റമദാൻ: പുണ്യങ്ങളുടെ പെരുമഴക്കാലം
റവ.ജോർജ് യോഹന്നാൻ
ലോകത്തിലെ എല്ലാ പ്രധാന മതങ്ങളിലും നോന്പും, പെരുന്നാളും, വ്രതാനുഷ്ഠാനങ്ങളും സംബന്ധിച്ച വസ്തുതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പല കാര്യങ്ങളിലും സാമ്യതകൾ നമുക്ക് കാണാവുന്നതാണ്. എല്ലാ മതങ്ങളും ഈശ്വര സാക്ഷാത്കാരത്തിനായി പല ആചാരാനുഷ്ഠാനങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. റമദാൻ പുണ്യങ്ങളുടെ പെരുമഴക്കാലമാണ്. ഇസ്ലാം എന്ന പദം തന്നെ അർത്ഥമാക്കുന്നത് ദൈവത്തിന് സന്പൂർണ്ണമായി കീഴ്പ്പെട്ടു ജീവിക്കുക എന്നതാണ്. ഈ പുണ്യമാസത്തിൽ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും വിശ്വാസികൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശരീരത്തെയും മനസിനെയും ആത്മാവിനെയും കഴുകി, ശുദ്ധീകരിച്ച് വെടിപ്പാക്കി ദൈവ തൃപ്പാദങ്ങളിൽ സമർപ്പിക്കാൻ പരിശ്രമിക്കുന്ന കാലഘട്ടമാണ് നോന്പ്. ഖുറാനിലെ വചനങ്ങൾ ആദ്യമായി മുഹമ്മദ് നബിക്ക് വെളിപ്പെട്ട് കിട്ടിയത് റമദാനിലാണ്. ആരാധനയ്ക്കും കർമ്മാനുഷ്ഠാനങ്ങൾക്കുമൊപ്പം സാമൂഹിക ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ പ്രചോദനം നൽകുന്ന അവസരമാണ് നോന്പ്. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും പരസ്പര സ്നേഹവും പരസ്പര ബഹുമാനവും വളർത്തിയെടുക്കുവാനും മാനവരാശിക്ക് ശാപമായിരിക്കുന്ന ഭീകരതയും വിദ്വേഷവും വെറുപ്പും പകയും ഇല്ലാതാക്കുവാനും മനഃപൂർവ്വമായി പരിശ്രമിക്കേണ്ടതും നമ്മുടെ കടമയാണ്. എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും ഏവരെയും സഹോദരങ്ങളായി കാണുവാനുമുള്ള ഹൃദയ വിശാലതയും നാം വളർത്തിയെടുക്കണം.
ഉപവാസത്തിലൂടെ ഭക്തൻ സൃഷ്ടാവിന്റെ സാമീപ്യത്തിന്റെ ധന്യത അനുഭവിക്കുകയും സ്നേഹത്തിന്റെ ഊഷ്മളത രുചിച്ചറിയുകയും ചെയ്യാൻ ഇടയാക്കുന്നു. ശരീരത്തിന്റെ മേൽ ആത്മാവിന്റെ വിജയം സാധ്യമാക്കുന്നതാണ് ഉപവാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും മനസിനെ ദൃഢപ്പെടുത്തി ദൈവത്തിങ്കലേയ്ക്ക് ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തി ആത്മനിർവൃതി നേടുവാൻ നോന്പ് നമ്മെ സഹായിച്ചു. ഭൗതിക വിഷയങ്ങളിൽ നിന്നും പിന്മാറി മനസിനെ ഏകാഗ്രമാക്കി പാപങ്ങൾ ഏറ്റുപറഞ്ഞ് അനുതപിച്ച് ശുദ്ധീകരണം പ്രാപിക്കുവാൻ നോന്പിന്റെ നാളുകൾ സഹായകരമാണ്. ഉപവാസം മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടിയാവരുത്. എന്നാൽ ഭക്തിയോടെ, വിശുദ്ധിയോടെ, നിർമ്മലതയോടെ, ആത്മാർത്ഥതയോട, ജാഗ്രതയോടെ അനുഷ്ഠിക്കേണ്ട കർമ്മമാണ്. നോന്പ് അനുഷ്ഠിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഉപവാസത്തിലൂടെ ഭക്ഷണത്തിന്റെ വിലയറിയാനും ഇല്ലായ്മയുടെ വേദന ഉൾക്കൊള്ളുവാനും നമ്മെ സഹായിക്കുന്നു. ദൈവം തന്ന വിഭവങ്ങൾ പാഴാക്കിക്കളയുവാനുള്ളതല്ല. ആവശ്യത്തിലിരിക്കുന്ന, വിശക്കുന്നവന്റെ, സാധുക്കളുടെ, ദരിദ്രരുടെ, അനാഥരുടെ വളർച്ചയ്ക്കായി മനസോടെ പങ്കു വെക്കുവാൻ ൈദവം നമ്മെ ഏൽപ്പിച്ചിരിക്കുന്നതാണ്. ഖുർആൻ ഇപ്രകാരം പറയുന്നു. “ആത്മാവിനെ ശുദ്ധീകരിച്ചവർ വിജയിച്ചിരിക്കുന്നു; തീർച്ച, അതിനെ കളങ്കപ്പെടുത്തിയവർ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.” ആത്മശുദ്ധീകരണം പ്രാപിച്ച് ദൈവ കാര്യങ്ങളിൽ അഭയം പ്രാപിക്കാൻ ഈ പുണ്യമാസം നമ്മോട് ആവശ്യപ്പെടുന്നു.
ക്ഷമയും, സഹനവും, കരുണയും, ദയയും, വിനയവും വളർത്തിയെടുക്കുവാൻ നോന്പ് സഹായിക്കുന്നു. ഉണർവോടെ, ചൈതന്യത്തോടെ, പ്രാർത്ഥനയോടെ, ആരാധനയോടെ, ദൈവത്തോട് കൂടുതൽ അടുത്ത് ഇടപെടുവാൻ നോന്പ് നമ്മെ സഹായിക്കുന്നു. നിർമ്മല മനസോടെ, ഭയ − ഭക്തിയോടെ ദൈവത്തെ ആരാധിക്കുവാൻ വിശ്വാസികൾ സമയം കണ്ടെത്തുന്ന പുണ്യമാസമാണ് റമദാൻ. സമാധാനത്തിന്റെ ദൂത് വാഹകരായി സഹജീവികളോടുള്ള കരുണയും സഹാനുഭൂതിയും, സ്നേഹവും നിലനിർത്തുവാനും നാം പരിശ്രമിക്കേണ്ടതാണ്. ശാന്തിയും ഐശ്വര്യവും മാനവ
രാശിക്ക് മുഴുവൻ ലഭ്യമാകുവാൻ സൃഷ്ടാവിനോട് നമുക്ക് പ്രാർത്ഥിക്കാം.
കനിവിന്റെ കരങ്ങൾ സഹജീവികൾക്ക് നേരെ നീട്ടുവാൻ ഈ നോന്പിന്റെ നാളുകളിൽ നമുക്ക് പരിശ്രമിക്കാം. പൂർവ്വീകർ കാട്ടിത്തന്ന നന്മയുടെ വഴിയേ സഞ്ചരിച്ച് വരും തലമുറയ്ക്ക് മാതൃകയാവാം. ഇരുട്ടു പരക്കാതെ ഒരു വെളിച്ചത്തിന്റെ കൈത്തിരി തെളിയിക്കാം. ഏവർക്കും ഈദുൽഫിത്തർ ആശംസകൾ.