മെസിയെ എങ്ങിനെ മറക്കും
സംഗീത് ശേഖർ
മേജർ ടൂർണ്ണമെന്റുകളിൽ തുടർച്ചയായ മൂന്നാമത്തെ ഫൈനൽ പരാജയം, നിർഭാഗ്യത്തെ മാത്രം പഴിക്കാൻ അർജന്റീനയ്ക്ക് കഴിയില്ല. ലോകകപ്പ് ഫൈനലിലും 2 കോപ്പ അമേരിക്ക ഫൈനലുകളിലും അവർക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. തുറന്ന അവസരങ്ങൾ പോലും പാഴാക്കി കളഞ്ഞു കൊണ്ട് തോൽവി ചോദിച്ചു വാങ്ങിയ ദിവസങ്ങൾ. 1993ലെ കോപ്പ അമേരിക്ക വിജയത്തിന് ശേഷം ഒരു കിരീടം അവരിൽ നിന്നും അകന്നു പോകുകയാണ്. തീർച്ചയായും അർജന്റീനയിൽ ഫുട്ബോൾ മരിച്ചിട്ടൊന്നുമില്ല. ലാറ്റിനമേരിക്കയിലെ മറ്റേതൊരു ടീമിനെക്കാളും സ്ഥിരതയോടെ അവർ പ്രധാന ടൂർണ്ണമെന്റുകളിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. കാലിടറുന്നത് അവസാന പടവിൽ മാത്രമാണ്. ഒരിക്കലും ഇതൊരു ഒഴിവുകഴിവല്ല, നിർണ്ണായക സന്ദർഭങ്ങളിൽ പതറിപ്പോകുന്ന ഒരു ടീമിന്‍റെ കഴിവുകേട് തന്നെയാണ്. രാജ്യത്തിന്റെയും ലോകമെന്പാടുമുള്ള ആരാധകരുടെയും ആകാശത്തോളം വ്യാപ്തിയുള്ള പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റിയാണ് ഓരോ അർജന്റീനിയൻ ഫുട്ബോളറും കളിക്കളത്തിൽ ഇറങ്ങുന്നത് എന്നതാണ് സത്യം. അമിതമായ പ്രതീക്ഷകൾ ഏൽപ്പിക്കുന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ ലോകത്തിലെ മികച്ച കാൽപന്തു കളിക്കാരന് പോലും കഴിയുന്നുമില്ല. ചിലിയെ അഭിനന്ദിക്കാതെ വയ്യ. തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക വിജയം. ഇത്തവണ ആദ്യ മത്സരം പരാജയപ്പെട്ടിട്ടു കൂടെ അവർ തിരിച്ചു വന്ന രീതി പ്രശംസനീയമാണ്.ബ്രസീലിനെയും അർജന്റീനയെയും മറി കടന്ന് സൗത്ത് അമേരിക്കയിലെ ഏറ്റവും അപകടകാരികളായ ടീം എന്ന നിലയിൽ എത്തികഴിഞ്ഞു അവർ. ഒറ്റയ്ക്കും ഇരട്ടയ്ക്കും വേട്ടക്കിറങ്ങുന്ന സാധാരണ ലാറ്റിനമേരിക്കൻ ടീമല്ലിത്. ഒത്തൊരുമയോടെ, ഒരു ടീമായിട്ടാണ് ചിലി പടക്കിറങ്ങുന്നത്. സാഞ്ചസ്, വാർഗാസ്, ക്ലോഡിയോ ബ്രാവോ, വിദാൽ, ഡയസ് എന്നിങ്ങനെ മികച്ച കളിക്കാരടങ്ങുന്ന ചിലിയുടെ സുവർണ തലമുറ തന്നെയാണിത്.
കണ്ണുനീരോടെ വിടപറയുന്ന ലയണൽ മെസി, ഈ കോപ്പ അമേരിക്ക സമ്മാനിച്ച ദുരന്ത ചിത്രം. ഇന്ന് ഫുട്ബോൾ കളിക്കുന്നവരിൽ ഏറ്റവും മികച്ചവനായ ഈ പ്രതിഭയുടെ ക്രെഡിറ്റിൽ ബാഴ്‍സിലോണക്ക് വേണ്ടി നേടിയ എണ്ണമറ്റ ലാ ലിഗ വിജയങ്ങളും ചാന്പ്യൻസ് ലീഗ് കിരീടങ്ങളുമുണ്ട്. ഇല്ലാത്തത് ഒന്ന് മാത്രം.അർജന്റീനയ്ക്ക് വേണ്ടിയൊരു കിരീടം.ഇനിയും അങ്കങ്ങൾ നയിക്കാൻ ബാല്യമുണ്ടെന്നിരിക്കെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള മെസിയുടെ വിരമിക്കൽ പ്രഖ്യാപനം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കാണും. അയാൾക്ക് പുറമേ സെർജിയോ അഗ്യുറോ, ലവേസി, മാഷരാനോ, ഹിഗ്വെയിൻ തുടങ്ങി അർജന്റീനയുടെ ഈ തലമുറയിലെ മികച്ച ഫുട്ബോളർമാരിൽ പലരും അർജന്റീനയ്ക്ക് വേണ്ടിയുള്ള കളി നിർത്തുകയാണ്. പക്ഷെ തിരുത്താൻ പോകുന്ന ഒരു തീരുമാനമാണ് മെസിയുടെ റിട്ടയർമെന്റ് എന്നത് പകൽ പോലെ വ്യക്തമാണ്. രാജ്യത്തിനു വേണ്ടി ആത്മാർത്ഥതയോടെ കളിച്ചിട്ടും പകരം ലഭിക്കുന്ന കുത്തുവാക്കുകൾ അയാളെ തളർത്തികാണും എന്നത് ഉറപ്പാണ്.തീർത്തും വൈകാരികമായ ഒരു തീരുമാനം. തീരുമാനം മെസി തിരുത്തും എന്ന് പറയാൻ കാരണം ഇപ്പോഴത്തെ അവസ്ഥയിൽ അർജന്റീനിയൻ ഫുട്ബോളിനു പ്രതീക്ഷയോടെ കാണാൻ തൽക്കാലം അയാൾ മാത്രമേയുള്ളൂ എന്ന സത്യം മുന്നിൽ കണ്ടാണ്. അർജന്റീനിയൻ ഫെഡറേഷന് മേൽ വരുന്ന സമ്മർദ്ദം ഊഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും. അവർക്ക് മുട്ട് മടക്കി മെസിയുടെ കാൽക്കൽ വീഴാനെ സാധിക്കൂ. കാരണം വിമർശിക്കുന്നവർക്ക് പോലുമറിയാം ഈ കോപ്പയിൽ ഫൈനൽ വരെ മെസി കളിച്ച കളിയുടെ മൂല്യം. ലയണൽ മെസി ഞാൻ മുന്നിൽ കാണുന്ന സത്യമാണ്. ബാഴ്‍സിലോണയിൽ അദ്ദേഹം ഫുട്ബോൾ തന്നെയാണ് കളിക്കുന്നത്. മനോഹരമായ ഫുട്ബോൾ.എതിരെ വരുന്ന ക്ലബ്ബുകൾ എന്ത് കൊണ്ടും ചിലിയെക്കാൾ കരുത്തരുമാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന ആവശ്യത്തിലധികമുള്ള സമ്മർദ്ദം താങ്ങാൻ അദ്ദേഹത്തിന് അർജന്റീന ജേഴ്സിയിൽ കഴിയുന്നില്ല എന്നത് സത്യമാണ്. അർജന്റീനയുടെ ആരാധകർ അകന്നു പോകുന്ന കപ്പ് എന്ന സ്വപ്നത്തിനു വേണ്ടി കാത്തിരിക്കുന്ന വേഴാന്പലുകലാണ്. അവരുടെ പ്രതീക്ഷകൾ തന്നെയാണ് മെസിയുടെയും ടീമിന്റെയും മേലുള്ള സമ്മർദ്ദം. പോരാത്തതിന് അർജന്റീന ജേഴ്സിയിൽ അയാളുടെ ദൈവതുല്യനായ മുൻഗാമി സെറ്റ് ചെയ്തു പോയൊരു ബെഞ്ച് മാർക്ക്, അതൊരൽപം കടുത്തതാണ്. ഭൂമിയിൽ ആ ബഞ്ച് മാർക്ക് കടന്നു പോകാൻ ഒരു അർജന്റീനിയൻ താരത്തിനു കഴിയുമെങ്കിൽ അയാളുടെ പേർ ലയണൽ മെസി എന്ന് തന്നെയായിരിക്കണം. ഡീഗോ മാറഡോണ എന്ന കളിക്കാരനോടുള്ള എല്ലാ ബഹുമാനവും മുന്‍നിർത്തി പറയാതെ വയ്യ, അദ്ദേഹത്തിന്റെ പ്രസ്താവനകൾ തീർത്തും അപക്വവും അനാവശ്യവും മാത്രമാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ ഒരു വ്യക്തിയെന്ന നിലയിൽ ഒരു വൻപരാജയമായി മാറുന്ന ദുഖകരമായ കാഴ്ച. തനിക്ക് ശേഷം പ്രളയം എന്ന നിലപാടിൽ നിന്നും എന്നാണ് അദ്ദേഹം മാറി ചിന്തിക്കുക?
അർജന്റീന തോൽക്കുന്പോൾ ഒരു ക്ലിഷേ പോലെ ഉയർന്നു വരുന്ന ചിത്രം കാർലോസ് ടെവസിന്‍റേതു മാത്രമാണ്.ഒരു രാജ്യത്തെ ഫുട്ബോൾ സിസ്റ്റം നിയന്ത്രിക്കുന്നവർ ഒരു കളിക്കാരന്‍റെ മൂല്യം എങ്ങനെ കുറച്ചു കാണുന്നു എന്നതിന് മികച്ചൊരു ഉദാഹരണം. ഇയാൾ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും കപ്പുമായി അർജന്റീന തിരിച്ചു വന്നേനെ എന്നല്ല, ഈ ടീമിന് അവശ്യം വേണ്ട പോരാട്ട വീര്യം എന്ന ഗുണം ഇയാളിലുണ്ട് എന്നത് മാത്രം നോക്കിയാൽ മതി.മാനേജ്മെന്റ്, മിസ് മാനേജ്മെന്റ് രണ്ടു വാക്കുകൾ തമ്മിലുള്ള അകലം വളരെ കൂടുതലാണ്. അർജന്റീനിയൻ ഫുട്ബോൾ സിസ്റ്റത്തിന്റെ പോരായ്മകൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെടുന്നത് ഇതാദ്യമായല്ല.പ്രതിഭകളെ മാനേജ് ചെയ്യുന്നതിൽ എന്നും അവരൊരു പരാജയമായിരുന്നു. റിക്വെൽമെ, ഐമർ എന്നിവരുടെ നിരയിലേയ്ക്ക് കാർലോസ് ടെവസ് കൂടെ എത്തുകയാണ്, എത്തിക്കഴിഞ്ഞു എന്ന് തന്നെ പറയണം.ബൊക്ക ജൂനിയേഴ്സിൽ തുടങ്ങി വെസ്റ്റ് ഹാമിലൂടെ പ്രീമിയർ ലീഗിൽ പ്രവേശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും കടന്നു ഇറ്റാലിയൻ ലീഗിൽ യുവന്റസിലൂടെ വീണ്ടും ബൊക്ക ജൂനിയേഴ്സിൽ എത്തി നിൽക്കുന്ന കരിയർ. ടെക്നിക്കലി ഗുഡ് എന്ന് വിശേഷിപ്പിക്കേണ്ട കഠിനാദ്ധ്വാനിയായ സ്ട്രൈക്കർ. അയാളുടെ ഏറ്റവും മൂല്യമേറിയ കഴിവുകളിൽ ഒന്ന് പൊസിഷൻ നഷ്ടപ്പെടുന്പോൾ അത് തിരികെ പിടിക്കാൻ അയാൾക്കുള്ള അസാധാരണമായ സാമർത്ഥ്യമാണ്. കഴിഞ്ഞ ലോകകപ്പിൽ അയാളുടെ അഭാവം പ്രകടമായിരുന്നു. മറ്റു പലരേക്കാളും മനോഹരമായി അർജന്റീന ടീമിനോട് ഒത്തിണങ്ങാൻ കെൽപ്പുള്ള കളിക്കാരനായി എനിക്കെന്നും തോന്നിയിട്ടുള്ളത് ടെവസ് തന്നെയാണ്. മെസിയെപ്പോലെ അസാധാരണ ഉൾക്കാഴ്ച പ്രകടമാക്കുന്നില്ലെങ്കിൽ കൂടെ ടെവസ് ഇന്നും ലോകഫുട്ബോളിലെ ഏറ്റവും അപകടകാരിയായ ഫോർവേഡുകളിൽ ഒരാൾ തന്നെയാണ്. ഗോൺസാലോ ഹിഗ്വെയിൻ എന്ന കളിക്കാരനെ വില കുറച്ചു കാണുകയല്ല. പക്ഷെ കാർലോസ് ടെവസ് അർജന്റീനയുടെ ബഞ്ചിലും പുറത്തുമായി സമയം ചിലവഴിക്കുന്പോൾ ഹിഗ്വെയിൻ മൈതാനത്തിൽ ലക്ഷ്യബോധമില്ലാതെ അലയുന്ന കാഴ്ച തന്നെയാണ് അർജന്റീനയുടെ കിരീട വരൾച്ചക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നായ മിസ് മാനേജ്മെന്റിന് ഉദാഹരണം. അർജന്റീനയുടെ മൂന്നു ഫൈനൽ പരാജയങ്ങളിലും മികച്ച അവസരങ്ങൾ പാഴാക്കി കളഞ്ഞത് ഇതേ ഹിഗ്വെയിൻ തന്നെയായിരുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ല.
വാൽക്കഷണം: മെസിയോടൊപ്പം അർജന്റീനിയൻ ഫുട്ബോളിലെ ഒരു വൻ നിര തന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തിയതും മെസി എന്ന കളിക്കാരനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തന്നെയാണ്. ലയണൽ മെസി ഒരു പക്ഷെ തീരുമാനം തിരുത്തിയേക്കാമെങ്കിലും കൂടെ പോകാൻ തീരുമാനിച്ചവരിൽ എത്ര പേർക്ക് വിരമിക്കൽ തീരുമാനം പിൻവലിക്കേണ്ടി വരുമെന്ന് എനിക്ക് ഉറപ്പില്ല.