ലോക വിശ്വാസികളുടെ അനുഗ്രഹീത വിരുന്നുകാരൻ-വിശുദ്ധ റമദാൻ
അബ്ദുൽ റഷീദ് മുസ്്ലിയാർ, കരുനാഗപ്പള്ളി
ലോകത്തുള്ള എല്ലാ ജീവജാലങ്ങളെ അപേക്ഷിച്ച് ജഗനിയന്ത്രാവായ സൃഷ്ടാവ് ആദരിച്ച് ബഹുമാനിക്കപ്പെട്ട ഒരു സൃഷ്ടിയാണ് മനുഷ്യൻ. സൃഷ്ടാവിന്‍റെ കൽപ്പനകൾ അനുസരിക്കൽ വഴി കൂടുതൽ കരുത്തോടു കൂടിയാണ് റമദാനിനെ വരവേൽക്കേണ്ടത്. പഞ്ചേന്ദ്രിയങ്ങളും കർമേന്ദ്രിയങ്ങളും ഒരേ പോലെ ശുദ്ധീകരിക്കുകയാണ് വിശുദ്ധ റമദാൻ. ഈ ലോക ജീവിതത്തിന്‍റെ നന്മകൾ കൊണ്ടാണ് പരലോക ജീവിതം സുരക്ഷിതമാക്കേണ്ടത്.
ദുനിയാവ് ആഖിറത്തിലേക്കുള്ള കൃഷിയിടമാണ് എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. മനുഷ്യ ജീവിതത്തിലെ അനന്തമായ അവസാനം വിജയിപ്പിക്കാനുള്ള പലവിധ പ്രവർത്തനങ്ങളിൽ ഒന്നാണ് വിശുദ്ധ റമദാൻ. വ്രതം വന്യ വാസനകളും ചിന്തകളും കാപട്യം നിറഞ്ഞ മനസുകളിൽ നീതി ന്യായത്തിന്‍റെ പ്രതീകം ഊട്ടി ഉറപ്പിച്ച് മൃഗീയാവസ്ഥയിൽ എത്താതെ സംസ്കരിച്ചെടുക്കാൻ പറ്റുന്ന ദിനത്തിന്‍റെ തുടക്കമാണ് മാനവർ അഭിമുഖികരിക്കുന്ന റമദാൻ. കർമ്മ പ്രദാനങ്ങളിൽ ഒന്ന് സച്ചരിതരായ മനുഷ്യരുടെ കുറവാണ്. ഏത് മേഖലയിലും സദാചാരവും ദൈവ ഭക്തി ഇല്ലാതായാൽ കുടുംബം മുതൽ അന്താരാഷ്ട്ര വേദികൾ വരെ മലീനസമാകുന്നത് സജ്ജനങ്ങളുടെ സാന്നിധ്യം ഇല്ലാതാവുന്നതോടു കൂടിയാണ്.
അധർമങ്ങളിലും അനാചാരങ്ങളിൽ നിന്നും മാതൃകാപരമായ ജീവിതം നയിക്കുന്നവരുമായ നല്ല മനുഷ്യരെ ആണ് ലോകം തേടുന്നത്. മനുഷ്യ വിഭാഗത്തിന്‍റെ കർമ ഭൂമിയായ ഈ ലോകം നാം നന്നാക്കാൻ ശ്രമിക്കണം. പരിശുദ്ധ റമദാൻ കൊണ്ട് ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും നന്മകളായി മാറണം. ആമാശയങ്ങൾക്ക് ക്ഷീണം വരുന്ന കേവലം ഒരു ചടങ്ങായി മാറരുത് നമ്മുടെ വ്രതം. പകൽ മുഴുവനും നോന്പിനെ നശിപ്പിക്കുന്ന പരദൂഷണം, ഏഷണി, കളവു പറയൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്ന് വർജ്‍ജിതരാകണം.
നോന്പിന്‍റെ സുന്നത്തായ ആരാധനകളിൽ പെട്ടതാണ് അർദ്ധരാത്രിക്ക് ശേഷം ആഹാരം കഴിക്കലും സൂര്യൻ അസ്തമിച്ചെന്ന് ഉറപ്പായാൽ ഉടനെ കാരക്കയോ കലർപ്പില്ലാത്ത വെള്ളം കൊണ്ടോ നോന്പു തുറക്കലും. നിഷ്കളങ്കമായ ഹൃദയത്തെ സൃഷ്ടാവിന്‍റെ സാന്നിധ്യത്തിലേക്ക് അർപ്പിക്കുകയും കരങ്ങളെ ഉയർത്തി ചെയ്ത് പോയ തെറ്റുകൾ ഏറ്റുപറഞ്ഞ് പാപമോചനത്തിനും സ്വർഗ്ഗീയ ആരാമത്തിനും വേണ്ടി പ്രാർത്ഥിക്കാം.
ആരാധനക്ക് അർഹൻ നീ മാത്രമാണ്. ചെയ്തു പോയ തെറ്റുകൾ പൊറുക്കുകയും സ്വർഗ്ഗീയ ആരാമത്തിൽ പ്രവേശിപ്പിക്കുവാനും ഭയാനകമായ നരകത്തിൽ നിന്ന് മോചനവും എല്ലാ അഞ്ചു നേര പ്രാർത്ഥനക്ക് ശേഷവും യജമാനായ റബ്ബിനോട് ചോദിക്കണം. ഈ റമദാൻ നമുക്ക് അനുഗ്രഹമായി മാറട്ടെ...