മാഷെ നിങ്ങൾ...


സംഗീത് ശേഖർ

സ്വപ്നം കാണാൻ‍ മാത്രം വിധിക്കപ്പെട്ട ഒരു കൂട്ടം ആരാധകരുടെ കാത്തിരിപ്പിന് നീളം കൂടുകയാണ്. ഒരു പരാജയം കൂടെ ഏറ്റു വാങ്ങുന്നത് കണ്ടു കൊണ്ടിരിക്കുന്പോൾ‍ ലയണൽ‍ മെസിയുടെ കണ്ണുനീര്‍ പതിയെ എന്‍റെ കണ്ണിലേയ്ക്കും പടരുന്ന പോലെ. ടെലിവിഷനിലെ ദൃശ്യങ്ങൾ‍ മങ്ങിതുടങ്ങിയിരിക്കുന്നു. കാഴ്ച വീണ്ടും വ്യക്തമാകുന്പോൾ‍ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ‍ കഴിയുന്നില്ല. ഞാനവിടെയാണ്. ന്യുജേഴ്സിയിൽ‍ ഈസ്റ്റ്‌ റുഥർ‍ഫോർഡിലെ മെറ്റ് ലൈഫ് േസ്റ്റഡിയം. ആരവങ്ങൾ‍ ഒഴിഞ്ഞു കഴിഞ്ഞു. വിരലിലെണ്ണാവുന്ന അർ‍ജന്റീനിയൻ‍ ജേഴ്സികൾ‍ അവിടവിടെ കാണാം. അവിശ്വസനീയതയോടെ അവർ പകച്ചു നിൽ‍ക്കുകയാകാം. ഡഗ് ഔട്ടിൽ‍ നിന്നും പുറത്ത് വരുന്ന ഒരു പതിനാലാം നന്പറുകാരൻ‍ ഇടറുന്ന ചുവടുകളോടെ നടന്നു നീങ്ങുന്ന കാഴ്ച ശ്രദ്ധയിൽ‍ പെട്ടത് പെട്ടെന്നായിരുന്നു. അതയാളല്ലേ എന്നൊരു സംശയം. പുറകെ ചെല്ലാൻ‍ മടിച്ചു നിന്നില്ല. ഏയ് മഷേ... വിളി കേട്ട് തിരിഞ്ഞു നോക്കുന്ന മനുഷ്യന്‍റെ വികാരരഹിതമായ മുഖത്ത് തങ്ങി നിൽ‍ക്കുന്ന വേദന തിരിച്ചറിയാൻ‍ കഴിയുന്നുണ്ട്. ഔപചാരികമായ പരിചയപ്പെടലിനു ശേഷം ഞങ്ങൾ‍ സംസാരിച്ചു തുടങ്ങി. ഏതു ഭാഷയിൽ‍ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഞങ്ങൾ‍ സംസാരിക്കുകയാണ്. അർ‍ജന്റീനയുടെ ആരാധകനാണെന്നറിഞ്ഞപ്പോൾ‍ അയാളൊന്നു ചിരിച്ചു. വീണ്ടും നിങ്ങളെ നിരാശപ്പെടുത്തിയല്ലേ എന്നൊരു ചോദ്യവും. അഭിമാനമേയുള്ളൂ നിങ്ങളൊക്കെ കളിക്കുന്ന ഈ ടീമിന്‍റെ കളി കാണാൻ‍ കഴിഞ്ഞതിൽ‍ എന്ന് മറുപടി പറഞ്ഞപ്പോൾ‍ മഷേക്ക് സന്തോഷമായെന്നു തോന്നുന്നു. പക്ഷെ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു. എന്‍റെ കളിയിൽ‍ എന്താണ് ഇത്ര പ്രത്യേകത ? മഷേ, നിങ്ങൾ‍ക്കുമറിയില്ലേ നിങ്ങളുടെ മൂല്യം? മാൾ‍ഡിനി, ബരെസി, നെസ്റ്റ, ബോബോ ബാൾ‍ഡെ, ലോതർ മത്തെയൂസ്, സാമ്മർ നിരയിലേയ്ക്ക് ആധുനിക ഫുട്ബോളിന്റെ സംഭാവനയല്ലേ നിങ്ങൾ‍? മഷേ ചെറുതായൊന്നു മന്ദഹസിച്ചു. അർത്‍ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി. ആ നിരയിൽ‍ അയാളെ പെടുത്താൻ‍ പറ്റില്ലല്ലോ. എന്നാൽ‍ പിന്നെ വിയേറ, പൗളോ സോസ, മകലെലെ നിരയിലേയ്ക്ക് പെടുത്താമല്ലോ എന്ന് ചിന്തിച്ചതും അയാളുടെ മറുപടി വന്നു. കരിയറിൽ‍ മുഴുവനും എന്നെ ഉൾ‍ക്കൊള്ളുന്ന പാത്രത്തിന്‍റെ രൂപം സ്വീകരിക്കുന്ന ജലമായിരുന്നു ഞാൻ‍ സുഹൃത്തെ. ചരിത്രത്തിലെ മികച്ചവരുടെ ലിസ്റ്റിൽ‍ ഒന്നിലും നിങ്ങളെന്നെ നോക്കേണ്ട. ഞാൻ‍ കളിച്ചു തീർ‍ക്കുന്ന ഫുട്ബോൾ‍ ഗ്രൗണ്ടിൽ‍ ഞാനൊഴുക്കുന്ന എന്‍റെ വിയർ‍പ്പിന്‍റെ അളവ് കൊണ്ട് മാത്രം അളന്നെടുക്കേണ്ടതാണ്. ഞാനൊര സാമാന്യ പ്രതിഭയൊന്നുമല്ല. എന്താണ് ഇയാളോട് പറയുക, നിങ്ങൾ‍ ടീമിന് വേണ്ടി നൂറു ശതമാനം നൽ‍കുന്ന കളിക്കാരനല്ലേ എന്ന് പറഞ്ഞു നോക്കി. അയാൾ‍ക്ക് വ്യക്തമായ മറുപടിയുണ്ട്.” ആരാണ് ടീമിന് വേണ്ടി നൂറു ശതമാനം നൽ‍കാത്തത്? മെസിയായാലും റൊണാൾ‍ഡോയായാലും അവർ കളിക്കുന്നത് സ്വന്തം ടീമിനെ ജയിപ്പിക്കാൻ‍ വേണ്ടി തന്നെയാണ്. ലയണൽ‍ മെസി എന്ന മനുഷ്യൻ‍ നൂറിന് അപ്പുറത്ത് അർ‍ജന്റീനയ്ക്ക് വേണ്ടി നൽ‍കുന്ന കളിക്കാരനാണ്. അയാളെ പോലൊരു കളിക്കാരൻ‍ ഉണ്ടായിട്ടു പോലും അകന്നു പോകുന്ന കിരീട നേട്ടങ്ങൾ‍ അയാളുടെ കുറവൊന്നുമല്ല. പുറത്തിരുന്നു വിമർ‍ശന ശരങ്ങൾ‍ തൊടുക്കുന്നവർ‍ക്ക് ഒരു പരിധി വരെ ഫുട്ബോൾ‍ തങ്ങൾ‍ ആഗ്രഹിക്കുന്നത് മാത്രം ഗ്രൗണ്ടിൽ‍ കാണാനുള്ള ഒരുപാധി മാത്രമായി മാറുന്നത് ദുഃഖകരമാണ്. ഫുട്ബോൾ‍ രണ്ടു ടീമുകൾ‍ തമ്മിലുള്ള കളിയാണ്. ഒരാളും എതിരെ നിൽ‍ക്കുന്ന പതിനൊന്നു പേരും തമ്മിലുള്ള കളിയല്ല.”

ലിവർ‍പൂളിനെ കുറിച്ചൊരു ചോദ്യം ഒഴിവാക്കി മഷേയുമായി സംസാരിക്കുന്നതെങ്ങനെ. അൽ‍പമൊന്ന് ഇടറിയിരുന്നു അയാളുടെ സ്വരം. “ഹൃദയത്തോട്‌ ഞാനിന്നും ചേർ‍ത്ത് വച്ചിരിക്കുന്ന നാളുകളാണത്. ശരിക്കും ആസ്വദിച്ചു പന്ത് കളിച്ചിരുന്ന നാളുകൾ‍. ഇന്ന് തിരിഞ്ഞു നോക്കുന്പോൾ‍ ലിവർ‍പൂൾ‍ ആരാധകരുടെ വാഴ്ത്തുപാട്ടുകളിൽ‍ സ്റ്റീവൻ‍ ജെറാർ‍ഡും, സുവാരസും, സാബി അലോൺ‍സയും മാക്സി റോഡ്രിഗസ് വരെയുണ്ട്. ഇല്ലാത്തത് ഞാൻ‍ മാത്രം.” എങ്ങനെ മറക്കാനാകും ലിവർ‍പൂളിന്റെ ആ സുവർ‍ണ്ണ കാലഘട്ടം. മഷരാനോ ലിവർ‍പൂളിന്റെ നഷ്ടമാണ്. പെട്ടെന്നയാളുടെ സംസാരിക്കാനുള്ള മൂഡ്‌ തന്നെ പോയത് പോലെ തോന്നി.

ബാഴ്‍സലോണയെ പറ്റിയുള്ള സംസാരം വീണ്ടും അയാളെ ഉഷാറാക്കി. “സത്യത്തിൽ‍ ലിവർ‍പൂൾ‍ വിട്ടവിടെയെത്തുന്പോൾ‍ മധ്യനിരയിൽ‍ കളിക്കാനാണ് ആഗ്രഹിച്ചിരുന്നത്. ഡിഫൻസീവ് മിഡ്‌ എന്ന എന്‍റെ റോൾ‍ പക്ഷെ ബുസ്കട്റ്റസ് മനോഹരമായി അവിടെ ചെയ്യുന്നുണ്ടായിരുന്നു, ഒരു ശതമാനം ഇംപ്രൂവ്മെന്റ് എന്നതിനു പോലും അവസരം നൽ‍കാതെ. ഡിഫൻ‍സിലേയ്ക്കുള്ള വാതിൽ‍ തുറന്നു തന്നപ്പോൾ‍ പിന്നെയൊന്നും ആലോചിച്ചില്ല. കളിക്കുന്നത് എവിടെയായാലും കുഴപ്പമില്ല എന്നായിരുന്നു അന്നത്തെ ചിന്ത. സാവിയും ഇനിയസ്റ്റയും നിറഞ്ഞു കളിക്കുന്നൊരു സ്പാനിഷ് മധ്യനിരയിലേയ്ക്ക് നോക്കി ബെഞ്ചിലിരുന്നു ഗ്രൗണ്ടിലേയ്ക്ക് നോക്കി നല്ല കാലം കഴിച്ചൊരു ഫാബ്രിഗാസാകാൻ‍ താൽ‍പര്യമില്ലായിരുന്നു. ജീവിതത്തിൽ‍ ഇനി ബാക്കിയുള്ള ആഗ്രഹമെന്താണെന്ന് ചോദിക്കാതിരിക്കാൻ‍ കഴിഞ്ഞില്ല. “സെൻ‍ട്രൽ‍ മിഡ് ഫീൽ‍ഡറായി കളിക്കണം”, ഒരു നിമിഷം പോലും ആലോചിക്കാതെ തിളങ്ങുന്ന കണ്ണുകളോടെ മഷേ മൊഴിഞ്ഞു... കരിയറിന്റെ അവസാനം എന്നെങ്കിലുമൊരിക്കൽ‍ ഇത്രയും പ്രശസ്തമല്ലാത്ത ഒരു ക്ലബ്ബിൽ‍ കളിക്കുന്പോഴെങ്കിലും എനിക്കാ പൊസിഷനിൽ‍ കളിക്കണം. അവിടെ കളിച്ചു കൊണ്ട് തീരണം ഈ കരിയർ‍. പരുക്കനായ കാവൽ‍ക്കാരന്റെ വേഷം എടുത്തണിഞ്ഞു എന്‍റെ അതിർ‍ത്തി ലംഘിക്കുന്ന പോരാളികളെ നിർ‍ദ്ദയം നേരിടുന്പോഴും എന്‍റെ മനസ്സ് ആ മധ്യനിരയിൽ‍ തന്നെയാണ് തങ്ങി നിൽ‍ക്കുന്നത്. നീക്കങ്ങളുടെ മുനയൊടിക്കുന്ന മഷേ നീക്കങ്ങൾ‍ നിയന്ത്രിക്കുന്ന കാഴ്ച. കാണാനാകുമോ എന്നെങ്കിലും ? 

അവഗണിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും? ചോദ്യത്തിന് അയാളുടെ മറുപടി പെട്ടെന്നായിരുന്നു. ഞാനൊരിക്കലും ഹൃദയം കൊണ്ട് ഫുട്ബോൾ‍ കളിച്ചൊരു കളിക്കാരനായിരുന്നില്ല.ഞാൻ‍ കളിച്ചത് കാലുകൾ‍ കൊണ്ട് മാത്രമാണ്, കാൽ‍പ്പനികതയുടെ സ്പർ‍ശമില്ലാത്ത തികച്ചും പ്രാക്റ്റിക്കലായ ഫുട്ബോൾ‍. ഡിഫൻ‍സീവ് മിഡ് ഫീൽ‍ഡറുടെ റോൾ‍ റീ ഡിഫൈൻ‍ ചെയ്ത ഒരു മനുഷ്യൻ‍, വേതനം കൂട്ടി ചോദിച്ചപ്പോൾ‍ സ്പീഡില്ല, സ്കില്ലില്ല, ടെക്നിക്കില്ല എന്ന് പറഞ്ഞു പെരസ് അപമാനിച്ചു പടി കടത്തിയ ക്ലോഡ് മക്കലെലെ, അയാളനുഭവിച്ച വേദനയും അവഗണനയും എനിക്കൊരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല. മക്കലെലെമാരുടേയും റൊണാൾ‍ഡീഞ്ഞോമാരുടേയും പ്രതിഭക്ക് ഗ്ലാമറിന്റെ അളവുകോൽ‍ െവച്ച് വിലയിടാൻ‍ അവസരം കൊടുക്കുന്പോഴാണ് ഫുട്ബോൾ‍ ചെറുതായി പോകുന്നത്. ഞാൻ‍ കളിച്ചിട്ടുണ്ട് അയാൾ‍ക്കെതിരെ, അയാളുടെ കരിയറിന്റെ അവസാന ദിനങ്ങളിൽ‍.മധ്യനിരയുടെ ആഴങ്ങളിൽ‍ നിന്ന് കൊണ്ടൊരു കളിക്കാരൻ‍ ഒരു ടീം കളിക്കുന്ന കളിയുടെ ടെന്പോ നിയന്ത്രിക്കുന്ന കാഴ്ച ഞാൻ‍ കണ്ടിട്ടുണ്ട്. Why put another layer of gold paint on the Bentley when you are losing the entire engine ? എന്ന് സാക്ഷാൽ‍ സിനദിൻ‍ സിദാനെക്കൊണ്ട് ചോദിപ്പിച്ചതിനേക്കാൾ‍ വലിയ എന്ത് അംഗീകാരമാണ് മക്കലെലെയ്ക്ക് വേണ്ടതെന്ന മറു ചോദ്യം ഞാൻ‍ ചോദിച്ചപ്പോൾ‍ മഷേ അറിയാതെ ചിരിച്ചു പോയി.

ഒരു മിഡ് ഫീൽ‍ഡർ നൽ‍കുന്ന മനോഹരമായ ഒരു പാസ്, നാലോ അഞ്ചോ എതിർ കളിക്കാരെ മനോഹരമായി ഗോളടിക്കുന്ന സ്ട്രൈക്കർ‍, ഫുട്ബോൾ‍ മനോഹാരിത തുളുന്പി നിൽ‍ക്കുന്ന ഗെയിമല്ലേ, അവിടെ ഒരു കർ‍ക്കശക്കാരനായ ഡിഫൻ‍ഡർ നടത്തുന്ന സ്ലൈഡിംഗ് ടാക്കിളുകൾ‍ ആരെങ്കിലും ഓർ‍മ്മയിൽ‍ സൂക്ഷിക്കുമോ? മഷേയുടെ പരിഭവം നിറഞ്ഞ ചോദ്യം മനസ്സിനെ സ്പർ‍ശിച്ചിരുന്നു. എത്ര നിയന്ത്രിച്ചിട്ടും മനസ്സ് ഓടി ചെന്ന് നിൽ‍ക്കുന്നത് 2014 ലോകകപ്പിലെ ആ സെമിഫൈനലിലാണ്. എക്സ്ട്രാ ടൈം ഏകദേശം ഉറപ്പിച്ചു നിൽ‍ക്കുന്ന അവസാന നിമിഷങ്ങളിൽ‍ അർ‍ജന്റീന പെനാൽ‍റ്റി ബോക്സിനു തൊട്ടു പുറത്ത് സ്നൈഡറുടെ നേരെ വരുന്ന പാസ്‌, സ്നൈഡറുടെ മനോഹരമായ ഒരു ഫ്ളിക്, കുതിച്ചു വരുന്ന റോബൻ‍ അത് സ്വീകരിച്ചു കൊണ്ട് വിദഗ്ദ്ധമായി ഡെമിഷൽ‍സിനെ മറി കടക്കുന്പോൾ‍ സബലെറ്റ ചിത്രത്തിലില്ല. റോബനു സമാന്തരമായി ഡെമിയുടെ അപ്പുറത്ത് കൂടെ ഓടിത്തുടങ്ങുന്ന മഷേ. പെനാൽ‍റ്റിക്ക് വേണ്ടി ഡൈവ് ചെയ്യാനുള്ള റോബന്റെ കഴിവ് നന്നായി അറിയുന്നത് കൊണ്ട് കാൽ‍ വക്കാതെ ഡെമി റോബനെ കയറി പോകാൻ‍ അനുവദിക്കുന്ന കാഴ്ച.റോബൻ‍ ബോക്സിലേയ്ക്ക് കടന്നതോടെ മഷേയുടെ സ്പീഡ് കൂടുന്നു. റോബൻ‍ തന്‍റെ കരുത്തുറ്റ ഇടം കാൽ‍ കൊണ്ട് ഷോട്ട് ഉതിർ‍ത്തെങ്കിലും സമാന്തരമായി ഓടിയെത്തി കൃത്യ സമയത്ത് തന്‍റെ റീച്ചിനു അപ്പുറത്തായിട്ടും മഷരാനോ സമർ‍ത്ഥമായൊരു സ്ലൈഡിംഗ് ടാക്കിളിലൂടെ പന്തിനെ ഗതി തിരിച്ചു വിടുന്നു. ഇപ്പോഴും ഓർ‍മ്മയുണ്ട് മഷേ ആ നിമിഷം. അന്ന് കളി കണ്ടിരുന്നവരുടെ മനസ്സിൽ‍ മുഴുവൻ‍. ഓരോ വിജയത്തിനും ശേഷമുള്ള ആരവങ്ങൾ‍ക്കിടയിൽ‍ പിന്നീടൊരിക്കലും അയാളെ കണ്ടെന്നു വരില്ല. ഓരോ കളിക്കും ശേഷം തന്‍റെ മുഖത്തിനു നേരെ സൂം ചെയ്യാത്ത ക്യാമറകൾ‍ക്ക് മുന്നിൽ‍ നിർ‍വ്വികാരനായി നിൽ‍ക്കുന്ന പ്രിയപ്പെട്ട യാവിയർ മഷരാനോ, നിങ്ങളെ ഒഴിവാക്കിയുള്ള ആധുനിക ഫുട്ബോളിന്റെ ചരിത്രതാളുകൾ‍ക്ക് അതെഴുതുന്ന കടലാസിന്‍റെ വില പോലും കൽപ്പിക്കാൻ‍ എനിക്ക് കഴിയില്ല..

“ഞാൻ‍ മതിയാക്കുകയാണ് അർ‍ജന്റീനയുടെ ജേഴ്സിയിലെ ഫുട്ബോൾ‍.” ഇത് പറഞ്ഞിട്ട് അയാൾ‍ എഴുന്നേറ്റു. പരിഭവങ്ങളോ പരാതികളോ എനിക്കില്ല. സമയമായെന്നൊരു തോന്നൽ‍. വലിയ വാർ‍ത്താ പ്രാധാന്യമൊന്നുമില്ലാതെ അയാളുടെ വിരമിക്കലും ആരവങ്ങൾ‍ക്കിടയിൽ‍ മുങ്ങിപോകുമെന്നു എന്‍റെ മനസ് പറഞ്ഞു. ഞാനൊരു ചോദ്യം ചോദിക്കട്ടെ നിങ്ങളോട് ? മഷേയുടെ ആ വാക്കുകൾ‍ കേട്ട മാത്രയിൽ‍ ഞാനും എഴുന്നേറ്റു നിന്നു, മറുപടി കൊടുക്കാന്‍ തയ്യാറായി തന്നെ. അർ‍ജന്റീനിയൻ‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച 10 കളിക്കാരെ പറ്റി നിങ്ങളോടു എഴുതാൻ‍ പറഞ്ഞാൽ‍ നിങ്ങൾ‍ തിരഞ്ഞെടുക്കുന്ന 10 കളിക്കാരിൽ‍ യാവിയർ മഷരാനോ എന്ന പേരുണ്ടാകുമോ ? അയാളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി ഞാൻ‍ ആലോചിച്ചു, ആലോചിച്ചു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞു ഉത്തരമില്ലാതെ ഞാൻ‍ അയാളുടെ നേരെ നോക്കുന്പോൾ‍ മഷേ തിരിഞ്ഞു നടക്കുകയാണ്. അയാൾ‍ക്ക് ഉത്തരം കിട്ടിയിട്ടുണ്ടാകില്ലേ ?ഞാൻ‍ നിൻ‍ന്നിമേഷനായി നോക്കി നിൽ‍ക്കുകയാണ്. (അതെന്താണ് എന്ന് ചോദിച്ചാൽ‍ അറിയില്ല ഞാനങ്ങനെ നിൽ‍ക്കുകയാണ്) അയാൾ‍ക്കെന്തോ ഒന്നുകൂടെ പറയാൻ‍ ബാക്കിയുള്ളത് പോലെ തോന്നി. നടന്നു പോകുന്ന മഷേ ഒരു നിമിഷം തിരിഞ്ഞു നിൽ‍ക്കണേ എന്നാഗ്രഹിച്ചതും അയാൾ‍ തിരിഞ്ഞു നിന്നു. ചെറിയൊരു ചാറ്റൽ‍ മഴ േസ്റ്റഡിയത്തിൽ‍ പതിയെ പെയ്തിറങ്ങുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് കൂടെ പെയ്തിറങ്ങുന്ന അരുവിയുടെ ഉറവിടം വേർ‍തിരിച്ചെടുക്കാൻ‍ എനിക്ക് കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം മഷേ ഒന്ന് മന്ദഹസിച്ചു. ആത്മനിന്ദ കലർ‍ന്ന ഒരു ചെറു പുഞ്ചിരി.

ഗ്രീക്ക് ദുരന്ത നായകരുടെ സവിശേഷതകളെ പറ്റി പറയുന്ന അരിസ്റ്റോട്ടിൽ‍ ഇവരുടെ പതനത്തിനു കാരണമായി പറയുന്ന അമിതമായ ആത്മവിശ്വാസമോ, അഹങ്കാരമോ, പിഴവുകളോ ഒന്നും കണക്കിൽ‍ വരാതെ തന്നെ മഷരാനോ ഒരു ദുരന്തനായകനാണ്. ഒരു ഭാഗത്ത് നേട്ടങ്ങൾ‍ ഓരോന്നായി സ്വന്തമാക്കുന്ന ഒരു ടീമിന്‍റെ ഭാഗമാകുന്പോഴും വെളിച്ചത്തിലേയ്ക്ക് വരാനാകാതെ നിൽ‍ക്കുന്ന അയാൾ‍ മറുഭാഗത്ത് അവസാന പടവുകളിൽ‍ നിരന്തരമായി കാലിടറുന്ന ഒരു ടീമിന്‍റെ മേൽ‍ പതിഞ്ഞിട്ടുള്ള ശാപത്തിന്റെ പങ്കു വഹിക്കേണ്ടി വരുന്നവനുമാണ്. ആ പന്തുകൾ‍ക്ക്, േസ്റ്റഡിയങ്ങൾ‍ക്ക്, ഈ പുൽ‍ത്തകിടിക്ക് സംസാരിക്കാൻ‍ കഴിഞ്ഞിരുന്നെങ്കിൽ‍ അവർ പറഞ്ഞേനെ അവന്‍റെ വീരഗാഥകൾ‍. സംസാരിക്കാൻ‍ കഴിയുന്ന എന്നെ പോലുള്ളവർ നൽ‍കുന്ന അവഗണനയാണ് underrated എന്ന ടാഗ് കഴുത്തിൽ‍ കെട്ടിത്തൂക്കിയിട്ട മഷരാനോമാരെ ഫുട്ബോൾ‍ ഗ്രൗണ്ടുകളിൽ‍ സൃഷ്ടിച്ചു വിടുന്നത്. അയാൾ‍ ഈ ലിസ്റ്റിൽ‍ ആദ്യത്തേ പേരുകാരനല്ല, അവസാനത്തേതുമല്ല. നോക്കി നിൽ‍ക്കുന്പോൾ‍ വീണ്ടും കാഴ്ച മങ്ങുകയാണ്. വീണ്ടും ശൂന്യമായ ടി.വി സ്ക്രീനിനു മുന്നിലേയ്ക്ക് തിരിച്ചെത്തിയ നിമിഷങ്ങളിൽ‍ മനസ്സ് മഷേ പറയാതെ ബാക്കി വെച്ച ആ വാക്കുകൾ‍ക്കായി പരതുകയായിരുന്നു. സ്വപ്നമോ യാഥാർ‍ത്ഥ്യമോ എന്ന് വേർ‍തിരിച്ചെടുക്കാൻ‍ പോലും ഇഷ്ടപ്പെടാതെ മനസ്സിലൊളിപ്പിച്ചു ഞാൻ‍ സൂക്ഷിക്കുകയാണു ആ നിമിഷങ്ങൾ‍...

You might also like

Most Viewed