രാമകഥാമൃതം (ഭാഗം 3)
എ. ശിവപ്രസാദ്
താടകാവധത്തിന് ശേഷം രാമലക്ഷ്മണന്മാർ എത്തിച്ചേർന്നത് വിശ്വാമിത്ര മഹർഷിയുടെ യാഗശാലയിലായിരുന്നു. ആറ് ദിവസം നീണ്ടുനിൽക്കുന്ന യാഗമായിരുന്നു അത്. അഞ്ച് പകലുകളും അഞ്ച് രാത്രികളും അനിഷ്ടസംഭവങ്ങൾ ഒന്നുമില്ലാതെ കടന്നുപോയി. ആറാം ദിനം ചില അശുഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ആകാശം കാർമേഘങ്ങൾ കൊണ്ടു മൂടി. രാക്ഷസന്മാരുടെ അട്ടഹാസങ്ങൾ കേട്ടു തുടങ്ങി. മാരീചൻ, സുബാഹു, എന്നീ രണ്ടു ഭീകരരൂപികളായ രാക്ഷസന്മാർ അവിടെ പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ശ്രീരാമൻ മാനവാസ്ത്രം മാരീചന്റെ നേർക്ക് തൊടുത്തു വിട്ടു. മാനവാസ്ത്രം ഏറ്റ മാരീചൻ നൂറ് യോജന അകലെ സമുദ്രത്തിൽ പതിച്ചു. ഉടൻ തന്നെ ആഗ്നേയാസ്ത്രമുപയോഗിച്ച് സുബാഹുവിനേയും വധിച്ചു. അതോടെ വിശ്വാമിത്ര മഹർഷിയുടെ യാഗവും ഭംഗിയായി പര്യവസാനിച്ചു.
ഏതാനും ദിവസങ്ങൾ പിന്നിട്ടു. ഈ സമയത്ത് അങ്ങ് അകലെ മിഥിലാപുരിയിൽ നടക്കുന്ന ഒരു സ്വയംവരത്തെക്കുറിച്ച് വിശ്വാമിത്രൻ രാമലക്ഷ്മണന്മാരോട് പറഞ്ഞു. മിഥിലയിലെ രാജാവായ ജനകന്റെ മകളാണ് സീത. സീതയുടെ സ്വയംവരമാണ് നടക്കാൻ പോകുന്നത്. ഈ സ്വയംവരത്തിന് ഒരു നിബന്ധനയുണ്ടായിരുന്നു. ജനക രാജധാനിയുള്ള ഭഗവാൻ പരമശിവന്റെ വില്ലായ ത്രയംബകം ആരാണോ എടുത്തുയർത്തി കുലയ്ക്കുന്നത് അവർക്ക് മാത്രമേ സീതയെ വിവാഹം കഴിച്ചു കൊടുക്കുകയുളളൂ എന്നാണ് ആ നിബന്ധന. ഈ കഥകളെല്ലാം കേട്ട രാമലക്ഷ്മണന്മാർ വിശ്വാമിത്ര മഹർഷിയുടെ കൂടെ മിഥിലാപുരിയിലേയ്ക്ക് യാത്ര തിരിച്ചു.
യാത്രാമധ്യേ അവർ ഗൗതമമുനിയുടെ ആശ്രമത്തിലെത്തി. അവിടെ തന്റെ പതിയായ ഗൗതമ മഹർഷിയുടെ ശാപം നിമിത്തം ശിലയായി ഭവിച്ച അഹല്യാദേവിക്ക് മോക്ഷം കൊടുത്തു. തുടർന്ന് വീണ്ടും മിഥിലാപുരി യാത്ര തുടർന്നു. മിഥിലയിലെത്തിയ വിശ്വാമിത്രനെയും രാമലക്ഷ്മണന്മാരെയും ജനക മഹാരാജാവ് ഉപചാരപൂർവ്വം സ്വീകരിച്ചാനയിച്ചു. മിഥിലയിൽ സീതാസ്വയംവരത്തിനായെത്തിയ രാജകുമാരന്മാർക്ക് ആർക്കും ശൈവചാപം കുലയ്ക്കാൻ കഴിയാത്തതിനാൽ ദശരഥൻ അതീവ ദുഃഖിതനായിരുന്നു. ഈ സമയത്ത് വിശ്വാമിത്രമഹർഷിയുടെ നിർദ്ദേശ പ്രകാരം ശ്രീരാമൻ ശൈവചാപം ഉയർത്താൻ തയ്യാറാണെന്നറിയിച്ചു. ഇതുകേട്ട ജനകൻ അത്യധികം സന്തോഷിച്ചു. രാജസഭയിലേക്ക് വലുതും അമിതഭാരമുള്ളതുമായ ശൈവചാപം കൊണ്ടു വരപ്പെട്ടു. ശ്രീരാമൻ വിശ്വാമിത്രന്റെ അനുഗ്രഹം വാങ്ങി വില്ലിനെ മൂന്ന് തവണ വലംവെച്ചു. അതിനെ നമസ്കരിച്ച ശേഷം വില്ലെടുത്തുയർത്തി ഞാൺ വലിച്ചു കെട്ടാൻ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ, അതിഘോരമായ ശബ്ദത്തോടെ ആ ശൈവചാപം രണ്ടായി മുറിഞ്ഞു. ഇടി വെട്ടുന്നതുപോലുള്ള ആ ശബ്ദം കേട്ട് രാജാക്കന്മാരും മറ്റ് കൊട്ടാരവാസികളും നടുങ്ങി. എന്നാൽ ജനകനാവട്ടെ അത്യധികം സന്തോഷമുണ്ടായി.
ശ്രീരാമൻ ശൈവചാപം മുറിച്ചതോടെ ശ്രീരാമ സീതാ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ദശരഥനെയും പരിവാരങ്ങളെയും ദൂതന്മാരെ അയച്ച് വരുത്തി. അങ്ങനെ സർവ്വവിധ ആർഭാടങ്ങളോടെ ശ്രീരാമ സീതാ വിവാഹം നടന്നു. അതോടൊപ്പം തന്നെ ജനകൻ തന്റെ മറ്റു പുത്രിമാരായ ഊർമ്മിളയെ ലക്ഷ്മണനും മാണ്ധവിയെ ഭരതനും ശ്രുതകീർത്തിയെ ശത്രുഘ്നനും വിവാഹം ചെയ്തു കൊടുത്തു. വിവാഹദിവസം എല്ലാവരും മിഥിലയിൽ കഴിച്ചു കൂട്ടി. പിറ്റേന്ന് അതിരാവിലെ അയോദ്ധ്യാപുരിയിലേക്ക് പുറപ്പെട്ടു. മുഴുവൻ മിഥിലാവാസികളും അവർക്ക് വിട നൽകി.
അയോദ്ധ്യയിലേക്കുള്ള യാത്രാമദ്ധ്യേ അവർ ചില ദുഃശകുനങ്ങൾ കാണാൻ തുടങ്ങി. പക്ഷികൾ വിചിത്രങ്ങളും ഭയപ്പാട് കാണിക്കുന്നതുമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു, ആകെ ഒരു ഭയപ്പാടിന്റെ അന്തരീക്ഷം സംജാതമായി.