അധികാരം ആപത്ത് ആകുലത


വി.ആർ.സത്യദേവ് 

 

ഉരുക്കു വനിതയ്ക്കൊരു പിൻഗാമി

രുക്കു വനിത എന്ന വിശേഷണം ഭാരതീയൻ ചാർത്തിക്കൊടുത്തിരിക്കുന്നത് ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രി ഇന്ദിരാജിക്കാണ്. ഇന്ദിരാ മന്ത്രി സഭയിലെ ഒരേയൊരു പുരുഷൻ സാക്ഷാൽ ഇന്ദിരാ ഗാന്ധിയായിരുന്നു എന്നാണ് പ്രചാരത്തിലുള്ള ഒരു തമാശ. ചരിത്രമറിയുന്നവർക്ക് അതിൽ അത്ഭുതവുമില്ല. ചങ്കൂറ്റത്തിന്റെ മൂർത്ത രൂപമായിരുന്നു ഇന്ദിര. അടിച്ചമർത്തപ്പെട്ട് വീടിന്റെ പിന്നാന്പുറങ്ങളിൽ തളയ്ക്കപ്പെടാറുള്ള സ്ത്രീത്വം അധികാരത്തിന്റെ ചെങ്കോൽ കയ്യാളുന്പോഴെല്ലാം പുരുഷന്മാരെക്കാൾ കടുപ്പക്കാരായ ഭരണാധികാരിളാകാറാണ് പതിവ്. ഭാരതത്തിൽ ജെ. ജയലളിതയുടെയും മായാവതിയുടെയും മമതാ ബാനർജിയുടെയും കെ.ആർ ഗൗരിയമ്മയുടെയും ഒക്കെ ഭരണങ്ങൾ ഇതിന് ഉദാഹരണമായി നമ്മൾ കണ്ടിട്ടുണ്ട്. ഇതിനു സമാനം തന്നെയായിരുന്നു മാർഗററ്റ് താച്ചറുടെ ഭരണവും. നീണ്ട പതിനൊന്നു വർഷമാണ് മാഗിയെന്ന് ലോകം സ്നേഹപൂർവ്വം വിളിച്ച മാർഗരറ്റ് ഹിൽഡ താച്ചർ ബ്രിട്ടനെ ഭരിച്ചത്. കൃത്യമായിപ്പറഞ്ഞാൽ 1979 മെയ് 4 മുതൽ 1990 നവംബർ 28 വരെ. പിന്നീട് ലോകം താച്ചറിസമെന്നു വിളിച്ച ശൈലിക്ക് തെരേസ മെയ് എന്ന വനിതയിലൂടെ ഒരു പിൻഗാമിയെ ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.

ആലങ്കാരികമായി താച്ചറുടെ പിൻഗാമി എന്നു  തെരേസാ മെയെ വിശേഷിപ്പിക്കാമെങ്കിലും സാജാത്യങ്ങളെക്കാളേറെ വൈജാത്യങ്ങളാവും ഇരുവരും തമ്മിൽ നമുക്കു കാണാനാവുക.

 1979 ൽ പൊതു തെരഞ്ഞെടുപ്പിലൂടെയാണ് താച്ചർ അധികാരത്തിലെത്തിയത്. അതായത് കൃത്യമായ ജനപിന്തുണയുടെ പിൻബലത്തോടെ.  ഇപ്പോൾ മെയ് അധികാരത്തിലെത്തിയതാവട്ടെ സർക്കാർ രാജ്യം നേരിട്ടതിൽ തന്നെ ഏറ്റവും വലിയ പ്രതിസദ്ധിയിലൂടെ കടന്നു പോകുന്ന വേളയിലാണ്.  യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്തു പോകണമെന്ന തീരുമാനമുണ്ടായ ഹിത പരിശോധനയുടെ അനന്തര ഫലങ്ങളിലൊന്നാണ് മെയുടെ സ്ഥാനാരോഹണം. ജനപ്രിയനായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാജിെവച്ചതോടെയാണ് രാജ്യത്തിന്റെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രിയായി തെരേസ മെയ് അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാൻ കൂടുതൽ കരുത്തുറ്റ നായകത്വം ആവശ്യമാണെന്ന ന്യായം പറഞ്ഞാണ് കാമറോൺ രാജിെവച്ചത്. പ്രതീക്ഷിച്ചതിനു വിരുദ്ധമായ ഫലം ഹിതപരിശോധനയ്ക്കുണ്ടായതോടെയായിരുന്നു കാമറോണിന്റെ രാജി. കൊട്ടിഘോഷിക്കപ്പെട്ട ഹിതപരിശോധനാ ഫലപ്രഖ്യാപനത്തോടെ കെട്ടടങ്ങേണ്ട വിഷയം വാസ്തവത്തിൽ പുതിയ വഴിത്തിരിവിലെത്തുകയും പ്രശ്നത്തിന് പുതിയ ഗതിവേഗം കൈവന്നിരിക്കുകയുമാണ്.

യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന ജനഹിതം പ്രതീക്ഷിച്ച സർക്കാരിനെ ഞെട്ടിച്ച ഫലം നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനം നടപ്പാക്കുക എന്നത് തന്നെയാവും തെരേസയ്ക്കു മുന്പിലുള്ള ഏറ്റവും വലിയ കടന്പ. ഫലപ്രഖ്യാപനത്തിനു തൊട്ടു പിന്നാലേ ഹിതപരിശോധനാ ഫലം പുനപരിശോധിക്കണമെന്നും പുനഹിതപരിശോധന നടത്തണമെന്നുമുള്ള ആവശ്യവും ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ താച്ചറെക്കാളും കരുത്തയായാലേ തെരേസയ്ക്ക് നിലനിൽപ്പും അതിജീവനവും സാധ്യമാകൂ. മൂന്നു തവണ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ താച്ചറുടെ പിൻഗാമിയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്നാൽ ഒരു വികാരിയുടെ മകളായിപ്പിറന്ന യാഥാർത്ഥ്യബോധമുള്ള ഈ രാഷ്ട്രീയക്കാരിക്ക് അത് അസാദ്ധ്യവുമല്ല. 

 

ഭീകരതയുടെ ഫ്രഞ്ചു വിപ്ലവം

Nice എന്ന ഫ്രഞ്ചു വാക്കിനർത്ഥം പ്രസന്നമായ എന്നാണ്. ഫ്രാൻസിലെ പ്രമുഖ നഗരങ്ങളിലൊന്ന്. മെഡിറ്ററേനിയൻ കടലോര നഗരമായ നഗരമായ നൈസിന്റെ വിളിപ്പേര് Nice the Beautiful എന്നാണ്. മനോഹരിയായ നൈസെന്ന് അർത്ഥം. നൈസ് എന്നും മനോഹരിയാണ്. പക്ഷെ ആ മനോഹാരിതയിൽ ചോരക്കറ പുരണ്ടിരിക്കുന്നു. രക്തപങ്കിലമായിരിക്കുന്നു നൈസ് നഗരത്തിന്റെ ശാന്ത സുന്ദരവും സന്പന്നവുമായ മണ്ണ്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന അതിക്രൂരമായ നരഹത്യയുടെ ഞെട്ടലിൽ നിന്നും നൈസ് നഗരം മുക്തമായിട്ടില്ല. തീവ്രവാദം ലോകത്തെ പൈശാചികതയുടെ പുതിയ പരീക്ഷണ ശാലയാക്കുകയാണ്. അതിതീവ്ര നാശകരമായ ആയുധങ്ങളുടെ പട്ടികയിൽ പുതിയ ഇനങ്ങൾ ചേർക്കുകയാണ് അന്താരാഷ്ട്ര തീവ്രവാദം. ആയുസ്സെടുക്കൽ ആദ്ധ്യാമികതയാക്കി ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഒരുകൂട്ടമാൾക്കാർ. നൈസിൽ സംഭവിച്ചതും അതു തന്നെയായിരുന്നു. 

മതത്തിന്റെ പേരുപറഞ്ഞ് അതുമായി പുലബന്ധം പോലുമില്ലാത്ത രക്തദാഹികൾ ഫ്രാൻസിൽ നടത്തുന്ന ചുടല നൃത്തത്തിന്റെ ഏറ്റവും പുതി അദ്ധ്യായമാണ് കഴിഞ്ഞ ദിവസം നൈസിൽ അരങ്ങേറിയത്. ചാവേർ ബോംബുകളെ എവിടെ ഏതു സമയത്തും പ്രതീക്ഷിക്കാവുന്ന മണ്ണായി മാറിക്കഴിഞ്ഞു ഫ്രാൻസ്. ഒരുകാലത്ത് സംസ്കൃതി പൂത്തുലയുന്ന നാടായിരുന്നു അത്. ലോകത്തിനു മാതൃകയായ ഫ്രഞ്ചു വിപ്ലവത്തിന്റെ മണ്ണ്. അതിന്റെ സ്മാരകമായി, മനുഷ്യന്റെ ഭാവനയ്ക്കും ഇച്ഛാശക്തിക്കും മകുടോദാഹരണമായി വാനിലേയ്ക്കുയർന്നുയർന്നു നിൽക്കുന്ന ഈഫൽ ഗോപുരത്തിന്റെ നാട്. രാവെന്നോ പകലെന്നോ ഇല്ലാതെ പ്രകാശം പരത്തി നിന്ന പാരീസിന്റെ മണ്ണ്. ലോകത്തെ എണ്ണം പറഞ്ഞ ചിത്രകാരന്മാർ സാന്നദ്ധ്യം കൊണ്ടു സന്പന്നമാക്കിയ സംസ്കൃതിയുടെ മണ്ണ്. മൊണാലിസയടക്കമുള്ള വിശ്രുത പെയിൻ്റിംഗുകൾ സൂക്ഷിച്ചിട്ടുള്ള ല്യൂവർ മ്യൂസിയത്തിന്റെ നാട്. കലാപ്രേമികളും കലാകാരന്മാരും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിച്ചിട്ടുള്ള ഫ്രാൻസ്. മനോഹരമായ ഫ്രാൻസ് ഇന്നു പക്ഷേ അതിവേഗം സുരക്ഷിതമല്ലാത്ത രാജ്യമെന്ന നിലയിലേക്കു മാറുകയാണ്.

കഴിഞ്ഞ വർഷം ജനുവരിയിൽ ഷാർലി എബ്ദോ മാസികയ്ക്കു നേരേ നടന്ന തീവ്രവാദിയാക്രമണം തൊട്ടിങ്ങോട്ട് എണ്ണമില്ലാത്ത ആക്രമണങ്ങളാണ് ഫ്രാൻസിനു നേരിടേണ്ടി വന്നത്. ആഗോള തീവ്രവാദത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഫ്രാൻസ്. പൊതുവേ എല്ലാ മതങ്ങളോടും സ്നേഹം പുലർത്തിപ്പോന്ന ഫ്രാൻസിനെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. വിനാശശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കാനുള്ള സാദ്ധ്യത മുൻനിർത്തി കനത്ത കാവലിൽ നടന്ന ബാസ്റ്റിലെ ആഘോഷത്തോടനുബന്ധിച്ച വെടിക്കെട്ടു കാണാനെത്തിയവരായിരുന്നു ഇത്തവണ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. നാലുമാസം കൊണ്ടു തീവ്രവാദസംഘങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുപോയ മൊഹമ്മദ് (Mohamed Lahouaiej Bouhlel) എന്ന യുവാവാണ് വാടകയ്ക്കെടുത്ത ലോറി ആൾക്കൂട്ടത്തിനിടയിലേയ്ക്ക് ഇടിച്ചുകയറ്റി തൊണ്ണൂറോളം നിരപരാധികളെ കശാപ്പു ചെയ്തത്.  ആഗോള തീവ്രവാദത്തിനെതിരെയും വിഘടന വാദത്തിനെതിരെയും ലോകം കൂടുതൽ ജാഗ്രത്താവണമെന്നാണ് നൈസ് കൂട്ടക്കൊല നമ്മോടു പറയുന്നത്.

 

തയ്യിപ് തകർത്ത ടർക്കിഷ് വിപ്ലവം

യ്യിപ് എർദോഗൻ കരുത്തനാണ്. മുഖത്തും തലയിലും നരകയറിയിട്ടും ആ കരുത്തു ചോർന്നിട്ടില്ല. ഒരു പക്ഷേ അത് കൂടിയിട്ടുണ്ടോയെന്നും സംശയിക്കാം. തകർന്നടിഞ്ഞ ടർക്കിഷ് അട്ടിമറി ശരി വെയ്ക്കുന്നത് അതാണ്. ഏതൊരു സമൂഹത്തിനും മേൽ ശക്തമായി സ്വാധീനിയ്ക്കാൻ കഴിവുള്ളതാണ് മതം. ഏതൊരു ജനാധിപത്യ ശക്തികൾക്കും ഏതു സമത്തും ഭീഷണിയാവാൻ ശേഷിയുള്ളതാണ് സൈന്യം. മതവും സൈന്യവും ജനാധിപത്യത്തിനെതിരേ ഒത്തു ചേർന്നാൽ സാധാരണ അവിടെ ജനാധിപത്യ ഭരണകൂടങ്ങൾക്ക് അടിതെറ്റുക തന്നെ ചെയ്യും. നമ്മുടെ സഹോദര രാജ്യമായ പാകിസ്ഥാനിൽ പതിറ്റാണ്ടുകളായി ഇത് പലതവണ സംഭവിച്ചുകഴിഞ്ഞു. ഇത്തരമൊരു ചുവടു പിഴയ്ക്കൽ യൂറോപ്പിന്റെയും ഏഷ്യയുടെയും അതിർത്തി രാഷ്ട്രമായ ടർക്കിയിലും സംഭവിച്ചേനേ. പക്ഷേ പ്രസിഡണ്ട് റെസിപ് തയ്യിപ് എർദോഗന്റെ സ്വാധീനത്തിനും കരുത്തിനും ജനപിന്തുണയ്ക്കും മുന്നിൽ പട്ടാളത്തിന്റെ വിപ്ലവശ്രമം തകർന്നടിയുകയായിരുന്നു. 

പശ്ചിമേഷ്യയിലെ പൗരാണികമായ മണ്ണാണ് തുർക്കി. വിപ്ലവങ്ങളും പ്രതി വിപ്ലവങ്ങളും സാമ്രാജ്യങ്ങളുടെ വാഴ്ചകളും വീഴ്ചകളും ഒട്ടേറെക്കണ്ട നാട്. മുസ്തഫ കമാൽ അത്താ തുർക്കിന്റെ നായകത്വത്തിൽ സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കും കുതിച്ച റിപ്പബ്ലിക് ഓഫ് ടർക്കി. 2003 ലാണ് തയ്യിപ് എർദോഗൻ ടർക്കിയുടെ നായകനാകുന്നത്. മേഖലയിൽ അമേരിക്കയുടെ ചങ്ങാതി രാഷ്ട്രമായ ടർക്കിയെ 2014 വരെ പ്രധാനമന്ത്രിയെന്ന നിലയിൽ എർദോഗൻ നയിച്ചു. തുടർന്ന് പ്രസിഡണ്ട് പദവിയിലേയ്ക്ക് അദ്ദേഹം അവരോധിതനായി. അതുവരെ നാമമാത്ര പദവിയായിരുന്ന പ്രസിഡണ്ട് രാഷ്ട്രത്തിന്റെ പരമാധികാര പദവിയാകുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്. തീർച്ചയായും അധികാരമത്രയും തന്നിലേയ്ക്ക് കേന്ദ്രീകരിക്കാനുള്ള തന്ത്രങ്ങളും കൗശലവും എർദോഗൻ പുലർത്തുന്നുണ്ടാവും. എന്നാൽ അതിനെല്ലാമപ്പുറം ജന പിന്തുണയും സ്വീകാര്യതയുമുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നിർണ്ണായക കേന്ദ്രങ്ങളെല്ലാം പിടിച്ചെടുത്തിട്ടും പട്ടാളത്തിന് അധികാരം കൈയ്യടക്കാനായില്ല. എർദോഗന്റെ ആഹ്വാനമനുസരിച്ചു തെരുവിലിറങ്ങിയ ജനമാണ് പട്ടാളത്തെ പരാജയപ്പെടുത്തിയത്. 

എന്നാൽ ഇത് അമേരിക്കയുമായുള്ള ടർക്കിയുടെ ബന്ധം വഷളാക്കിയിരിക്കുകയാണ്. അമേരിക്കയിലെ പെനിസിൽവാനിയയിൽ താമസിക്കുന്ന ടർക്കിഷ് മതപുരോഹിതൻ ഫെത്തുള്ള ഗൂലെനെ ചൊല്ലിയാണ് ഈ ഉരസൽ. ഫെത്തുള്ളയാണ് പട്ടാള വിപ്ലവശ്രമത്തിനു പിന്നിലെന്നാണ് എർദോഗന്റെ ആരോപണം. ഫെത്തുള്ളയെക്കൊണ്ട് അമേരിക്കയാണ് ഇതു ചെയ്യിച്ചതെന്ന സൂചനയും ആരോപണത്തിലുണ്ട്. കരുത്തനായ എർദോഗനും കരുത്തു പഴയതു പോലെയില്ലാത്ത അമേരിക്കയും തമ്മിലുള്ള ബന്ധം ഉലയുന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു വഴിവെയ്ക്കും. ഇത് ഐഎസ്സിനെതിരായ നടപടികളെയും ബാധിക്കാനാണ് സാദ്ധ്യത.

 

 

You might also like

Most Viewed