ഒബാമ-ട്രംപ്


വി.ആർ.സത്യദേവ്

 

അമേരിക്ക ഇതുവരെ കാണാത്ത തരത്തിലുള്ള പ്രസിഡണ്ട് തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന വിശേഷണം പറഞ്ഞു പഴകിയിരിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പു രംഗത്തു നിന്നുള്ള പുതിയ വിശേഷങ്ങൾ ഈ വിശേഷണം ആവർത്തിക്കാൻ നിർബന്ധിതമാക്കുന്നു. പോരു മുറുകുകയും പോരാട്ട രംഗത്ത് ഇരുപക്ഷങ്ങളിലായി രണ്ടു പേർമാത്രം അവശേഷിക്കുകയും ചെയ്യുന്പോൾ ചിത്രം കൂടുതൽ വ്യക്തമാവുകയും ചെയ്യുന്പോൾ അപൂർവ്വങ്ങളിൽ അത്യപൂർവ്വമാവുകയാണ് ഈ തിരഞ്ഞെടുപ്പ്. ഇപ്പോൾ ഫലത്തിൽ നിലവിലുള്ള പ്രസിഡണ്ട് ബറാക് ഒബാമയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വ പോരാട്ടത്തിലെ മുന്പൻ ഡൊണാൾഡ് ട്രംപും തമ്മിലായിരിക്കുന്നു എന്നതാണ് കൗതുകം. കഴിഞ്ഞയാഴ്ചയായിരുന്നു പ്രസിഡണ്ട് ഒബാമ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനുള്ള ഹിലരി ക്ലിൻ്റൻ്റെ സ്ഥാനാർത്ഥിത്വത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി മൽസരിക്കുന്ന ട്രംപിനെതിരേ കടുത്ത ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഒബാമ ഹിലരിയുടെ പ്രചാരണത്തിൽ സജീവമാകുമെന്ന് അന്നു തന്നെ അറിയിച്ചിരുന്നു. എന്നാൽ ഒറ്റയാഴ്ചക്കുള്ളിൽ മൽസരം ഒബാമയും ട്രംപും തമ്മിൽ എന്നതാകും സ്ഥിതിയെന്ന് അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. 

വാക് പോര് പ്രസിഡണ്ടും പ്രസിഡണ്ട് സ്ഥാനാർത്ഥിത്വ കാംഷിയും തമ്മിലായിരിക്കുന്നു. ആഗോള തലത്തിലെ അമേരിക്ക, പൗരത്വം, സാന്പത്തിക നയം, മുസ്ലീങ്ങളോടുള്ള നിലപാട് എന്നിത്യാദി കാര്യങ്ങളിലെല്ലാം ഇരുവരും തങ്ങളുടെ നിലപാടുകളിലെ വ്യത്യാസങ്ങളുടെ പേരിൽ വാക് പോരും ആരോപണങ്ങളും തുടരുകയാണ്. ഇത് അധിക്ഷേപത്തിൻ്റെ വക്കോളമെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പുറം ലോകത്തിന് ഇത് തികച്ചും പുതുമയാണ്. സാധാരണ ഗതിയിൽ സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡണ്ടുമാ‌ർ ഇത്തരത്തിൽ തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെടാറില്ല. പലപ്പോഴും അത്ര മികച്ച പ്രതിച്ഛായയോടെയല്ല അവരൊന്നും അധികാരമൊഴിയാറുള്ളത് എന്നതു തന്നെയാണ് ഇതിനു കാരണം. രണ്ടാം ലോക യുദ്ധത്തിനു ശേഷം രണ്ടാമതൊരു തവണകൂടി പ്രസിഡണ്ടു സ്ഥാനത്തെത്തിയവരുടെ എണ്ണം വളരെ കുറവാണ്. ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിൻ്റൺ, റൊണാൾഡ് റീഗൻ, ഡ്വൈറ്റ് ഐസൻഹോവർ എന്നിവരാണ് ഇക്കാര്യത്തിൽ ഒബാമയുടെ മുൻഗാമികൾ. രണ്ടാം വട്ടത്തിനൊടുവിലും ഒബാമയുടെ ജനപ്രീതി 50 ശതമാനത്തിൽ അധികമാണ്. ഇതാണ് ഇത്തവണത്തെ പോരിലും പ്രസിഡണ്ടിൻ്റെ വാക്കുകൾക്കും നിലപാടുകൾക്കുമുള്ള പ്രാധാന്യം. ഈ ജനപ്രീതി റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉപകരിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രചാരണ പരിപാടികളിലെ ഒബാമയുടെ ഇടപെടലുകൾ. 

എന്നാൽ ഇതിനൊരു മറുവശവുമുണ്ട്. ഹിലരിക്ക് ഒബാമ പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ട്രംപിൻ്റെ പ്രതികരണം ഇതിലേക്കുള്ള സൂചനയായിരുന്നു. തൻ്റെ നിലപാടുകളും നയവും തുടരാനുള്ള താൽപ്പര്യത്തോടെയാണ് ഒബാമ ഹിലരിയിലൂടെ റിപ്പബ്ലിക്കൻ ഭരണത്തുടർച്ചക്കു ശ്രമിക്കുന്നത് എന്നതായിരുന്നു ട്രംപിൻ്റെ ആരോപണം. അതിനോട് ശരാശരി അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നു കണ്ടു തന്നെ അറിയണം. ഈ നിലപാടുകൾക്കും നയങ്ങൾക്കുമൊക്കെ പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ് ഒർലാൻഡോ വെടിവെപ്പ്. 

അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ പ്രമുഖ നഗരമാണ് ഒർലാൻഡോ. ഒർലാൻഡോയിലെ ഒരു നൈറ്റ് ക്ലബ്ബിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ദാരുണ സംഭവം അമേരിക്കയെ പല പുനർവിചിന്തനങ്ങൾക്കു നിർബന്ധിതമാക്കിയിരിക്കുകയാണ്. അമേരിക്ക മാറിച്ചിന്തിക്കുന്പോൾ ഒബാമയുടെ നിലപാടുകൾ ഹിലരിയെ സഹായിക്കുമോ അതവർക്ക് ദോഷമാകുമോ എന്നും കണ്ടു തന്നെയറിയണം. ഒബാമയ്ക്കെതിരെയുള്ള ട്രംപിൻ്റെ ആരോപണങ്ങളെയും ഇതോടു ചേർത്തു വായിക്കണം. അമേരിക്കയെ ദുർബ്ബലപ്പെടുത്താനാണ് യഥാർത്ഥത്തിൽ ഒബാമയുടെ ശ്രമം എന്നാണ് ട്രംപിൻ്റെ പ്രധാന ആരോപണം. ഒബാമയ്ക്ക് ശക്തിയും സാമർത്ഥ്യവും അവശ്യത്തിനില്ല. അദ്ദേഹത്തിന് ഗൂഢ ലക്ഷ്യങ്ങളാണുള്ളതന്ന മുന വച്ച ആരോപണവും ഒപ്പമുണ്ട്. ഒരു പടി കൂടിക്കടന്ന് അദ്ദേഹം രാജ്യദ്രോഹിയാണെന്നു തന്നെ പറഞ്ഞു വെയ്ക്കാനും ട്രംപ് മടിക്കുന്നില്ല. രഹസ്യമായല്ല പ്രശസ്തമായ അസോസിയേറ്റ് പ്രസ്സിനയച്ച ഒരു കുറിപ്പിലായിരുന്ന ട്രംപ് ഒബാമയെ രാജ്യദ്രോഹിയെന്നു വിശേഷിപ്പിച്ചത്. ട്രംപ് ഇതിനും അതിനപ്പുറവും പറയുമെന്ന് അമേരിക്കയ്ക്ക് അറിയുകയും ചെയ്യാം. 

വാസ്തവത്തിൽ ട്രംപ് − ഒബാമ ഏറ്റുമുട്ടലുകൾക്ക് അരദശാബ്ദത്തെ പഴക്കമുണ്ട്. 2011ലായിരുന്നു പ്രസിഡണ്ട് ഒബാമയുടെ ജനന സർട്ടിഫിക്കറ്റ് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. ഒബാമ ജനിച്ചത് അമേരിക്കയിലല്ല എന്നായിരുന്നു ട്രംപിൻ്റെ ആരോപണം. അമേരിക്കയിൽ ജനിക്കാത്തയാൾക്ക് രാജ്യത്തിൻ്റെ പ്രസിഡണ്ടാവാൻ കഴിയില്ല. സ്ഥാനം പോലും നഷ്ടപ്പെടുത്താവുന്ന ആരോപണമുന്നയിച്ചയാളോട് ഒബാമ പൊറുക്കില്ലെന്നുറപ്പ്. അക്കൊല്ലം തന്നെ നടന്ന ഒരു ചടങ്ങിൽ ട്രംപിനെ വെറുമൊരു കോമാളിയെപ്പോലെ ചിത്രീകരിച്ച് ഒബാമ വിരോധം പരസ്യമാക്കുകയും ചെയ്തു. ഈ അപമാനിക്കലാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്.  അതുകൊണ്ടുതന്നെ ഒബാമയ്ക്കെതിരെ ശബ്ദമുയർത്താനുള്ള ഒരവസരവും ട്രംപ് വേണ്ടന്നു വച്ചിട്ടില്ല. ഒബാമ രാജ്യത്തെ വെട്ടിമുറിച്ച് ലേലം ചെയ്യുകയാണെന്ന് ട്രംപ് പറയുന്നു. അതി തീവ്ര ദേശീയതയും കടുത്ത ഇസ്ലാം വിരുദ്ധതയുമൊക്കെയാണ് ട്രംപിൻ്റെ നിലപാടുകൾ. കടുത്ത റിപ്പബ്ലിക്കൻമാർക്കും പോലും എളുപ്പം ദഹിക്കാത്ത അദ്ദേഹത്തിൻ്റെ നിലപാടുകൾ ഇഷ്ടപ്പെടുന്നവർ രാജ്യത്ത് ഏറെയാണ്. സമീപകാല സംഭവങ്ങളാകട്ടെ വർണ്ണ, വർഗ്ഗാതീത ചിന്തയും പ്രവർത്തിയും പുലർത്തുന്നവരെ നിരാശപ്പെടുത്തുന്നതുമാണ്. അതിലൊന്നായിരുന്നു മേൽപ്പറഞ്ഞ ഒർലാൻഡോ വെടിവെപ്പ്. ഒർലാൻഡോയിലെ ഒരു നിശാക്ലബ്ബിൽ ഒരു ആഘോഷത്തിനിടെ തോക്കേന്തിയ അക്രമി നടത്തിയ കൂട്ടക്കുരുതിയിൽ പൊലിഞ്ഞത് ആകെ 50 ജീവനുകളാണ്. സ്വവർഗ്ഗാനുരാഗികളുടെ ആഘോഷത്തിനിടെയായിരുന്നു അക്രമം. സ്വവർഗ്ഗാനുരാഗികളോടുള്ള സമീപനം, തോക്ക് ലൈസൻസിംഗ്, ഇസ്ലാമിക സമൂഹത്തോടുള്ള സമീപനം എന്നീ കാര്യങ്ങളിലൊക്കെ രാജ്യത്തിൻ്റെ നിലപാടിനെ ഈ വെടിവെയ്പ്പ് നേരിട്ടു തന്ന സ്വാധീനിക്കും.

സ്വവർഗ്ഗാനുരാഗത്തോടുള്ള കടുത്ത എതിർപ്പു മൂലമായിരുന്നു ക്ലബ്ബിലെ ആക്രമണം എന്നാണ് വിവരം. സെൻ്റ് ലൂയിസ് സ്വദേശിയായ ഒമാർ മതീൻ എന്ന യുവാവായിരുന്നു അക്രമി. കടുത്ത യാഥാസ്ഥിതികനായ ഒമാർ ഈ നിലപാടുകളുടെ പേരിൽ പൊലീസിൻ്റെ നോട്ടപ്പുള്ളിയായിരുന്നു. ഇക്കാര്യങ്ങളുടെ പേരിൽ സഹപ്രവർത്തകരോടും പരിചയക്കാരോടുമൊക്കെ ഇയാൾ കടുത്ത അസഹിഷ്ണുത പുലർത്തിയിരുന്നു. അതിനുമപ്പുറം രാജ്യാന്തര തീവ്രവാദത്തിൻ്റെ ഇപ്പോഴത്തെ നടുനായകരായ ഇസ്ലാമിക് േസ്റ്ററ്റുമായി ഇയാൾക്ക് അടുത്ത ബന്ധങ്ങളുണ്ടായിരുന്നു എന്നും കണ്ടത്തിയിട്ടുണ്ട്. ഐ.എസ് പ്രമുഖനായ മൊഹമ്മദ് അബു സാലെയാണ് ഇതിലൊരാൾ. സിറിയയിൽ ഐ.എസ്സിനു വേണ്ടി ചാവേറായ വ്യക്തിയാണ് അബു. പുരുഷന്മാരുടെ ചുംബനത്തിലുള്ള ഒമാറിൻ്റെ പ്രതിഷേധം അക്രമത്തിലേക്കു തിരിഞ്ഞതോടെ 2013ൽ രണ്ടുതവണ പോലീസ് ഇടപെടലുണ്ടായിരുന്നു. രണ്ടു തവണ വിവാഹിതനായ വ്യക്തിയായിരുന്നു 29കാരനായ ഒമാർ. ഇതിൽ രണ്ടാം ഭാര്യയ്ക്ക് ഒർലാൻഡോ ആക്രമണത്തെ പറ്റി അറിയാമായിരുന്നു എന്നാണ് റിപ്പോർട്ട്. 49 പേരെ കാലപുരിക്കയച്ച വെടിവെപ്പിനൊടുവിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒർലാൻഡോ തീവ്രവാദിക്കും ഒടുക്കമായി.

ഏതായാലും തൻ്റെ നിലപാടുകൾ ശരിയാണെന്നു തെളിയിക്കുന്നതാണ് ഒർലാൻഡോ ആക്രമണം എന്നതായിരുന്നു സംഭവത്തെക്കുറിച്ചുള്ള ട്രംപിൻ്റെ ദ്രുത പ്രതികരണം. 9/11 ലോക വ്യാപാര കേന്ദ്രം ആക്രമണങ്ങൾക്കു ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ തീവ്രവാദിയാക്രമണമാണ് ഒർലാൻഡോയിൽ ഉണ്ടായത്.  മുസ്ലീം സംരക്ഷക സ്ഥാനം സ്വന്തമാക്കാനിറങ്ങിയ ഹിലാരിയെയാവട്ടെ ഒമാറിൻ്റെ പാതകം സമ്മർദ്ദത്തിലുമാക്കിയിരിക്കുന്നു. അക്രമത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ അവരും നിർബന്ധിതയായിരിക്കുന്നു. അരാജകത്വത്തിനെതിരേ ശക്തമായ നടപടികളുണ്ടാവണമെന്നതാണ് ഹിലരിയുടെ നിലപാട്. സ്വവർഗ്ഗാനുരാഗികളുടെയും സ്ത്രീകളുടെയും സംരക്ഷകസ്ഥാനത്തെചൊല്ലിയും വാക്പോരു തുടരുകയാണ്.   തോക്കുപയോഗ കാര്യത്തിലും തോക്ക് സൈസൻസിംഗിൻ്റെ കാര്യത്തിലുമൊക്കെ ഈ പോരു തുടരുന്നു. വൻ തോക്കുകൾ വാക്പോരു തുടരുന്പോഴും തിരഞ്ഞെടുപ്പിൽ എന്തും സംഭവിക്കം എന്നതു തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി.  

You might also like

Most Viewed