അഹ്ലൻ റമദാൻ


ബഷീർ വാണിയക്കാട്

സത്യവിശ്വാസികളെ, നിങ്ങളുടെ മുന്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നോന്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരായെങ്കിൽ. (അൽ ബക്കറ 183)

 

മനുഷ്യവർഗത്തിന് സന്മാർഗമായും മാർഗദർശനത്തിന്റെയും സത്യാസത്യ വിവേചനത്തിന്റെയും വ്യക്തമായ ദൃഷ്ടാന്തങ്ങളായും ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമത്രെ റമദാൻ. അതിനാൽ ആ മാസത്തിൽ വല്ലവരും ഹാജറുണ്ടെങ്കിൽ അതിൽ അവർ നോന്പനുഷ്ഠിക്കട്ടെ. (അൽ ബക്കറ 185)

റമദാൻ വ്രതത്തെ കുറിച്ച് ഖുർആനിൽ വന്ന രണ്ട് പ്രധാന പരാമർശങ്ങളാണ് മേലുദ്ധരിച്ചത്. ഇതിൽ നിന്നും രണ്ട് മൂന്ന് കാര്യങ്ങൾ വ്യക്തമാകുന്നു. വ്രതം ആദിമ മനുഷ്യർക്ക് മുതൽ ദൈവം നിർബന്ധമാക്കിയിരുന്നു. മനുഷ്യർ ജീവിതത്തിൽ സൂക്ഷ്മത പാലിക്കാനും, ക്ഷമയും സഹനവും കാരുണ്യവും പരിശീലിക്കാനുമാണ് ദൈവം വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.   മുഹമ്മദ്‌ നബി (സ) ക്ക് ഖുർആൻ അവതരിച്ചത് റമദാൻ മാസത്തിലാണ്. റമദാൻ മാസത്തിൽ ജീവിച്ചിരിക്കുന്ന ഒരു വിശ്വാസിക്ക് വ്രതം അനുഷ്ഠിക്കൽ നിർബന്ധ ബാധ്യതയാണ്. രോഗികൾക്കും യാത്രക്കാർക്കും കുട്ടികൾക്കും ഒക്കെ ഇതിൽ ഇളവുകളുണ്ട്.

റമദാൻ പുണ്യങ്ങളുടെ പൂക്കാലമാണ്. ദൈവ വിശ്വാസികൾ കാത്തിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങളുടെ മാസമാണ്. റമദാൻ തൗബയുടെ മാസമാണ്. അതുകൊണ്ട് വിശ്വാസികൾ തങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞു സൃഷ്ടാവിനോട് മാപ്പിരക്കുന്നു. റമദാൻ പാപമോചനത്തിന്റെ മാസമാണ്. തന്റെ ദാസന്മാർക്ക് അല്ലാഹു അവരുടെ  പാപങ്ങൾ പൊറുത്ത് കൊടുക്കുന്നു. റമദാൻ നന്മകളുടെ വസന്തകാലമാണ്. കാരണം വിശ്വാസികളിൽ നിന്നും ദൈവം പിശാചിനെ ബന്ധനസ്ഥനാക്കിയിരിക്കുന്നു. 

റമദാൻ സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും മാസമാണ്. കാരണം വിശ്വാസികൾ ദൈവം നൽകിയതിൽ നിന്നും അഗതികൾക്കും അനാഥർക്കും ദരിദ്രർക്കുമായി വാരിക്കോരി ചിലവിടുന്നു.

റമദാൻ ഉണർവിന്റെ മാസമാണ്. വിശ്വാസികൾ അലസത വെടിഞ്ഞ് കർമനിരതരാകുകയും, പകലും രാത്രിയും അവർ ദൈവാരാധനകളിൽ മുഴുകുകയും ചെയ്യുന്നു. റമദാൻ ബദറിന്റെ മാസമാണ്. വിശ്വാസികൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യാൻ തയ്യാറായത് റമദാനിലാണ്. റമദാൻ പ്രാർത്ഥനയുടെ മാസമാണ്. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ് പ്രാർത്ഥന. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന അനേകം അവസരങ്ങൾ  റമദാനിലുണ്ട്. 

റമദാൻ വിശപ്പിന്റെ രുചി അറിയുന്ന മാസമാണ്. എത്ര വലിയ കോടീശ്വരനും 14−,15 മണിക്കൂർ പട്ടിണി കിടക്കുന്പോൾ വിശക്കുന്നവരുടെ അവസ്ഥ അവൻ മനസ്സിലാക്കുന്നു.

ഇനി റമദാനുമായ ബന്ധപ്പെട്ട പ്രവാചക വചനങ്ങൾ കാണുക.

നബി (സ) തിരുമേനി അരുൾ ചെയ്തു.

ഇസ്ലാം അഞ്ച് കാര്യങ്ങളിലാണ് പടുത്തുയർത്തിയിരിക്കുന്നത്. 

ഒന്ന്: ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് എന്ന ശഹാദത്ത്. അഥവാ അല്ലാഹു ഒഴികെ ഒരു ആരാധ്യനും ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൽ.

രണ്ട്: നമസ്കാരം കൃത്യമായി നിലനിർത്തൽ.

മൂന്ന്: നിർണിതമായ സക്കാത്ത് നൽകൽ.

നാല്: റമദാനിൽ വ്രതമനുഷ്ഠിക്കൽ.

അഞ്ച്: കഴിവുള്ളവർ ഹജ്ജ് കർമം നിർവഹിക്കൽ.

ഈ അഞ്ച് കാര്യങ്ങൾ ചെയ്യുന്നവരും, വിശ്വസിക്കുന്നവരുമാണ് യഥാർത്ഥ മുസ്ലിംകൾ.

ഒരു നബി വചനത്തിൽ ഇങ്ങിനെ കാണാം. അനുഗ്രഹീതമായ ഒരു മാസം ഇതാ നിങ്ങൾക്ക് സമാഗതമായിരിക്കുന്നു. ഇതിലെ വ്രതാനുഷ്ഠാനം അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. ഇതിൽ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കുകയും, നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടുകയും പിശാചുക്കൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ മാസത്തിൽ ആയിരം മാസങ്ങളെക്കാൾ ഉത്തമമായ ഒരു രാവുണ്ട്. അതിന്റെ പുണ്യം ആർക്കെങ്കിലും നഷ്ടപ്പെട്ടാൽ അവന് എല്ലാം നഷ്ടമായത് തന്നെ.

മറ്റൊരു ഹദീസ് ഇങ്ങിനെ.

അഞ്ച് നമസ്കാരങ്ങൾ, ഒരു ജുമുഅയും അടുത്ത ജുമുഅയും, ഒരു റമദാനും അടുത്ത റമദാനും. അവക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുന്നവയാണ്. (വൻ പാപങ്ങൾ വർജിക്കപ്പെട്ടാൽ)

മറ്റൊരു തിരുവചനത്തിൽ ഇങ്ങിനെ കാണാം.

വിശ്വാസത്തോടും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ടും ഒരാൾ നോന്പെടുത്താൽ അവന്റെ മുൻ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.

നമസ്കാരവും വ്രതവും ഉപേക്ഷിക്കുന്നവർക്ക് താക്കീതായി നബി (സ) ഇങ്ങിനെ പറഞ്ഞു.

ഇസ്ലാമിന്റെ കൈപിടിയും ദിനിന്റെ അടിത്തറയും മൂന്ന് കാര്യങ്ങളാകുന്നു. അവയിൽ ഏതെങ്കിലും ഒന്ന് വല്ലവനും ഉപേക്ഷിച്ചാൽ അവൻ നിഷേധിയും, രക്തം അനുവദനീയമായവനും ആയിത്തീരും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കൽ, നിർബന്ധ നമസ്കാരങ്ങൾ, റമദാൻ വ്രതം എന്നിവയാണത്.

മറ്റൊരിക്കൽ ദൈവദൂതൻ ഇങ്ങിനെ അരുളി.

അല്ലാഹു അനുവദിച്ച ഇളവിന്റ അടിസ്ഥാനത്തിലല്ലാതെ ആരെങ്കിലും റമദാനിൽ ഒരു ദിവസത്തെ നോന്പ് ഉപേക്ഷിക്കുന്ന പക്ഷം ഒരു വർഷം മുഴുവൻ നോന്പെടുത്താലും അതിന് പകരമാകുകയില്ല.

ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം റമദാൻ നോന്പ് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് മേലുദ്ധരിച്ച ഖുർആൻ വചനങ്ങളും ഹദീസുകളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

വ്രതത്തിന് രണ്ട് ഘടകങ്ങളുണ്ട്:

1. പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ നോന്പ് മുറിയുന്ന കാര്യങ്ങൾ വർജിക്കുക.

2. നിയ്യത്ത് (പ്രവർത്തനങ്ങൾ ഉദ്ദേശമനുസരിച്ച് മാത്രമാണ്.)  ഓരോ മനുഷ്യനും അവനവൻ കരുതിയത് മാത്രമാണുള്ളത്. പ്രഭാതത്തിന് മുന്പായി നോന്പെടുക്കാൻ തീരുമാനമെടുക്കാത്തവന് നോന്പില്ല എന്നും പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നു. അത് നാവുകൊണ്ട് പറയണമെന്ന് നിബന്ധനയില്ല. മനസാണ് പ്രധാനം. ഒരാൾക്ക് നോന്പ് ഉണ്ടോ എന്ന് മറ്റൊരാൾക്ക് അറിയാൻ കഴിയണമെന്നില്ല. സൃഷ്ടികളുടെ മുന്പിൽ അവന് അഭിനയിക്കാൻ കഴിയും. പക്ഷെ സൃഷ്ടാവിനെ കബളിപ്പിക്കാൻ ഒരാൾക്കും കഴിയില്ല.

നബി (സ) പറയുന്നു.

മനഷ്യന്റെ കർമങ്ങളെല്ലാം അവന്റെതാണ്, നോന്പൊഴിച്ച്. അത് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്, എന്ന് പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞിരിക്കുന്നു. നോന്പ് ഒരു രക്ഷാകവചമാകുന്നു. അതിനാൽ നിങ്ങൾ നോന്പ് ദിവസമായാൽ അശ്ലീലം പറയുകയോ, ബഹളം കൂട്ടുകയോ, അവിവേകം പ്രവർത്തിക്കുകയോ ചെയ്യരുത്. ഇനി ആരെങ്കിലും അവനോട് അസഭ്യം പറയുകയോ, ശണ്ഠ കൂടുകയോ ചെയ്യുന്ന പക്ഷം “ഞാൻ നോന്പുകാരനാണ്” എന്ന് അവൻ പറഞ്ഞുകൊള്ളട്ടെ.

ദൈവം നോന്പു കൊണ്ട് ഉദ്ദേശിച്ച സദ്ഫലങ്ങൾ നേടിയെടുത്തില്ലെങ്കിൽ ഒരാൾ വെറുതെ അന്നപാനീയങ്ങളുപേക്ഷിച്ച് പട്ടിണി കിടക്കണമെന്ന് ദൈവത്തിന് നിർബന്ധമില്ല.

യഥാർത്ഥ  വ്രതം എന്താണെന്നും എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാക്കി അത്  അനുഷ്ഠിക്കുന്നവർക്ക് മാത്രമെ അല്ലാഹു വാഗ്ദാനം നൽകിയ പ്രതിഫലവും പാപമുക്തിയും ലഭിക്കുകയുള്ളു.  അതുകൊണ്ട് ഓരോ വിശ്വാസിയും കർമം കൊണ്ടും പ്രാർത്ഥന കൊണ്ടും ഇസ്തിഗ്ഫാർ കൊണ്ടും ഈ റമദാൻ ധന്യമാക്കുക. അടുത്ത റമദാൻ നമുക്ക് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. (ഒരു പക്ഷെ ഈ റമദാൻ പോലും)  നാഥൻ അനുഗ്രഹിക്കട്ടെ.

You might also like

Most Viewed