രാ­മകഥാ­മൃ­തം (ഭാഗം 5)


എ. ശിവപ്രസാദ്

 

രതനെ യുവരാജാവായി വാഴിക്കണമെന്നും താൻ പതിനാല് വർഷം വനവാസത്തിനായി പോകണമെന്നുമുള്ള കൈകേയിയുടെ ആവശ്യം ശ്രീരാമനെ തെല്ലും പരിഭ്രാന്തനാക്കിയില്ല. പണ്ട് ദേവാസുര യുദ്ധത്തിൽ ദശരഥന്റെ രഥചക്രങ്ങളുടെ ആണിക്കോൽ മുറിഞ്ഞു പോയപ്പോൾ അതിനു പകരമായി തന്റെ വിരലുകൾ വെച്ച് യുദ്ധത്തിൽ ദശരഥനെ വിജയിപ്പിച്ചപ്പോൾ കൈകേയിക്ക് ദശരഥൻ രണ്ട് വരങ്ങൾ നൽകിയിരുന്നു. എന്നാൽ തനിക്ക് ആവശ്യമുള്ളപ്പോൾ ചോദിക്കാം എന്ന് പറഞ്ഞുകൊണ്ട് കൈകേയി ഒഴിഞ്ഞുമാറി. ആ രണ്ട് വരങ്ങളാണ് ഇപ്പോൾ കൈകേയി ദശരഥനോട് ചോദിച്ചിരിക്കുന്നത്. ഒന്നാമത്തേത് ഭരതനെ യുവരാജാവാക്കണം രണ്ടാമത്തേത് ശ്രീരാമൻ പതിനാല് വർഷം വനവാസം  സ്വീകരിക്കണം.

തന്റെ അച്ഛൻ നൽകിയ വാക്കുകൾ പാലിക്കുക എന്നത് ഒരു മകന്റെ കടമയാണെന്ന് വിശ്വസിച്ചു കൊണ്ട് ശ്രീരാമൻ വനയാത്രയ്ക്ക് തയ്യാറായി. ശ്രീരാമന്റെ വനവാസവും അഭിഷേക വിഘ്നവും കേട്ട അയോദ്ധ്യാ നിവാസികൾ ദുഃഖനിമഗ്നരായി. പുത്ര ദുഃഖത്താൽ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്ന ദശരഥനേയും കൗസല്യയേയും ശ്രീരാമൻ ആശ്വസിപ്പിച്ചു. ജ്യേഷ്ഠനായ ശ്രീരാമന്റെ അഭിഷേക വിഘ്നം അറിഞ്ഞ ലക്ഷ്മണൻ അതീവ ക്രുദ്ധനായി. ശ്രീരാമൻ്റെ രാജ്യാഭിഷേകത്തിന് തടസ്സമായ എല്ലാവരേയും കൊല്ലുമെന്നും പിതാവായ ദശരഥനെ തടവിലാക്കുമെന്നും ലക്ഷ്മണൻ ആക്രോശിച്ചു. എന്നാൽ ലക്ഷ്മണനെ ആശ്വസിപ്പിച്ചുകൊണ്ട് ശ്രീരാമൻ പറഞ്ഞു. “അല്ലയോ ലക്ഷ്മണാ, നീ ക്രോധഭാവം വെടി‍‍‍‍‍‍‍‍ഞ്ഞ് ശാന്തനാവണം. കാരണം ഒരച്ഛന്റെ വാക്ക് പാലിക്കുക എന്നത് മകന്റെ കർത്തവ്യമാണ്.” വിവരങ്ങളെല്ലാം അറിഞ്ഞ രാമപത്നിയായ സീതയും ഭർത്താവിന്റെ കൂടെ വനവാസത്തിന് പോകുമെന്ന് ശഠിച്ചു. ശ്രീരാമന്റെയും സീതയുടെയും രക്ഷയ്ക്കായി വനയാത്രയ്ക്ക് തയ്യാറാണെന്ന് ലക്ഷ്മണനും പ്രഖ്യാപിച്ചു.

സുഖത്തിലും ദുഃഖത്തിലും ഭർത്താവിന്റെ കൂടെ നിൽക്കേണ്ടവളാണ് ഭാര്യ എന്ന് ഭാരതീയ സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് സീത ഇവിടെ ചെയ്യുന്നത്. ലക്ഷ്മണനാകട്ടെ സ്വന്തം സഹോദരന് വേണ്ടി പതിനാല് സംവത്സരം ജീവിതം ഉപേക്ഷിക്കുന്നതിലൂടെ സഹോദര സ്നേഹത്തിന്റെ മകുടോദാഹരണമായി മാറി. കുടുംബ ബന്ധങ്ങൾ എങ്ങിനെ സുദൃഢമാകണമെന്നത് ഈ സംഭവങ്ങളിലൂടെ രാമായണം നമുക്ക് കാണിച്ചു തരുന്നു.

വനയാത്രയ്ക്കുള്ള അനുവാദം ചോദിച്ചു കൊണ്ട് ശ്രീരാമൻ ദശരഥന്റെ അടുത്തെത്തി. പുത്രവാത്സല്യത്താൽ വാവിട്ടു കരഞ്ഞ ദശരഥനെ ശ്രീരാമൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്നെ വധിച്ചതിന് ശേഷം അയോദ്ധ്യയിലെ രാജാധികാരം ഏറ്റെടുക്കണമെന്ന് പോലും ദശരഥൻ ശ്രീരാമനോടാവശ്യപ്പെട്ടു. അതിനുശേഷം ശ്രീരാമൻ മാതാവായ കൈകേയിയേയും കൗസല്യ, സുമിത്ര എന്നിവരേയും കണ്ട് യാത്ര ചോദിച്ചു. ശ്രീരാമനോടൊപ്പം വനയായ്ത്രയ്ക്ക് പോകാനുറച്ച ലക്ഷ്മണൻ തന്റെ അമ്മയായ സുമിത്രയുടെ അടുത്തെത്തി. സുമിത്ര ലക്ഷ്മണനോട് പറഞ്ഞു. “അല്ലയോ പുത്രാ ലക്ഷ്മണാ ശ്രീരാമനെ ദശരഥനായും ജനകാത്മജയായ സീതയെ എന്നെപ്പോലെയും താമസിക്കാൻ പോകുന്ന വനത്തെ അയോദ്ധ്യയായും കണ്ടുകൊണ്ട് സസുഖം യാത്രയാവുക.” സുമിത്രയുടെ ഈ ഉപദേശമാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ വരികളായി കണക്കാക്കപ്പെടുന്നത്.

രാജവസ്ത്രങ്ങളും ആടയാഭരണങ്ങളും ഉപേക്ഷിച്ച് കാഷായ വേഷം സ്വീകരിച്ച ശ്രീരാമനും സീതയും ലക്ഷ്മണനും വനയാത്രയ്ക്ക് തയ്യാറായി. മുഴുവൻ കൊട്ടാരവാസികളും മറ്റ് ജനങ്ങളും കണ്ണീർ വാർത്തുകൊണ്ട് അവരെ യാത്രയാക്കാനായി എത്തി. ഗംഗാനദീതടം വരെ ജനങ്ങൾ അവരുടെ കൂടെ പോയി. അവിടെ വെച്ച് ശ്രീരാമന്റെ നിർബന്ധത്തിന് വഴങ്ങി അവർക്ക് തിരിച്ചു പോകേണ്ടി വന്നു. ശ്രീരാമ ലക്ഷ്മണ വിയോഗത്താൽ മുഴുവൻ അയോദ്ധ്യയും ശോകമൂകമായി.

You might also like

Most Viewed