ബ്രി­­­ട്ടൺ­­- ബ്രെ­­­ക്സി­­­റ്റ്- റി­­­ഗ്രെ­­­റ്റി­­­ക്സ്


വി.ആർ.സത്യദേവ് 

ികച്ച തന്ത്രങ്ങളിലൂടെ ഭൂഗോളത്തിലെ വലിയൊരു ഭാഗത്തിനും അവിടുത്തെ ജനങ്ങൾക്കും മേൽ ഒരുകാലത്ത് ആധിപത്യമുറപ്പിക്കാൻ കഴിഞ്ഞ രാഷ്ട്രമാണ് ഗ്രേറ്റ് ബ്രിട്ടൺ. സാന്പത്തികമായും സാംസ്കാരികമായുമൊക്കെ തങ്ങളേക്കാൾ ഏറെ മുകളിലായിരുന്ന ജനതകളെ ഏറെക്കാലം അടക്കി ഭരിക്കാനും അവരുടെയൊക്കെ പലവിധ സന്പത്തുകൾ കടത്തിക്കൊണ്ടുപോകാനും ബ്രിട്ടനു കഴിഞ്ഞു. അധിനിവേശത്തിനുള്ള ബ്രിട്ടന്റെ പ്രധാന പോർമുനകൾ അവരുടെ ഇച്ഛാ ശക്തിയും സൈനിക ശേഷിയും തന്ത്രങ്ങളും തന്നെയായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു ആ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനം. ഓരോ രാജ്യങ്ങൾക്കും ജനങ്ങൾക്കും മേൽ അധീശത്വമുറപ്പിക്കാനും അതു നിലനിർത്താനും എല്ലാ വിധ എതിർപ്പുകളും അടിച്ചമർത്താനുമൊക്കെ ബ്രിട്ടീഷുകാർ പ്രയോഗിച്ചത് Divide and rule അഥവാ ഭിന്നിച്ചു ഭരിക്കൽ തന്ത്രം തന്നെയായിരുന്നു. രാജ്യത്തെ വെട്ടിമുറിക്കുന്നതിനെ അവസാന നിമിഷം വരെ ശക്തമായി എതിർത്ത മുഹമ്മദാലി ജിന്നയുടെ നിലപാടുകളെ തന്ത്രപൂർവ്വം തകർത്തുകൊണ്ട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലും തങ്ങളുടെ താൽപ്പര്യം നടപ്പിലാക്കാൻ ബ്രിട്ടൺ പ്രയോഗിച്ചതും ഭിന്നിപ്പിച്ചു ഭരിക്കൽ മന്ത്രമായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

വാളെടുത്തവൻ വാളാൽ എന്നാണ് ചൊല്ല്. ഭിന്നിപ്പിച്ചു ഭരിച്ചു സുഖിക്കുകയും ചോരപ്പുഴകളൊഴുക്കുകയും ചെയ്ത, കരുത്തിന്റെയും തന്ത്രങ്ങളുടെയും, ബ്രിട്ടീഷ് രാജസ്ഥാനം ഇപ്പോൾ സ്വന്തം രാജ്യം ഭിന്നിച്ചു പോകാതിരിക്കാൻ വ്യക്തമായ വഴികാണാതെ കടുത്ത പ്രതിസന്ധിയിലാണ്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ മൂലം ബ്രിട്ടീഷ് ജനതയിലുണ്ടായിരിക്കുന്ന ഭിന്നിപ്പ് അതിന്റെ പരകോടിയിലാണ്. രാജവാഴ്ചയും രാജഭക്തിയും പുലർത്തുന്പോഴും ജനാധിപത്യത്തിനു പ്രാധാന്യമുള്ള രാജ്യങ്ങളിലൊന്നാണ് ഗ്രെയ്റ്റ് ബ്രിട്ടൺ. ഓരോ വിഷയങ്ങളിലും ജനവികാരമറിയാനുള്ള ഹിതപരിശോധനകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. അങ്ങനെ നടത്തി ഫലമറിഞ്ഞ ഒരു വിഷയത്തിൽ പുന ഹിതപരിശോധന വേണമെന്ന ആവശ്യമുയരുന്നത് പക്ഷേ ആ രാജ്യത്തെ ജനാധിപത്യത്തിന്റെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. എനിക്ക് എന്റെ അഭിപ്രായം വ്യക്തമാക്കാനാകുന്നില്ല എന്നാണ് ബ്രെക്സിറ്റ് എന്ന ഓമനപ്പേരിട്ട ഹിതപരിശോധനയുടെ ഫല പ്രഖ്യാപനത്തിനു തുടർച്ചയായ റിഗ്രെക്സിറ്റ് നൽകുന്ന സൂചന. 

യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൺ പുറത്തുപോകുന്നതു സംബന്ധിച്ച ഹിത പരിശോധനയെയായിരുന്നു ലോകം ബ്രെക്സിറ്റ് എന്നു വിളിച്ചത്. റിഗ്രെക്സിറ്റ് എന്ന പദം അതു നൽകുന്ന സൂചന പോലെ പശ്ചാത്താപം (Regret) പുറത്തു പോകൽ (Exit) എന്നീ വാക്കുകളുമായി ബന്ധപ്പെട്ടതുമാകുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുപുറത്തു പോകാനുള്ള പിതപരിശോധനാ ഫലം ഉണ്ടായതിൽ പശ്ചാത്തപിക്കുന്ന അവസ്ഥയാണ് റിഗ്രെക്സിറ്റ്. പശ്ചാത്താപത്തിന്റെ നിഴൽ ബ്രിട്ടണെ മൂടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോകുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തവരിൽ വലിയ വിഭാഗം ഇപ്പോൾ ഇതിൽ പശ്ചാത്തപിക്കുകയാണ്.

ഇതൊരു ഊഹാപോഹം മാത്രമല്ല എന്നതാണ് കൗതുകം. 48നെതിരേ 52 ശതമാനം വോട്ടുകൾക്കാണ് യൂണിയനിൽ നിന്നും പുറത്തുപോകാൻ ബ്രിട്ടൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ 48.11 ശതമാനം പേർ പുറത്തു പോകേണ്ട എന്ന നിലപാടെടുത്തപ്പോൾ 51.89 ശതമാനമാൾക്കാർ പുറത്തു പോകലിനെ അനുകൂലിച്ചു. അനുകൂലിച്ചവരിൽ ഭൂരിഭാഗവും മുപ്പതിനു മുകളിൽ പ്രായമുള്ളവരാണ്. രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന നിലപാടെടുത്തവരിൽ 64 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. പുതിയ തലമുറ ഹിതപരിശോധനാ ഫലത്തിന് എതിർ ചേരിയിലാണ് എന്ന് ഇതു വ്യക്തമാക്കുന്നു. അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വ്യത്യാസം വളരെ നേ‍‍‍‍ർത്തതാണ്. കേവലം 3.78. ഈ രണ്ടു ഘടകങ്ങൾ പരിശോധിക്കുന്പോൾ ബ്രിട്ടൻ ഇപ്പോഴെടുത്തിരിക്കുന്നത് ഉറച്ച ഒരു തീരുമാനമല്ല എന്നു വ്യക്തം. 

വിഘടനവാദം ശക്തമായ സ്കോട്ലാൻ്റിലെ ജനങ്ങൾ വിഭജനത്തെ എതിർത്താണ് വോട്ടു ചെയ്തിരിക്കുന്നത്. രാജ്യത്തെ മുഖ്യധാരയുടെ നിലപാടിനെതിരായി സ്കോട്ടിഷ് ജനത വോട്ടു ചെയ്തത് രാജ്യത്ത് വിഘടന വാദത്തിന് കരുത്തു കൂട്ടും. സംഘടിച്ചു ശക്തമാകുന്ന യൂറോപ്യൻ യൂണിയനുമായുള്ള സ്കോട്ടീഷ് ചങ്ങാത്തം ബ്രിട്ടണെ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയണം. ബ്രിട്ടന്റെ ഭാഗമായി തുടരാനുള്ള മുൻ ഹിതപരിശോധനാഫലവും പുനഹിത പരിശോധനയ്ക്ക് വിധേയമായിക്കൂടായ്കയില്ല. ബ്രെക്സിറ്റെന്ന ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ നൽകുന്ന ശക്തമായ സൂചന അതാണ്. 

യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകാനുള്ള തീരുമാനത്തെ അനുകൂലിച്ചതിൽ പശ്ചാത്തപിക്കുന്നു എന്നാണ് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നത്. അത് പരസ്യമായി പറയുന്നവരുടെ എണ്ണം നിമിഷം പ്രതി വർദ്ധിക്കുകയാണ്. കേവലം അഭിപ്രായ പ്രകടനങ്ങൾക്കപ്പുറത്തേയ്ക്ക് അതു നടപ്പാക്കാനുള്ള നടപടികളുടെ ഗതിവേഗവും വർദ്ധിച്ചിരിക്കുന്നു. ഹിതപരിശോധനാഫലം പോലുള്ള തീരുമാനങ്ങൾ പുനപരിശോധിക്കാനുള്ള വ്യവസ്ഥാപിതമായ സൗകര്യങ്ങൾ ബ്രിട്ടണിലുണ്ട്. ബ്രിട്ടീഷ് പാർലമെൻ്റിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ തന്നെ അതിനുള്ള സംവിധാനങ്ങളുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങൾക്ക് ഒരു ലക്ഷം വോട്ടർമാരുടെ പിന്തുണയുണ്ടെങ്കിൽ ഹൗസ് ഓഫ് കോമൺസ് പെറ്റീഷൻസ് സെലക്റ്റ് കമ്മറ്റി ഇക്കാര്യത്തിലെ പുനപരിശോധന പരിഗണിക്കും. ബ്രെക്സിറ്റ് വിഷയത്തിൽ പുനഹിതപരിശോധന വേണം എന്നാവശ്യപ്പെടുന്ന പരാതിയെ ഇതിന്റെ ഇരുപതിരട്ടി വോട്ടർമാരാണ് ഇതുവരെ പിന്തുണച്ചിരിക്കുന്നത്. വില്യം ഒളിവർ ഹീലിയെന്നയാളാണ് പുനഹിതപരിശോധന ആവശ്യപ്പെട്ട ഹർജി പാർലമെൻ്റിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ പരിഗണനയുണ്ടാവുമെന്ന് അധികൃതരും വ്യക്തമാക്കിക്കഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടി എം.പിയും ഹൗസ് ഓഫ് കോമൺസ് പരാതി പരിഗണനാ സമിതിയംഗവുമായ ബെൻ ഹൗലറ്റാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റന്നാൾ ഇക്കാര്യം സെലക്റ്റ് കമ്മറ്റി പരിഗണിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

ഹിതപരിശോധനാ കാര്യത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് യുവാവായ ഒരു വോട്ടർ പരിതപിക്കുന്നത്. സ്വന്തം വോട്ട് കൊള്ളയടിക്കപ്പെട്ടു എന്നു സോഷ്യൽ മീഡിയയിൽ പരിതപിക്കുന്നവരുടെ എണ്ണവും കുറവല്ല. എതിർത്തത് രാജ്യത്തിനു ദോഷകരമായി ബാധിക്കും എന്ന് ഓർത്തതേയില്ല എന്നാണ് ഇനിയൊരാളുടെ പ്രതികരണം. ഹിതപരിശോധനാ ഫലത്തെതുടർന്ന് പ്രധാനമന്ത്രി കാമറോൺ രാജിവച്ചത് ഞെട്ടിച്ചു കളഞ്ഞു എന്നാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്. പിരിഞ്ഞു പോക്ക് രാജ്യത്ത് അസ്ഥിരതയുണ്ടാക്കും. ഇതിൽ ആശങ്കയുണ്ട് എന്നാണ് ഒരു കുറിപ്പ്. ആവേശ പൂർവ്വം വോട്ടടുപ്പിൽ പങ്കടുത്ത ബ്രിട്ടീഷ് ജനത അകുലപ്പെടുന്നു എന്നു വ്യക്തമാക്കുന്നതാണ് ഇത്തരം കുറിപ്പുകളെല്ലാം. പിരിയലിനെ അനുകൂലിച്ചതിലുള്ള പശ്ചാത്താപം ഇതിന്റെ തുടർച്ചയാണ്. ഇതിന്റെ തുടർച്ചയാണ് പുന ഹിതപരിശോധനയ്ക്കുള്ള ആവശ്യം.

അബദ്ധം പറ്റിയെന്നും ഇക്കാര്യത്തിൽ ഒരു തവണകൂടി വോട്ടുചെയ്യാൻ അവസരമുണ്ടായാൽ നിലപാടുമാറ്റുമെന്നുമാണ് വലിയൊരു വിഭാഗം ജനങ്ങളുടെ പുതിയ നിലപാട്. ഇതിന് അവസരമൊരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഫലം പുറത്തു വന്നതിനെ തുടർന്ന് പൊടുന്നനെ പ്രധാനമന്ത്രി രാജി െവച്ചിരുന്നു. പ്രതിപക്ഷ നേതൃനിരയിലും കൂട്ടരാജിക്കു കളമൊരുങ്ങുകയാണ്. പ്രതിപക്ഷ നേതാവായ ജെറമി കോർബിനെ മാറ്റുന്നതിനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളത്. 

ഏതായാലും യൂറോപ്യൻ യൂണിയനുമായുള്ള വേർപിരിയലിന്റെ പേരിൽ ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഇത് രാജ്യത്തെ കൂടുതൽ ദുർബ്ബലമാക്കും. ഭിന്നിച്ചു ഭരിച്ചവൻ ഭിന്നാഭിപ്രായങ്ങളുടെ ചുഴിയിലാണ്. വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ പോലും കഴിയാത്തത്ര ദുർബ്ബലമായിരിക്കുന്നു സൂര്യനസ്ഥമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം. വേർപിരിയാൻ തീരുമാനിച്ചെങ്കിലും വഴിപിരിയാൻ ഇനിയും രണ്ടു വർഷത്തെ സമയമുണ്ട്. അതിനിടെ ബ്രിട്ടീഷ് ജനത വേർപിരിയൽ തീരുമാനം പുനപരിശോധിക്കാനുള്ള സാദ്ധ്യത വളരെ വലുതാണ്. 

You might also like

Most Viewed