ദഫ് കൊട്ടി പാടുന്ന കീർത്തനങ്ങൾ
മണിലാൽ
ഇദ്ദുനിയാവില് ഏറ്റവും നല്ല മനുസനാര്, എന്ന ചോദ്യത്തിന് ഇപ്പോൾ മുസ്ലിംലീഗുകാർക്കിടയിൽ പക്ഷാന്തരങ്ങളില്ല. പിണറായി വിജയൻ മറ്റാര്? ‘ഇതിലും നല്ല പട്ട് സ്വപ്നങ്ങളിൽ മാത്രം’ എന്നു പറഞ്ഞപോലെ ഇതിലും നല്ല മനുസൻ ദുനായിവിലില്ല. ഇനിയിപ്പം സ്വപ്നങ്ങളിലൊക്കെ വരുന്ന മലക്കുകളൊക്കെ ഉണ്ടാവാം. പക്ഷേ അവരാരും മനുസരല്ലല്ലോ. ഇനിയിപ്പം ലോകത്തിലെ ഏറ്റവും ബെടക്ക് മനുസനാര് എന്ന് ചോദിച്ചാലും ലീഗുകാർക്ക് ഉത്തരമുണ്ട്. വി.എസ് അച്യുതാനന്ദൻ അല്ലതാര്? ഈയുത്തരം ഇപ്പോഴുണ്ടായതല്ല. അന്നും ഇന്നുമൊക്കെ ലീഗിന് ഈയൊരു ഉത്തരം മാത്രമാണുണ്ടായിരുന്നത്. പിണറായി വിജയനെ കുറിച്ച് തങ്ങൾ ഇതിപ്പം പുതുതായി പറയുന്നതൊന്നുമല്ല. പണ്ടും ഞങ്ങളീ അഭിപ്രായക്കാരാണ്. അച്യുതാനന്ദൻ എന്ന ഇബിലീസിനെ പേടിച്ച് അതങ്ങ് പച്ചക്ക് പറഞ്ഞില്ലെന്ന് മാത്രമേയുള്ളൂ എന്നാണ് ലീഗുനേതാക്കന്മാരൊക്കെ സ്വകാര്യസംഭാഷണങ്ങളിൽ പറയുന്നത്. ദൈവത്തോടടുത്ത് നിൽക്കുന്ന അഹലുബൈത്തിൽ പെട്ടവരാണല്ലോ കുടപ്പനക്കുന്ന് തറവാട്ടുകാർ. അവരാണ് എന്നും മുസ്ലീംലീഗിന്റെ ആത്മീയാചാര്യന്മാർ. അവരു കഴിഞ്ഞാൽ തൊട്ടു താഴെയാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സ്ഥാനം. തക്കതായ സമയത്ത് യുക്ുതമായ തീരുമാനം തങ്ങളെടുക്കും എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞാൽ അപ്പോൾ മനസിലാക്കണം അദ്ദേഹത്തിന്റെ മനസിൽ ഒരു തീരുമാനമുണ്ടെന്ന്. തക്കതായ സമയത്ത് അത് തങ്ങളിലൂടെ പുറത്ത് വരികയും ചെയ്യും. പക്ഷേ അതത്ര വ്യകു്തമാകണമെന്നില്ല. അത് വ്യകു്തമാക്കുന്ന ചുമതല കുഞ്ഞാലിക്കുട്ടിക്കാണ്. അദ്ദേഹം വ്യകു്തമാക്കിയാൽ പിന്നെ അതാണ് പാർട്ടിനയം. തങ്ങൾ പ്രഖ്യാപിക്കുകയും കുഞ്ഞാലിക്കുട്ടി വ്യകു്തമാക്കുകയും ചെയ്തു കഴിഞ്ഞാൽ പിന്നെ കോഴിക്കോട് ലീഗ് ഹൗസിൽ ഹൈപ്പവർ കമ്മിറ്റി കൂടും. അന്ന് റോബിൻസൺ ക്രോസ് റോഡിൽ (ആർ.സി റോഡ്) ഗതാഗത നിയന്ത്രണം, ഫയർഫോഴ്സ്, ദുരന്ത നിവാരണ സേനയൊക്കെ നിലയുറപ്പിക്കും. ഹൈവോൾട്ടേജുകാരെ മുഖം കാണിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്ന് അനുയായികളെത്തും.
റോഡിൽ ഇറക്കുമതി ചെയ്ത, അടിച്ചു പരത്തിയ കാറുകൾ നിറയും. തങ്ങളെകണ്ട് കൈമുത്തിയാൽ അതിൽപ്പരം പുണ്യം മറ്റൊന്നുമില്ല. തങ്ങളുടെ തൊട്ടുപിന്നിലായി കുഞ്ഞാലിക്കുട്ടിയുണ്ടാകും. ആ കൈയും ഒന്ന് മുത്തും. പിന്നെ തങ്ങൾക്ക് വേണ്ടപ്പെട്ട ഹൈവോൾട്ടേജുകാരെയൊക്കെ കണ്ട് കൈ മുത്തി ബന്ധം ദൃഢമാക്കും. പിന്തുണയറിയിക്കും. അന്നും തലേന്നാളുമൊക്കെ സൈനുത്താത്ത സൈൻ കേഫിന്റെ പുറത്തെ വാതിൽ പൂട്ടിയിടും. കാരണം നാട്ടുകാർക്ക് വെച്ചു വിളന്പാൻ ആ വലിയ ഹോട്ടലിൽ അന്ന് ഇടമുണ്ടാവില്ല. സൈനുത്താത്ത അന്ന് ലീഗാഫീസിലേക്കുള്ള വിഭവങ്ങൾ തയ്യാറാക്കുകയായിരിക്കും. പണ്ടൊക്കെയാണെങ്കിൽ ഒറ്റ പന്തിക്ക് കോയി ബിരിയാണി വെച്ച് വിളന്പിയാൽ മതിയായിരുന്നു. ‘പോത്തുകൾ എത്തി തുടങ്ങി; ലീഗ് സമ്മേളനം നാളെ’ എന്ന് പത്രങ്ങൾ ലീഡു കൊടുത്ത കാലമൊക്കെ കഴിഞ്ഞു. 24 മണിക്കൂറും ലോകം ചുറ്റുന്ന, അറേബ്യൻ ഷെയ്ഖുമാരും ലോകത്താകെയുള്ള മുതലാളിമാരും കച്ചവടക്കാരുമൊക്കെയായി സകലവിധ ഇടപാടുകളും നടത്തുന്നവരുമാണ് ഇപ്പോഴത്തെ ലീഗ് നേതാക്കൾ. അവർക്കോരോരുത്തർക്കും എന്തൊക്കെ ഡിഷ് വേണം അതെങ്ങിനെയൊക്കെ വിളന്പണം എന്ന് സൈനുത്താത്തക്ക് നന്നായറിയാം. അറേബ്യൻ, ലെബനീസ്, ചൈനീസ്, കോണ്ടിനെന്റൽ തുടങ്ങി എല്ലാ ഡിഷുകളും അവർക്ക് മനഃപാഠമാണ്. അതുകൊണ്ട് അവരുടെ ഭക്ഷണത്തെപ്പറ്റി ഒരുമോശം അഭിപ്രായം ഇതുവരെ ലീഗ് ഹൗസിൽ നിന്നും ഉണ്ടായിട്ടില്ല. കമ്മിറ്റി തുടങ്ങിയാൽ കാര്യങ്ങളൊക്കെ വേഗം അവസാനിക്കും. തങ്ങൾ അദ്ധ്യക്ഷന്റെ കസേരയിൽ വന്നിരുന്നാൽ തൊട്ടടുത്ത ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് കാര്യങ്ങൾ ഡിക്റ്റേറ്റ് ചെയ്യും. മറ്റ് കമ്മിറ്റിക്കാർക്ക് കൈമുട്ടികളുടെ ചുമതലയേയുള്ളൂ. ഓരോ തീരുമാനത്തിനും കൈമുട്ടണം. ആർക്കെങ്കിലും കൈമുട്ടാൻ വൈമനസ്യമുണ്ടോ എന്നറിയാൻ കെ.പി.എ മജീദ് കുഞ്ഞാലിക്കുട്ടിയുടെ തൊട്ടടുത്ത സീറ്റിൽ അലർട്ടായി ഇരിക്കുന്നുണ്ടാവും. കൈയടിക്ക് ശക്തി പോരെങ്കിൽ മജീദ് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി. ചെറിയ പടവലാതി കഷായം കുടിച്ചവർക്ക് വിരേചനം വരുന്നതുപോലെ സെറസെറോ എന്ന് കൈയടി താനേ വരും. ഇ.ടി മുഹമ്മദ് ബഷീർ തങ്ങളുടെ വലതുഭാഗത്തെ കസേരയിലുണ്ടാവും. അവിടെ മൂപ്പർക്ക് പണിയൊന്നുമില്ല. വെറുതെ താഴോട്ടു നോക്കി ഇരുന്നാൽ മതി. കൈയടി തുടങ്ങുന്നതിന് മുന്പു തന്നെ ആപ്പീസ് ഗുമസ്തന്മാർ തടിച്ച പുസ്തകത്തിൽ തീരുമാനം േരഖപ്പെടുത്തും. കാലമെത്ര മാറിയിട്ടും ഹെപ്പവർ കമ്മിറ്റിയുടെ മിനുട്സിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പച്ച ബൈന്റിട്ട തടിച്ച പുസ്തകം തന്നെ. ഇപ്പോൾ കന്പ്യൂട്ടറും ക്യാമറയുമൊക്കെയുണ്ട്. അതൊക്കെ പ്രവർത്തിപ്പിക്കാൻ വാല്യേക്കാരുമുണ്ട്. അവരവരുടെ പണി ചെയ്യും പക്ഷേ പച്ച ബൈന്റിട്ട തടിച്ച പുസ്തകം തന്നെയാണ് ആധികാരിക രേഖ. ആദ്യം കടലാസിലാണ് എഴുതുക. അവ ഓരോന്നും കുഞ്ഞാലിക്കുട്ടി സാഹിബിന് ബോധ്യപ്പെട്ടാൽ കിത്താബിലാക്കും. അതിനിടിയിലൊരു ഒപ്പ് ചാർത്തിയാൽ ഹൈപ്പവർ കമ്മിറ്റി പിരിയും. അപ്പോഴേക്കും ഊട്ടുപുരയിൽ സൈനുത്താത്ത ഒരുക്കിയ വിഭവങ്ങൾ നിറയും. അത് കഴിക്കുവാൻ തങ്ങൾക്ക് വേണ്ടപ്പെട്ട മറ്റുള്ള ചില പ്രമാണിമാരും ഉണ്ടാകും. സ്ഥിരമായി ഇവിടെ ഫുഡ്‍ഡടിക്കുന്ന ചില മാധ്യമ പ്രവർത്തകരെ കുറിച്ച് കേട്ടിട്ടുണ്ട്. അത് കഴിഞ്ഞാൽ പുറത്തെ ഹാളിൽ കൂടി നിൽക്കുന്ന പത്രക്കാർക്കിടയിലേക്ക് നേതാക്കൾ വരും. തങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടൂ. കുഞ്ഞാലിക്കുട്ടി സാഹിബ് കാര്യങ്ങൾ ഹ്രസ്വമായി നിലന്പൂർ ഭാഷയിൽ പറയും. ഇ.ടി മുഹമ്മദ് ബഷീർ നല്ല ശുദ്ധ മലയാളത്തിൽ വിശദാംശങ്ങൾ നൽകും. ചോദ്യങ്ങൾക്ക് മറുപടി പറയും. പബ്ലിക്ക് റിലേഷൻ ചുമതലയുള്ളയാളാണ് ഇ.ടി മുഹമ്മദ് ബഷീർ. പഴയ അഖിലേന്ത്യാ ലീഗുകാരനായത് കൊണ്ട് ചില അസ്കിതകളൊക്കെ ഇപ്പോഴും ബഷീറിന് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇ.ടി ഈട്ടി തന്നെ. ബഷീറിന് അങ്ങിനെ എന്തും പറയാവുന്ന രീതിയൊന്നും ലീഗിലില്ല. തൊട്ടടുത്തായി സംഘടനാ ചുമതലയുള്ള കെ.പി.എ മജീദ് നിലയുറപ്പിക്കും. ചിലപ്പോൾ ചില ക്ലാരിഫിക്കേഷൻസൊക്കെ മൂപ്പരും നടത്തും. പക്ഷേ പത്രക്കാർക്ക് അതത്ര പഥ്യമാകില്ല. മറ്റൊന്നും കൊണ്ടല്ല ആ തുളുനാടൻ ഭാഷ ചിലപ്പോൾ അവർക്ക് ദഹിക്കില്ല. പിന്നെ ആളെ കാണുന്പോഴും ചില കൺഫ്യൂഷനുണ്ട്. ഇന്നലെ കണ്ടത് മജീദിന്റെ ഉപ്പയോ ഇക്കാക്കയോ മറ്റോ ആണോ എന്നൊരു കൺഫ്യൂഷൻ പത്രക്കാർക്കുണ്ടാകും. ഇന്നലെ കണ്ട മജീദ് നല്ല വെളുത്ത താടിയും മറ്റുമായി മൊയിലാർ ലുക്കിലാണെങ്കിൽ ഇന്ന് കാണുന്ന മജീദ് നന്നായി ൈഡ െചയ്ത്, വെട്ടിയൊതുക്കി കൃത്യമായി കത്തി െവച്ച് വടിച്ചൊപ്പിച്ച, താടിയൊക്കെയായി ഒരു മോഡേൺ മജീദായിരിക്കും. എന്നാലും പത്രക്കാരെ മുഖം കാണിച്ച് ഞാനാണ് ബഷീറിനെക്കാൾ വലിയ നേതാവ് എന്ന് ധ്വനിപ്പിച്ചേ അദ്ദേഹം പിൻവാങ്ങൂ. വൈകുന്നേരമാകുന്പോൾ ചാനലുകാരൊക്കെ ചർച്ചയ്ക്ക് വിളിക്കും. ഇ.ടി മുഹമദ് ബഷീറിനാണ് മാധ്യമങ്ങൾ മുൻഗണന നൽകുക. അദ്ദേഹം വെറേ ‘ബുക്ക്ഡ്’ ആണെങ്കിൽ കെ.പി.എ മജീദിനെ തന്നെ വിളിക്കും. അതുമല്ലെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണിയെ ഒക്കെ വിളിക്കും. ഇത്രയും സംഭവിക്കുന്പോഴേ ഒരു ഹൈപ്പവർ കമ്മിറ്റി സ്വാർത്ഥമാകൂ. മറ്റു പാർട്ടികളെപ്പോെല
യല്ല മുസ്ലീംലീഗ്. മറ്റെല്ലാ പാർട്ടികളും അഖിലേന്ത്യാ കമ്മിറ്റിയോ ഹൈക്കമാൻഡോ ഒക്കെ േചർന്ന് തീരുമാനമെടുത്ത ശേഷമാണ് സംസ്ഥാനത്തെ ഹൈപ്പവറുകാർ ചേരുക. ഇവിടെ തിരിച്ചാണ്. ആദ്യം സംസ്ഥാനം ചേരും. യുകു്തമായ തീരുമാനമെടുക്കും. പിന്നീട് അഖിലേന്ത്യൻ ചേരും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൈമുട്ടി പാസാക്കും. ഇപ്പോൾ അഖിലേന്ത്യനൊന്നും ചേരാറില്ല എന്നാണ് രഹസ്യമായി ചോർന്നു കിട്ടുന്ന വിവരം. അഖിലേന്ത്യാ നേതാവ് ജനാബ് ഇ. അഹമ്മദ് സാഹിബ് ‘ഏറ്റിട്ട് തൂറ്റാൻ വയ്യാത്ത’ അവസ്ഥയിലാണ്. മിക്കവാറും കിടക്കയിൽ തന്നെയാണത്രേ തൂറ്റുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ഇതാണവസ്ഥ. പുണ്യമാസത്തിൽ പരലോകം പൂകുന്നത് വലിയ ഭാഗ്യമായാണ് മുസ്ലീംങ്ങൾ കരുതുന്നത്. പക്ഷേ ഇ. അഹമ്മദിന് അങ്ങിനെയല്ല. കേന്ദ്രമന്ത്രിയായില്ലെങ്കിലും ഒരു എം.പിയെങ്കിലുമായി നിന്നുകൊണ്ടു വേണം പരലോകം പൂകാൻ. സ്വന്തം പാർട്ടി കൊണ്ട് ഇങ്ങനെയൊരു പ്രയോജനം കൂടിയില്ലെങ്കിൽ പിന്നെ എന്ത് പാർട്ടി എന്നാണ് ഇ. അഹമ്മദിന്റെ നിലപാട്. അദ്ദേഹം അതങ്ങ് കണ്ടിപ്പായി പറയുകയും ചെയ്തു. പക്ഷേ ഹൈപ്പവറുകാർ അതംഗീകരിച്ചില്ല. പകരം മത്സരത്തിന് ആളെ കാണാൻ നിശ്ചയിച്ചു. അപ്പോഴാണ് ‘നായരു പിടിച്ച പുലിവാല്’ എന്ന പഴയ സിനിമ ഹൈപ്പവറുകാർ ശരിക്കും കണ്ടത്. ഭൈമീകാമുകന്മാർ ഒരുമിച്ച് താലിച്ചരടുമായി കെട്ടിനിറങ്ങി. കുരുക്കു മുറുകി ഹൈപ്പവറിന് ശ്വാസം കിട്ടാതായി. കീറാമുട്ടിയെടുത്ത് പരണത്ത് വെച്ചു. ഇത്തവണകൂടി അഹമ്മദ് സാഹിബ് തന്നെ മത്സരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചുണ്ടുകോട്ടി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും മൂത്രം പോയതുകൊണ്ട് ചിരിക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ തുടരുന്നതുകൊണ്ട് അഖിലേന്ത്യ കമ്മിറ്റി ഇപ്പോൾ കൂടാറേയില്ലത്രേ! അഖിലേന്ത്യനൊക്കെ വേണ്ടിവന്നത് ഖായിദേമില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടും ബനാത്ത്്വാലയുമൊക്കെ ഉണ്ടായിരുന്ന കാലത്താണ്. അവരൊക്കെ മയ്യത്തായതോടെ അഖിലേന്ത്യയൊക്കെ എന്നോ പോയി. ഇപ്പോൾ കൊണ്ടോട്ടി വഴി മലപ്പുറം കട്ട് ട്രിപ്പ് അടിക്കാനുള്ള പാങ്ങേ ഉള്ളൂ.
എന്തൊക്കെയായാലും പിണറായി വിജയനോട് പണ്ടേ ഒരു മുഹബത്ത് ലീഗിന്റെ ഖൽബിലുള്ളതാണ്. പണ്ട് ബാബ്റി മസ്ജിദ്, 16 ഭാഷയറിയുന്ന നരസിംഹ റാവു, മൗനവ്രതമനുഷ്ഠിച്ച് പൊളിപ്പിച്ചല്ലോ. ഇനിയിപ്പോൾ എന്ത് കച്ചോടമായാലും കോൺഗ്രസിനൊപ്പം പൊറുക്കാനാകില്ലെന്ന് ഇബ്രാഹിം സുലൈമാൻ സേട്ടും ബനാത്ത്്വാലയുമൊക്കെ ചേർന്ന് നിശ്ചയിച്ചു. അന്ന് അഖിലേന്ത്യാ കമ്മിറ്റി സംസ്ഥാനത്തിന് മേലെ തന്നെയായിരുന്നു. ശിഹാബ് തങ്ങൾ വരെ എതിർത്തിട്ടും കോൺഗ്രസുമായി മുന്നണി ബന്ധം പാടില്ല എന്ന് തീരുമാനിച്ചു. അങ്ങനെയാണ് കുടപ്പനകുന്നിൽ നിന്ന് തക്കതായ സമയത്ത് യുകു്തമായ തീരുമാനമുണ്ടായത്. “ഐക്യജനാധിപത്യ മുന്നണിയുമായി മൂന്ന് പതിറ്റാണ്ട് നീണ്ട ഹൃദയബന്ധം മുസ്ലീംലീഗ് വിച്ഛേദിക്കുന്നു. അധികാരവും േസ്റ്ററ്റ് കാറുമൊന്നും ലീഗിന് വലുതല്ല. സമുദായ താൽപര്യമാണ് വലുത്.” കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രപുറപ്പെട്ടു. കഥാപ്രസംഗക്കാരുടെ ചിഞ്ചിലികൾ ഒന്നിച്ച് കുലുങ്ങി. ഡ്രം ബീറ്റുകൾ തകർത്തു. വയലിനുകൾ ശോകഗാനമുയർത്തി. ലീഗാപ്പീസുകളിൽ നിന്ന് കാസറ്റുകൾ നിരന്തരം പാടി. “മുന്നണി വിട്ട് പുറത്തു വന്ന്..... മുസ്ലീംലീഗ് അഭിമാനം സംരക്ഷിച്ച്....” തിരുവനന്തപുരത്ത് എത്തുന്നതു വരെ എ.കെ.ജി സെന്ററിൽ നിന്നുള്ള ഒരു ഫോൺ കോൾ വരുന്നുണ്ടോ എന്ന് ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. ആരും വിളിക്കാതായപ്പോൾ അങ്ങോട്ടു വിളിച്ചു ചോദിച്ചു. “അല്ലാ ഇങ്ങോട്ടു വിളിച്ചോ” അന്നത്തെ പോളീറ്റ് ബ്യൂറോൻ കനത്ത ശബ്ദത്തിൽ തന്നെ മറുപടി പറഞ്ഞു. “ഇല്ലല്ലോ” എന്നാപ്പിന്നെ അങ്ങോട്ടു ചെന്ന് നേരിട്ട് സംസാരിച്ചു കളയാം എന്ന് കരുതി എ.കെ.ജി സെന്ററിൽ പോയി. പക്ഷേ വിജയവാഡാ കോൺഗ്രസ് രേഖകളുടെ ഒരു കോപ്പിയെടുത്ത് കൊടുത്തിട്ട് പോളിറ്റ് ബ്യൂറോന്മാർ മൊഴിഞ്ഞു. “ഞങ്ങൾക്ക് വർഗീയ കക്ഷികളുമായി യാതൊരു ബന്ധവുമില്ല.” പിന്നെ ഒന്നും ആലോചിച്ചില്ല. അംഗീകാരവും േസ്റ്ററ്റ് കാറുമൊക്കെ പുല്ലു പോലെ വലിച്ചെറിയുമെന്നൊക്കെ പ്രസംഗിക്കാമെന്നല്ലാതെ ലീഗീന്റെ തുരുപ്പും പിടിയും ബാക്കിയുണ്ടാവില്ല എന്നറിയുന്നതു കൊണ്ട് ഏതാനും ആഴ്ചകൾ കൊണ്ടുതന്നെ ഒരു മഴയത്ത് ഇന്ദിരാഭവനിൽ തന്നെ തിരിച്ചു കയറി. മാർക്സിസ്റ്റുകാരെ പാഠം പഠിപ്പിക്കും എന്നൊക്കെ ഉഗ്രശപഥം ചെയ്തെങ്കിലും അന്നേ കടക്കണ്ണിൻ മുനകൊണ്ട് ഇടത്തോട്ടൊരു നോട്ടമുള്ളതാണ്. പക്ഷേ എ.കെ.ജി സെന്ററിന്റെ ഗേറ്റിൽ ഉഗ്രപ്രതാപിയായി, വി.എസ് അച്യുതാനന്ദൻ എന്ന ഇബിലീസ് കൈയിലൊരു ചൂലുമായി നിന്നു. ഇപ്പോൾ അങ്ങേര് ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ കടാപ്പുറത്തു കൂടി ശോകഗാനവും പാടി നടക്കുന്ന അവസരം നോക്കിയാണ്, ശ്ലഥകാകളി വൃത്തത്തിൽ പിണറായിയെ സ്തുതിച്ച് കവിതയെഴുതാൻ ആരംഭിച്ചത്.
അതുമാത്രമല്ല ഇടതുമുന്നണി മെലിഞ്ഞ് ആലയിൽ കെട്ടാവുന്ന പരുവത്തിലായിരുന്നല്ലോ. ജനതാദൾ വിട്ടു, ജോസഫ് കേരള വിട്ടു, ആർ.എസ്.പി വിട്ടു. അച്യുതാനന്ദൻ അരിയാഹാരം കഴിക്കുന്നവർക്ക് വേണ്ടി നിരന്തരമായി പട വെട്ടിക്കൊണ്ടിരുന്നു. ഇനിയിപ്പോൾ ഭരണമൊന്നും പ്രതീക്ഷിക്കണ്ട. കടാപ്പുറത്ത് മീൻ പെറുക്കി കഴിയേണ്ടി വരും എന്ന സ്ഥിതി വന്നപ്പോൾ പിണറായിയും ഒരു കടക്കണ്ണ് ലീഗിന് നേരെ എറിഞ്ഞതാണ്.
ലീഗ് വർഗീയ പാർട്ടിയാണെന്ന് കരുതുന്നില്ലെന്ന ഒരു പ്രസ്താവന അദ്ദേഹമങ്ങ് കാച്ചി. അതുമാത്രമല്ല പല സന്ദർഭങ്ങളിലും പിണറായിയുടെ കൃപാകടാക്ഷം ലഭിച്ച പാർട്ടിയാണല്ലോ ലീഗ്. ഐസ്ക്രീം കേസുമായി കുഞ്ഞാലിക്കുട്ടി കുടുങ്ങി, ജയിലിൽ പോകാതെ കാത്തതിലൊക്കെയുള്ള നന്ദി മറ്റാരൊക്കെ മറന്നാലും കുഞ്ഞാലിക്കുട്ടിക്ക് മറക്കാൻ കഴിയുമോ?
എതിരാളികളാണെങ്കിലും പുതിയ മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്നത് ആചാരപരമായ ഒരു മര്യാദയാണ്. അതിർത്തിയിൽ നിന്ന് കുഞ്ഞാലിക്കുട്ടി രണ്ടടി മുന്നോട്ടു വെച്ചു കാണും. അബ്ദുൾ വഹാബ് മുതലാളിക്ക് പണം മാത്രമുണ്ടായിരുന്ന കാലത്ത് ഒരു േസ്റ്ററ്റ് കാർ എന്ന കലശലായ മോഹം ഉദിച്ചപ്പോൾ ആദ്യം സമീപിച്ചത് പിണറായിയെയാണ്. പക്ഷേ സി.പി.എമ്മുകാർ കമ്മിറ്റിയാകെ ചേർന്ന് തീരുമാനമാക്കുന്നതിന് മുന്പ് ലീഗ് കൊത്തിയെടുത്ത് എം.പിയാക്കുകയായിരുന്നു. അല്ലെങ്കിൽ അദ്ദേഹം അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എം.പിയായേനെ. വഹാബ് മുതലാളിക്ക് പിണറായിയെ സ്തുതിക്കാൻ ഭാശ പോരാ എന്നേയുള്ളൂ. അതിരിക്കട്ടെ നമ്മുടെ യുവകോമളനായ ഡോക്ടർ മുനീർ കൂടി ആ വഴിയെ വന്നപ്പോൾ കാര്യങ്ങൾ എല്ലാം ശുഭം. ഡോക്ടർ മുനീറിന് പിണറായി ചില മരുന്നുകളൊക്കെ പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നത്രേ! അതുകൊണ്ട് ഗുരുതുല്യനും. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം അധികാരം.