തസ്ബീഹ് നമസ്കാരം
ഫിറോസ് വെളിയങ്കോട്
ഏറെ പുണ്യമുള്ള നമസ്കാരമാണ് തസ്ബീഹ് നമസ്കാരം. മതകീയ കർമ്മങ്ങളെ നിസാരവൽക്കരിക്കുന്നവനു മാത്രമേ ഇതിൽ ഉപേക്ഷ കാണിക്കാൻ സാധിക്കൂ. തസ്ബീഹ് നമസ്കാരം റമദാൻ മാസത്തിൽ അതും ലൈലത്തുൽ ഖദ്റ് പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവിൽ മാത്രം നമസ്കരിക്കേണ്ട ഒന്നല്ല. മറിച്ച് അത് എപ്പോഴും നമസ്കരിക്കാവുന്നതും നമസ്കരിക്കേണ്ടതുമാണ്.
ഇബ്നു അബ്ബാസി (റ) വിൽ നിന്നു നിവേദനം. തിരുനബി (സ) അബ്ബാസി (റ) നോട് പറഞ്ഞു: "നിങ്ങൾക്ക് ഒരു പാരിതോഷികം നൽകട്ടെ....? അതും നിങ്ങൾ ചെയ്താൽ നിങ്ങളുടെ ആദ്യത്തേതും അവസാനത്തേയും പഴയതും പുതിയതും അബദ്ധത്തിൽ പറ്റിയതും മനപൂർവ്വം ചെയ്തതും രഹസ്യമായും പരസ്യമായും ചെയ്തതുമായ എല്ലാ പാപങ്ങളും അള്ളാഹു നിങ്ങൾക്ക് പൊറുത്തു തരും. അതാണ് തസ്ബീഹ് നമസ്കാരം. ഈ തസ്ബീഹ് നമസ്കാരം സാധിക്കുകയാണെങ്കിൽ ദിവസവും അല്ലെങ്കിൽ ഓരോ ആഴ്ചയിലും അതുമല്ലെങ്കിൽ ഓരോ മാസവും അതിനും സാധിച്ചില്ലെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും നമസ്കരിക്കുക."
"അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അല്ലാഹുവിനാണ് സർവസ്തുതിയും. അല്ലാഹുവല്ലാതെ അരാധ്യനില്ല. അല്ലാഹുവാണ് ഏറ്റവും വലിയവൻ എന്നാണ് ഈ തസ്ബീഹിന്റെ അർത്ഥം".
എന്നാൽ പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ ഈ തസ്ബീഹ് നമസ്കാരം നിസ്കരിച്ചാൽ വളരെ പുണ്യമുള്ള കാര്യമായി കണക്കാക്കുന്നു. ഈ മാസത്തിൽ സ്വർഗവാതിലുകൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടച്ചിടുകയും ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
മനസിൽ കാരുണ്യം നിറച്ച് പകൽ വ്രതമനുഷ്ഠിച്ചും പാതിരാത്രിയിൽ നമസ്കരിച്ചും ഖുർആൻ പരായണം ചെയ്തും റമദാനിന്റെ ദിനരാത്രങ്ങളെ നമുക്ക് സജീവമാക്കാം. കരുണാപരനിൽ നിന്നും പെയ്തിറങ്ങുക കാരുണ്യവൃഷ്ടിയുടെ തണുപ്പ് കൊടും ചൂടിലും അനുഭവിച്ചറിയാം.