യോഗയും അന്താരാഷ്ട്ര യോഗ ദിനാചരണവും
സുമ സതീഷ്
ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന രാജ്യമാണ് ഭാരതം. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന വേദ മന്ത്രോച്ഛാരണം അതിനൊരു ഉദാഹരണമാണ്. ലോകജനതയുടെ ഏതു വിഷയങ്ങളുടെയും അറിവിന്റെ സ്രോതസ്സ് എന്നും ഇന്ത്യ തന്നെയാണ്. ഭാരതീയ പൗരാണിക ആരോഗ്യ പരിപാലന സന്പ്രദായങ്ങളിലെ ‘യോഗ’, ആയുർവേദം കഴിഞ്ഞാൽ, ഭാരതം ലോകത്തിന് നൽകിയ സംഭാവനകളിൽ ഒന്നാണ്. യോഗ എന്ന വാക്കിന്റെ അർത്ഥം ‘യോജിപ്പ്’ (ഐക്യം) എന്നാണ്. യോഗയിലൂടെ ശരീരവും, മനസും ശ്വാസവും ഒത്തുചേരുന്നു. ‘യുജ്’ (Union) എന്ന സംസ്കൃത പദത്തിൽ നിന്നാണ് ‘യോഗ’ ഉടലെടുത്തത്. വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന−മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരന്പരകൾക്കു പകർന്നു കിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോല ഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. അയ്യായിരം വർഷത്തിലേറേ പഴക്കമുള്ള ഭാരതത്തിന്റെ പൗരാണിക പാരന്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ഒരുമ, ചിന്ത, പ്രവൃത്തി, സന്തുലിതാവസ്ഥ എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടു കൂടി പതഞ്ജലി മഹർഷി രചിച്ച ‘അഷ്ടാംഗയോഗ’ എന്ന ആധികാരിക ഗ്രന്ഥത്തിൽ യോഗദർശനങ്ങളെ 194 സൂത്രങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. യോഗ കൊണ്ട് മനസിന്റെയും വ്യാകരണം കൊണ്ട് ഭാഷയുടെയും ആയുർവേദം കൊണ്ട് ശരീരത്തിന്റെയും മാലിന്യങ്ങളും വൈകല്യങ്ങളും അകറ്റിയ മുനിശ്രേഷ്ഠരായ മഹർഷിമാരെ വണങ്ങി കൊണ്ട്..... തുടരട്ടെ....
മനസിൽ നിന്നും അല്ലെങ്കിൽ ശരീരത്തിൽ നിന്നും ആത്മാവിലേക്കുള്ള ദൂരം ദൈർഘ്യമേറിയതാണ്. യോഗയുടെ ആത്യന്തികമായ ലക്ഷ്യം എന്നു പറയുന്നത് ആത്മീയതയുടെ തലപ്പത്തെത്തുക എന്നുള്ളതാണ്. ആയുസും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതു മാത്രമാണ് യോഗയിലൂടെ സാധ്യമാകുന്നത് എന്നൊരു ധാരണ പ്രചരിക്കപ്പെടുന്നത് യോഗാ ആചാര്യന്മാരെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നുണ്ട്. ആരോഗ്യവും മനഃശാന്തിയും ചിട്ടയുള്ള ജീവിത രീതിയും കൂടി നേടിയെടുക്കാൻ യോഗയിലൂടെ നമുക്കു സാധിക്കുന്നു. ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു വ്യായാമ− മാർഗമാണിത്. ക്രമമല്ലാത്തതും നിയന്ത്രണമില്ലാത്തതുമായ ഭക്ഷണരീതികളെയും ദിനചര്യകളെയും നിയന്ത്രണാധീനമാക്കാൻ യോഗയിലൂടെ സാധിക്കുക വഴി പല രോഗങ്ങൾക്കും ശമനം കാണാൻ സാധ്യമാകുന്നു. അതുകൊണ്ടുതന്നെ ആധുനിക ചികിത്സാ സന്പ്രദായങ്ങളുടെ ഭാഗമായി യോഗയെ പ്രയോജനപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.
തിരക്കുപിടിച്ച ജീവിതരീതിയും മത്സര ബുദ്ധിയും കടുത്ത മാനസിക സമ്മർദ്ദവും കൈമുതലായുള്ള ആധുനിക കാലത്തിനു അവശ്യം വേണ്ട ഒന്നാണ് യോഗ. മാനസിക പിരിമുറുക്കത്തിന് അയവു വരുത്താൻ യോഗയ്‌ക്കുള്ള കഴിവ് അവിശ്വസനീയമാണ്. യോഗ അനുഷ്ഠിക്കുക വഴി മനസിനും ശരീരത്തിനും ഉത്സാഹവും ഉന്നമനവും ലഭിക്കുന്നു. ഏതൊരു കർമ്മമായാലും ദൈവികമായ അർപ്പണത്തോടെ ചെയ്യുവാൻ ശീലിക്കുന്നതിലൂടെ നന്മ മാത്രം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു. അതുവഴി ജീവിതം ആരോഗ്യവും സമാധാനവും സന്തോഷവും നിറഞ്ഞതും, സഹജീവികളോട് സ്നേഹവും കരുണയും ദയയുള്ളവരുമാകുന്നു. മനസിനെ നിയന്ത്രണ വിധേയമാക്കാൻ യോഗ പരിശീലനത്തിൽ പ്രാർത്ഥനയും ധ്യാനവും നിർബന്ധമാക്കാറുണ്ട്. കണ്ണുകൾ അടച്ച് വെച്ച് നട്ടെല്ല് നിവർത്തി സുഖാസനത്തിലോ പത്മാസനത്തിലോ വജ്രാസനത്തിലോ ഇരുന്ന് പ്രാർത്ഥിക്കാം. മനസിന്റെ വികേന്ദ്രീകരണമാണ് ഒരു തരത്തിൽ ധ്യാനം (Meditation), വികേന്ദ്രീകരണത്തിലൂടെ മനസിനെ ഏകീകൃതമാക്കുകയാണ് ഫലത്തിൽ ധ്യാനത്തിലൂടെ സാധ്യമാകുന്നത്. ഒരു ബിന്ദുവിലോ വസ്തുവിലോ വിഷയത്തിലോ മാത്രം മനസിനെ കേന്ദ്രീകരിച്ചും ധ്യാനം നടത്താറുണ്ട്.
യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. ഈ എട്ടു പരിശീലനങ്ങളിലൂടെ ജീവിതത്തിനു പുതിയ മാനം കൈവരുന്നു. ശാരീരികമായും മാനസികമായും ഉല്ലാസം ലഭിക്കുകയും നല്ല ചിന്തകളും കൂർമ്മ ബുദ്ധിയും ഉണരുവാനും സദാ ഉന്മേഷവാനായിരിക്കുവാനും സാധിക്കുന്നു. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുന്പായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്.
യമം: −− ആത്മ നിയന്ത്രണമാണ് യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അഹിംസ-മനസുകൊണ്ടും, പ്രവർത്തികൊണ്ടും യാതൊന്നിനെയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സത്യം-എന്ന് പറയുന്നത്, നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം എന്ന് തന്നെയാണ്. അതിനു മറ്റൊരു നിർവചനം ഇല്ല. ആസ്തേയം-−അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം കൊണ്ട് അർത്ഥമാക്കുന്നത്. അപരിഗ്രഹം-−−അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത് അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അർത്ഥമാക്കുന്നത്. ബ്രഹ്മചര്യം−−-എന്നാൽ മനസുകൊണ്ടോ പ്രവർത്തികൊണ്ടോ യാതൊന്നിനെയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.
നി-യമം:- ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്, പ്രണീധാനം, സ്വാദ്ധ്യായം, എന്നിവയടങ്ങിയിരിക്കുന്നു, ശൗചം-−−ശരീരം−, വാക്ക്, വിചാരം, പ്രവൃത്തി എന്നിവ ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. സന്തോഷം-ദുശ്ശീലവും ദുർവിചാരങ്ങളും, ദുഷ്പ്രവർത്തികളും ഇല്ലാതെ മനസിനെ നിഷ്കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക എന്നതാണ് സന്തോഷം കൊണ്ട് അർത്‍ഥമാക്കുന്നത്. തപസ്-കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകൾ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്. പ്രണീധാനം-−−ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. സ്വാദ്ധ്യായം-അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ, പിഴവുകൾക്കുള്ള പ്രായശ്ചിത്തം എന്നിവ കൂടി ചേർന്നതിനെ സ്വാദ്ധ്യായം എന്ന് പറയുന്നു.
ആസനം:− ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. മനസിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിവിധ തരം കായികാഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യോഗാസനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്. ആസനങ്ങൾ അനുഷ്ഠിക്കുന്പോൾ ശരീരം തറയിൽ തട്ടാതിരിക്കത്തക്ക വലിപ്പമുള്ള ഷീറ്റ് ഉപയോഗിക്കണം. യോഗാസനം, പ്രഭാത കൃത്യങ്ങൾക്കു ശേഷം ആഹാരത്തിനു മുന്നെയാണ് തുടങ്ങേണ്ടത്.
പ്രാ-ണാ-യാ-മം:− യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. ശ്വാസോച്ഛാസ ഗതികളെ നിയന്ത്രിക്കുന്നതിനെയാണ് പ്രാണായാമം എന്ന് പറയുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസോച്ഛ്വാസ പ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ− സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല. ഈ കുറവ് പരിഹരിക്കാൻ പ്രാണായാമം എന്ന അഭ്യാസത്തിനു കഴിയുന്നു. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. മനസും ശ്വാസവും പരസ്പര പൂരകങ്ങളാണ്. വികാരതീവ്രത മനസിനെ ബാധിക്കുന്പോൾ അത് ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയെയും മാറ്റുന്നതു നമുക്കറിയാം. ഇതിനെ നിയന്ത്രണ വിധേയമായാക്കാൻ പ്രാണായാമം കൊണ്ട് സാധ്യമാകുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക്, അതിൽ നിന്നും മോചനം നേടാനും മനസ് വൈകല്യങ്ങളിലേക്ക് വീണുപോകാതെ സ്ഥിരമാക്കി നിർത്താനും ഇതുകൊണ്ട് സാധ്യമാകുന്നു.
പ്രത്യാ-ഹാ-രം:− ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് പ്രത്യാഹാരം എന്ന് വിളിക്കുന്നു.
ധാ-രണ:- മനസിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു. പല പല കാര്യങ്ങളിലേക്ക് മാറി മാറി പോകുന്ന ചിന്തകളെ പിടിച്ചുനിർത്താനും ഒരേ കാര്യത്തിൽ ഏകാഗ്രമാക്കി നിർത്താനും ധാരണയിലൂടെ സാധ്യമാകുന്നു.
ധ്യാ-നം:- മനസിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
സമാ-ധി-:- ധ്യാനത്തിലൂടെയുള്ള പരിപൂർണ്ണ ജ്ഞാനാഗമനമാണ് സമാധി.
യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്.
ചരിത്രാതീത ഭൂതകാലത്തിലിരുന്ന് ഭാരതത്തിലെ മഹർഷിമാർ രൂപം നൽകിയ, മതങ്ങൾക്കു മുന്നേ ജനിച്ച യോഗയെ ലോകം അംഗീകരിക്കുന്നതിൽ അഭിമാനിക്കാം. രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, രമണ മഹർഷി, ശ്രീനാരായണഗുരു എന്നിവരാണ് ആധുനിക കാലഘട്ടത്തിലെ യോഗയുടെ ദാർശനികരായി അറിയപ്പെട്ടിരുന്നത്. എൺപതുകളിലെ യുക്തിബോധവും ധാർഷ്ട്യവും നമ്മുടെ സംസ്കാരത്തെ പൂർണ്ണമായും നഷ്ടപ്പെടുത്തി. അന്ധവിശ്വാസമെന്ന പേരിലുള്ള എതിർപ്പുകൾ അന്ധമാകാതിരിക്കാനും ശ്രദ്ധിക്കണമായിരുന്നു. അമൂല്യങ്ങളായ നമ്മുടെ വരദാനങ്ങൾ ഏറെയും വിദേശിയരാണ് പ്രായോഗികമാക്കുന്നതിൽ മുൻപന്തിയിൽ. സൂര്യ നമസ്കാരം ഒട്ടു മിക്ക വികസ്വര രാഷ്ട്രങ്ങളിലും ദിനചര്യയാക്കി. ഇതിലൂടെ ശരീരത്തിലെ 156−ഓളം ചലിക്കുന്ന സന്ധികൾക്ക് വ്യായാമം ലഭിക്കുന്നുണ്ട്. അമേരിക്കയിലെ 40വയസ്സിനു മുകളിലുള്ള 60 ശതമാനം വ്യക്തികളും സ്ഥിരമായി യോഗ പരിശീലിക്കുന്നവരാണ്. 30 മില്യൺ അമേരിക്കൻ പൗരന്മാർ കൃത്യമായി ഇന്ത്യൻ യോഗ പരിശീലിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇന്നു പല ഇന്ത്യൻ സംഘടനകളും ഭാരതത്തിന്റെ മൂല്യങ്ങളെ തിരിച്ചു പിടിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ട്.
ഉത്തരായാനന്ത ദിനമായ ജൂൺ 21, ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായതു കൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗത്തും ഈ ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട് എന്ന പ്രധാനമന്ത്രിയുടെ നിർദേശമാണ്, ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. അങ്ങിനെ 2015, ജൂൺ 21 സമാധാനത്തിന്റെ പുതു യുഗപിറവിയായി. ഭാരതീയ സംസ്കാരത്തെയും പാരന്പര്യത്തെയും ലോകമെന്പാടും അംഗീകരിക്കപ്പെടുന്ന ഒരു ദിനം!!. ന്യൂഡൽഹിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിനാചരണം ചരിത്ര സംഭവമായിരുന്നു. രാജ്പഥിൽ കുട്ടികളടക്കം ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. രാജ്യമെന്പാടുമായി ആയിരങ്ങൾ യോഗ അഭ്യസിച്ചു. ഇത്രയും വലിയ യോഗാഭ്യാസ പരിപാടി ലോകത്ത് തന്നെ ആദ്യമായതിനാൽ ഗിന്നസ് റിക്കാർഡിനും അർഹമായി. ഭാരതത്തിലെ പ്രധാന യോഗ ഗുരുക്കന്മാൻ പല വിദേശ രാജ്യങ്ങളിലും പോയി യോഗാഭ്യാസ പരിപാടി നയിക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര യോഗ ദിനത്തിൽ ജയിലുകളിൽ തടവുകാർക്ക് യോഗയും ധ്യാനവും ഏർപ്പെടുത്തിയിരുന്നു. ഭാരത സൈന്യവും പങ്കാളികളായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിൻ മഞ്ഞുമല മുതൽ ദക്ഷിണ ചൈന കടൽ വരെ യോഗയുടെ മഹത്വം പകരുകയായിരുന്നു സൈനികർ. പടക്കപ്പലുകളിലും സൈനിക ക്യാന്പുകളിലും അവർ ഒരേ മനസോടെ ലോകയോഗാദിനം ആചരിച്ചു. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര യോഗാദിനം, എംബസിയുടെയും ഭരണകൂടത്തിന്റെയും സഹകരണത്തോടെ ബഹ്റിനിലും മറ്റ് അറബ് രാഷ്ട്രങ്ങളിലും സമുചിതമായി ആഘോഷിച്ചു.
2016ലെ അന്താരാഷ്ട്ര യോഗാ ദിനത്തിനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയായി വരുന്നു. ബഹ്റിൻ− ഇന്ത്യൻ അംബാസിഡറും ആർട്ട് ഓഫ് ലിവിംഗ് അംഗങ്ങളും സമൂഹത്തിലെ യോഗ പ്രേമികളും, ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിനം ഭരണകൂടത്തിന്റെ അനുഗ്രഹത്തോടെ വിപുലമായി ആഘോഷിക്കുന്നതിനു ജൂൺ10−നു തന്നെ ആരംഭം കുറിച്ചിരിക്കുന്നു.
ശരീരവും, മനസും ആത്മാവും പ്രകൃതിയും സമന്വയിപ്പിക്കുന്ന ഈ മഹത്തായ ചിന്തകളിലെങ്കിലും നമുക്ക് മതം കലർത്താതിരിക്കാം. അഭിമാനിക്കാം ഭാരതം ലോകത്തിന് വഴികാട്ടിയാകുന്നതിൽ!!.