രാമകഥാമൃതം (ഭാഗം 7)
എ. ശിവപ്രസാദ്
അത്യന്തം വേദനാജനകമായ ഒരു വാർത്തയോടെയാണ് അന്ന് അയോദ്ധ്യാനഗരിയിൽ സൂര്യനുദിച്ചത്. ദശരഥ മഹാരാജാവ് ചരമഗതി പ്രാപിച്ചു. അധികം വൈകാതെ തന്നെ വാർത്ത അയോദ്ധ്യയിൽ വ്യാപിച്ചു. ആബാല വൃദ്ധം ജനങ്ങളും അയോദ്ധ്യാ രാജധാനി ലക്ഷ്യമാക്കി നീങ്ങി. ദശരഥന്റെ ചരമസമയത്ത് പുത്രരായ ഭരതനും ശത്രുഘ്നനും മാതാവിന്റെ രാജ്യമായ കേകേയത്തിലായിരുന്നു. ദൂതന്മാർ മുഖേന അവരെ വിളിച്ചു വരുത്തി.
പിതാവിന്റെ ചരമഗതിയെക്കുറിച്ചറിഞ്ഞ ഭരത ശത്രുഘ്നന്മാർ അതീവ ദുഃഖിതരായി. ദശരഥന്റെ മരണത്തിന്റെ കാരണമന്വേഷിച്ച ഭരതൻ തന്റെ മാതാവായ കൈകേയിയാണ് കാരണമെന്ന് മനസിലായി. ജ്വലിക്കുന്ന കോപത്തോടെ ഭരതൻ കൈകേയിയുടെ മുന്നിലെത്തി ശകാരവർഷം ചൊരിഞ്ഞു. ഭർത്താവിനെ കൊന്ന ദുഷ്ടയാണ് എന്നും നിന്റെ മകനായി പിറന്നതിൽ ലജ്‍ജിക്കുന്നുവെന്നും ഭരതൻ തന്റെ മാതാവായ കൈകേയിയോട് പറഞ്ഞു. അതിനുശേഷം ശ്രീരാമലക്ഷ്മണ സീതാദികളെ കാട്ടിൽ നിന്നും തിരികെ അയോദ്ധ്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞുകൊണ്ട് വനത്തിലേക്ക് യാത്ര പോകാൻ നിശ്ചയിച്ചു.
ഭരതൻ ശ്രീരാമനെത്തേടിയുള്ള യാത്രയാരംഭിച്ചു. കൂടെ ശത്രുഘ്നൻ, കൗസല്യ മറ്റ് രാജപരിവാരങ്ങളും അനുഗമിച്ചു. ഗംഗാനദിയും കടന്ന് അവർ ഭരദ്വാജാശ്രമത്തിലെത്തി. ഭരദ്വാജമുനി നടന്ന സംഭവങ്ങളെല്ലാം വിസ്തൃതമായി വിവരിച്ചു. അവിടെ നിന്നും അവർ ശ്രീരാമൻ താമസിക്കുന്ന ചിത്രകൂട പർവ്വതം ലക്ഷ്യമാക്കി നീങ്ങി. ആശ്രമപരിസരത്ത് അസാധാരണമായ ചില സൂചനകൾ കണ്ടു തുടങ്ങി. പക്ഷികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അങ്ങുമിങ്ങും പറന്നു നടന്നു. മാൻപേടകൾ പേടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. എന്തോ അപായ സൂചന ലഭിച്ച ശ്രീരാമൻ ലക്ഷ്മണനോട് അന്വേഷിക്കാൻ പറഞ്ഞു. ഒരു വലിയ സ്യാലവൃക്ഷത്തിന്റെ മുകളിൽ കയറിയ ലക്ഷ്മണൻ ഭീതിയോടെ താഴെയിറങ്ങി വന്ന് തങ്ങളെ ആക്രമിക്കാൻ ആരോ വരുന്നുണ്ടെന്നും എത്രയും പെട്ടെന്ന് യുദ്ധത്തിന് തയ്യാറാവാൻ ശ്രീരാമനോട് പറഞ്ഞു. എന്നാൽ ഭരതകുമാരനും പരിവാരങ്ങളും ആണ് വരുന്നതെന്നറിഞ്ഞ ശ്രീരാമൻ ലക്ഷ്മണനോട് ശാന്തനാവാൻ പറഞ്ഞു. ഭരതൻ യുദ്ധത്തിനല്ല മറിച്ച് തന്നെ അയോദ്ധ്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് വരുന്നതെന്ന് ത്രികാല ജ്ഞാനിയായ ഭഗവാൻ ശ്രീരാമചന്ദ്രൻ പറഞ്ഞു.
അല്പസമയം കഴിഞ്ഞപ്പോൾ ഭരതനും സംഘവും ശ്രീരാമന്റെ അടുത്തെത്തി. ഭരതൻ ജ്യേഷ്ഠനെ ഗാഢമായി ആലിംഗനം ചെയ്ത് സന്തോഷാശ്രുക്കൾ പൊഴിച്ചു. കൗസല്യയും മറ്റുള്ളവരും അത്യധികം സന്തുഷ്ടരായി. എന്നാൽ ഈ സന്തോഷം ദീർഘനേരം നീണ്ടുനിന്നില്ല. ഭരതനിൽ നിന്നും ദശരഥന്റെ വിയോഗവാർത്തയറിഞ്ഞ ശ്രീരാമൻ അതീവദുഃഖിതനായി. ലക്ഷ്മണനും സീതയും ശ്രീരാമദേവന്റെ ദുഃഖത്തിൽ പങ്കുചേർന്നു. ദശരഥന് വേണ്ടിയുള്ള പിതൃകർമ്മങ്ങൾ ചെയ്ത ശേഷം രാമലക്ഷ്മണന്മാർ തിരിച്ചെത്തി. ആ സമയം ഭരതൻ ശ്രീരാമനോട് തിരികെ അയോദ്ധ്യയിലെത്തി രാജഭാരം ഏറ്റെടുക്കണമെന്ന തന്റെ ആഗ്രഹം അറിയിച്ചു. എന്നാൽ പിതാവിന്റെ ആജ്ഞ പാലിക്കാനാണ് താൻ വനവാസം സ്വീകരിച്ചതെന്നും പതിനാല് വർഷം കഴിയാതെ തിരിച്ചുവരവ് അസാദ്ധ്യമാണെന്നും ശ്രീരാമൻ അറിയിച്ചു. എന്തുചെയ്യണമെന്നറിയാതെ ഇതികർത്തവ്യതാ മൂഢനായി നിന്ന ഭരതനോട് അയോദ്ധ്യയിലേക്ക് പോയി രാജ്യഭാരം ഏറ്റെടുക്കണമെന്ന് ശ്രീരാമൻ കല്പിച്ചു. ഗത്യന്തരമില്ലാതെ അയോദ്ധ്യാ സിംഹാസനത്തിൽ വെച്ച് പൂജിക്കാനായി ശ്രീരാമന്റെ പാദുകങ്ങളും സ്വീകരിച്ച് ഭരതൻ അയോദ്ധ്യയിലേക്ക് യാത്രയായി. പോകുന്നതിന് മുന്പ് പതിനാല് സംവത്സരങ്ങൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം ചെയ്യുമെന്ന് ഭരതൻ പ്രതിജ്ഞ ചെയ്തു.