ഫിത്വർ സകാത്ത്


ബഷീർ വാണിയക്കാട്

റമദാനിലെ നോന്പിന്റെ അവസാന ദിനങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് മുന്പായി, ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള വക കഴിച്ച് മിച്ചമുള്ള എല്ലാ മുസ്ലീമിനും നിർബന്ധമായ ഒരു ദാനമാണ് ഫിത്വർ സക്കാത്ത്. അന്ന് ജനിച്ച കുട്ടിക്ക് വരെ ഇത് നിർബന്ധമാണെന്ന് അറിയുന്പോൾ ഫിത്വർ സകാത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

‘റമദാനിലെ നോന്പവസാനിക്കുന്പോൾ സക്കാത്തായി മുസ്ലീംകളായ അടിമയ്ക്കും, സ്വതന്ത്രനും, സ്ത്രീക്കും, പുരുഷനും, ചെറിയവനും, വലിയവനും ഒരു സ്വാഅ കാരക്കയോ അല്ലെങ്കിൽ ഒരു സ്വാഅ ധാന്യമോ നൽകണമെന്ന് അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു’. ബുഖാരി, മുസ്ലിം.

ഇബ്നുഅബ്ബാസ് ഇങ്ങിനെ പ്രസ്താവിച്ചതായി അബു ദാവൂദ്, ഇബ്നുമാജ, ദാറ ഖുത് നി എന്നിവർ രേഖപ്പെടുത്തുന്നു.

‘നോന്പുകാരൻ അനാവശ്യങ്ങളിൽ നിന്നും അശ്ലീലങ്ങളിൽ നിന്നും ശുദ്ധീകരണമായും സാധുക്കൾക്ക് ആഹാരമായുമാണ് അല്ലാഹു വിന്റെ റസൂൽ ഫിത്വർ സക്കാത്ത് നിർബന്ധമാക്കിയത്. വല്ലവനും അത് നമസ്കാരത്തിന് (പെരുന്നാൾ) മുന്പ് നൽകിയാൽ അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്കാരത്തിന് ശേഷമാണ് നൽകുന്നതെങ്കിലോ ഇതര ദാനങ്ങളെ പോലെ ഒരു ദാനവും’ പെരുന്നാൾ ദിവസം ഒരു മനുഷ്യനും പട്ടിണി കിടക്കരുതെന്ന ഒരു യുക്തിയും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ മുഴുവൻ മഹല്ലുകളിലും ഫിത്വർ സക്കാത്ത് പിരിച്ച് സാമൂഹികമായി വിതരണം ചെയ്യുന്നത്് സാധുക്കൾക്കും അഗതികൾക്കും ഏറെ ഉപകാരപ്പെടുന്നുണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം ഒരാൾക്ക് ഉദ്ദേശം 80 രൂപ കണക്കാക്കി കൊടുത്താൽ ഫിത്വർ സകാത്തിന്റെ ബാധ്യത ഒഴിവാകും. റമദാനിലെ അവസാന ദിവസങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് മുന്പായി ആ നിയ്യത്തോടെ ഉത്തരവാദപ്പെട്ടവരെ സംഖ്യ ഏൽപിച്ചാൽ നമ്മുടെ ഫർള് വീടും. പലരും ഫിത്വർ സകാത്ത് ഗൗരവത്തിലെടുക്കാതെ ഒഴിവാക്കുന്നുണ്ട്. ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ സക്കാത്ത് നിർബന്ധമില്ല. എന്നാൽ ഒരു വിശ്വാസിയുടെ നിർബന്ധ ബാധ്യതയാണ് ഫിത്വർ സകാത്ത് എന്ന കാര്യം നാം ഒരോരുത്തരും ഓർമ്മിക്കുക. പ്രവാസികൾ ഈ കാര്യം കുടുംബാംഗങ്ങളെ പ്രത്യേകം ഓർമ്മപ്പെടുത്തുക

You might also like

Most Viewed