വിശുദ്ധ ദിനങ്ങൾ വിടപറയുന്പോൾ...
അബൂബക്കർ ഇരിങ്ങണ്ണൂർ
ആത്മസംസ്കരണത്തിന്റെ വിശുദ്ധദിനങ്ങൾ നമ്മോട് വിടപറഞ്ഞു കൊണ്ടിരിക്കുകയാണ്. വിശ്വാസിയെ തഖ്്വയിലധിഷ്ഠിതമായ ജീവിതം നയിക്കാനുപയുക്തമാക്കിയിരുന്ന സ്വർഗലോകത്തെ ‘റയ്യാൻ’ കവാടത്തിലൂടെ പ്രവേശിക്കാനുള്ള അവസരം അനുയോജ്യമാക്കി തന്ന നന്മകളുടെ നാളുകളെ നിറകണ്ണുകളോടെ യാത്രയാക്കി പെരുന്നാളിന്റെ പുതു പുലരിയിലേക്ക് സസന്തോഷം കാലെടുത്ത് വെയ്ക്കാൻ പോകുന്ന നാം കഴിഞ്ഞുപോയ സുകൃതദിനങ്ങളെ കുറിച്ച് ആത്മവിചാരണയും വരുംനാളുകളെ കുറിച്ച് പുനർവിചിന്തനവും നടത്തേണ്ട സുദിനത്തിലാണെന്നു കൂടി ഓർക്കുക....
റമദാൻ നോന്പിനെ സന്പൂർണ്ണവും സ്വീകാര്യയോഗ്യമാക്കാനുമുള്ള പ്രാർത്ഥനകളാണ് പെരുന്നാൾ ദിനത്തിൽ നമ്മുടെ ആത്മാവിൽ നിന്നും നിർഗളിക്കേണ്ടത്.
പെരുന്നാളിന്റെ രാപ്പകലുകൾ ആരാധനാ നിർഭരമാക്കണം, നിസ്കാരവും തഖ്ബീറിന്റെ മന്ത്രധ്വനികളും സാധുക്കളിലേക്കുള്ള സഹായ ഹസ്തവും കൂട്ടുകുടുംബങ്ങളിലേക്കുള്ള വിരുന്നും യാത്രയും പ്രതിഫലങ്ങൾ വാരിക്കൂട്ടാനുള്ള അസുലഭ അവസരങ്ങളാണ്. അനർഘമായ ഈ സുദിനം അല്ലാഹുവിന്റെ ‘റഹ്്മത്ത്’ ചൊരിഞ്ഞ് കിട്ടേണ്ടതിന് പകരം അനാവശ്യകാര്യങ്ങൾ തേടിപ്പോകാതെ പവിത്രത കാത്തു സൂക്ഷിക്കപ്പെടേണ്ടതുമാണ്.
പെരുന്നാൾ ദിവസം അല്ലാഹു അടിമകളോട് കൂടുതൽ സ്നേഹമുള്ളവനാകും. തിരുനബി (സ) പറയുന്നു. “പെരുന്നാൾ ദിവസത്തിൽ പ്രാർത്ഥിക്കാനായി അണിനിരന്നവരെ നോക്കി അല്ലാഹു മലക്കുകളോട് പറയുന്നു: മലക്കുകളെ.... എന്റെ സച്ചരിതരായ അടിയാറുകളിലേക്ക് നോക്കൂ...!! ഞാനവരോട് വ്രതമെടുക്കാൻ പറഞ്ഞു, അവർ വ്രതമെടുത്തു. അനുസരണശീലരായ അവരോട് നിസ്കരിക്കാൻ കൽപ്പിച്ചു. അപ്പോൾ അവർ പ്രാർത്ഥനാ നിരതരായി. ഇപ്പോഴിതാ അവർ അനുഗ്രഹത്തിനും പാപമോചനത്തിനുമായി കരമുയർത്തി എന്നോട് യാചിക്കുന്നു. മലക്കുകളെ!! എന്റെ പ്രൗഢിയും മഹത്വത്തെയും മുൻനിർത്തി നിങ്ങളെ സാക്ഷി നിർത്തുന്നു. അവരുടെ സകല പാപങ്ങളും മാപ്പാക്കി കൊടുത്തിരിക്കുന്നു.” അങ്ങനെ മസ്ജിദുകളിൽ നിന്ന് പാപമുക്തരായി മുസ്ലീംകൾ പിരിഞ്ഞു പോകുന്നു..
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈദുൽഫിത്വർ നൽകുന്നത്. ഇസ്ലാമിക സാഹോദര്യമാകട്ടെ വിശ്വചക്രവാളത്തോളം വികസിതമാണ്. ഇവിടെ നമ്മൾ സസുഖം പെരുന്നാൾ ആഘോഷിക്കപ്പെടുന്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും വിധേയരായി കഴിയുന്ന ജനലക്ഷങ്ങൾ ഉണ്ടെന്ന കാര്യം മറക്കരുത്. അവർക്കുവേണ്ടിയും നമ്മുടെ കൈത്താങ്ങ് ഉണ്ടാകണം.
വ്രതത്തിലൂടെ സ്വായത്തമാക്കിയ ആത്മസംസ്കരണത്തിന്റെ ചൈതന്യം സ്ഫുരിക്കുന്ന പ്രവർത്തികൾ തുടർന്നുള്ള ജീവിതത്തിലുണ്ടാകണം. പൂർവ്വീകരായ പ്രവാചകന്മാരും ഔലിയാക്കളും പണ്ധിതരും കാണിച്ചു തന്ന സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ പാതയിലൂടെ മരണം വരെ പരിശുദ്ധമായ ജീവിതം നയിക്കുമെന്ന് ഈദിന്റെ സുന്ദര സുദിനത്തിൽ നമുക്ക് പ്രതിജ്ഞ പുതുക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ.... (ആമീൻ)