സ്നേ­ഹത്തി­ന്റെ­ നോ­ന്പു­തു­റകൾ


ഇസ്മായിൽ പതിയാരക്കര

ഒരു നോന്പുകാരനെ തുറപ്പിക്കുക എന്നത് ഇസ്ലാമിൽ ഏറ്റവും പുണ്യമേറിയ ഒരു പ്രവർത്തിയാണ്. ഒരു കാരക്ക മാത്രമാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിൽ അതുകൊണ്ടെങ്കിലും അപരന്റെ വ്രതവിരാമത്തിന് അവസരമൊരുക്കണമെന്നാണ് മതം അരുളിയിട്ടുള്ളത്. എത്ര എത്രയോ ഒട്ടകങ്ങളെ അറുത്തു ദാനം ചെയ്ത പ്രതിഫലമാണ് ഇതിലൂടെ വിശ്വാസിക്ക് കരഗതമാകുന്നത്.

ആചാരങ്ങളും ആഘോഷങ്ങളും പൊങ്ങച്ചത്തിന്റെ പരകായപ്രവേശത്തിന് മാത്രം ഉപയോഗിച്ച് ശീലിച്ച നാടിന്റെ അവസ്ഥകളിൽ നിന്നു മാറി പ്രവാസലോകത്തെ നോന്പു തുറകൾ കലർപ്പില്ലാത്ത സ്നേഹത്തിന്റെയും ആത്മീയ നൈർമല്യത്തിന്റെയും കൂടിച്ചേരലായി എനിക്ക് തോന്നിയിട്ടുണ്ട്.

പ്രവാസലോകത്തെ കൂട്ടായ്മകളെല്ലാം തന്നെ നോന്പുതുറയിൽ സജീവമാണ്. ആയിരത്തിനടുത്ത് ആളുകൾക്ക് ഇഫ്താർ സൗകര്യമൊരുക്കുന്ന സംഘടനകൾ ഉണ്ടെന്ന് കേൾക്കുന്പോൾ രോമാഞ്ചം തോന്നിപ്പോകുന്നു. കൂടാതെ കഫ്റ്റീരിയകൾ കേന്ദ്രീകരിച്ചും ചില വിശ്വാസികൾ വിപുലമായ നോന്പു തുറയൊരുക്കുന്നുണ്ട്.

വഴിയാത്രക്കാർക്കായി നോന്പുതുറ കിറ്റ് നൽകുന്നതും ശ്ലാഘനീയം തന്നെ. ബഹ്റിനിലെ സ്വർണ വ്യാപാരികളുടെ വിപുലമായ ഇഫ്താറിൽ ഈയിടെ സംബന്ധിക്കാനിടയായി. വഴിയാത്രക്കാരെ മുഴുവൻ വിളിച്ചു കയറ്റി നോന്പു തുറപ്പിക്കുന്ന രീതി കണ്ടപ്പോൾ അപരനെ ഊട്ടാനും അവന്റെ വേദനകൾക്കും യാതനകൾക്കും താങ്ങാകാനും വിശ്വാസി സമൂഹം കാണിക്കുന്ന ഔത്സുക്യത്തെപ്പറ്റി വല്ലാതെ ചിന്തിച്ചിരുന്നു പോയി.

തന്റെ വാർഷികവരുമാനത്തിന്റെ രണ്ടര ശതമാനം കണക്കാക്കി സ്വകാര്യമായി അർഹതപ്പെട്ടവരുടെ കരങ്ങളിലെത്തിക്കാൻ വെപ്രാളപ്പെടുന്നവരെപ്പറ്റി ചിന്തിച്ചപ്പോൾ ലോകത്തിന്റെ പട്ടിണി മാറ്റാനും, സാന്പത്തിക അസമത്വത്തിനെതിരെയും സക്കാത്ത് എന്ന നിർബന്ധ ദാനം വഹിക്കുന്ന പങ്ക് എത്ര വലുതാണ്. പരലോകത്തിൽ കടുത്ത ശിക്ഷ ലഭിക്കുമെന്നറിഞ്ഞിട്ടും അതിനു നേരെ മുഖം തിരിക്കുന്നവർ എത്ര വലിയ നന്ദികേടാണ് ദൈവത്തോടും പാവപ്പെട്ടവരോടും ചെയ്തു കൊണ്ടിരിക്കുന്നത്.

You might also like

Most Viewed