വിശ്വാസിയുടെ ശുദ്ധികലശം


ഫിറോസ് വെളിയങ്കോട്

വിശുദ്ധ റമളാൻ പുണ്യങ്ങളുടെ പൂക്കാലമെന്ന പോലെ പാപങ്ങളുടെ ശുദ്ധികലശം കൂടിയാണ്. അറബി ഭാഷയിൽ റമളാൻ എന്നതിന്റെ രണ്ട് ഉപാധികളായ അഗ്നി വിശുദ്ധി, പുതുമഴ വർഷം എന്നത് തന്നെ ഉദ്ബോദിപ്പിക്കുന്നു. ജീവിത ചുറ്റുപാടുകളിൽ മനുഷ്യൻ ചെയ്തു കൂട്ടുന്ന പാപ മാലിന്യങ്ങൾ ഹൃദയ തലത്തിൽ കറുത്ത പാടുകൾ വീഴ്ത്തുന്നു. പാടുകളുെട എണ്ണവും വണ്ണവും കൂടുന്നത് അനുസരിച്ച് ഹ−ൃദയങ്ങളിലെ എല്ലാ ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുകയും ഹ−ൃദയം മുഴുവൻ കറുത്തിരുണ്ട് പോകുകയും ചെയ്യുന്നു. ഈ വിശേഷത്തെയാണ് ഖുർആൻ വ്യക്തമായി പറഞ്ഞത്. “പക്ഷേ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയത്തിൽ കറയുണ്ടാക്കിയിരിക്കുന്നു.” എന്ന വാക്യം.

മലിന പൂ‍ർണമായ ഹൃദയത്തെ വിമലീകരിക്കാൻ രണ്ടു വഴികളാണ് ഉള്ളത്. പശ്ചാത്താപം വഴിയുള്ള നിർമാർജ്ജനവും സൽകർമ്മങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളും വഴിയുള്ള സംസ്കരണവും.

പ്രവാചകൻ (സ) ഒരിക്കൽ പറയുകയുണ്ടായി. “നിശ്ചയം ഒരു മനുഷ്യൻ പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും അവന്റെ മനസ് കല്ലിച്ചു കളയുകയും ചെയ്തു. പശ്ചാത്തപിക്കുന്നതിലൂടെ അത് വിമലീകരിക്കപ്പെട്ടു. സംഭവിച്ചു പോയ തെറ്റുകളെ കുറിച്ചുള്ള കുറ്റബോധവും മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നിശ്ചയദാർഢ്യവും സമം ചേരുന്പോഴാണ് പശ്ചാത്താപമാകുന്നത്. അല്ലാതെ ആണ്ടിലൊരിക്കൽ ചെയ്തൂ തീർക്കേണ്ട വഴിപാടോ കൃത്യനിർവഹണമോ അല്ല. ഹൃദയവിശുദ്ധിയും ദൈവ കാരുണ്യത്തെക്കുറിച്ചുള്ള നിറ പ്രതീക്ഷകളുമാണ് പശ്ചാത്താപത്തിന്റെ പൊരുൾ.

കളങ്കവും കാപട്യവും അശേഷമില്ലാത്ത തുറന്ന ഹൃദയവും കലങ്ങിയ കണ്ണുകളുമായി തന്നെ സമീപിക്കുന്ന അടിമയെ അള്ളാഹു നിരാശപ്പെടുത്തുകയുമില്ല.

പാപങ്ങൾ പൊറുക്കപ്പെടുക എന്നതിലുപരി അള്ളാഹുമായുള്ള ആത്മബന്ധത്തിന്റെ പുതിയൊരനുഭവം തുന്നി ചേർക്കാനാവുകയെന്ന സവിശേഷത കൂടി പശ്ചാത്താപത്തിനുണ്ട്. പാപങ്ങളിൽ നിന്ന് മോചനം നേടാൻ സാധ്യമായ വഴികളെല്ലാം മനുഷ്യർക്കു മുന്പിൽ മലർക്കെ തുറന്നു കൊടുത്ത കാരുണ്യവാനായ അള്ളാഹു ലഭ്യമായ സ്വാതന്ത്ര്യമുപയോഗിച്ച് മനുഷ്യൻ തിന്മയുടെ ചതിക്കുഴികളിലകപ്പെട്ടു പോകുന്നതിനുള്ള പഴുതുകളെല്ലാം കൊട്ടിയടക്കുകയും ചെയ്തിട്ടുണ്ട്. നന്മ തിന്മകൾ തിരിച്ചറിയാനുള്ള വിശേഷബുദ്ധി മനുഷ്യനു നൽകി. ബുദ്ധി കൊണ്ടു മാത്രം കണ്ടെത്താനാകാത്ത കാര്യങ്ങൾ കൂടി വിവരിച്ചു തരാനും വഴി നടത്താനും പ്രവാചകരെ നിയോഗിച്ചു. പ്രവാചകർക്ക് ദൃഷ്ടാന്തവും മനുഷ്യകുലത്തിന് പ്രമാണവുമായി വേദഗ്രന്ഥങ്ങൾ അവതീർണമാക്കി. തിന്മകളുടെ പ്രചാകരായ പിശാച് മനുഷ്യന്റെ ജന്മവൈരിയും ദോഷകൈദൃക്കുമാണെന്ന് ദൃഷ്ടാന്തങ്ങൾ സഹിതം വിവരിച്ചു തന്നു. മനുഷ്യന്റെ നന്മ− തിന്മകളെ സദാ നിരീക്ഷിക്കുവാനും ജീവിത ദൃശ്യങ്ങൾ ഒപ്പിയെടുക്കാനും വിശുദ്ധരായ മലാഖമാരെ നിയോഗിച്ചു. അവരുടെ നിരീക്ഷണത്തെ കുറിച്ച് നമുക്ക് മുന്നറിവ് നൽകി. നന്മ തിന്മകളുടെ ശിക്ഷകൾ വിവരിച്ചു തന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും വിട്ടുവീഴ്ച മനോഭാവത്തിന്റെയും ചെറിയൊരു ശകലം മാത്രമാണ് പാപമോചകൻ എന്ന വിശേഷണം 79 തവണ ‘പൊറുത്തു കൊടുക്കുന്നവൻ’, ‘കാരുണ്യവാൻ’ എന്നീ രണ്ടു വിശേഷണങ്ങളുടെ ആവിഷ്കാരമാണ് പുണ്യ റമളാൻ മാസത്തിന്റെ ദിനങ്ങൾ.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയുണ്ടായി. കൊടുങ്കാറ്റിലകപ്പെട്ട തോണിയെ പോലെ വിശ്വാസികളുടെ ജീവിതം ആടിയുലയുന്പോൾ അവന് വിശുദ്ധി നേടാനായി ഇതാ ഒരു പുണ്യമാസം. ആത്മസംസ്കരണത്തിന്റെ അസുലഭ നിമിഷങ്ങളായിട്ടാണ് വിശ്വാസികൾ അതിനെ കാണുന്നത്. പുണ്യങ്ങൾ അളവറ്റ പ്രതിഫലം ലഭിക്കുന്ന വസന്തമായ കാലമായിട്ടാണ് റമളാൻ വിശ്വാസികളിലേക്ക് കടന്നുവരുന്നത്. വിശുദ്ധ റമസാനെ നമ്മൾ നല്ല രീതിയിൽ വരവേൽക്കണം. എങ്കിൽ പാപ പങ്കിലമായ ഉൾതടത്തെ അല്ലാഹു ശുദ്ധമാക്കുന്നു. നബി (സ) പറഞ്ഞിരിക്കുന്നു: “അല്ലാഹുവിന്റെ അടിമകൾ പരിശുദ്ധ റമാളാന്റെ മഹത്വം അറിയുകയാണെങ്കിൽ വർഷം മുഴുവൻ റമളാൻ ആയിരുന്നുവെങ്കിൽ എന്നവർ ആഗ്രഹിക്കുമായിരുന്നു.” ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത് നരകത്തിൽ നിന്നുള്ള മോചനമാണ്. സ്വർഗ പ്രവേശനവുമാണ്. പാപം പൊറുക്കുക എന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. ഇതിനുള്ള അവസരമായിട്ടാണ് പരിശുദ്ധ റമളാൻ നമ്മളിലേക്ക് കടന്നുവരുന്നത്.

നമ്മൾ നമ്മുടെ വസ്ത്രവും ശരീരവും ഭവനവുമെല്ലാം വളരെ ഭംഗിയോടെ സൂക്ഷിക്കുന്നു. എന്നാൽ തന്റെ ആത്മാവിനെ ആരും ഭംഗിയായി സൂക്ഷിക്കുന്നില്ല. ലോഹത്തിന് തുരുന്പു പിടിക്കുന്നതുപോലെ ഹൃദയം തുരുന്പു പിടിക്കുമെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. ഹൃദയത്തിന്റെ തുരുന്പ് മാറ്റാനുള്ള പ്രതിവിധിയാണ് ഖുർആൻ പാരായണം അധികരിപ്പിക്കൽ. ഈ റമളാന്റെ ദിനരാത്രങ്ങളെ ഖുർആൻ പാരായണം കൊണ്ട് ധന്യമാക്കി ഹൃദയത്തിന്റെ തുരുന്പ് നീക്കാൻ നാമേവരും പരിശ്രമിക്കണം.

‘നോന്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്.’ എന്ന അള്ളാഹുവിന്റെ പ്രത്യേക പരാമർശം വ്രതാനുഷ്ഠാനത്തെ കൂടുതൽ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ റമാളാനിന്റെ ആത്മാവായ നോന്പ് പാപം പൊറുക്കപ്പെടുന്നതും സ്വർഗപ്രവേശനം ലഭിക്കപ്പെടുന്നതുമാക്കാൻ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. നാഥൻ തുണക്കട്ടെ.

You might also like

Most Viewed