തിരുവാതിര ഞാറ്റുവേല എത്തിയിട്ടും നിള നിറഞ്ഞില്ല...


വിപിൻ കൂടിയേടത്ത് 

 

കാലം വരുത്തിവെച്ച മുറിപ്പാടുകളിൽ നിന്നും ഈ നദിയെ രക്ഷപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നു. എന്നിരുന്നാലും ഈ പ്രവർത്തനങ്ങൾ നാം സൂക്ഷ്മമായി വിലയിരുത്തുന്പോൾ കാണുന്നത് ഈ പദ്ധതികൾ വിജയിക്കുന്നില്ല എന്നതാണ്. മലയാളിയുടെ ഗംഗയായ ഈ നദിയുടെ നിലനിൽപ്പ് നമ്മുടെമാത്രം ആവശ്യമല്ല. മറിച്ച് മുഴുവൻ ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരമാണ്.’ 

തിരുവാതിര ഞാറ്റു വേല എത്തിയിട്ടും നിള നിറഞ്ഞില്ല! ഇടവപ്പാതിയിലെ മഴയ്ക്ക് ഇരുകരകളെയും പുണർന്നൊഴുകിയിരുന്ന നിളയ്ക്ക് ഈവർഷം അതിനുള്ള ഭാഗ്യം ഇതുവരെ കിട്ടിയില്ലെന്നു വേണം പറയാൻ. കഴിഞ്ഞ വർഷത്തെ വേനൽ മഴയ്ക്ക് തന്നെ ദിവസങ്ങളോളം ഭാരതപ്പുഴ നിറഞ്ഞൊഴുകിയിരുന്നു.

കടുത്ത വരൾച്ച നേരിടുന്ന പാലക്കാട് മേഖലയിലെ പ്രധാന ജല സ്രോതസ്സാണ് ഭാരതപ്പുഴ. തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലായി ഇരുപതിലധികം ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രധാന കുടിവെള്ള പദ്ധതികളും കാർഷിക ജലസേചന പദ്ധതികളും ഈ നദിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പോഷക നദികളായ കണ്ണാടി, ഗായത്രി, കാൽപ്പാത്തി, തുത തുടങ്ങിയ നദികളിലെ നിരൊഴുക്കും മുൻ കാലങ്ങളിൽ നിന്നും അപകടകരമായ രീതിയിൽ കുറവ് വന്നിട്ടുണ്ട്.

മലന്പുഴയടക്കം ചെറുതും വലുതുമായ 12 ഡാമുകൾ അടങ്ങുന്നതാണ് ഈ നദിയുടെ വൃഷ്ടി പ്രദേശം. വ്യാപകമായ രീതിയിൽ സ്വാഭാവിക വനം ഇവിടെ നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ 60 വർഷത്തിനിടയിൽ 70% സ്വാഭാവിക വനം ഈ മേഖലകളിൽ ഇല്ലാതായതായി പരിസ്‌ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്.

നീലത്താമര ഇതളുകൾ എന്ന മഹാകവി പി പാടിയ നിളാതിരം ചെങ്കൽ കുന്നുകൾ വൻ ചെങ്കൽ ഖനനം നടക്കുകയാണ്. സ്വാഭാവിക വനങ്ങളായിരുന്ന ഈ കുന്നുകൾ ഇന്ന് പേപ്പർ മില്ലുകൾക്ക് വേണ്ടിയുള്ള അക്വേഷ്യാ നഴ്‌സറികളായി മാറി. അശാസ്ത്രീയമായ മണലെടുപ്പിൽ തളർന്ന നിള ഇന്ന് മരണാസന്നയാണ്.

ഈ കാലവർഷം അതിന്റെ ഉച്ചത്തിൽ നിൽക്കുന്പോൾ നിളയിലെ നീരൊഴുക്കിനെ കുറിച്ച് നാ ആശങ്കപ്പെടേണ്ടതുണ്ട്. തടയണക്ക് ഭാഗ്യം ലഭിക്കാത്തത് പ്രാദേശങ്ങളിൽ  ഈ മഴക്കാലത്തും ജല ദൗർലഭ്യം നമുക്ക് കാണാം. ഏറെ വിവാദങ്ങൾക്കൊടുവിൽ നാം ഉപേക്ഷിച്ച സൈലന്റ് വാലി പദ്ധതിയുടെ ഭാഗമായ തുത പുഴയുടെ നീരൊഴുക്ക് കുറഞ്ഞതും ശ്രദ്ധേയമാണ്. അന്ന് ആ പദ്ധതി വന്നിരുന്നുവെങ്കിൽ ഇന്നാ പുഴ ഇല്ലാതായേനെ.

നിളയുടെ പോഷക നദികളിൽ വെച്ച് ഏറ്റവും കുടുതൽ ജലവുമായി എത്തുന്ന കുന്തിപുഴ അഥവാ തുത ഇന്ന് ഈ കാലവർഷത്തിലും മെലിഞ്ഞുണങ്ങി ഒഴുകുന്നു. തുത വന്നു ചേരുന്നതിന് ശേഷമാണ് ഭാരതപ്പുഴ അതിന്റെ ഏറ്റവും വീതി കൂടിയ ഭാഗം ആരംഭിക്കുന്നത്. പ്രസിദ്ധമായ തിരുന്നാവായ അതിനുശേഷമാണ്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാം പണിതീർത്ത പറന്പിക്കുളം-ആളിയാർ പദ്ധതി അനുസരിച്ച് ഭാരതപുഴയ്ക്ക് ലഭിക്കേണ്ട ജലം നമുക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ഇത്രയും വർഷങ്ങൾക്കിടയിൽ മൂന്നോ നാലോ തവണയാണ് നമുക്ക് ആ വെള്ളം ലഭിച്ചത്. അതിനു കാരണം ആ പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപൊക്കവുമായിരുന്നു... തീരത്ത് വസിക്കുന്നവരും പൊതുജനങ്ങളും ഭരണകൂടവും ഈ നദിയുടെ മരണത്തിന് കാരണക്കാരാകുന്നു.

അശാസ്ത്രീയ മണലെടുപ്പ് നദിയുടെ ഘടന തന്നെ മാറാൻ കാരണമായി. നദിയുടെ മടിത്തട്ടിൽ പുതിയ ദ്വീപുകൾ സൃഷ്ടിച്ചു. അവിടങ്ങളിൽ സാമൂഹ്യവനൽക്കരണ ത്തിന്റെ ഭാഗമായി യുക്കാലിപ്സ് വെച്ച് പിടിപ്പിച്ച് ബാക്കിയുള്ള ജലവും വലിച്ചെടുത്തു. വലിയ കരിന്പനകളും മരുഭൂമിയിൽ കാണുന്ന കള്ളിച്ചെടികളും ഇന്ന് ഭാരതപ്പുഴയിൽ നമുക്ക് കാണാം.

തടയണകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയപ്പോൾ ഇല്ലാതായത് നിരവധി ജലജീവികളാണ്. നിരവധി ജൈവസവിശേഷതകൾ ഉള്ള ഈ പശ്ചിമഘട്ട വരദാനം നമുക്ക് നൽകിയിരുന്ന വിവിധങ്ങളായ പുഴ മീനുകളും ശുദ്ധജലാശയ ജീവികളും ഇന്ന് ഇല്ലാതായി. ദേശാടന പക്ഷികളുടെ പറുദീസയായിരുന്ന നിളാനദി ഇന്ന് മാലിന്യങ്ങൾ തള്ളാനുള്ള പൊതുഇടമായി മാറി.

75 വർഷത്തിലധികമായി ഈ പുഴയുടെ തീരം റീ സർവ്വേക്ക് വിധേയമായിട്ട്. തദ്ദേശഭരണകൂടങ്ങൾ പുഴകയ്യേറ്റം സംബന്ധിച്ച കേസുകളിൽ തുടർച്ചയായി പരാജയപ്പെടുന്നു. ആധുനിക സാറ്റലൈറ്റ് സർവ്വേ നടത്തിയാൽ നമുക്കറിയാം പുഴ നമുക്ക് എത്രമാത്രം നഷ്ടപ്പെട്ടെന്ന്.  

ഈ നദിയെ രക്ഷപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. നബാർഡ് IWMP മണ്ണ്− വനം−പരിസ്ഥിതി വകുപ്പുകൾ മറ്റ് NGO എന്നിവർ നടത്തുന്ന പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. പക്ഷെ പദ്ധതികളൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല എന്നത് നദിയെ ശോഷിപ്പിലേയ്ക്ക് നയിക്കുന്നു.

കേരളവും തമിഴ്നാടും ചേർന്ന് കേന്ദ്ര ഗവൺമെന്റ് നിയന്ത്രണത്തിലുള്ള ഒരു സംവിധാനം ഈ പുഴയ്ക്ക് മാത്രമായി വേണം. എല്ലാ പദ്ധതികളും സംരക്ഷണ പ്രവർത്തനങ്ങളും അതിന്റെ മേൽനോട്ടത്തിൽ ആകണം നടത്തേണ്ടത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഒരു പരിസ്ഥിതി ആഘാതപഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി അത് നടപ്പിലാക്കണം.

മലയാളിയുടെ ഗംഗയായ ഈ നദിയുടെ നിലനിൽപ്പ് നമ്മുടെ മാത്രം ആവശ്യമല്ല. മറിച്ച് മുഴുവൻ ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരമാണ്.

(പ്രശസ്ത രാഷ്ട്രീയ−സാമൂഹിക −പരിസ്ഥിതി പ്രവർത്തകനായ ലേഖകൻ ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നിളാ വിചാരവേദിയെന്ന പരിസ്ഥിതി സംരക്ഷണ സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയാണ്.)

You might also like

Most Viewed