ലൈലത്തുൽ ഖദ്ർ എന്ന മഹത്തായ രാത്രി
ബഷീർ വാണിയക്കാട്
തീർച്ചയായും നാം ഈ ഖുർആൻ വിധി നിർണായക രാവിൽ അവതരിപ്പിച്ചു (Sura 97: Aya 1).വിധി നിർണായക രാവ് എന്തെന്ന് നിനക്കെന്തറിയാം? (Sura 97: Aya 2). വിധി നിർണായക രാവ് ആയിരം മാസത്തെക്കാൾ മഹത്തരമാണ് (Sura 97: Aya 3). ആ രാവിൽ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി (Sura 97: Aya 4). പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും. (Sura 97: Aya 5).
റമദാനിലെ അവസാന പത്ത് ദിവസം നന്മകൾ വർദ്ധിപ്പിച്ചും, ഉറക്കൊഴിച്ച് നാഥനെ സ്മരിച്ചും, നമസ്കരിച്ചും, സക്കാത്ത് സദഖകൾ വിതരണം ചെയ്തും, ഖുർആൻ പാരായണം ചെയ്തും, പള്ളികളിൽ ഭജന ഇരുന്നും ഈ രാത്രിയുടെ പുണ്യം കരഗതമാക്കാൻ ആഗ്രഹിക്കാത്ത വിശ്വാസികൾ വിരളമായിരിക്കും. അല്ലാഹു ഖുർആനിലൂടെയും, പ്രവാചകൻ ഹദീസിലൂടെയും സത്യവിശ്വാസികൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട രാത്രിയാണത്. അതിൽ സന്ദേഹത്തിന് അശേഷം അടിസ്ഥാനമില്ല. അല്ലാഹു പ്രവാചകൻ ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് ഈ മഹത്തായ രാത്രിയിലാണെന്ന് ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരു മനുഷ്യന് താൻ മുന്പ് ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ദൈവത്തോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് റമദാനിലെ അവസാന പത്ത് ദിനരാത്രങ്ങൾ. ഒരു വിശ്വാസി ഈ ദിവസങ്ങൾ ഉപയോഗപ്പെടുത്തി പാപമോചനം നേടിയില്ലെങ്കിൽ അവൻ നഷ്ടക്കാരിൽ പെട്ടുപോയെന്നാണ് മുസ്ലിങ്ങൾ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
ലൈലത്തുൽ ഖദ്ർ എന്ന മാഹാത്മ്യത്തിന്റ രാത്രി റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാത്രികളിൽ പ്രതീക്ഷിക്കാനാണ് നബി (സ) വിശ്വാസികളെ ഉദ്ബോധിപ്പിച്ചിട്ടുള്ളത്. “റമദാനിലെ അവസാന പത്തായാൽ നബി (സ) (ആരാധനകൾ കൊണ്ട്) രാത്രിയെ സജീവമാക്കുകയും കുടുംബത്തെ വിളിച്ചുണർത്തുകയും അര മുറുക്കി തയ്യാറെടുക്കുകയും ചെയ്യുമായിരുന്നു.” (ഹദീസ്)
ലൈലത്തുൽ ഖദ്ർ ഇരുപത്തേഴാം രാത്രിയാണെന്ന അഭിപ്രായവും ചില പണ്ധിതൻമാർക്കുണ്ട്. നബി (സ) ഇങ്ങിനെ പറഞ്ഞു. “മാഹാത്മ്യത്തിന്റെ രാത്രിയിൽ ആരെങ്കിലും നിന്ന് നമസ്കരിച്ചാൽ അയാളുടെ കഴിഞ്ഞു പോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.”
ആയിശ (റ) പറയുന്നു. അല്ലാഹുവിന്റ ദൂതരെ, ലൈലത്തുൽ ഖദ്ർ ഏതു രാത്രിയാണെന്ന് എനിക്ക് അറിയാൻ കഴിഞ്ഞാൽ അതിൽ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് പറഞ്ഞുതന്നാലും. തിരുമേനി പറഞ്ഞു. ഇങ്ങിനെ പ്രാർത്ഥിക്കുക. “ അല്ലാഹുവെ നീ തീർച്ചയായും മാപ്പ് ചെയ്യുന്നവനല്ലയോ, മാപ്പ് ചെയ്യുന്നത് നിനക്കിഷ്ടമാണ് അതിനാൽ എനിക്ക് മാപ്പ് ചെയ്യേണമേ “ (അഹ്മദ്, ഇബ്നുമാജ, തിർമിദി).