രാ­മകഥാ­മൃ­തം (ഭാഗം 4)


എ. ശിവപ്രസാദ്

 

സീതാസ്വയംവരവും കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് തിരിച്ചു പോയ്ക്കൊണ്ടിരുന്ന ശ്രീരാമാദി പരിവാരങ്ങളുടെ മുന്നിൽ അതിക്രൂദ്ധനായ ഭാർഗ്ഗവരാമൻ പ്രത്യക്ഷപ്പെട്ടു. തന്റെ ഗുരുവായ സാക്ഷാൽ പരമശിവന്റെ ചാപം ശ്രീരാമൻ പൊട്ടിച്ചതറിഞ്ഞ് കോപാന്ധനായാണ് പരശുരാമൻ വന്നത്. “ഞാനല്ലാതെ മറ്റൊരു ശ്രീരാമനോ? എങ്കിൽ എനിക്കതൊന്നു കാണണം.” എന്നലറിക്കൊണ്ടായിരുന്നു പരശുരാമന്റെ വരവ്.

പരശുരാമനെ കണ്ട ദശരഥനും മറ്റു മുനിശ്രേഷ്ഠരും പേടിച്ച് വിറച്ചു. പരശുരാമനെ ആശ്വസിപ്പാനായി വസിഷ്ഠ മഹർഷിയും വിശ്വാമിത്ര മഹർഷിയും പറഞ്ഞ വാക്കുകൾ ഫലിച്ചില്ല. അത്യധികം ക്രൂദ്ധനായ പരശുരാമൻ ശ്രീരാമനെ യുദ്ധത്തിന് വെല്ലുവിളിച്ചു. എന്നാൽ താൻ പരശുരാമനുമായി യുദ്ധം ചെയ്യാൻ മാത്രം വളർന്നിട്ടില്ലെന്നും പരശുരാമനോളം യുദ്ധ പാരംഗതനല്ലെന്നുമുള്ള ശ്രീരാമന്റെ വാക്കുകളും പരശുരാമൻ ചെവിക്കൊണ്ടില്ല. ഒടുവിൽ അതിഘോരമായ ശ്രീരാമ പരശുരാമ യുദ്ധം ആരംഭിച്ചു. യുദ്ധത്തിന്റെ ഭീഷണ സ്ഥിതി അഷ്ടദിക്കുകളിലും പ്രകടമായി. യുദ്ധത്തിനൊടുവിൽ പരശുരാമന് പരാജയം സമ്മതിക്കേണ്ടി വന്നു. തന്റെ സകലശക്തികളും ശ്രീരാമന് നൽകി കൊണ്ട് പരശുരാമൻ സ്വർഗ്ഗാരോഹണത്തിനായി യാത്രയായി.

അയോദ്ധ്യയിൽ തിരിച്ചെത്തിയ ദശരഥനും പരിവാരങ്ങളും സസന്തോഷം രാജ്യകാര്യങ്ങളിൽ മുഴുകി. അധികം താമസിയാതെ ശ്രീരാമനെ കോസല രാജ്യത്തിന്റെ യുവരാജാവായി വാഴിക്കുന്നതിനെക്കുറിച്ച് ദശരഥൻ ചിന്തിച്ചു. കുലഗുരുവായ വസിഷ്ഠൻ, വിശ്വാമിത്രൻ തുടങ്ങിയ മുനിശ്രേഷ്ഠരുമായി കൂടിയാലോചിച്ചു. എത്രയും പെട്ടെന്ന് ശ്രീരാമ പട്ടാഭിഷേകം നടത്തണമെന്ന് എല്ലാവരും നിർദ്ദേശിച്ചു. അതോടെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അയോദ്ധ്യാ നിവാസികളെല്ലാം തന്നെ ഈ വാർത്ത കേട്ട് ആനന്ദപുളകിതരായി.

ശ്രീരാമ പട്ടാഭിഷേക വാ‍‍ർത്തയറിഞ്ഞ കൈകേയീ ദാസിയായ മന്ഥര കൈകേയിയുടെ അടുത്തെത്തി. ശ്രീരാമൻ യുവരാജാവായാൽ ‘രാജമാത’ പദവി ശ്രീരാമന്റെ അമ്മയായ കൗസല്യയ്ക്ക് ലഭിക്കുമെന്നും പിന്നീട് കൈകേയി ദാസിയായി മാറേണ്ടിവരുമെന്നും മന്ദാര കൈകേയിയോട് പറഞ്ഞു. മാത്രമല്ല, തന്റെ മകനായ ഭരതനാണ് യുവരാജാവാകുന്നതെങ്കിൽ ‘രാജമാത’ പദവി കൈകേയിക്ക് ലഭിക്കുമെന്നും മന്ദാര കൂട്ടിച്ചേർത്തു. ആദ്യമൊന്നും മന്ദാരയുടെ വാക്കുകൾ കൈകേയിൽ ഒരു മാറ്റവും വരുത്തിയില്ല. എന്നാൽ മന്ദാരയുടെ നിരന്തരമായ വാക്കുകൾ സാവധാനത്തിൽ കൈകേയിയിൽ മാറ്റം വരുത്തിത്തുടങ്ങി. ശ്രീരാമന് പകരം ഭരതനെ യുവരാജാവായി വാഴിക്കണമെന്ന ചിന്ത കൈകേയിയുടെ മനസിൽ അങ്കുരിച്ചു.

ഒരു ദിവസം രാജകൊട്ടാരത്തിലെത്തിയ ദശരഥ മഹാരാജാവ് തന്റെ പത്നിയായ കൈകേയിയെ കാണാതെ അന്വേഷിച്ചു. കൈകേയി തന്റെ കൊട്ടാരത്തിൽ കരഞ്ഞ് തളർന്ന് ഇരിക്കുന്നത് കണ്ട ദശരഥൻ കാരണമന്വേഷിച്ചു. ശ്രീരാമന് പകരം ഭരതനെ യുവരാജാവായി വാഴിക്കണമെന്ന കൈകേയിയുടെ വാക്കുകൾ കേട്ട ദശരഥ മഹാരാജാവ് ബോധരഹിതനായി നിലംപതിച്ചു. ബോധം വീണ്ടെടുത്ത ദശരഥൻ കൈകേയിയുടെ മുന്പിൽ ആവശ്യം പിൻവലിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ കൈകേയി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതോടെ അയോദ്ധ്യയിലെ അന്തരീക്ഷം കലുഷിതമായി. ദശരഥ മഹാരാജാവ് വിഷാദമൂകനായി തന്റെ കൊട്ടാരത്തിൽ തന്നെ തങ്ങി. അയോദ്ധ്യ ശോകമൂകമായി.

തന്റെ പിതാവായ ദശരഥന്റെ ദുഃഖത്തിന് കാരണമന്വേഷിച്ച് ശ്രീരാമൻ ദശരഥന്റെ അടുത്തെത്തി. ദശരഥനിൽ നിന്ന് വിവരങ്ങളറിഞ്ഞ ശ്രീരാമനിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. ശ്രീരാമൻ ദശരഥനെ ആശ്വസിപ്പിച്ചു. ഭരതനെ യുവരാജാവാക്കുകയും ശ്രീരാമൻ പതിനാല് വർഷം വനവാസത്തിന് പോകണമെന്ന കൈകേയിയുടെ ആവശ്യം താൻ നടപ്പിൽ വരുത്തുമെന്ന് ശ്രീരാമൻ ദശരഥനോട് പറഞ്ഞു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed