ബദർ യുദ്ധം നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ
അബൂബക്കർ ഇരിങ്ങണ്ണൂർ
കേവല താൽപര്യങ്ങൾക്കപ്പുറം മനുഷ്യന്റെ ഭൗതികജീവിത പരീക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം പ്രാപഞ്ചിക സാഹചര്യങ്ങളിൽ പരിഹരിക്കാൻ അപ്രാപ്യമായതും അല്ലാത്തതുമായ സർവ്വകാര്യങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുന്ന പാരത്രിക ലോകത്തിലെ വിജയം സുനിശ്ചിതമാക്കേണ്ടത് എങ്ങനെയെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നുണ്ട്. സമാധാനം, സഹിഷ്ണുത, സ്വൈര്യജീവിതം മനുഷ്യരും ഇതരജീവികളും ആഗ്രഹിക്കുന്ന ഇത്തരം മൂല്യങ്ങൾ ലോകത്ത് നിലനിൽക്കണമെന്ന് ഇസ്ലാം ഊന്നി പറയുന്നു. സർവ്വരും വെറുക്കുന്ന അടിമത്വം, ജാതീയത, വിവേചനം എന്നിവ ഇസ്ലാമിന് അന്യമാണ്.
വിശ്വാസം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ മനുഷ്യന്റെ ജീവൽ ഘടകങ്ങളെ സ്വായത്തമാക്കുന്നിടങ്ങളിൽ നീതിയുക്തമല്ലാത്ത രീതിയിൽ മറ്റൊരാൾ അധികാരമുറപ്പിക്കുന്പോൾ അവിടെ സംഘർഷം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. തന്റെ അവകാശത്തിനും അധികാരത്തിനുംമേൽ കൈയൂക്കുള്ളവൻ മേൽകോയ്മ നേടുന്പോൾ ശക്തി കുറഞ്ഞവൻ കീഴടങ്ങേണ്ടി വരികയാണ്. ലോകചരിത്രത്തിൽ ഈ കൈയടക്കലും പിടിച്ചെടുക്കലും നടന്നിട്ടുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ശക്തിയുള്ളവൻ ശക്തി കുറഞ്ഞവനെ കീഴ്പ്പെടുത്തി അധികാരം സ്ഥാപിക്കുന്ന പ്രവണതയ്ക്ക് പല പേരും പറഞ്ഞു വന്നിട്ടുണ്ട്. ‘വിപ്ലവം, യുദ്ധം, സമരം’ എന്നിങ്ങനെ ധാരാളം ഓമനപ്പേരുകളും വിപണിയിലുണ്ട്. എന്നാൽ അധികാരം നിലനിർത്താൻ സ്വേച്ഛാധിപതികൾ നടത്തുന്ന പരാക്രമങ്ങൾക്ക് ‘യുദ്ധം’ എന്ന് വിളിക്കുന്നു!
ഇസ്ലാം വരുന്നതിന് മുന്പ് അറേബ്യയിൽ യുദ്ധം സർവ്വസാധാരണമായിരുന്നു. എന്നാൽ വിശ്വാസത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ട് പിറന്ന നാട്ടിൽ നിന്നും പുറന്തള്ളപ്പെട്ടു നടുക്കടലിലും മറ്റും പ്രാണവായു നിലനിർത്താൻ മാത്രം വിധിക്കപ്പെട്ട സിറിയയിലേയും മ്യാൻമാറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ നടത്തുന്ന ദീനരോദനത്തിന്റെ പേരെന്താണ്? പിറന്ന മണ്ണിനെ തിരിച്ചു പിടിക്കാൻ നടത്തുന്ന യത്നത്തെ എന്ത് പേരിട്ട് വിളിക്കണം? വംശീയതയുടെ പേരിൽ അമേരിക്കയും ഇസ്രായേലും സ്ഫോടനം നടത്തുന്പോൾ ഭീകരവാദത്തിന്റെ പേരിൽ നിരപരാധികളെ നിഷ്ഠൂരമായി കൊല ചെയ്യുന്ന കാപാലികതയുടെ പേരും ‘യുദ്ധം’ എന്നതല്ലെ! നീതിയുടെയും അനീതിയുടെയും ധർമ്മത്തെയും അധർമ്മത്തെയും ഒരേ കണ്ണ് കൊണ്ട് കാണുന്ന ലോകമനസാക്ഷിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. ‘ബദർയുദ്ധം’ നൽകുന്ന സന്ദേശം എന്താണെന്നു കൂടി നോക്കാം.
സമൂഹം ജീർണതയിലാണ്ട യുഗത്തിൽ ധാർമ്മികതയുടെ ബദലുമായി പ്രവാചകന്മാരെയും അനുചരന്മാരെയും നിഷ്ഠൂരമായി മർദ്ദനങ്ങൾക്ക് വിധേയരാക്കിയവർ ധർമ്മവും നീതിയും പിഴുതെടുത്ത് മനുഷ്യൻ മൃഗത്തെക്കാൾ അധഃപതിച്ചപ്പോൾ നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നീതിയെ പുനഃസ്ഥാപിക്കാൻ വേണ്ടി മദീനയിൽ അഭയം തേടിയ മുസ്ലീങ്ങളെ ആക്രമിക്കാൻ വന്നപ്പോൾ മാത്രം അനിവാര്യമായ ഒരു ചെറുത്തുനില്പായിരുന്നു ‘ബദർയുദ്ധം.’ ബദർ കേവലം യുദ്ധം എന്നു പറഞ്ഞു നിസാരമാക്കി വിലയിരുത്താനുള്ളതല്ല. ഒരു യുദ്ധത്തിനുള്ള യാതൊരു വിധ സജ്ജീകരണവുമില്ലാതെയുള്ള പുറപ്പെടൽ, നിലനിൽപ്പിന് വേണ്ടി പൊരുതേണ്ടി വന്നതാണ്. അത് ചരിത്രത്തിലെ തുല്യതയില്ലാത്ത പോരാട്ടവുമായിരുന്നു. തോറ്റു കൊടുക്കാൻ തയ്യാറാവാത്ത ഒരു ചെറുസംഘത്തിന്റെ ഉയർത്തേഴ്ന്നേൽപ്പാണ് ‘ബദ്റിൽ’ കണ്ടത്!
ബദ്റിന്റെ ചരിത്രം വായിക്കപ്പെടുന്നിടങ്ങളിലെല്ലാം പുതിയ ചരിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. രചിക്കപ്പെടേണ്ടതുമുണ്ട്. ബദ്്രീങ്ങൾ എന്നും സ്മരിക്കപ്പെടണമെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്. കാരണം അവരില്ലെങ്കിൽ ലോകത്ത് ഇസ്ലാം ഇല്ലാതാകുമായിരുന്നു. ന്യൂനപക്ഷമായവർ വലിയൊരു സൈന്യത്തെ പ്രതിരോധിച്ചു കൊണ്ടായിരുന്നു മതം ബാക്കിയാക്കിയത്.
‘ബദ്ർ’ എന്ന വാക്കിന് ‘ശോഭിക്കുന്ന ചന്ദ്രൻ’ എന്നാണ് സാരം. അതെ സർവ്വർക്കും നന്മയുടെ നാന്പുകൾ നട്ടുപിടിപ്പിക്കാൻ ‘ബദ്ർ’ എന്നും ഉദിച്ചുയരുന്ന ചന്ദ്രശോഭയായി നിലനിൽക്കുന്നു. ബദ്റിലെ പോരാളികളെ എത്ര പുകഴ്ത്തിയാലും മതിവരാത്ത നാമങ്ങളായി വിശ്വാസികൾ അവരെ ഹൃദയത്തോട് ചേർത്തു വെച്ചും അധർമ്മം കലിതുള്ളിനിന്നിടങ്ങളിലെല്ലാം ബദ്്രീങ്ങൾ ഉൾപുളകമാകുന്നു. ബദ്റിൽ പങ്കെടുത്തവർക്കുണ്ടായ വിശ്വാസദാർഢ്യതയും ത്യാഗമനസ്കതയും ബദ്്രീങ്ങളെ സ്നേഹിക്കുന്നവരിലും കാണാൻ കഴിയും. അല്ലാഹുവിന്റെ സഹായം ബദ്്രീങ്ങളെ സ്നേഹിക്കുന്നവരിലും കാണാൻ കഴിയും. അല്ലാഹുവിന്റെ സഹായം ബദ്്രീങ്ങളിലൂടെയാണെന്ന വിശുദ്ധ ഖുർആനിന്റെ ഉണർത്ത് എന്നും നമ്മെ ഊർജ്ജസ്വലമാക്കുകയാണ്. സത്യവിശ്വാസികളുടെ മനസിൽ എക്കാലത്തും ബദ്്രീങ്ങൾ ഉണ്ടാകും. തീർച്ച..
സാമ്രാജ്യശക്തികളുടെ കാൽക്കീഴിൽ ഞെരിഞ്ഞമരുന്നവരുടെ മുറവിളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന അധികാര വർഗ്ഗങ്ങൾക്ക് ഒന്നോർക്കാൻ ‘ബദ്റിന്റെ ബാലപാഠങ്ങളുമായി വീണ്ടും അനുസ്മരിക്കപ്പെടുകയാണ് ലോകം മുഴുക്കെ ബദ്്രീങ്ങളെ തള്ളിപ്പറയുന്നവർക്ക് പോലും ബദ്റിന്റെ സഹായം കിട്ടിക്കൊണ്ടിരിക്കുകയാണ്. ബദ്്രീങ്ങളാൽ അല്ലാഹു ലോകത്ത് ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.. (ആമീൻ)