അവതാ­ര മാ­ഹാ­ത്മ്യങ്ങൾ


മണിലാൽ

മ്മുടെ ജനാധിപത്യസംവിധാനത്തിൽ നിയമനിർമ്മാണം,  നീതി നിർവ്വഹണം എന്നിവ പ്രധാനപ്പെട്ട ചുമതലകളാണല്ലോ. അതിനെ രണ്ടിനെയും യോജിപ്പിച്ചു കൊണ്ടേ ഒരു സർക്കാറിന് മുന്നോട്ടു പോകാൻ കഴിയൂ. നിയമസഭ പാസാക്കിയ നിയമങ്ങളും നടപടികളും നടപ്പിൽ വരുത്തുന്പോൾ നിയമപ്രശ്നങ്ങൾ സ്വാഭാവികമായും ഉയർന്നുവരും. ഇതിനെ കൈകാര്യം ചെയ്യുന്നതിന് വിപുലമായ സംവിധാനങ്ങളും സർക്കാരിനുണ്ട്. സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തോ, അവ നമ്മുടെ ഭരണഘടനക്കും രാജ്യതാൽപ്പര്യത്തിനും എതിരായി വർത്തിക്കുന്നതാണ് എന്നാരോപിച്ചോ സർക്കാരിനെതിരെ നിരവധി വ്യവഹാരങ്ങളുണ്ടാവാം. അവയാകെ സംസ്ഥാന സർക്കാരിന്റെ താല്പര്യത്തിനും അതുൾക്കൊള്ളുന്ന വികാരങ്ങൾക്കും അനുരോധമായി നടത്തുന്ന സ്ഥാപനമാണ് അഡ്വക്കറ്റ് ജനറൽ ഓഫീസ്. അഡ്വക്കറ്റ് ജനറൽ മുതൽ താഴെ തലം വരെ വലിയ ഒരു അഭിഭാഷക നിര തന്നെ അതിന് വേണ്ടിയുണ്ട്. നമ്മുടെ ഖജനാവിൽ നിന്ന് വലിയൊരു തുക ഇവരുടെ ശന്പളമായും മറ്റു പലവിധ ബത്തകളായും നൽകുന്നുണ്ട്. സർക്കാർ ഒരു നിയമനിർമ്മാണമോ ചില തീരുമാനങ്ങളോ നടപ്പിലാക്കുന്നതിന് മുന്പ് അത് നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് പരിശോധിച്ച് നിയമോപദേശം നൽകാനുള്ള ബാധ്യതയും അഡ്വക്കറ്റ് ജനറൽ ഓഫീസിനുണ്ട്. ഇതോടൊപ്പം മറ്റൊരു നിയമ സംവിധാനം കൂടിയുണ്ട്. സമൂഹത്തിന്റെ ഉത്തമ താൽപര്യത്തിനു വേണ്ടി സσർക്കാർ നിർമ്മിച്ച നിയമങ്ങളെ ലംഘിക്കുകയോ ഭരണഘടനയെ മാനിക്കാതിരിക്കുകയോ നമ്മുടെ സിവിൽ ക്രിമിനൽ നിയമങ്ങൾ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ നി‍‍‍‍ർവ്വഹിക്കുകയോ ഒക്കെ ചെയ്യുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ പ്രോസിക്യൂട്ട് ചെയ്യുക എന്നതാണത്. അതിനാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മുതൽ താഴെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വരെയുള്ള സംവിധാനം. കുറ്റകൃത്യത്തിന്റെയോ നിയമലംഘനത്തിന്റെയോ പ്രാധാന്യവും നിലയുമനുസരിച്ച് അതാത് നിലവാരത്തിലുള്ള നിയമനടപടിക്ക് ശുപാർശ ചെയ്യാനും അതാത് സമയത്ത് ഇത്തരം പ്രശ്നങ്ങളിൽ നിയമോപദേശം നൽകാനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ബാധ്യസ്ഥമാണ്. ഈ രണ്ട് സംവിധാനത്തിനും പുറമെ, മുഖ്യമന്ത്രിക്ക് പ്രത്യേകമായി ഒരു നിയമോപദേശകൻ നാളിതുവരെ നിലവിലുണ്ടായിരുന്നില്ല. പട്ടം താണുപിള്ള മുതൽ ഉമ്മൻചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരുടെ കാലത്തൊന്നും അങ്ങിനെയൊരാൾ ഉപദേശങ്ങളൊന്നും നൽകിയിരുന്നുമില്ല. ഇതിലെ പ്രധാന പ്രശ്നം അഡ്വക്കറ്റ് ജനറലിനും ‍ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനും ഇടയിൽ മറ്റൊരാൾക്ക് നിയമോപദേശം നൽകാൻ ഒഴിഞ്ഞു കിടക്കുന്ന മേഖലകളൊന്നുമില്ല എന്നതാണ്. തങ്ങളുടെ മേഖലയിൽ ഉൾപ്പെട്ടതെങ്കിലും കൂടുതൽ വിദഗ്ദ്ധമായ നിയമോപദേശമോ കേസ് നടത്തിപ്പോ കുറ്റം ചുമത്തലോ ആവശ്യമായി വന്നാൽ ബന്ധപ്പെട്ടവർക്ക് സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ഏത് നിയമവിദഗ്ദ്ധന്റെയും സ്ഥാപനത്തിന്റെയും സഹായം സംസ്ഥാന സർക്കാറിന്റെ അറിവോടും സമ്മതത്തോടും കൂടി തേടാവുന്നതുമാണ്.

അപ്പോൾ പിന്നെ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ, മാധ്യമോപദേശകൻ എന്നൊക്കെ പറയുന്നതിന്റെ അർത്ഥവും സാംഗത്യവും എന്താണ്? എല്ലാ മുഖ്യമന്ത്രിമാർക്കും ഒരു പ്രസ് സെക്രട്ടറി ഉണ്ടാവാറുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും അത്തരത്തിലൊരാളുണ്ട്. സർക്കാർ ശന്പളം നൽകുന്ന ഒരാൾ. ദേശാഭിമാനിയുടെ റസിഡണ്ട് എ‍ഡിറ്ററോ മറ്റോ ആയിരുന്ന പ്രഭാവ‍ർമ്മ. അദ്ദേഹം അറിയപ്പെടുന്ന പത്രപ്രവർത്തകനാണ്. കവിയാണ്, പ്രഭാഷകനാണ്. മുഖ്യമന്ത്രിയുടെ പബ്ലിക്ക് റിലേഷൻ ചുമതലകൾ മുഴുവൻ നിർവ്വഹിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അദ്ദേഹമുള്ളപ്പോൾ മറ്റൊരു മാധ്യമ ഉപദേശകന്റെ ഇടം എവിടെയാണ്? നാളിതുവരെ ഒരു മുഖ്യമന്ത്രിക്കും അങ്ങിനെയൊരാൾ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ മുഖ്യമന്ത്രി പിണറായിയുടെ നിയമോപദേശകനായി അഡ്വ. എം.കെ ദാമോദരനും മാധ്യമ ഉപദേശകനായി കൈരളിയുടെ മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസും ചുമതലയേൽക്കുന്പോൾ അതൊരു ലളിതമായ പ്രശ്നമാണോ? മാധ്യമ ഉപദേശകൻ ജോൺ ബ്രിട്ടാസാണെങ്കിലും മറ്റൊരാൾ കൂടി ഞാനാണ് എല്ലാം നിശ്ചയിക്കുന്നത് എന്ന മട്ടിൽ രംഗത്തുണ്ട്. പി.എം മനോജ് എന്ന ദേശാഭിമാനിക്കാരൻ. നിങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം അദ്ദേഹം പറയാതെ പറയാൻ ശ്രമിക്കുന്നതായി കാണാം. ഞാനറിയാതെ മുഖ്യമന്ത്രി ഒന്നും ചെയ്യില്ല എന്ന തോന്നൽ ശ്രോതാക്കളിൽ സൃഷ്ടിക്കാനുള്ള ശ്രമം. ഇതിലൊന്നും വലിയ കാര്യമില്ല എന്ന് നമുക്ക് വേണമെങ്കിൽ വാദിക്കാം. കാരണം ഇവരാരും സർക്കാർ ഖജനാവിൽ നിന്ന് ഒരു നായാപൈസയും പ്രതിഫലമായി പറ്റുന്നില്ല. അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ. അത് ചില പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. എം.കെ ദാമോദരനെ പോലെ കേരളത്തിലെ പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ (അദ്ദേഹത്തിന്റെ കോടതി ഫീസ് വളരെ വലുതാണ്.) അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസ് എന്നിവരുടെയൊക്കെ സേവനം അവർ സൗജന്യമായി നമുക്ക് തരുന്നുണ്ടെങ്കിൽ അതിന് പിന്നിൽ മറ്റെന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങൾ പതിയിരിക്കുന്നുണ്ടാവേണ്ടതല്ലേ? കേവലം ഒരു രൂപ മാത്രം ശന്പളം കൈപ്പറ്റി രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിച്ച പലരേയും നമുക്കറിയാം. ചിലരൊക്കെ സ്വന്തം രാജ്യത്തോടുള്ള കടപ്പാട് എന്ന നിലയിൽ തന്നെയാണത് ചെയ്തത്. എന്നാൽ അത്തരക്കാരിലും കള്ളനാണയങ്ങളുണ്ടായിരുന്നു എന്നത് മറക്കരുത്. അന്താരാഷ്ട്ര നാണയനിധിയിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന ഡോക്ടർ മൻമോഹൻസിംഗ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഒരു രൂപ മാത്രമായിരുന്നു ശന്പളം പറ്റിയിരുന്നത്. പക്ഷേ അദ്ദേഹം നടപ്പിലാക്കിയ സാന്പത്തിക നയങ്ങൾ നമ്മുടെ നാടിനെ എവിടെ എത്തിച്ചു എന്നത് നമുക്കറിയാത്തതല്ലല്ലോ. ഇവിടെ പരാമർശിക്കപ്പെട്ട ഉപദേശകന്മാരുടെ പൂർവ്വകാലം പരിശോധിച്ചാൽ നമുക്കത് വ്യക്തം. കേരളത്തിലെ ജനകീയ ചാനൽ ആയിരുന്നല്ലോ കൈരളി. ‘ഒരു ജനതയുടെ ആത്മാവിഷ്കാരം’ എന്നായിരുന്നു അതിന്റെ സിഗ്നേച്ചർ സ്ലോഗൻ. അന്ന് ദേശാഭിമാനിയുടെ ഡൽഹി ലേഖകനായിരുന്ന ജോൺ ബ്രിട്ടാസിനെ കൂറ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൈരളിയിലേക്ക് കൊണ്ടുവന്നതാണ്. അദ്ദേഹം എന്തൊക്കെയാണ് കൈരളിയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വിശദീകരിക്കാൻ ഇവിടെ ഇടം ഇല്ല. ഒറ്റകാര്യം മാത്രം പറയാം. സി.പി.ഐ(എം) എന്ന പാർട്ടി രൂപീകരിക്കുന്നതിന് വേണ്ടി അവിഭക്ത സി.പി.ഐയുടെ നേഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്നവരിൽ ജീവിച്ചിരിക്കുന്ന ഏക മനുഷ്യനാണ് വി.എസ് അച്യുതാനന്ദൻ. അദ്ദേഹത്തെ അവഹേളിക്കാൻ ഫാരീസ് അബൂബക്കർ എന്ന കളങ്കിത റിയൽ എേസ്റ്ററ്റ് ബിസിനസുകാരനെ കൈരളിയുടെ ഫ്ളോറിൽ മണിക്കൂറുകൾ അനുവദിച്ചയാളാണ് ജോൺ ബ്രിട്ടാസ്. ഈ ലേഖകന്റെതുൾപ്പെടെയുള്ളവരുടെ ഓഹരി മൂലധനം കൊണ്ട് പടുത്തുയർത്തിയ കൈരളിയിൽ എല്ലാ ആഡംബര സുഖസൗകര്യങ്ങളോടെയും വിരാചിച്ച ശേഷം അതുപേക്ഷിച്ച്, സി.പി.ഐ(എം)കാരുടെ ഭാഷയിൽ പറഞ്ഞാൽ റൂപ്പർട്ട് മർഡോക്കിന്റെ ചാനലായ ഏഷ്യാനെറ്റിലേയ്ക്ക് പോകാൻ ഒരു മനസാക്ഷികുത്തും കാണിക്കാതിരുന്ന മാന്യനാണ് അദ്ദേഹം. പ്രലോഭനം ഒന്നേയുണ്ടായിരുന്നുള്ളൂ. കൈരളിയിൽ കിട്ടുന്നതിനേക്കാൾ സുഖസൗകര്യങ്ങളും ശന്പളവും. പക്ഷേ ഞങ്ങൾ പാവങ്ങളുടെ ചെലവിൽ ആഡംബര കാറൊക്കെ സമ്മാനമായി സ്വീകരിച്ച് അങ്ങോട്ടു പോയപ്പോൾ അവിടെ വിചാരിച്ച പരിഗണന കിട്ടിയില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. തിരിച്ച് കൈരളിയിൽ വന്ന് പഴയ ലാവണത്തിൽ തന്നെ പ്രവേശിച്ചു. ലോകത്ത് ഏതെങ്കിലും വെള്ളരിക്കാ പട്ടണത്തിൽ ഇതൊക്കെ നടക്കുമോ? ഇല്ല, പക്ഷേ ബ്രിട്ടാസിന് ഇത് നടക്കും. കാരണം അദ്ദേഹം കൂറു തെളിയിച്ചയാളാണ്. അങ്ങിനെയൊരാൾ സൗജന്യമായി പിണറായി വിജയന് മാധ്യമോപദേശം നൽകുന്നുണ്ടെങ്കിൽ അത് വെറുതെയാകുമോ? കേരളത്തിൽ എൽ.ഡി.എഫ് ചരിത്രവിജയം നേടി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെ പ്രധാനമന്ത്രിേയയും മറ്റും കേന്ദ്രഭരണാധികാരികളേയും സന്ദർശിക്കാൻ ഡൽഹി യാത്ര നടത്തിയിരുന്നു. തികച്ചും ഔദ്യോഗികമായ ഒരു യാത്ര. അന്ന് പ്രോട്ടോകോൾ അനുസരിച്ച് മുഖ്യമന്ത്രിയെ അനുഗമിക്കേണ്ടത് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ ആയിരുന്നു. പക്ഷേ തന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിക്കാൻ കാറിൽ ഇടം ഉണ്ടായിരുന്നില്ല. കാരണം നമ്മുടെ മാധ്യമ ഉപദേശകൻ നേരത്തെ കാറിൽ കയറി ഇരിപ്പിടം സ്വന്തമാക്കിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി മറ്റൊരു കാറിൽ കയറിയാണ് മുഖ്യമന്ത്രിയെ പിന്തുടർന്നത്. പ്രധാനമന്ത്രിേയയും മറ്റ് മന്ത്രിമാരെയും സന്ദർശിക്കുന്പോഴും പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രിക്ക് സമീപം ഇടം കിട്ടിയില്ല. കാരണം അവിടെയൊക്കെ ജോൺബ്രിട്ടാസ് കയറി നിരങ്ങുകയായിരുന്നു. എന്തധികാരത്തിലാണ് ഇയാളിങ്ങനെ കയറി നിരങ്ങുന്നത് എന്ന് എല്ലാവരും അടക്കം പറഞ്ഞെങ്കിലും മുഖ്യമന്ത്രി അധികാരമേറ്റതിനു ശേഷമുള്ള ആദ്യപരിപാടിയായതു കൊണ്ടാണ് അന്ന് മാധ്യമങ്ങളിൽ വിമർശനം ഉയരാതിരുന്നത്. പ്രഭാവർമ്മയെ പോലെ ആദരണീയനായ ഒരാൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഉള്ളപ്പോൾ സൗജന്യ മാധ്യമ ഉപദേശവുമായി ജോൺ ബ്രിട്ടാസിനെപ്പോലൊരാൾ രംഗത്ത് വരുന്നത് സ്വാഭാവികമായിരിക്കില്ലല്ലോ.

ഇനി നിയമോപദേശകനിലേക്ക് വന്നാലും കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ. അറിയപ്പെടുന്ന ക്രമിനൽ അഭിഭാഷകനാണ് അദ്ദേഹം. കണ്ണൂർ സി.പി.എം നേതാക്കളുടെ മാനസപുത്രൻ. സ്വാഭാവികമായും നായനാർ കേരള മുഖ്യമന്ത്രിയായി 1996ൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഇദ്ദേഹം അഡ്വക്കറ്റ് ജനറലിന്റെ ഗൗൺ ധരിച്ചു. അന്നത്തെ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് കല്ലട സുകുമാരനായിരുന്നു. അഡ്വ. എം.കെ ദാമോദരൻ കണ്ണൂർ ലോബിയുടെ വക്താവും കല്ലട സുകുമാരൻ വി.എസ് അച്യുതാനന്ദന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായാണ് അന്നറിയപ്പെട്ടിരുന്നത്. ഇവർ തമ്മിലുള്ള മൂപ്പിളമ തർക്കം അന്ന് കോടതികളിൽ വരെ ചെന്നെത്തി. അക്കാലത്താണ് കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് ഉടലെടുത്തത്. അന്നാണ് കുഞ്ഞാലികുട്ടിയെ രക്ഷിക്കാൻ സി.പി.ഐ(എം) കണ്ണൂർ ലോബി ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയർന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പിന്നീട് പെണ്ണു കേസുമായി ബന്ധപ്പെട്ട പി. ശശിയായിരുന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ പച്ചയായി രംഗത്തെത്തിയത്. നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്, രണ്ട് പെൺകുട്ടികളുടെ ‍ജഡങ്ങൾ റെയിൽപാതയിൽ കണ്ടെത്തിയത്, ചിലരുടെ തിരോധാനം തുടങ്ങി അതീവ ഗുരുതരവും ദുരൂഹവുമായിരുന്നല്ലോ ഐസ്ക്രീം പാർലർ കേസ്. ഇതിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്കാളിത്തം സംശയ ലേശമില്ലാതെ തെളിയിക്കാൻ കഴിയും എന്ന് ‍ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അർത്ഥശങ്കക്കിടയില്ലാതെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. കേസെടുക്കാൻ ശുപാർശ ചെയ്തു. പ്രസ്തുത റിപ്പോർട്ട് പിന്നീട് മാധ്യമങ്ങളിൽ വരികയുണ്ടായി. അതിലൂടെ കടന്നുപോകുന്ന ആരും ഞെട്ടിത്തരിക്കും. അത്രയേറെ ഭീകരമായ സംഭവങ്ങളാണ് അന്ന് നടന്നത്. പക്ഷെ എല്ലാ തെളിവുകളും സഹിതം കല്ലട സുകുമാരൻ നൽകിയ റിപ്പോർട്ട് നായനാർ മന്ത്രിസഭ തള്ളി. അതിനവർ മറയാക്കിയത് അന്ന് അഡ്വ. ജനറലായിരുന്ന എം.കെ ദാമോദരൻ കുഞ്ഞാലിക്കുട്ടിക്കനുകൂലമായി നൽകിയ റിപ്പോ‍‍‍‍ർട്ടായിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ നിയമപരമായ പഴുതുകളും നിർദേശിച്ചത് എം.കെ ദാമോദരനായിരുന്നു എന്നത് അരമന രഹസ്യം. തുടർന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യവഹാരം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു വി.എസ് അച്യുതാനന്ദൻ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നതിന്റെ അവസാനകാലത്താണ് എം.കെ ദാമോദരന്റെ ഉടമസ്ഥതയിലുള്ള മലബാർ അക്വഫാമിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ആക്ഷേപം ഉയ‍ർന്നത്. കോടതിയിൽ നിന്ന് ജപ്തി നടപടികൾ നേരിട്ട എം.കെ ദാമോദരന് വലിയ തുകയ്ക്കുള്ള ജപ്തി നടപടി ഒഴിവാക്കിയത് റൗഫ് എന്ന കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരനായിരുന്നു. റസീറ്റ് സഹിതം ഇത് വെളിവാക്കപ്പെട്ടു. പ്രമാദമായ സൂര്യനെല്ലി കേസിൽ പി.ജെ കുര്യനെ ഒഴിവാക്കാനുള്ള നിയമോപദേശവും എം.കെ ദാമോദരന്റേതായിരുന്നത്രേ! ഇത് പിന്നീട് പ്രശസ്ത ഇടതുപക്ഷ അഭിഭാഷകനായ ജനാർദ്ദനക്കുറപ്പ് വെളിവാക്കുകയുണ്ടായി. പേര്യാവനത്തിലെ വനം മുറി കേസിൽ പ്രധാന പേരുകാരനായി എം.കെ ദാമോദരൻ അന്ന് ശ്രദ്ധേയനായി. സി.പി.ഐയിലെ റവന്യൂ മന്ത്രി ഇസ്മായിലിനെതിരെയും ആക്ഷേപം ഉയർന്നിരുന്നു. ഇവർക്ക് രണ്ടുപേർക്കും പങ്കുണ്ടെന്ന് കാണിച്ച് അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ജിജിതോംസൺ നൽകിയ റിപ്പോർട്ട് ശ്രദ്ധേയമായിരുന്നു. വി.എസ് മുഖ്യമന്ത്രിയായ കാലത്ത് ജസ്റ്റിസ് സുകുമാരന്റെ ഒരു പരസ്യ പ്രതികരണം കോളിളക്കം സൃഷ്ടിച്ചിരുന്നു. അതിനെതിരായ കേസ് ഇപ്പോഴും കോടതിയിൽ നടന്നുവരുന്നുണ്ട്.

ചുരുക്കത്തിൽ എം.കെ ദാമോദരനെ പോലൊരാളിന്റെ സൗജന്യ നിയമോപദേശം ആ‍ർക്കുവേണ്ടിയായിരിക്കും എന്ന് വ്യക്തമാണ്. പിണറായി വിജയൻ, തനിക്ക് പ്രിയപ്പെട്ടയാൾ എന്ന നിലയ്ക്ക് എം.കെ ദാമോദരൻ എന്നയാളോട് നിയമോപദേശം ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. അതിന് നിയമോപദേശകൻ, മാധ്യമോപദേശകൻ എന്നിങ്ങനെയുള്ള ഔദ്യോഗിക പദവികളുടെ ആവശ്യമെന്ത് എന്നതാണ് പ്രശ്നം. ഇത്തരം പദവിയില്ലെങ്കിലും എം.കെ ദാമോദരനും ജോൺബ്രിട്ടാസുമൊക്കെ മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ ഉപദേശം നൽകില്ലേ? അപ്പോൾ വിഷയം അതല്ല; തങ്ങൾ മുഖ്യമന്ത്രിയുടെ അടുത്തയാളുകളാണെന്ന ഒരു പരിവേഷം ഔദ്യോഗികമായി തന്നെ സൃഷ്ടിക്കപ്പെടുന്പോൾ തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് അത് വലിയ തോതിൽ മുതൽക്കുട്ടാകും. ഇവരുടെ പൂർവകാല ചരിത്രം അതിനെയൊക്കെ സാധൂകരിക്കുന്നുമുണ്ട്.

പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നാളാണെന്ന് തോന്നുന്നു, നടത്തിയ ഒരു പ്രസ്താവനയുണ്ട്. “തന്റെയൊക്കെ അടുത്തയാളാണെന്ന് വരുത്തി തീർത്ത് തട്ടിപ്പു നടത്തുന്ന ചില ‘അവതാരങ്ങൾ’ ഇറങ്ങിയിട്ടുണ്ട്, അവരെയൊക്കെ ജനങ്ങൾ കരുതിയിരിക്കണം, സർക്കാരും അക്കാര്യത്തിൽ ജാഗ്രത പുലർത്തും” എന്നതായിരുന്നു പ്രസ്താവന. ഹൈദരാബാദിലോ മറ്റോ അത്തരമൊരു അവതാരം പ്രത്യക്ഷപ്പെട്ടതിന്റെ കഥയും അദ്ദേഹം സൂചിപ്പിച്ചു. ജോൺ ബ്രിട്ടാസും എം.കെ ദാമോദരനുമൊക്കെ ഏതുതരം അവതാരങ്ങളാണാവോ? പക്ഷേ ഒന്നറിയാം. കഴിഞ്ഞ ഒരു മാസം കൊണ്ട് വാർഡു തലം വരെ അവതാരങ്ങൾ അണിനിരന്ന് കഴിഞ്ഞിട്ടുണ്ട്. അവ‍ർക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ വക്കാലത്തുകൾ അത്ര സുഖമുള്ള ഫലം ഉളവാക്കണമെന്നില്ല.

You might also like

Most Viewed