അവസാനിക്കാത്ത പീഡനങ്ങൾ...
കൂക്കാനം റഹ്്മാൻ
ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായവർ പരാതി നൽകുന്നുണ്ട്. പ്രതികളെ പിടികൂടുന്നുണ്ട്. കോടതി ശിക്ഷ വിധിക്കുകയോ, വെറുതെ വിടുകയോ ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ മുറപോലെ നടക്കുന്നു. ലൈംഗിക പീഡനങ്ങൾക്ക് മുതിരുന്നത് ആരൊക്കെയാണ്? ബലാത്സംഗത്തിനു കാരണമെന്താണ്? ഇത്തരം പൈശാചിക പ്രവർത്തനങ്ങളെ തടയിടേണ്ട മാനസിക ചികിത്സ വല്ലതുമുണ്ടോ? എന്നൊന്നും ബന്ധപ്പെട്ടവർ പഠിക്കുന്നില്ല. പഠനത്തിലൂടെ പ്രശ്‌നങ്ങൾ കണ്ടെത്തുകയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്താൽ ലൈംഗിക അതിക്രമങ്ങൾക്ക് തടയിടാൻ കഴിയും.
നിക്കോളാസ് ഗ്രോത്ത് എന്ന മനഃശാസ്ത്രജ്ഞൻ പുരുഷൻ കാണിക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പഠിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമം ചെയ്ത അഞ്ഞൂറോളം വ്യക്തികളെ പഠനത്തിന് വിധേയരാക്കിയതിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം നടത്തുന്നവരെ തരം തിരിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്യുന്നതിന് പിന്നിലുള്ള ലക്ഷ്യത്തെയും ആന്തരിക പ്രേരണയെയും മുൻനിർത്തി അവരെ നാല് വിഭാഗമായി ഗ്രോത്ത് തരംതിരിച്ചിട്ടുണ്ട്.
1) സ്ത്രീയെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തപ്പെടുന്നവർ
സ്ത്രീ സമൂഹത്തോട് മൊത്തത്തിലുള്ള വെറുപ്പും വിദ്വേഷവും ഉള്ളിലടക്കിപ്പിടിച്ച് ജീവിക്കുകയും, അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണിക്കൂട്ടർ. പെണ്ണായി പിറന്നവളാണെങ്കിൽ പുരുഷന്റെ ഏതൊരാജ്ഞയേയും മറുചോദ്യം പോലും ചോദിക്കാതെ അനുസരിച്ചു കൊള്ളണമെന്നിവർ ശാഠ്യം പിടിക്കുന്നു. ഇവർ മൃഗീയമായ ആവേശത്തോടെയാണ് സ്ത്രീകളെ വരുതിയിലാക്കുക. സ്ത്രീയുടെ വസ്ത്രം പിച്ചിച്ചീന്തുകയും ക്രൂരമായി ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത് തന്റെ ഇംഗിതം പൂർത്തിയാക്കിയേ ഇക്കൂട്ടർ പിന്‍മാറൂ.
2) സ്ത്രീകളോട് അനിയന്ത്രിതമായ ദേഷ്യവും പ്രതികാര ചിന്തയും ഉള്ളവർ
ബലാത്സംഗം എന്നത് സ്ത്രീകളോട് പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല വഴിയായിട്ടാണ് ഇവർ പരിഗണിക്കുന്നത്. ശാരീരികമായ എതിർപ്പുകളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി സംഭോഗത്തിലേർപ്പെടാനാണ് ഇവർക്ക് താൽപര്യം. ഉള്ളിലെ പ്രതികാരം കെട്ടടങ്ങുന്നതുവരെ ഇരയുടെ ശരീരത്തിൽ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു കൊണ്ടിരിക്കും. മരണം സംഭവിച്ചു കഴിഞ്ഞാലും ഇരയുടെ ശരീരത്തോട് ക്രൂരമായി പെരുമാറാൻ തക്കമുള്ള മനസുള്ളവരാണിവർ. ജിഷയുടെ കൊലപാതകി അമീറുൽ ഇസ്ലാം ഈ വിഭാഗത്തിൽ പെട്ട വ്യക്തിയാണെന്നു വേണം കരുതാൻ.
3) ശാരീരികമായി കരുത്തു കുറഞ്ഞ ലൈംഗിക പീഡകർ
സ്വയം തോന്നുന്ന അപകർഷതയാണ് ഇത്തരക്കാരെ ബലാൽക്കാരത്തിനു പ്രേരിപ്പിക്കുന്നത്. ലൈംഗികാവയവ പ്രദർശനവും, ഒളിഞ്ഞുനോട്ടം പോലുള്ള ലൈംഗിക വൈകൃതങ്ങളും ഇവരിൽ കണ്ടുവരുന്നുണ്ട്. സ്ത്രീകളെ സ്വന്തം കരുത്തുകൊണ്ട് കീഴ്‌പ്പെടുത്തി പ്രാപിക്കാൻ കഴിയുമോ എന്ന ആശങ്ക മൂലം ചെറിയ കുട്ടികളെയാണ് ഇവർ ലൈംഗിക ആഗ്രഹ പൂർത്തീകരണത്തിനായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത്.
4) വേദനയിൽ നിന്ന് കിട്ടുന്ന ആനന്ദത്തിൽ സ്വയം സന്തോഷിക്കുന്നവർ
ലൈംഗികാസ്വാദനത്തിനായി വളരെ ക്രൂരമായ രീതികൾ ഇവർ അവലംബിക്കാറുണ്ട്. സാമൂഹ്യവിരുദ്ധരാണ് ഇവർ. ഇരയുടെ മാറിടം, ലൈംഗികാവയവങ്ങൾ, ശരീരഭാഗങ്ങൾ ഇവ മുറിപ്പെടുത്തുകയോ, പൊള്ളലേൽപ്പിക്കുകയോ ചെയ്യുക ഇവർക്ക് ഹരമാണ്. ബലാത്സംഗം ചെയ്യാനുള്ള ഇരയെ കടത്തിക്കൊണ്ടു പോവുകയും, ബലാത്സംഗത്തിനുശേഷം ഇരയെ കൊന്നുകളയുകയും ചെയ്യുന്നവരാണിവർ. ലൈംഗികത സംബന്ധിച്ചു വിചിത്രമായ രതിഭാവനകൾ മനസിൽ സൂക്ഷിക്കുന്നവരാണിവർ. കുറ്റം ചെയ്യാനുള്ള പ്രത്യേക വാസനയോടൊപ്പം സാമൂഹ്യവിരുദ്ധ വ്യക്തിത്വവും ഉള്ളവരാണിവർ.
ഇത്തരം സ്വഭാവമുള്ള വ്യക്തികളാണ് സമൂഹത്തിൽ ലൈംഗികാതിക്രമങ്ങൾക്ക് കാരണക്കാർ. ഇവരെ കണ്ടെത്തണം. അനുയോജ്യമായ കൗൺസിലിംഗും, ചികിത്സയും നൽകണം. അവരുടെ വിചിത്രമായ സ്വഭാവ രീതിക്കാണ് മാറ്റം വരുത്തേണ്ടത്. പ്രായപൂർത്തിയായതിന് ശേഷമാണ് ഇത്തരം ലൈംഗിക വൈകൃതങ്ങൾ ചില യുവാക്കളിൽ കാണപ്പെടുന്നത്. പെരുമാറ്റ രീതിയിൽ വ്യത്യാസം കാണുന്പോൾ തന്നെ മാനസിക ചികിത്സ നൽകി വ്യക്തിയെ രക്ഷപ്പെടുത്താം, കൂട്ടത്തിൽ സമൂഹത്തെയും.
ദാന്പത്യ ബന്ധത്തിൽ പോലും ബലാത്സംഗങ്ങൾ നടക്കുന്നത് ഇത്തരം വ്യക്തിത്വങ്ങളുള്ളവരിൽ നിന്നാവാം. ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിഞ്ഞ് പരസ്പരം സമ്മതത്തോടെ സംഭോഗത്തിലേർപ്പെടുന്നതിന് പകരം ഇണയുടെ സമ്മതമില്ലാതെ ബലപ്രയോഗം നടത്തി കീഴ്‌പ്പെടുത്തി ലൈംഗിക ബന്ധത്തിന് ഉപയോഗപ്പെടുത്തുകയെന്നത് വൈവാഹിക ബലാത്സംഗമാണ്. ഇതും ലൈംഗിക അതിക്രമമാണ്.
ബലാത്സംഗ കേസുകളിലെ പ്രതികൾ ചില പ്രത്യേക സാഹചര്യങ്ങളിൽ നിന്ന് വന്നവരാണ് എന്നാണ് ‘മലമുത്തു’ എന്ന ഗവേഷകൻ കണ്ടെത്തിയിട്ടുള്ളത്. കുട്ടിക്കാലത്ത് മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിച്ചവരാണ് ഇത്തരക്കാരിൽ ഭൂരിപക്ഷവും. മാതാപിതാക്കൾ നഷ്ടപ്പെട്ടവരോ, അവർ തമ്മിലുള്ള കലഹങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നവരോ ബലാത്സംഗ കേസുകളിൽ പ്രതികളായവരാണ്. വേണ്ടത്ര ശ്രദ്ധ കിട്ടാതെ വളർന്നവരും ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുന്നുണ്ട്.
ബലാത്സംഗം പോലുള്ള ലൈംഗികപരമായ അതിക്രമങ്ങളിലേക്ക് ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാനകാരണങ്ങളിലൊന്ന് ലഹരി ഉപയോഗമാണ്. മദ്യവും മയക്കുമരുന്നും അതുപയോഗിക്കുന്ന വ്യക്തിയുടെ ആന്തരിക നിയന്ത്രണത്തെ കുറയ്ക്കും. ഉള്ളിൽ തോന്നുന്ന വികാരങ്ങൾക്കനുസരിച്ചു പെരുമാറാൻ അയാളെ പ്രേരിപ്പിക്കും.
സ്ത്രീയുടെ വസ്ത്രധാരണവും ബലാത്സംഗവും തമ്മിൽ യാതൊരു ബന്ധവുമില്ല. എങ്കിലും മദോന്മത്തനായ ഒരു മനുഷ്യന്റെ മുന്നിൽ സ്ത്രീകളുടെ ഏതൊരു ഇടപെടലിനെയും ലൈംഗിക താൽപര്യത്തിന്റെ ലക്ഷണമായിക്കാണും. തന്റെ മുന്നിലുള്ളത് മകളാണോ, സഹോദരിയാണോ എന്ന ചിന്ത ഉണ്ടാവാതെ അവരെയും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാക്കും.
ഇക്കഴിഞ്ഞ ദിവസം കൗമാരക്കാരിയായ ഒരു പെൺകുട്ടിക്കുണ്ടായ അനുഭവം ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. മദ്യം തലക്കുപിടിച്ച കൂലിത്തൊഴിലാളിയായ ഒരച്ഛൻ ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ച് കോളജിൽ പോകാൻ തയ്യാറായി നിൽക്കുന്ന സ്വന്തം മകളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാൻ ശ്രമിച്ചു. പെൺകുട്ടി കുതറിയോടി അമ്മയോട് പരിഭവം പറഞ്ഞു. ‘നീയെന്റെ മകളല്ല എനിക്ക് നീ വിധേയമായി വഴങ്ങണം’ എന്നാക്രോശിച്ച് അവളെ അച്ഛൻ എന്നു പറയുന്ന മനുഷ്യൻ പിന്തുടർന്നു. അമ്മയും ഭയന്നു വിറച്ചു നിന്നു. മറുത്തൊരക്ഷരം പറഞ്ഞാൽ അവിടെ ചോരച്ചാലൊഴുകും. ലഹരി പിശാച് തലയ്ക്കു കയറിയാൽ ഇങ്ങിനെയൊക്കെയാണ്.
ഇന്നത്തെ സാഹചര്യത്തിൽ ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷനേടാൻ സ്ത്രീകൾ ചില സ്വയം രക്ഷാമാർഗങ്ങൾ സ്വീകരിക്കണം. അവ പാലിക്കപ്പെടാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൊന്നുമല്ല. ബലാത്സംഗങ്ങൾ നടക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ചു ബോധമുണ്ടാകണം.
ബലാത്സംഗങ്ങൾ കൂടുതൽ നടക്കുന്നത് തിരക്കു കുറഞ്ഞതും ആൾ സഞ്ചാരം കുറവുള്ളതുമായ പ്രദേശങ്ങളിൽ വെച്ചാണ്. ബലാത്സംഗം ചെയ്യുന്ന ആളും ഇരയും ഒറ്റയ്ക്കു മാത്രമായി തീരുന്ന സാഹചര്യങ്ങളാണ് കൂടുതലും ബലാത്സംഗം ചെയ്യപ്പെടാനുള്ള സാധ്യത. ഒരു ബലാത്സംഗക്കാരനെ സംബന്ധിച്ചിടത്തോളം പൊതുസ്ഥലത്തു നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന കെട്ടിടങ്ങൾ, ആൾ സഞ്ചാരം കുറവുള്ള സ്ഥലങ്ങൾ, വലിയ മതിലുകൾ, കുറ്റിച്ചെടികളും, വലിയ പുല്ലുകളും ഇടതൂർന്ന് വളർന്നുനിൽക്കുന്ന സ്ഥലങ്ങൾ എന്നിവ അനുകൂല സാഹചര്യങ്ങളാണ്. മിക്ക ബലാത്സംഗങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തു നടപ്പിലാക്കുന്നതാണ്. ലഹരിക്കടിമപ്പെട്ട് നടത്തുന്ന ബലാത്സംഗങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാതെ പെട്ടെന്നുള്ള വികാരത്തള്ളിച്ചയിൽ നിന്നുണ്ടാകുന്നതാണ്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്ത്രീകളും പെൺകുട്ടികളും ശ്രദ്ധിക്കണം. രക്ഷിതാക്കൾ ഇക്കാര്യം അവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും വേണം. സ്ത്രീയുടെ മേൽ പുരുഷൻ ബലാൽക്കാരമായി നടത്തുന്ന ഏതു കടന്നുകയറ്റവും അവന്റെ അമിതമായ ലൈംഗിക വിശപ്പു മൂലം ചെയ്തു പോകുന്ന വെറുമൊരു അപരാധം മാത്രമാണെന്ന പൊതുവിശ്വാസം തിരുത്തണം. അതിന്റെ കാരണങ്ങളെക്കുറിച്ചും വ്യക്തികളുടെ സ്വഭാവ വൈചിത്ര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്ക് തടയിടാൻ സ്വയം സന്നദ്ധമാവുകയും, പ്രതിരോധിക്കാനുള്ള കരുത്താർജ്ജിക്കുകയും വേണം.