തേനീച്ചയെ പോലെ കുത്തുന്ന അലി
സംഗീത് ശേഖർ
മുഹമ്മദ് അലി വിടവാങ്ങിയെന്നു കേട്ടപ്പോൾ മനസ്സിലേയ്ക്ക് കയറി വന്ന ചിന്തകളിൽ ഒന്നായിരുന്നു ഈ സംശയം. എങ്ങനെയാണയാളെ അയാളുടെ പ്രതാപ കാലത്ത് നമ്മുടെ കൊച്ചു കേരളം വായിച്ചെടുത്തിരുന്നത് എന്ന ചോദ്യം മനസ്സിലേയ്ക്ക് കടന്നു വന്നപ്പോൾ തന്നെ സത്യത്തിൽ വിഷമിപ്പിച്ച ഒരുത്തരവും കിട്ടി. അനീതിക്കെതിരായ, സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരായ ഒരുപാട് വിപ്ലവങ്ങൾ കണ്ട കേരളമെന്ന ഭൂമിക നൽകുന്ന മറുപടിയാണ് അതെന്നു കരുതുന്നില്ല. പിഴച്ചത് വിപ്ലവങ്ങൾ ഒരുപാട് നയിച്ചൊരു പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ അമരക്കാരിൽ ഒരാൾക്കായിരുന്നു എന്നതിലാണ് പ്രശ്നം, അല്ലെങ്കിൽ അത് മാത്രമാണ് പ്രശ്നം. തൽക്കാലം നമുക്ക് അലിയിലേക്ക് വരാം. മാഡ്രിഡിലെ പോരുകാളകളെ പോലെ രണ്ടു പേർ പരസ്പരം കൊന്നു കൊല വിളിക്കാനുള്ള അങ്കകലിപ്പോടെ പരസ്പരം പ്രഹരങ്ങൾ വർഷിക്കുന്ന ഈ വിനോദത്തിൽ എവിടെയാണ് സൗന്ദര്യം എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിന്ന ആരാധകർക്ക് മുന്നിലേക്ക് നൃത്ത ചുവടുകളുമായി കടന്നു വന്നവൻ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കെണ്ടവനല്ല അയാൾ എന്നതാണ് യാഥാർത്ഥ്യം. അപമാനിക്കപ്പെട്ടിരുന്ന ഒരു വർഗ്ഗത്തിന് തലയുയർത്തി നിൽക്കാൻ പ്രചോദനം പകർന്നിരുന്നവരിൽ ഒരാളായിരുന്നു അലി. കെട്ടുകഥയാണോ ചരിത്രമാണോ എന്ന ചർച്ചകൾക്ക് അവസാനമില്ല.സത്യമാണത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. റോം ഒളിന്പിക്സിൽ സ്വർണ്ണ മെഡൽ ജേതാവായി തലയുയർത്തി സ്വന്തം നാട്ടിലെത്തിയ അലിക്ക് വെള്ളക്കാർക്ക് മാത്രമുള്ള ഒരു റസ്റ്ററന്റിൽ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ടി വന്നു. തന്‍റെ സ്വർണ്ണ മെഡൽ ഒഹായോ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട് കറുത്തവനെ അടിമയായി മാത്രം കണ്ടിരുന്ന, അവനെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ഒരു സമൂഹത്തോട് തനിക്ക് മാത്രം കഴിയുന്ന രീതിയിൽ പ്രതികരിച്ച മുഹമ്മദ് അലിയെ എങ്ങനെയാണ് ആരാധനയോടെ മനസ്സിൽ പ്രതിഷ്ഠിക്കാതിരിക്കുക? റിംഗിൽ കൈകൾ കൊണ്ടും റിംഗിനു പുറത്ത് വാക്കുകൾ കൊണ്ടും ആക്രമണം അഴിച്ചു വിട്ടിരുന്ന പോരാളി.
കാഷ്യസ് ക്ലേയിൽ നിന്നും മുഹമ്മദ് അലിയിലേക്കുള്ള ദൂരം വലുതാണ്. ഒരു പേരു മാറ്റത്തിനപ്പുറം ജന്മനാ അടിച്ചേൽപ്പിക്കപ്പെട്ട അടിമത്തത്തിൽ നിന്നും കുതറി മാറാനുള്ള അഭിമാനിയായ ഒരു മനുഷ്യന്‍റെ ശ്രമമായിരുന്നു അത്. ഭൂമിയിൽ ജീവിച്ചവരിൽ ഏറ്റവും മഹാനായ മനുഷ്യരിൽ ഒരാളുടെ നാമധേയം സ്വയം എടുത്തണിഞ്ഞു മുഹമ്മദ് അലി പോരാട്ടം തുടങ്ങി. പിന്നീടയാൾ സഞ്ചരിച്ചത് സ്വയം വെട്ടിത്തെളിച്ച വഴികളിലൂടെ മാത്രമായിരുന്നു. അതിരുകൾ സൃഷ്ടിച്ചു മനുഷ്യരെ വേർതിരിക്കുന്നവർക്കെതിരെ ശബ്ദമുയർത്താൻ ഒരിക്കലുമയാൾ മടിച്ചു നിന്നില്ല. നിർബന്ധിത സൈനിക സേവനത്തിന്‍റെ ഭാഗമായി വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു കൊണ്ട് അയാൾ പറഞ്ഞ വാക്കുകൾ ഒരു ജനതയെ തന്നെ പ്രചോദിപ്പിക്കുന്നതായിരുന്നു. “അവരെന്‍റെ നിറത്തെ പരിഹസിച്ചിട്ടില്ല, അവരെന്‍റെ അവകാശങ്ങളെ പുച്ഛത്തോടെ ചവിട്ടി മെതിച്ചിട്ടില്ല, അവരെന്‍റെ നേരെ നായ്ക്കളെ അഴിച്ചു വിട്ടിട്ടില്ല. പിന്നെന്തിനു ഞാനവരുടെ നേരെ നിറയൊഴിക്കണം ?” അയാളുൾപ്പെടെയുള്ള കറുത്ത വർഗ്ഗം അപമാനിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതും ആ രാജ്യത്തിന്‍റെ നാലതിരുകൾക്കുള്ളിൽ വെച്ചു തന്നെയായിരുന്നു. “എന്‍റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നവർ, എന്‍റെ അവകാശങ്ങളെ പരിഹാസത്തോടെ കാണുന്നവർ, തുല്യനീതിക്ക് വേണ്ടി ഞാൻ ശബ്ദമുയർത്തുന്പോൾ എന്റെ സ്വരത്തെ അടിച്ചമർത്തുന്നവർ, എന്‍റെ മതവിശ്വാസത്തെ മാനിക്കാത്തവർ, എന്‍റെ സ്വന്തം വീട്ടിൽ എനിക്ക് വേണ്ടി നിലകൊള്ളാത്ത നിങ്ങൾക്കെങ്ങനെയാണ് എന്നോട് മറ്റൊരിടത്ത് പോയി അവിടെയുള്ളവരോട് യുദ്ധം ചെയ്യാൻ പറയാൻ കഴിയുന്നത്?” അയാളുടെ ചോദ്യങ്ങൾക്ക് മറുപടി അയാളുടെ ലോക ചാന്പ്യൻ പദവി തിരിച്ചെടുക്കലും ജയിൽ വാസവും മാത്രമായിരുന്നു. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾക്ക് സഹിഷ്ണുതയോടെയുള്ള മറുപടി ലോകത്തെവിടെയാണ് നൽകപ്പെട്ടിട്ടുള്ളത് എന്ന മറുചോദ്യം നമുക്കിന്നു തീർച്ചയായും അയാളോട് ചോദിക്കാവുന്നതാണ്. അതിനു തീ പാറുന്നൊരു മറുപടി പറയാൻ അയാളില്ല എന്ന ധൈര്യത്തോടെ മാത്രം.
ഓ മുഹമ്മദ്, പത്രതാളുകളിൽ വായിച്ചു മാത്രം പരിചയമുള്ള 1975 ഒക്ടോബർ ഒന്നിലെ ആ പ്രഭാതം. നിങ്ങളെ പറ്റി ഓർക്കുന്പോൾ ആദ്യം മനസ്സിലേക്ക് ഓടി വരുന്ന ചിത്രമാണത്. ജോ ഫ്രെസിയറിനെ ഭൂമിയിലേക്ക് ഇറക്കി നിർത്തിയ മനിലയിലെ ആ പ്രഭാതം. നൂറ്റാണ്ടിലെ പോരാട്ടത്തിലെ പരാജയത്തിനു കണക്കു തീർക്കാൻ അലി തുനിഞ്ഞിറങ്ങിയ പകൽ. "You don’t have it, Joe, you don’t have it! I’m going to put you away! എന്നാക്രോശിച്ചു കൊണ്ട് അലി തുടങ്ങി വെച്ച പോരാട്ടം. ശാന്തനായി മന്ദഹസിച്ചു കൊണ്ട് "We’ll see" എന്ന് മാത്രം പ്രതികരിച്ച ഫ്രേസിയർ പതറിയില്ല. അലിയുടെ വലം കയ്യൻ പഞ്ചുകൾക്ക് തന്‍റെ ട്രേഡ് മാർക്ക് ഇടം കയ്യൻ ഹുക്കുകൾ കൊണ്ട് ജോ മറുപടി നൽകിയതോടെ മത്സരം മറ്റൊരു തലത്തിലേയ്ക്ക് ഉയരുകയായിരുന്നു. ആറാം റൗണ്ടിൽ ഫ്രേസിയർ നൽകിയ രണ്ടു ശക്തമായ ഇടം കയ്യൻ ഹുക്കുകളിൽ വീഴാതെ അലി പിടിച്ചു നിന്നത് തന്നെയായിരുന്നു നിർണായകമായത്. മറ്റേതൊരു എതിരാളിയെയും വീഴ്ത്തിയേക്കുമായിരുന്ന ആ ഹുക്കുകൾ അലി അതിജീവിക്കുന്നത് അവിശ്വസനീയതയോടെയാണ് ഫ്രേസിയർ കണ്ടു നിന്നത്. ജോ ഫ്രേസിയറുടെ തകർപ്പൻ ആക്രമണത്തിനു മുന്നിൽ പതറിപ്പോയ ആ റൗണ്ടിന് ശേഷം “ജോ ഫ്രെസിയറുടെ കാലം കഴിഞ്ഞെന്നാണ് അവർ എന്നോട് പറഞ്ഞിരുന്നത്” എന്ന അലിയുടെ വാക്കുകളോടു “അവർ പറഞ്ഞത് നുണയായിരുന്നു” എന്ന് ശാന്തനായി പ്രതികരിച്ചു കൊണ്ട് ഫ്രെസിയർ അലിയോടു ഒപ്പത്തിനൊപ്പം മുട്ടി നിന്നു.ഫ്രെസിയറുടെ ഇടതു കണ്ണിന്‍റെ കാഴ്ച കുറവ് മുതലെടുത്ത അലിയുടെ വലം കയ്യൻ പഞ്ചുകൾ പതിനാലാം റൗണ്ടിൽ ഫ്രെസിയറെ ഏകദേശം അവസാനിപ്പിച്ചിരുന്നു. അവസാന റൗണ്ടിന് മുന്നേ തന്നെ ഫ്രെസിയറുടെ കോർണർ മാൻ മത്സരം നിർത്താൻ തീരുമാനിച്ചപ്പോൾ പോലും ഫ്രെസിയർ പൊരുതി വീഴാതെ മടങ്ങാൻ തയ്യാറായിരുന്നില്ല. നിങ്ങളിന്നിവിടെ കാഴ്ച വെച്ചത് ലോകത്തൊരാളും ഒരിക്കലും മറക്കില്ല എന്ന വാക്കുകളോടെ എഡി ഫുച്ച് എന്ന കോർണർ മാൻ അവസാനിപ്പിച്ച ആ മത്സരമാണ് ബോക്സിംഗ് ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ചതെന്നു ഇന്നും വാഴ്ത്തപ്പെടുന്ന മത്സരം. അലി--ഫ്രേസർ മത്സര പരന്പരയിലെ അവസാന മത്സരം. മുഹമ്മദ് അലി എന്ന പേരിനൊപ്പം ചേർത്ത് വായിക്കേണ്ട ഒരു നാമമാണ് ജോ ഫ്രെസിയർ എന്ന സത്യം നിഷേധിക്കാനാകില്ല. അലിയെ പറ്റി എഴുതുന്നതിലെല്ലാം ഫ്രെസിയർ കടന്നു വരാതിരിക്കില്ല. അടുത്ത കൂട്ടുകാരായി തുടങ്ങി ബദ്ധ ശത്രുക്കളായി അവസാനിച്ച കഥയായിരുന്നു അവരുടേത്. അധിക്ഷേപ വാക്കുകൾ കൊണ്ട് മരണം വരെ പരസ്പരം കുത്തി നോവിച്ചിരുന്ന രണ്ടു ഇതിഹാസങ്ങൾ. 2011 നവംബർ 14 നു ആദ്യം യാത്രയായത് ജോ ഫ്രെസിയർ തന്നെയായിരുന്നു. അയാൾക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ കൂടിയവരിൽ അലിയുമുണ്ടായിരുന്നു. പാർക്കിൻസൺ രോഗത്തിനു പോലും കീഴടങ്ങാതെ പൊരുതി കൊണ്ടിരിക്കുന്ന തന്നെ ആദ്യമായി തോൽപിച്ച പഴയ കൂട്ടുകാരനെ മുഹമ്മദ് അലി എഴുന്നേറ്റു നിന്ന് ആദരിച്ചു. ഇപ്പോൾ അലിയും യാത്രയാകുകയാണ്. മറ്റൊരു ലോകത്തിൽ ഒരു പക്ഷെ അവർ ഇനിയും ഏറ്റുമുട്ടിയേക്കാം...
എക്കാലത്തെയും മികച്ചവൻ എന്ന വിശേഷണം ഒരു കായിക ഇനത്തിൽ അപൂർവ്വമായേ ഒരാൾക്ക് കൊടുക്കാൻ സാധിക്കാറുള്ളൂ. പെലെയ്ക്ക് എതിരെ മാറഡോണയും ബ്രാഡ്മാനന് നേരെ സച്ചിനും റോജർ ഫെഡറർക്ക് നേരെ നോവാക്ക് ജോക്കോവിച്ചും റഫേൽ നദാലും നിൽക്കുന്ന പോലെ മുഹമ്മദ് അലിക്ക് നേരെ നിൽക്കാനൊരു ബോക്സർ ചരിത്രത്തിലില്ല. മുഹമ്മദ് അലി വിടവാങ്ങുന്നത് ഓർമ്മകളിൽ പോലും തീ പടർത്തുന്ന ഒരു ജീവിതം ജീവിച്ചു തീർത്തു കൊണ്ടാണ്. അയാളെ തിരിച്ചറിയാനാകാത്ത ഒരു കായിക സംസ്കാരം, അതാകരുത് തലമുറകളിലേയ്ക്ക് പടർത്തേണ്ടത്. മറന്നു പോകരുതയാളെ.ഒരു ബോക്സർ എന്നതിനപ്പുറം താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അയാളുൾപ്പെടുന്ന ഒരു ജനവിഭാഗം അനുഭവിച്ചിരുന്ന സാംസ്കാരികവും സാമൂഹികവുമായ അടിമത്തത്തിനെതിരെ ശബ്ദമുയർത്തിയ മനുഷ്യനാണയാൾ. അയാൾ വിടവാങ്ങുന്നത് ചരിത്രത്തിലേയ്ക്കാണ്...