കർക്കടക മാസത്തെ രാമായണ പാരായണത്തിലൂടെ മറികടക്കാം (രാമകഥാമൃതം- ഭാഗം 1)
എ.ശിവപ്രസാദ്
വീണ്ടും ഒരു രാമായണമാസം നമ്മുടെ മുന്നിലേക്ക് സമാഗതമായി. ഇന്നേയ്ക്ക് ഏതാണ്ട് ഏഴായിരം വർഷം മുന്പ് സംഭവിച്ച ശ്രീരാമചരിത്രമായ രാമായണം അത്രത്തോളം തന്നെ വർഷങ്ങളായി ഭാരതീയ മനസുകളിൽ ശാശ്വത പ്രതിഷ്ഠ നേടിയിട്ടുണ്ട്. ഭാരതീയ സംസ്കാരവും രാമായണവും പരസ്പരം വേർതിരിച്ചു നിർത്താൻ കഴിയാത്തത്ര വിധത്തിൽ ഇഴുകിചേർന്നിരിക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ ഗതിയും സ്വഭാവവും നിർണ്ണയിച്ചത് രാമായണമാണെന്ന് നിസ്സംശയം പറയാം.
ആദികവിയായ വാത്മീകി മഹർഷിയാണ് രാമായണ കർത്താവ്. വാത്മീകിയുടെ മൂലഗ്രന്ഥത്തിൽ നിന്നും പിന്നീട് പ്രാദേശിക ഭാഷകളടക്കം നിരവധി ഭാരത വിദേശ ഭാഷകളിലേയ്ക്ക് രാമായണം വിവർത്തനം ചെയ്യപ്പെട്ടു. ലോകഭാഷകളിൽ രാമായണത്തിന് ലഭിച്ച സ്വീകാര്യത മറ്റൊരു ഭാരതീയ ഗ്രന്ഥത്തിനും ലഭിച്ചിട്ടുണ്ടോ എന്ന് സംശയമായിരിക്കും. മലയാളഭാഷയിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ് ആധികാരിക രാമായണ ഗ്രന്ഥം. വാത്മീകി മഹർഷി ശ്രീരാമനെ ദൈവമായി അവതരിപ്പിച്ചപ്പോൾ എഴുത്തച്ഛന്റെ ശ്രീരാമൻ ഒരു സാധാരണ മനുഷ്യനായിരുന്നു. അതുകൊണ്ടു തന്നെ എഴുത്തച്ഛന്റെ ശ്രീരാമൻ ജനസാമാന്യത്തിനിടയിൽ അവരിലൊരാളായി മാറി.
മലയാളികൾക്ക് കർക്കടകമാസം രാമായണ മാസമാണ്. വറുതിയിലാണ്ടു കഴിയുന്ന കർക്കടക മാസത്തെ രാമായണ പാരായണത്തിലൂടെ മറികടക്കാം എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും വീടുകളിൽ നിന്നുയരുന്ന രാമായണ ശീലുകൾ നമ്മുടെ സംസ്കാരത്തിന്റെ കയ്യൊപ്പായി മാറിയിരിക്കുന്നു. സത്യധർമ്മാദികൾ സംരക്ഷിക്കാനായി ജീവിതം ഉഴിഞ്ഞു വെച്ച ഭഗവാൻ ശ്രീരാമചന്ദ്രന്റെ ചരിത്രം രാമായണമെന്ന ഗ്രന്ഥത്തിലൂടെ നമ്മളിലോരോരുത്തരിലേയ്ക്കും സംക്രമിക്കപ്പെടുന്നു. സത്യധർമ്മാദികൾ സംരക്ഷിക്കാനുള്ള രാമന്റെ അയന (യാത്ര)മാണ് രാമായണം. സത്യം, ധർമ്മം എന്നിവ ഭൂമിയിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുകളാവണം നമ്മളെ സംബന്ധിച്ചിടത്തോളം രാമായണം.
സർവ്വഗുണ സന്പന്നമായ ഒരു ഗ്രന്ഥമാണ് രാമായണം. ഭക്തി, ധാർമ്മികത, സാമൂഹ്യബോധം, സാഹിത്യ സന്പന്നത, ചരിത്രം, ദേശസ്നേഹം, രാജനൈതീകത തുടങ്ങി ഒരു സമൂഹത്തിനും അതിലുപരി രാഷ്ട്രത്തിനും വേണ്ട സർവ്വ ഗുണങ്ങളും രാമായണത്തിൽ സമമായ അനുപാതത്തിൽ സമ്മേളിച്ചതായി നമുക്ക് കാണാൻ കഴിയും. നമ്മുടെ കുടുംബ സങ്കൽപം എന്തായിരിക്കണമെന്ന് രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് പറഞ്ഞു തരുന്നു. ആധുനികസമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികൾക്കുള്ള ഒരു സന്പൂർണ്ണമായ പ്രതിവിധിയാണ് രാമായണം. സത്യത്തിന്റെയും സദാചാരത്തിന്റെയും മൂർത്തിമത് ഭാവമായിരുന്നു ശ്രീരാമൻ. മാതൃകാ പുത്രൻ, മാതൃകാപിതാവ്, മാതൃകാ ഭർത്താവ് എന്നിവയ്ക്കെല്ലാം പുറമെ ഒരു മാതൃകാ ഭരണാധികാരി കൂടിയായിരുന്നു ശ്രീരാമൻ. അതുകൊണ്ട് തന്നെയാണ് ഏഴായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കിപ്പുറവും ശ്രീരാമനും രാമായണകാവ്യവും ജനസാമാന്യത്തിന് പ്രിയങ്കരമായത്.
രാമായണം ചിരപുരാതനവും നിത്യനൂതനവുമായ ഒരു ഗ്രന്ഥമാണ്. ആബാലവൃദ്ധം ജനങ്ങൾക്കും ഒരുപോലെ ആസ്വാദ്യവുമാണ്. മനുഷ്യജീവിതത്തിന്റെ സമഗ്രമേഖലകളേയും സമഗ്രമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം എന്ന നിലയിൽ ഓരോ ഭാരതീയനും രാമായണകഥ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല വരും തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുമുണ്ട്. ആയതിനാൽ പരിമിതികളുടെ നടുവിൽ നിന്നുകൊണ്ടു തന്നെ ഈ രാമായണമാസത്തിൽ ‘രാമകഥാമൃതം’ വായനക്കാർക്കായി സമർപ്പിക്കുന്നു.