ്ദേഹം രാമനെ കാണിച്ചു കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. “സ്വർണം പൊതിഞ്ഞതും രത്നങ്ങൾ കൊണ്ട് ചിത്രപ്പണി ചെയ്തതുമായ ഈ ചാപം വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ടതാണ്. ഇത് വിഷ്ണുവിന് ബ്രഹ്മാവ് നൽകിയതാണ്. അതുകൊണ്ട് ഇത് ‘ബ്രഹ്മദത്തം’ എന്നും പറയപ്പെടുന്നു. എടുത്താലൊടുങ്ങാത്ത രണ്ട് ആവനാഴികളും എന്റെ കൈയിലുണ്ട്. ഇത് ഇന്ദ്രനിൽ നിന്നും ലഭിച്ചതാണ്. അസുരന്മാരോട് യുദ്ധം ചെയ്യാൻ സാക്ഷാൽ ശ്രീ നാരായണൻ ഉപയോഗിച്ച വാളും എന്റെ കൈവശമുണ്ട്. ഞാൻ ഇതെല്ലാം അങ്ങേയ്ക്ക് നൽകാം.” ഇത്രയും പറഞ്ഞ അഗസ്ത്യമഹർഷി ഈ ആയുധങ്ങളെല്ലാം ശ്രീരാമന് നൽകി.
അഗസ്ത്യമഹർഷിയിൽ നിന്ന് ആയുധങ്ങളും അനുഗ്രഹവും സ്വീകരിച്ച രാമലക്ഷ്മണന്മാർ വീണ്ടും യാത്ര തുടർന്ന് അവർ എത്തിച്ചേർന്നത് ഗോദാവരി തീരത്തുള്ള പഞ്ചവടിയിലാണ്. അതിമനോഹരമായ ഒരു സമതല പ്രദേശമായിരുന്നു പഞ്ചവടി. ശാന്തമായ അന്തരീക്ഷം അങ്ങിങ്ങായി മഹർഷിമാരുടെ ആശ്രമങ്ങൾ, ദാഹജലം ലഭിക്കുന്ന നീരുറവകൾ, ധാരാളമായി നിറയെ പൂക്കളുണ്ടാകുന്ന മരങ്ങൾ നിറഞ്ഞു നിന്നു. ചെറുപക്ഷികളും തരുലതാദികളും എങ്ങും നിറഞ്ഞു. പഞ്ചവടിയിൽ ഒരു ആശ്രമം നിർമ്മിക്കാനായി ശ്രീരാമൻ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ലക്ഷ്മണൻ മനോഹരമായ ഒരു പർണ്ണശാല നിർമ്മിച്ചു. അവർ മൂവരും അവിടെ സന്തോഷമായി കഴിഞ്ഞു കൂടി.
ഒരിക്കൽ ആശ്രമമുറ്റത്ത് ഇരിക്കുകയായിരുന്ന ശ്രീരാമന്റെയും സീതയുടെയും മുന്നിൽ അതിസുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. രാവണഭഗിനിയായിരുന്ന ശൂർപ്പണഖ ആയിരുന്നു അത്.