അയൽക്കാരന്റെ അവകാശങ്ങൾ


ബഷീർ വാ­ണി­യക്കാ­ട്

ഈയടുത്ത ദിവസം നാം പത്രങ്ങളിൽ വളരെ ദുഃഖകരമായ ഒരു വാർത്ത വായിച്ചിരുന്നു. സമൂഹത്തിൽ യാതൊരു ചലനവും ഉണ്ടാക്കാതെ, സോഷ്യൽ മീഡിയയിൽ ഓളങ്ങളുണ്ടാക്കാതെ ഒരു ചെറിയ വാർത്തയായി അത് വിസ്മൃതിയിലാണ്ടുപോയി. ഒരു പാവപ്പെട്ട ഉമ്മയും ഒരു പിഞ്ച് കുഞ്ഞും അയൽവാസിയുടെ പത്തടി ഉയരമുള്ള മതിൽ ഇടിഞ്ഞ്് ശരീരത്തിൽ പതിച്ച് അതിദാരുണമായി ചതഞ്ഞ്് മരിച്ചു.

ആ വാർത്ത വായിച്ചപ്പോൾ 1400 വർഷങ്ങൾക്ക് മുന്പ് ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി (സ) അരുളിയ ഒരു ഹദീസ് ആണ് ഓർമ്മ വന്നത്.

ഈ പുണ്യ റമദാനിൽ, കരുണ വറ്റിയ മനസ്സുകൾക്ക് ഉപകാരപ്പെട്ടേക്കാമെന്ന്‌ കരുതി അത് ഇവിടെ പങ്ക് വെക്കുന്നു. അയൽക്കാരന്റെ അവകാശങ്ങളെ കുറിച്ച് പ്രവാചകൻ പഠിപ്പിച്ച അനേകം ഹദീസുകളിൽ ഒന്ന് മാത്രമാണിത്.

“അംറുബ്നുബ്നു ശുഐബ് (റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു.

തന്റെ കുടുബത്തിനും സന്പത്തിനും ഉണ്ടാകുന്ന നഷ്ടം ഭയന്ന് അയൽക്കാരന് നേരെ വാതിൽ കൊട്ടിയടക്കുന്നവൻ സത്യവിശ്വാസിയല്ല. ഏതൊരുവന്റെ ഉപദ്രവത്തിൽ നിന്ന് അയൽക്കാരൻ നിർഭയനല്ലയോ അവനും വിശ്വാസിയല്ല. അയൽക്കാരനോടുള്ള ബാധ്യതകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് അറിയുമോ?

അവൻ നിന്നോട് സഹായമർത്ഥിച്ചാൽ അവനെ സഹായിക്കണം. കടം ചോദിച്ചാൽ കൊടുക്കണം. (പറഞ്ഞ അവധിക്ക് തിരിച്ച് തരുന്പോൾ) അവൻ അത്യാവശ്യക്കാരനാണെങ്കിൽ അത് അവന് തന്നെ തിരികെ കൊടുക്കുക. രോഗിയായാൽ അവരെ സന്ദർശിക്കുക. അവന് വല്ല നന്മയും കൈവന്നാൽ ആത്മാർത്ഥമായി ആശംസിക്കുക. അവർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്പോൾ ആശ്വസിപ്പിക്കുക. മരണപ്പെട്ടാൽ ജനാസയെ അനുഗമിക്കുക. അവന്റെ അനുവാദമില്ലാതെ കെട്ടിടമുയർത്തി നീ അവന്റെ വീട്ടിലേയ്ക്കുള്ള വായു സഞ്ചാരം തടസ്സപ്പെടുത്തരുത്. നിന്റെ കറിയിൽ നിന്ന് ഒന്നും നൽകാതെ അതിന്റെ മണം മാത്രം പരത്തിക്കൊണ്ട് നീ അവനെ ഉപദ്രവിക്കരുത്. നീ പഴങ്ങൾ വാങ്ങിയാൽ അതിന്റെ ഒരു വിഹിതം അവനും നൽകുക. അതിന് സാധ്യമല്ലെങ്കിൽ നീ അത് സ്വകാര്യമായി ഭക്ഷിക്കുക. അതുമായി നിന്റെ മകൻ പുറത്ത് പോയി അത് കണ്ട് അവന്റെ മകൻ പ്രയാസപ്പെടാൻ ഇടവരരുത്”.

യാതൊരു വിശദീകരണവും ആവശ്യമില്ലാത്ത ഒരു നബി വചനമാണിത്. ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ആ അയൽക്കാരന്റെ ജാതിയോ മതമോ വർണ്ണമോ ദേശമോ ഭാഷയോ പ്രവാചകൻ പരാമർശിച്ചില്ലെന്നതാണ്. എട്ടും പത്തും അടി ഉയരത്തിൽ മതിൽ കെട്ടി അയൽക്കാരന്റെ മനസ്സും ശരീരവും അകറ്റി നിർത്തുന്ന ആധുനിക മനുഷ്യൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ച ആ പ്രവാചകനെ മാതൃകയാക്കിയാൽ ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പാട് സമസ്യകൾക്ക് പരിഹാരമാകും.

You might also like

Most Viewed