പന്തുമായി പറക്കുന്ന പ്രതിഭകൾ
സംഗീത് ശേഖർ
ജൂൺ പ്രതിഭകൾ പിറന്നു വീഴുന്ന മാസമാണോ? ഫുട്ബോളിൽ അങ്ങനെയാണെന്ന് തോന്നുന്നു. സിനദിൻ സിദാൻ, ലയണൽ മെസി, യുവാൻ റിക്വെൽമെ, ലുക്കാസ് പൊഡോൾസ്കി, സെർജിയോ അഗ്യുറോ, ഫ്രാങ്ക് ലാംപാർഡ്, സമീർ നസ്രി, പാട്രിക് വിയേര, യാവിയർ മഷരാനോ. ലിസ്റ്റ് നീളുകയാണ് നമുക്ക് തൽക്കാലം സിദാനിലേയ്ക്ക് വരാം, മെസിയിലേയ്ക്കും.
കഴിഞ്ഞ ദിവസം അയാളുടെ ജന്മദിനമായിരുന്നു. ആധുനിക ഫുട്ബോളിലെ ഇതിഹാസ തുല്യനായ കളിക്കാരന്‍റെ ജന്മദിനം. അയാളുടെ കളിയുടെ സൗന്ദര്യം കണ്ടറിഞ്ഞവർക്ക് എങ്ങനെയാണ് അയാളെ പറ്റി ഓർക്കാതിരിക്കാൻ കഴിയുക. മറഡോണയ്ക്ക് ശേഷം ഒരു ഫുട്ബോൾ രണ്ടു കാലുകളെ സ്നേഹിക്കുന്നത്, രണ്ടു കാലുകളിലേക്ക് ഇഴുകി ചേർന്ന് മൈതാനത്തിൽ ഒഴുകി നടക്കുന്നത് കാണുന്നത് സിദാൻ കളിച്ചിരുന്നപ്പോഴാണ്. മാറഡോണക്ക് ശേഷം ഫുട്ബോൾ ലോകം കണ്ട അൺ ഡിസ്പ്യുട്ടഡ് ലെജൻഡ് ഒരു മധ്യനിരക്കാരന്റെ ക്രാഫ്റ്റും സ്കില്ലും ഇതുപോലെ ഒത്തിണങ്ങിയ ഒരു കളിക്കാരൻ വേറെയുണ്ടോ, സംശയമാണ്. തികഞ്ഞ പ്ലേമേക്കർ... സിദാൻ ഒരു പ്രതിഭയായിരുന്നു. ആ കഷണ്ടിതലയന്റെ കാലുകളിൽ കവിതയുണ്ടായിരുന്നു. കളിക്കളത്തിൽ മറ്റാർക്കും കാണാനാകാതിരുന്ന നിഗൂഢമായ വഴിത്താരകൾ സിദാൻ നിഷ്പ്രയാസം കണ്ടെത്തികൊണ്ടിരുന്നു സ്വപ്നതുല്യമായ കരിയർ, ബോർഡോക്സിൽ നിന്നും യുവന്റസിലൂടെ ഒഴുകി റയൽ മാഡ്രിഡിൽ പൂർണ്ണതയിലെത്തിയ കരിയർ. ഗലാറ്റിക്കൊയിൽ മങ്ങാതെ നിന്ന നക്ഷത്രം. ലോക ഫുട്ബോളിലെ വിലയേറിയ താരങ്ങളെ ഒരു കുടക്കീഴിലാക്കി റയൽ ലോകം കീഴടക്കാൻ ഇറങ്ങിയപ്പോൾ ചുറ്റിനുമുള്ള താരങ്ങളുടെ പ്രഭയിൽ മങ്ങിപോകാതെ സിദാൻ നിവർന്നു നിന്നു. പ്രതീക്ഷയോടെ കാത്തിരുന്ന പലരുടെയും കളിക്കളത്തിലെ നീക്കങ്ങൾ നിരാശ മാത്രം സമ്മാനിച്ചപ്പോൾ പെട്ടന്ന് സിദാൻ മരുഭൂമിയിലെ നീരുറവ പോലെ തെളിഞ്ഞു വന്നു. അയാൾക്ക് മാത്രം കഴിയുന്ന രീതിയിൽ സർവ്വ സൈന്യാധിപനായി അയാൾ ആ മാന്ത്രികന്മാരുടെ ടീമിന്‍റെ മധ്യനിര നിയന്ത്രിച്ചു. ഗലാറ്റിക്കോസ് തകർന്നടിഞ്ഞപ്പോഴും സിദാൻ മാത്രം തലയുയർത്തിപ്പിടിച്ച് തന്നെ നിന്നു. ഒരിക്കൽ ലൂയിസ് ഫിഗോ പറഞ്ഞത് പോലെ, സിദാന്റെ കാലുകളിൽ ഫുട്ബോൾ ഉണ്ടായിരുന്നു. 1998 ലോകകപ്പ് ഫൈനലിൽ ബ്രസീലിന്റെ നെഞ്ചകം പിളർന്ന 2 ഹെഡ്ഡറുകൾ അയാൾക്ക് ദേശീയ നായകന്‍റെ പരിവേഷം പകർന്നു നൽകി. ഫ്രാൻസിനു വേണ്ടി തന്‍റെ കരിയർ മുഴുവൻ സമർപ്പിച്ചിട്ടും അയാളുടെ അൾജീരിയൻ വേരുകൾ ചികഞ്ഞു പുറത്തിട്ടു സിദാന്‍റെ നേരെ സംശയത്തോടെ നോക്കിയിരുന്നവർ ഫ്രാൻസിൽ തന്നെ ഏറെയായിരുന്നു. അൾജീരിയയിലാകട്ടെ അയാൾക്ക് വഞ്ചകന്റെ മുഖമായിരുന്നു. അയാളുടെ പിതാവിനെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും വിളിച്ചാക്ഷേപിച്ചവർക്ക് സിദാൻ വേദനയോടെ കൃത്യമായ മറുപടി നൽകിയിരുന്നു. ഫ്രാൻസ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭ എന്ന് വാഴ്ത്തപ്പെടുന്പോഴും രാജ്യത്തോടുള്ള തന്‍റെ കൂറിനെ സംശയത്തോടെ മാത്രം നോക്കുന്ന മാലിന്യം നിറഞ്ഞ കണ്ണുകൾ അയാളെ എന്നും അലട്ടിയിരുന്നു. എന്‍റെ വംശത്തെ മറന്നു കൊണ്ട് എന്‍റെ കളിയിൽ ശ്രദ്ധിക്കൂ എന്ന് ഉറക്കെ വിളിച്ചു പറയാതെ കളി തുടർന്ന സിദാൻ ദൃഷ്ടി ദോഷം ബാധിച്ചവനെപോലെ മറ്റരാസിയുടെ നെഞ്ചിൽ തന്‍റെ കളിജീവിതം ബലിയർപ്പിച്ചു. അന്ന് തല താഴ്ത്തിയാണ് മടങ്ങിയതെങ്കിലും സിദാൻ കളിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ തലയുയർത്തിപ്പിടിച്ച് തന്നെയാണ് ഇന്നും നിൽക്കുന്നത്, ആധുനിക ഫുട്ബോളിലെ ഒരേയൊരിതിഹാസം എന്ന വിളിപ്പേരുമായി. എന്ത് കൊണ്ട് സിദാൻ എന്ന ചോദ്യത്തിനുത്തരം അയാളുടെ പൂർണ്ണതയാണ്.ഒരു കളിക്കാരനിൽ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം കൂടിയ അളവിൽ തിരിച്ചു നൽകിയവൻ... ഒരു ഫുട്ബോളർ എന്ന നിലയിൽ അയാളുടെ അതിരുകളില്ലാത്ത പ്രതിഭയാണ് സിദാനെ ഇതിഹാസ പദവിയിലേയ്ക്ക് ഉയർത്തിയത്. രാജ്യത്തിന്‍റെ ജേഴ്സിയിലും ക്ലബ്ബിന്‍റെ ജേഴ്സിയിലും സിദാൻ സിദാൻ തന്നെയായിരുന്നു. കളിച്ചതും കളിപ്പിച്ചതും അയാളായിരുന്നു. അയാളുടെ വിഷൻ, ജീനിയസ് അതിനു മുന്നിൽ പ്രതിരോധം ചമയ്ക്കാൻ അല്ലെങ്കിൽ 90 മിനുട്ട് കളിയിൽ അയാളെ നിർവീര്യനാക്കാൻ കഴിഞ്ഞിരുന്ന പ്രതിരോധനിരകൾ ഉണ്ടായിരുന്നില്ല.വ്യത്യാസം വ്യക്തമാണ്. ചുറ്റിനും കളിക്കുന്നവരുടെ നിലവാരമല്ലായിരുന്നു സിദാന്റെ കളിയെ ഡിഫൈൻ ചെയ്തത്. അയാൾ നയിച്ച വഴികളിലൂടെയായിരുന്നു ടീം സഞ്ചരിച്ചത്.
1998 ൽ ലോകകപ്പ് ഫൈനലിൽ ബ്രസീലിന്റെ നെഞ്ചകം തകർത്ത രണ്ടു ഹെഡ്ഡറുകൾ സത്യത്തിൽ സിദാനെന്ന കളിക്കാരന്റെ പ്രതിഭയുടെ നേർക്കാഴ്ചയായിരുന്നില്ല. അതിനു ശേഷം രണ്ടു കൊല്ലം കൂടെ കഴിഞ്ഞ് യൂറോകപ്പിൽ സിദാനെന്ന മാന്ത്രികന്‍റെ പ്രതിഭ എല്ലാ അർത്ഥത്തിലും വഴിഞ്ഞൊഴുകി. കളിച്ചും കളിപ്പിച്ചും സിദാൻ നിറഞ്ഞു നിന്ന ടൂർണ്ണമെന്റ്. 2002 ചാന്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ ലെവർകൂസനെതിരെ നേടിയ വിജയ ഗോൾ അവിസ്മരണീയമായിരുന്നു. യൂറോപ്പിലെ മികച്ചവന്റെ സിംഹാസനത്തിലേക്കയാളെ അവരോധിച്ച ഗോൾ. പെനാൽറ്റി ബോക്സിലേയ്ക്ക് ഇടതു വിംഗിൽ നിന്നും കാർലോസിന്‍റെ കാലിൽ നിന്നും ഉയർന്നു വരുന്ന പന്ത്.അതൊരു മികച്ച ക്രോസ് ഒന്നുമായിരുന്നില്ല എന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ബോക്സിൽ സിദാനുണ്ടായിരുന്നു. ഒറ്റ നിമിഷത്തെ തീരുമാനമായിരുന്നു അത്. പന്തിനെ നിയന്ത്രിക്കാനോ ഗ്രൗണ്ടിൽ സ്പർശിക്കാനോ അനുവദിക്കാതെ ഇടതുകാൽ കൊണ്ടൊരു ഫസ്റ്റ് ടൈം വോളി. അത് കഴിഞ്ഞപ്പോൾ പന്തിനു ഒരേയൊരു അഭയസ്ഥാനമെ ബാക്കിയുണ്ടായിരുന്നുള്ളൂ. ഹാൻസ് ജോർഗ് ബട്ടിനെ മറികടന്നു വലയിൽ.രണ്ടു കാലുകൾ കൊണ്ടും ഒരേപോലെ ഷോട്ടുകൾ തൊടുക്കാൻ കഴിയുക എന്നതൊരു വരദാനമാണ്. മഹാരഥന്മാരിൽ പോലും അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന കഴിവ്. സിദാനതുണ്ടായിരുന്നു. ലോകത്തെ മഹാന്മാരായ കളിക്കാരെല്ലാം തന്നെ പന്തുമായി നീങ്ങുന്പോൾ ഒരു അലസമായ മനോഹാരിത തെളിഞ്ഞു കാണാം. ചുറ്റിനുമുള്ള കളിക്കാരെ വെറും സാധാരണക്കാരാക്കി തോന്നിപ്പിക്കുന്ന ഒരു തരം മാന്ത്രികത.സിദാനൊപ്പം റൊണാൾഡീഞ്ഞോയിൽ നാമത് കണ്ടിരുന്നു. സമകാലീന ഫുട്ബോളിൽ നമ്മുടെ അർജന്റീനിയനിൽ കാണുന്ന അതേ കഴിവുകൾ. ഫുട്ബോളിനെ ആസ്വാദ്യകരമാക്കുന്നത് ഇത്തരം കളിക്കാരാണ്. പ്രതിഭകൾ ഓരോ കാലത്തിനു ശേഷവും വന്നു കൊണ്ടിരിക്കുന്നു.ഡിസ്റ്റിഫാനോയ്ക്ക് ശേഷം മാറഡോണ, പെലെ, ജോർജ് ബസ്റ്റ്, യൊഹാൻ ക്രൈഫ്. മാറഡോണക്കും പെലെക്കും ശേഷം സിദാൻ വന്നു.സിദാനു ശേഷം ശൂന്യത എന്ന് കരുതിയിരുന്നവരുടെ മുന്നിലേക്ക് ലയണൽ മെസ്സി വന്നു. ശൂന്യമായ സ്പേസ് നിറക്കപ്പെടുകയാണ്...
ലയണൽ മെസി ഫുട്ബോൾ ആസ്വദിക്കുകയാണ്. വിമർശകർ അയാളുടെ വീഴ്ചക്കായി കാത്തിരിക്കുന്പോൾ ഓരോ സീസണിലും അയാളുടെ പ്രതിഭ കൂടുതൽ തീക്ഷ്ണതയോടെ ജ്വലിക്കുകയാണ്. സ്പാനിഷ് ലീഗിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇയാളുടെ നേട്ടങ്ങൾ. ലോകത്തെ ഒട്ടു മിക്ക മികച്ച കളിക്കാരും അണിനിരക്കുന്ന ചാന്പ്യൻസ് ലീഗിലും ഇതേ ഫോമും ക്ലാസും കാഴ്ച വെയ്ക്കുന്ന ഒരു ചാന്പ്യൻ പ്ലെയർ തന്നെയാണ് ലയണൽ മെസി. പ്രതിഭകളെ ശരാശരിക്കാരിൽ നിന്നും വേർതിരിച്ചു നിർത്തുന്ന ഘടകങ്ങളെല്ലാം അയാളിലുണ്ട്. അയാളുമായി താരതമ്യം ചെയ്യപ്പെടാൻ മാത്രം പ്രതിഭയൊന്നും അയാളുടെ സമകാലികരിൽ ഇല്ലെന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കുന്നതിൽ ഒട്ടും തന്നെ വൈമനസ്യം കാട്ടേണ്ടതില്ല. അയാൾക്ക് മുന്നേ കളിച്ചു പോയ ചിലരിൽ മാത്രമാണ് അയാളെ വെല്ലുന്ന പ്രതിഭയും കളിമികവും കണ്ടിട്ടുള്ളത്. മറഡോണയ്ക്ക് ശേഷം അർജന്റീന കണ്ട മികച്ച ഫുട്ബാളർ. അസാധാരണമായ പ്രതിഭയാണ് മെസിയുടെ കരുത്ത്. വേഗതയാർന്ന നീക്കങ്ങൾ, ഇക്കാലത്ത് പൊതുവേ ഫോർവേഡുകളിൽ അന്യമായി നിൽക്കുന്ന ഇടംകാൽ കൊണ്ടുള്ള അസാമാന്യമായ ഷൂട്ടിംഗ് മികവു ഇതെല്ലാമാണ് അയാളുടെ പ്ലസ് പോയിന്റ്. മെസിയുടെ ഒരു ഗോളിന്റെ വരവ് ആർക്കും പ്രവചിക്കാനാകില്ല. അയാളുടെ കളിയുടെ ഭംഗിയെ എങ്ങനെയാണ് വിവരിക്കുക? മെസി തിരമാലകളാൽ ഇളകി മറിയുന്ന ഒരു സമുദ്രം പോലെയാണ്. വിശ്രമമില്ലാതെ മെസി ആക്രമിച്ചു കൊണ്ടേയിരിക്കും.തൊണ്ണൂറു മിനുറ്റ് കളിയിൽ അയാൾ മിക്കപ്പോഴും എതിർ പ്രതിരോധനിരയ്ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിക്കും. അയാളെ മുഴുവൻ സമയവും തടഞ്ഞു നിർത്തുക എന്നത് ഏറെക്കുറെ അസാദ്ധ്യമായ ഒരു കാര്യമാണ്. പന്തുമായി അസാമാന്യ വേഗത്തിൽ കുതിക്കുന്പോഴും മെസ്സി പ്രകടമാക്കുന്ന നിയന്ത്രണം അതുല്യമാണ്. ഒരു ഫോർവേഡിനു വേണ്ട ശാരീരിക മികവ് ഇല്ലാതിരുന്നിട്ട് കൂടി അയാൾ ഡിഫൻഡർമാരെ അനായാസമായി നിർവീര്യമാക്കുന്നു. പെനാൽറ്റി ബോക്സിൽ മെസി കാണിക്കുന്ന മികവു എടുത്തു പറയേണ്ടതാണ്. അപാരമായ ഫിനിഷിംഗ് പാടവവും മെസിക്കുണ്ട്. ജനപ്രീതിയിലും ആരാധകരുടെ എണ്ണത്തിലും സമകാലികരായ കളിക്കാരെ ബഹുദൂരം പിന്നിലാക്കികഴിഞ്ഞു ലയണൽ മെസി. ബാഴ്‍സയുടെ കടുത്ത വിരോധികൾ പോലും രഹസ്യമായി മെസിയുടെ കഴിവിനെ അംഗീകരിക്കുന്നു. ബാഴ്‍സലോണ ജേഴ്സിയിൽ ആഗ്രഹിക്കുന്നതെല്ലാം നേടുന്പോഴും രാജ്യത്തിന് വേണ്ടി കിരീടങ്ങൾ നേടിയിട്ടില്ല എന്ന ആരോപണങ്ങൾ കഴുകികളയാൻ മെസി തയ്യാറെടുക്കുകയാണ്. കോപ്പ അമേരിക്ക ഫൈനലിൽ തിങ്കളാഴ്ച അർജന്റീന ചിലിയെ നേരിടുന്പോൾ ഒരു വിജയം മെസിയുടെ നേട്ടങ്ങളുടെ തിളക്കം കൂട്ടുമെന്നത് ഉറപ്പാണ്.