ബംഗാൾ മുതൽ ബാഗ്ദാദ് വരെ
വി.ആർ.സത്യദേവ്
ഭീകരതയ്ക്ക് ജാതിയും മതവുമില്ല.
ഭീകരതയ്ക്ക് രാജ്യ ഭേദമില്ല.
ഭീകരതയ്ക്ക് കണ്ണും കാതുമില്ല.
അല്ലെങ്കിൽ മനുഷ്യരായിപ്പിറന്നവർക്കാർക്കും ഇങ്ങനെ ചോരപ്പുഴകൾ സൃഷ്ടിക്കാനാവില്ല. ഭീകരതയ്ക്ക് ഒരൊറ്റ പക്ഷമേയുള്ളൂ. കണ്ണിൽ ചോരയില്ലാത്ത കൊടും ക്രൂരതയുടെ പക്ഷം. മനുഷ്യന്റെ ചോരയോടുള്ള അടങ്ങാത്ത കൊതി. അതാണ് ബംഗാളും ബാഗ്ദാദും ആവർത്തിച്ചു വ്യക്തമാക്കുന്നത്.
വംശനാശ ഭീഷണിയിലുള്ള ജീവികളുടെ പട്ടികകളുണ്ടാക്കി അവയെ സംരക്ഷിക്കാൻ നിരവധി കരുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാറുണ്ട് മനുഷ്യൻ. എന്നാൽ സാധാരണയായി ആ പട്ടികയിൽ നമുക്കു മനുഷ്യന്റെ പേര് കാണാനാവില്ല. എന്നാൽ ലോക പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ് പറയുന്നത് മനുഷ്യ കുലം കുറ്റിയറ്റു പോകാൻ ഇനി ഏറെ കാലമൊന്നും വേണ്ട എന്നാണ്. കൃത്യമായി പറഞ്ഞാൽ അതു സംഭവിക്കാൻ ഇനി ഒരു നൂറ്റാണ്ടു കാലം മതി എന്നതാണ് ഹോക്കിംഗ് സായിപ്പിന്റെ പ്രവചനം. അതിനു മൂന്നു സാദ്ധ്യതകളും അദ്ദേഹം മുന്നോട്ടു വെയ്ക്കുന്നുമുണ്ട്.
മനുഷ്യനെപ്പോലെയുള്ള മനുഷ്യ സൃഷ്ടികളാണ് ഹ്യൂമനോയ്ഡുകളെന്ന യന്ത്ര മനുഷ്യർ. മനുഷ്യ നിർദ്ദേശമനുസരിച്ച് മനുഷ്യനെപ്പോലെ പലകാര്യങ്ങളും ചെയ്യാനാവുന്ന യന്ത്ര മനുഷ്യരാണ് ഇവർ. കാഴ്ചയിലും തനി മനുഷ്യരെപ്പോലെയുള്ള യന്ത്ര മനുഷ്യരുണ്ട്. ഇവർക്ക് സ്വയം ചിന്തിക്കാനാവില്ല എന്നതു മാത്രമായിരുന്നു ഇതുവരെയുള്ള കുറവ്. മനുഷ്യന് എല്ലാക്കാലത്തും ഹ്യൂമനോയ്ഡുകൾക്കുമേൽ ഒരു മേൽക്കൈ നൽകുന്ന ഘടകമായിരുന്നു ഇത്. എന്നാൽ ഈ മേൽക്കൈ ഇല്ലാതാകാൻ ഇനി അധികകാലമൊന്നും വേണ്ട. സ്വയം ചിന്തിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും ശേഷിയുള്ള സൂപ്പർ ഹ്യൂമനോയ്ഡുകൾ സൃഷ്ടിക്കാനുള്ള പരീക്ഷണ ഗവേഷണങ്ങൾ അവസാന ഘട്ടത്തിലാണ്. ഈ പരീക്ഷണങ്ങൾ വിജയിച്ചാൽ ഈ യന്ത്ര മനുഷ്യർ മനുഷ്യരാശിക്കു മേൽ ആധിപത്യം നേടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഈ സാദ്ധ്യതയാണ് സ്റ്റീഫൻ ഹോക്കിംഗിന്റെ തിയറിപ്പട്ടികയിലെ ആദ്യ സ്ഥാനത്തുള്ളത്. അപാരമായ മെമ്മറിയും യന്ത്ര ശാരീരിക ശക്തിയുമുള്ള ഹ്യൂമനോയ്ഡുകൾ മനുഷ്യനെ അടിമയാക്കാനുള്ള സാദ്ധ്യത വളരെ ഏറെയാണ്.
അന്യഗ്രഹ ജീവികളുടെ അധിനിവേശമാണ് ഹോക്കിംഗ് മുന്നോട്ടു വെയ്ക്കുന്ന രണ്ടാമത്തെ സാദ്ധ്യത. ഭൂമിയിൽ മാത്രമാണ് ജീവന്റെ തുടിപ്പുള്ളതെന്ന ധാരണ തിരുത്തപ്പെട്ടിരിക്കുന്നു. അതി ബ്രഹത്തായ ലോകത്ത് ഒരുപാടു ഭൂമികളും പലവിധ ജീവി വർഗ്ഗങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യത ഇന്ന് ആരും തള്ളിക്കളയുന്നില്ല. കണ്ടറിയും വരെ അതൊന്നും അംഗീകരിക്കാനാവില്ലെന്ന് ശാസ്ത്രാധിഷ്ഠിധമായി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർപോലും പറയുകയുമില്ല. മനുഷ്യൻ അവനു ലഭ്യമായ ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് വിശ്വത്തിന്റെ കാണാപ്പുറങ്ങളിലെ വിവരങ്ങളന്വേഷിച്ച് പര്യവേഷണങ്ങൾ തുടരുകയാണ്. ചൊവ്വയിലേയ്ക്ക് തിരിച്ചു വരാത്ത അതി സാഹസിക യാത്ര പോകാൻ വരെ ആൾക്കാർ ക്യൂ നിൽക്കുന്നു. ഈ സാഹചര്യത്തിൽ നമ്മളെക്കാൾ വികസിതമായ സമൂഹങ്ങളിൽ നിന്നുള്ള പര്യവേഷകർ ഭൂമിയിൽ എത്താനും അവർ മനുഷ്യരെ കീഴടക്കാനുമുള്ള സാദ്ധ്യതയും വളരെ ഏറെയാണ്.
സർവ്വ നാശം വിതയ്ക്കുന്ന ആണവായുധങ്ങളാണ് പട്ടികയിൽ മൂന്നാമത്തേത്. സ്വയം പ്രതിരോധത്തിന്റെയും സ്വയരക്ഷയുടെയും പേരിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ് ലോക രാഷ്ട്രങ്ങളൊക്കെ. ചിലർക്കിത് സ്വത്തു കുന്നുകൂട്ടാനുള്ള ഉപാധിയാണ്. മറ്റു ചിലർക്ക് ഭീഷണിപ്പെടുത്താനുള്ള മാർഗ്ഗം. ലക്ഷ്യങ്ങൾ ഇങ്ങനെ പലതാണെങ്കിലും അത്തരം ആയുധങ്ങളൊക്കെ പ്രയോഗിച്ചാലുണ്ടാകുന്ന ആത്യന്തിക ഫലം നിരപരാധികളടക്കം ഒരുപാടാളുകളുടെ അകാലത്തിലുള്ള അന്ത്യമാണ്. ആണവായുധങ്ങൾ കൈവശമുള്ള ചില രാജ്യങ്ങൾ അവ സ്വയം വികസിപ്പിച്ചെടുത്തതാണ്. അതു വികസിപ്പിക്കുന്നതിന്റെ ബദ്ധിമുട്ടും ആ ലക്ഷ്യത്തിലെത്താനുണ്ടാകുന്ന വൈതരണികളും അത്തരം രാജ്യങ്ങൾക്കു കൃത്യമായി അറിയാം. അതുകൊണ്ടു തന്നെ തികഞ്ഞ ഉത്തരവാദിത്തത്തോടെയാവും ഇന്ത്യപോലുള്ള രാജ്യങ്ങൾ ആണവശക്തിയെ കൈകാര്യം ചെയ്യുക. എന്നാൽ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ ഇതുപോലെ പുരോഗതി നേടിയിട്ടില്ലാത്ത ചില രാജ്യങ്ങളും ഇന്ന് ആണവ രാജ്യങ്ങളുടെ പട്ടികയിലുണ്ട്. അവർ ഉത്തരവാദിത്ത രഹിതവും അപായകരവുമായ രീതിയിൽ അവ കൈകാര്യം ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ പരസ്പര വിരോധത്തിന്റെയും കേവല സ്വാർത്ഥതയുടെയും പേരിൽ ഇത്തരം രാജ്യങ്ങൾ വില കൊടുത്തു വാങ്ങിയ ആണവ സാങ്കേതിക വിദ്യ സർവ്വ നാശത്തിന് ഇടയാകും വണ്ണം പ്രയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
എന്നാൽ സമീപകാല സംഭവങ്ങൾ ചിലതു കാണുന്പോൾ ഹോക്കിംഗിന്റെ പ്രവചനം പോലെ ആ മനുഷ്യകുല നാശത്തിന് ഒരു നൂറ്റാണ്ടു വേണമോ എന്നു മാത്രമാണ് സംശയം. മനുഷ്യന്റെ പ്രാധമികമായ ആവശ്യങ്ങളെക്കുറിച്ച് നമ്മളൊക്കെ ബോധവാന്മാരാണ്. ജീവനുള്ള ശരീരത്തിന് അതു നിലനിർത്താൻ പ്രഥമവും പ്രധാനവുമായി വേണ്ടത് ജീവവായുവാണ്. പരിസ്ഥിതി നാശത്തിലൂടെ അതിന്റെ അളവും ഉത്പ്പാദനവും അതിവേഗം കുറച്ചുകൊണ്ടിരുന്ന സാഹചര്യത്തിന് പതിയെയെങ്കിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ലോകം കൂടുതൽ ബോധവാന്മാരായിക്കൊണ്ടിരിക്കുന്നു. അടുത്തത് ജീവജലമാണ്. അതിന്റെ കാര്യവും അങ്ങനെയൊക്കെത്തന്നെയാണ്. അടുത്തത് ഭക്ഷണമാണ്. ഒരിടത്ത് അധിക ഭക്ഷണവും ഇനിയൊരിടത്ത് പട്ടിണിയുമായി അതിന്രെ വിതരണക്രമം അവതാളത്തിൽ തന്നെയാണ്. അതു പരിഹരിക്കപ്പെടാൻ മനുഷ്യ ഹൃദയങ്ങൾ കൂടുതൽ സഹാനുഭൂതിയുള്ളവയാകേണ്ടിയിരിക്കുന്നു. എന്നാൽ ഇതിനെക്കാളൊക്കെ ആശങ്കയുളവാക്കുന്നതാണ് മണ്ണിനും മതത്തിനും അവയുടെ മറവിലുള്ള സ്വാർത്ഥത്തിനും വേണ്ടി അരങ്ങേറുന്ന കൊടിയ ക്രൂരതകൾ. ആഫ്രിക്കയും പശ്ചിമേഷ്യയുമൊക്കെ ഈ ക്രൂരതയുടെ ദുരന്ത ഫലങ്ങൾ ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരതയുടെ തത്വശാസ്ത്രത്തിന്റെ പ്രചാരകർ ലോകത്തിന്റെ എല്ലായിടങ്ങളിലുമുണ്ട്. ഓരോ കാലത്തും അതിന്റെ നായക സ്ഥാനത്ത് ഓരോ സംഘടനകളുമുണ്ടാകും. ഒരു കാലത്ത് ഒസമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽ ഖ്വയ്ദയായിരുന്നു ആ സ്ഥാനത്ത്. ബിൻ ലാദന്റെ തിരോധാനത്തോടെ കരുത്താർജ്ജിച്ച ഇസ്ലാമിക് േസ്റ്ററ്റ് അഥവാ ഐ.എസ്സാണ് ഇപ്പോൾ ആഗോള തീവ്രവാദത്തിന്റെ അമരത്തുള്ളത്. സംസ്കാരത്തിന്റെ കളിത്തൊട്ടിലായ മെസപ്പൊട്ടോമിയൻ മണ്ണിനെ ക്രൂരതയുടെ പുതിയ സംസ്കാരത്തിന്റെ തലസ്ഥാനമാക്കിയിരിക്കുകയാണ് ഐ.എസ്സും അതിന്റെ നായകസ്ഥാനത്ത് ഇപ്പോഴുള്ള അബു ബക്കർ അൽ ബാഗ്ദാദിയും. സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ പേരിലുള്ള സംഘടനയുടെ പേരിൽ മാത്രമാണ് ഇസ്ലാമികത അവശേഷിക്കുന്നത്. ഒരോ ദിവസവും ക്രൂരതയുടെ പുതിയ കഥകളാണ് ആ സംഘടനയെപ്പറ്റി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അത് നമ്മുടെ തൊട്ടടുത്ത രാജ്യമായ വംഗദേശത്തു നിന്നായിരുന്നു. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20 പേരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ധാക്കയിലെ ഗുൽഷൻ ഏരിയയിൽ ഹോളി ആർട്ടിസാൻസ് ബേക്കറി കഫേയിൽ അതിക്രമിച്ചു കയറിയ തീവ്രവാദികൾ അവിടെയുണ്ടായിരുന്നവരെ ബദ്ധികളാക്കുകയായിരുന്നു. 11 മണിക്കൂർ നീണ്ട ബന്ധിനാടകത്തിനൊടുവിൽ ആറു തീവ്രവാദികളെ സുരക്ഷാ സേന കൊന്നൊടുക്കി. ഒരു തീവ്രവാദിയെ പിടികൂടി. അപ്പോഴേയ്ക്കും അക്രമികൾ നിരപാധികളായ 20 പേരുടെ ജീവനെടുത്തു കഴിഞ്ഞിരുന്നു. അതിൽ ഒരു ഇന്ത്യക്കാരിയടക്കം ഏറെപ്പേരും വിദേശികളായിരുന്നു. 9 ഇറ്റലിക്കാരും 7 ജപ്പാൻ കാരും 2 ബംഗാളികളും അമേരിക്കയിൽ നിന്നുള്ള ഒരാളും ഒരു ഇന്ത്യക്കാരിയുമാണ് മരണമടഞ്ഞവരുടെ പട്ടികയിലുള്ളത്. രണ്ടു പോലീസുകാർക്കും ജീവൻ നഷ്ടമായി. നിരവധിയാൾക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. കീഴടക്കപ്പെടും വരെ ബന്ധികളെ തീവ്രവാദികൾ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ബന്ധികളിൽ ഖുർ ആൻ വചനങ്ങളറിയുന്നവരെ തീവ്രവാദികൾ മോചിപ്പിക്കുകയും ചെയ്തു.
ബംഗ്ലദേശ് പോലീസും സുരക്ഷാ വിഭാഗവും അന്വേഷിച്ചുകൊണ്ടിരുന്നവരാണ് തീവ്രവാദികളിൽ പലരും. കഫേയിൽ നോന്പുതുറ നടക്കുന്നതിനിടെയായിരുന്നു തീവ്രവാദിയാക്രമണം. കഴിഞ്ഞ രണ്ടു വർഷമായാണ് രാജ്യത്ത് തീവ്രവാദം ഇത്തരത്തിൽ ശക്തമായത്. ന്യൂനപക്ഷങ്ങൾക്കും സാംസ്കാരിക പ്രവർത്തകർക്കും നേർക്കുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ഇറാഖിലെ ഐ.എസ്സുമായി ബദ്ധമുള്ള സംഘടനയാണ് രാജ്യത്ത് അക്രമം അഴിച്ചു വിടുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ മനുഷ്യരെ നിഷ്കരുണം കൊല്ലുന്നവർ ആരായാലും അവരെ മുസ്ലീംങ്ങളായി കരുതാനാവില്ല എന്നാണ് ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പറയുന്നത്. അക്രമികളെല്ലാം ബംഗ്ലദേശികളാണ്. ആക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടന ഐ.എസ്.ഐ ആണെന്നതാണ് ബംഗ്ലദേശ് അധികൃതരുടെ സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജമായത്തുൾ മുജാഹിദ്ദീന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
എന്നാൽ ഈ സംഘടനകളെല്ലാം ഇറാഖിലെ ഐ.എസ്സിന്റെ കരങ്ങൾ തന്നെയാണ് എന്ന് സംശയമുണ്ട്. സമാധാനത്തിന്റെ പ്രതിരൂപമായ ഇസ്ലാമിന്റെ പേരിൽ ക്രൂരതയുടെ തത്വശാസ്ത്രം പ്രചരിപ്പിക്കുന്ന ഐ.എസ് ലോകത്തിന്റെ മുക്കിലും മൂലയിലും തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ് ബംഗ്ലദേശിൽ നടന്ന തീവ്രവാദിയാക്രമണവും. ഇതിനു തൊട്ടു മുന്പ് തുർക്കിയിൽ അറ്റാതുർക്ക് വിമാനത്താവളത്തിൽ നടന്ന തീവ്രവാദിയാക്രമണത്തിനു പിന്നിലും ഐ.എസ് തന്നെയായിരുന്നു.
ഇപ്പോഴിതാ സ്വന്തം തട്ടകമായ ഇറാഖിൽ തലസ്ഥാനമായ ബാഗ്ദാദിലും അവർ വീണ്ടും ചോരപ്പുഴയൊഴുക്കിയിരിക്കുന്നു. ബംഗ്ലദേശിലേതിലും പതിന്മടങ്ങു കടുത്തതാണ് ബാഗ്ദാദിലുണ്ടായിരിക്കുന്ന ആക്രമണം. എൺപതിലേറെ ജീവനുകളാണ് ആക്രമണത്തിൽ ഒന്നിച്ച് ഇല്ലാതായിരിക്കുന്നത്. ഭീകരതയുടെ കൈകൾ ലോകത്തിന്റെ മുക്കിലേയ്ക്കും മൂലയിലേയ്ക്കും അതിവേഗം നീളുകയാണ്. മതങ്ങളുടെ പേരുകൾ അവയുടെ രക്തദാഹത്തിനുള്ള മുഖം മൂടി മാത്രമാണ്. മനസ്സു മരവിച്ച ക്രൂരതയുടെ വ്യാപനം തടയാൻ പരിഷ്കൃത ലോകം ഒന്നിച്ച് ഒത്തു പിടിച്ചില്ലെങ്കിൽ സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രവചനം സാധ്യമാകാൻ ഒരു നൂറ്റാണ്ടു കാക്കേണ്ടി വരില്ല.