രാ­മകഥാ­മൃ­തം (ഭാഗം 2)


എ. ശിവപ്രസാദ്

 

സൂര്യവംശത്തിലെ അതി പ്രഗത്ഭനായ രാജാവായിരുന്നു ദശരഥൻ. അദ്ദേഹം പുത്രസൗഭാഗ്യമില്ലാതെ ദുഃഖത്തിലാണ്ടു. ഒടുവിൽ കുലഗുരുവായ വസിഷ്ഠന്റെ നിർദ്ദേശ പ്രകാരം പുത്രകാമേഷ്ടി യാഗം നടത്താൻ നിശ്ചയിച്ചു. അതിനായി ഋഷ്വശൃംഗ മഹർഷിയെ വരുത്തി. പുത്രകാമേഷ്ടീയാഗത്തിന്റെ അവസാന ദിനം ഹോമകുണ്ധത്തിൽ നിന്ന് ഒരു ദിവ്യരൂപം പ്രത്യക്ഷപ്പെട്ടു. ആ ദിവ്യ തേജസ്സിന്റെ കൈയ്യിൽ പായസം നിറച്ച ഒരു പാത്രവുമുണ്ടായിരുന്നു. ഈ പായസം ദശരഥന്റെ ഭാര്യമാർക്ക് നൽകണമെന്നും അത് ഭുജിച്ചാൽ പുത്രന്മാരുണ്ടാവുമെന്നും പറഞ്ഞുകൊണ്ട് ആ ദിവ്യരൂപം അപ്രത്യക്ഷമായി.

ദശരഥ മഹാരാജാവ് തന്റെ കൈവശമുണ്ടായിരുന്ന പാത്രത്തിലെ പായസത്തിന്റെ പകുതി കൈകേയ്ക്കും കൊടുത്തു. ആ സമയത്ത് ദശരഥന്റെ മൂന്നാമത്തെ രാജ്ഞിയായ സുമിത്ര അവിടെയെത്തി. കൈകേയിയും കൗസല്യയും തങ്ങൾക്ക് ലഭിച്ച പായസത്തിന്റെ അർദ്ധഭാഗം വീതം സുമിത്രയ്ക്കും നൽകി. ദിവസങ്ങൾ കടന്നു പോയി. ചൈത്രമാസം ആഗതമായി. ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ നവമി ദിവസം പുണർതം നക്ഷത്രത്തിൽ കൗസല്യയുടെ പുത്രനായി ശ്രീരാമൻ ജനിച്ചു. അതോടൊപ്പ തന്നെ കൈകേയി ഭരതനും, സുമിത്ര ലക്ഷ്മണനും ശത്രുഘ്നനും ജന്മം നൽകി. ദശരഥ മഹാരാജാവിന് പുത്രന്മാരുണ്ടായ വാർത്ത അറിഞ്ഞ അയോദ്ധ്യാ നിവാസികളിൽ ആനന്ദമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കോസല രാജ്യം ആനന്ദത്തിൽ ആറാടി. ആബാലവൃദ്ധം ജനങ്ങൾ ആടിയും പാടിയും തങ്ങളുെട സന്തോഷം പങ്കുവെച്ചു.

ശ്രീരാമലക്ഷ്മണ ഭരത ശത്രുഘ്നന്മാർ സൂര്യശോഭയോടെ അയോദ്ധ്യയിൽ വളർന്നുവന്നു. വേദപുരാണാദികളിലും അസ്ത്ര ശസ്ത്ര വിദ്യയിലും നാലുപേരും അതിനിപുണന്മാരായി. അങ്ങിനെയിരിക്കെ വിശ്വാമിത്ര മഹർഷി അയോദ്ധ്യനഗരത്തിലെത്തി. ദശരഥ മഹാരാജാവ് വിശ്വാമിത്ര മഹർഷിയെ ഉപചാര പൂർവ്വം സ്വീകരിച്ചിരുത്തി. ആഗമനോദ്ദേശ്യം ആരാഞ്ഞ ദശരഥനോട് താൻ ഒരു യാഗം നടത്തുന്നുണ്ടെന്നും രാക്ഷസന്മാർ സ്ഥിരമായി യാഗം മുടക്കുന്നുണ്ടെന്നും ആയതിനാൽ യാഗരക്ഷയ്ക്കായി ശ്രീരാമനെ എന്റെ കൂടെ അയക്കണമെന്നും വിശ്വാമിത്രൻ ആവശ്യപ്പെട്ടു. വിശ്വാമിത്രന്റെ ഈ ആവശ്യം കേട്ട ദശരഥൻ സ്തബ്ദനായി. ശ്രീരാമൻ കേവലം ഒരു ബാലകനാണെന്നും യുദ്ധപാരംഗതനല്ലെന്നും ദശരഥൻ വിശ്വാമിത്രനോട് പറഞ്ഞു. വേണമെങ്കിൽ യാഗരക്ഷയ്ക്കായി സ്വയം എഴുന്നള്ളാമെന്നും ദശരഥൻ പറഞ്ഞു.
പക്ഷെ, വിശ്വാമിത്രൻ ഇത് അനുസരിക്കാൻ തയ്യാറായില്ല.

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ശ്രീരാമനെ യാഗരക്ഷയ്ക്കയക്കാൻ ദശരഥൻ സമ്മതിച്ചു. ശ്രീരാമനോടൊപ്പം ലക്ഷ്മണനും വിശ്വാമിത്രന്റെ കൂടെ യാത്ര തിരിച്ചു. വിശ്വാമിത്രൻ മുന്പിൽ നടന്നു. പിന്നിലായി അസ്ത്ര ശസ്ത്രധാരികളായി രാമലക്ഷ്മണന്മാരും. കുറെ ദൂരം യാത്ര ചെയ്ത അവർ സരയൂ നദിയുടെ തെക്കെ തീരത്തെത്തി. അവിടെ വെച്ച് വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് ബല, അതിബല എന്നീ രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചു. ഈ മന്ത്രങ്ങൾ അറിയുന്നവർക്ക് വിശപ്പും ദാഹവും ഉണ്ടാകുകയില്ല എന്ന് വിശ്വാമിത്രൻ പറഞ്ഞു. സരയൂ നദിയും കടന്ന് ഏറെ ദൂരം സഞ്ചരിച്ച അവർ ഘോരമായ ഒരു വനത്തിലെത്തി. വനത്തിലൂെട സഞ്ചരിക്കവെ രാമലക്ഷ്മണന്മാർ ഭീകരമായ ഒരു ശബ്ദം കേട്ടു. ശബ്ദത്തിന്റെ ഉറവിടമന്വേഷിച്ച രാമലക്ഷ്മണന്മാരോട് അത് താടകയെന്ന രാക്ഷസിയാണെന്നും കാട്ടിലൂടെ സഞ്ചരിക്കുന്നവരെ ഭക്ഷിക്കുകയാണ് അവളുടെ രീതിയെന്നും വിശ്വാമിത്രൻ പറഞ്ഞു. 

അൽപ്പ സമയത്തിനുള്ളിൽ തന്നെ ഘോരരൂപിണിയായ താടക രാമലക്ഷ്മണന്മാർക്ക് മുന്പിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ബലിഷ്ഠങ്ങളായ കൈകൾ നീട്ടി അവൾ കുമാരന്മാരെ ആക്രമിക്കാൻ തുനിഞ്ഞു. അപ്പോൾ ശ്രീരാമൻ തന്റെ തൂണീരത്തിൽ നിന്നും എടുത്തു തൊടുത്ത ഒരന്പ് താടകയുടെ ജീവനെടുത്തു.

 

You might also like

Most Viewed