ബദർ നൽ­കു­ന്ന പാ­ഠം


ബഷീർ വാണിയക്കാട്

റമദാൻ പതിനേഴിനാണ് ചരിത്ര പ്രസിദ്ധമായ ബദർ യുദ്ധം നടന്നത്. മുഹമ്മദ്‌ നബി (സ)ക്ക് പ്രവാചകത്വം ലഭിച്ചതിന് ശേഷം അദ്ദേഹത്തിനും, ഏക ദൈവത്വത്തിൽ വിശ്വസിച്ച അനുചരൻമാർക്കും മക്കയിലെ ജീവിതം ദുസ്സഹമായപ്പോൾ, വിശ്വാസം സംരക്ഷിക്കാൻ വേണ്ടി പിറന്ന നാടും വീടും കുടുംബവും സന്പത്തും എല്ലാം ഉപേക്ഷിച്ച്, നബിയും അദ്ദേഹത്തിൽ വിശ്വസിച്ച അനുയായികളും മദീനയിലേക്ക് ഹിജ്‌റ പോകുകയായിരുന്നു. അവിടെയും അവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിവാശിയുടെ പരിണിത ഫലമാണ് ബദർ യുദ്ധം.

സത്യവിശ്വാസം മാത്രം കൈമുതലായുള്ള വെറും മുന്നൂറ്റി പതിമൂന്ന് മുസ്ലിംകളും, ഇസ്ലാമിനെ ഭുമിയിൽ നിന്ന് തുടച്ചു മാറ്റുമെന്ന് പ്രതിജ്ഞ ചെയ്ത്് മക്കയിൽ നിന്ന് പുറപ്പെട്ട സർവ്വായുധ വിഭൂഷിതരായ ആയിരത്തിന് മേൽ അവിശ്വാസികളും തമ്മിൽ നടന്ന ആ യുദ്ധത്തിൽ, അവിശ്വസനീയമാം വിധം ദൈവത്തിന്റെ സഹായത്താൽ, ദുർബലരായ ആ ചെറിയ സംഘം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. അവരെ സംബന്ധിച്ചേടത്തോളം ബദർ വിശ്വാസ സംരക്ഷണത്തിന്റെയും, നിലനിൽപിന്റെയും പ്രശ്നമായിരുന്നു. അന്ന് ആ ചെറുസംഘം വിജയിച്ചില്ലായിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു.

ബദറിനെ സൂചിപ്പിച്ച് കൊണ്ട് അല്ലാഹു ഖുർആനിൽ ഇങ്ങിനെ പറഞ്ഞു. “എത്രയെത്ര ചെറുസംഘങ്ങളാണ് വലിയ വലിയ സൈന്യങ്ങളെ അല്ലാഹുവിന്റെ അനുവാദത്തോടെ (സഹായത്തോടെ) കീഴടക്കിയിട്ടുള്ളത്” ബദറിന്റെ ചരിത്രം പരിശോധിച്ചാൽ പല വിധത്തിൽ അല്ലാഹു അവരെ സഹായിച്ചതായി കാണാൻ കഴിയും.

യുദ്ധത്തിന് മുന്പ് തന്നെ അല്ലാഹു ബദറിൽ സത്യവിശ്വാസികൾക്ക് വിജയം വാഗ്ദത്തം ചെയ്തിരുന്നു. കൃത്യമായ ഘട്ടത്തിൽ അല്ലാഹു സഹായിക്കുമെന്ന അടിയുറച്ച വിശ്വാസമാണ് അവരെ നയിച്ചത്.

ബദറിൽ നിന്ന് നാം പഠിക്കേണ്ട പ്രധാന പാഠവും അത് തന്നെയാണ്. അന്തിമമായി വിജയം അല്ലാഹുവിൽ നിന്ന് മാത്രമെ ലഭിക്കൂ എന്ന കലർപ്പില്ലാത്ത വിശ്വാസം. ഏത് പ്രതിസന്ധി ഘട്ടത്തിലും നാം ഒറ്റയ്ക്കല്ല, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അമാനുഷിക ശക്തി തന്നോടൊപ്പമുണ്ടെന്ന ഉറച്ച വിശ്വാസം. 

തന്റെ രക്ഷിതാവിൽ ഭരമേൽപിച്ചാൽ പിന്നെ എല്ലാം അവൻ നോക്കിക്കൊള്ളുമെന്ന ദൃഢമായബോധം. ബദറിന്റെ മറ്റൊരു പാഠം മുസ്ലിംകളുടെ ഐക്യമാണ്. ചെറുസംഘമാണെങ്കിൽ കൂടി അൻസാരികളും മുഹാജിറുകളും ഒരൊറ്റ മനസ്സോടെയാണ് ശത്രുക്കളോട് പൊരുതിയത്്.

ഐക്യമുള്ള ആ സമുഹത്തെ കുറിച്ച് അല്ലാഹു ഇങ്ങിനെ പറയുന്നു. ‘അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒറ്റക്കെട്ടായി അണിയണിയായി നിലകൊള്ളുന്ന സമൂഹത്തെ അല്ലാഹു ഇഷ്ടപ്പെടുന്നു”.

അതുകൊണ്ട് ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ആദർശത്തിന്റെ കീഴിൽ ഒന്നിക്കാൻ ബദർ നമ്മോടാവശ്യപ്പെടുന്നു.

മറ്റൊന്ന് മുസ്ലിംകൾ ആഗോളതലത്തിൽ നേരിടുന്ന അപകർഷതാ ബോധമാണ്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന് പരാജയബോധം ഉണ്ടാകേണ്ട ആവശ്യമില്ല. കാരണം ഈ പ്രപഞ്ചത്തിൽ അല്ലാഹു അറിയാതെ ഒരു ഇല പോലും അനങ്ങില്ലെന്ന ബോധമുണ്ടെങ്കിൽ വിശ്വാസിക്ക് നിരാശനാകേണ്ടി വരില്ല. ഭൗതിക ജീവിതവും ഇവിടുത്തെ വിഭവങ്ങളും അവനെ സംബന്ധിച്ചിടത്തോളം ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. വിചാരണയും രക്ഷാ ശിക്ഷകളും പ്രതിഫലവും ശാശ്വത ജീവിതവും മറ്റൊരു ലോകത്ത് പ്രതീക്ഷിക്കുന്ന വിശ്വാസിക്ക്, ഇവിടുത്തെ ജീവിതവും ജീവിതാനുഭവങ്ങളും ദൈവത്തിന്റെ പരീക്ഷണങ്ങൾ മാത്രം.

You might also like

Most Viewed