കുട നന്നാക്കുന്ന ചോയി ഫാസിസത്തിനെതിരെയുള്ള തുറന്ന പുസ്തകം


രാജു ഇരിങ്ങൽ

മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആർദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറിയുന്നതിലാണ് ആ ഭാഷയെ നില നിർ‌ത്തേണ്ടത്. ഞാൻ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കൾ വിരിയുന്പോൾ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്ന് തിരിച്ചറിയുന്നതിനും ഉൾ‌ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു−- എന്ന് പറഞ്ഞത് പ്രഫസർ‍ എം.എൻ‍ വിജയൻ മാഷാണ്. ശ്രീ എം. മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്ന നോവൽ‍ നാട്ടു ഭാഷയുടെ അമൃതാണ് എന്ന് പറയുന്നതിൽ‍ തെറ്റില്ല. എന്നാൽ‍ കേവലമൊരു നാട്ടു ഭാഷ പറഞ്ഞു വെയ്ക്കുന്നതിലല്ല ‘കുട നന്നാക്കുന്ന ചോയി’ ശ്രദ്ധേയമാകുന്നത്.  ഒരേ സമയം ഗ്രാമങ്ങളിൽ‍ നിന്നും പുറത്തേയ്ക്ക് വികസിക്കുന്ന അർ‍ത്ഥ തലങ്ങളും അതേ സമയം ഗ്രാ‍‍മങ്ങളിലേയും നോവലായി മാറുന്ന അത്ഭുത പ്രക്രിയയാണ് നോവലിന്റ രചനാ കൗശലം. മുകുന്ദൻ‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതും അങ്ങിനെ തന്നെയാണ് “നോവലിന്റെ രചനയ്ക്ക് ഒരു ഭൂമിക വേണം. കഥയും കഥാപാത്രങ്ങളും ശൂന്യതയിൽ‍ ആഖ്യാനം ചെയ്യുവാൻ‍ സാധിക്കില്ല. അതുപോലെ തന്നെ എഴുത്തിന്‍റെ നിർ‍മ്മിതിയിൽ‍ എഴുത്തുകാരന്റെ ജീവിത പരിസരം വലിയ പങ്കുവഹിക്കുന്നുണ്ട്.” അതുകൊണ്ടാണ് സമകാലിക ഇന്ത്യയിലെ തീവ്രപക്ഷ മതാത്മകമായ നിലപാടുകളെ നിശിതമായി വിമർ‍ശിക്കാൻ‍ ചങ്കൂറ്റം കാണിച്ചു കൊണ്ട് സ്വന്തം ഗ്രാമമായ മയ്യഴിയാണ് നോവൽ‍ ഭൂമിക തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് ഇത് കേവലം ഒരു മയ്യഴി കഥ പറഞ്ഞു വെയ്ക്കുന്നു എന്ന് അഭിപ്രായമില്ല. സമകാലിക ഇന്ത്യയുടെ കഥ പറഞ്ഞു വെയ്ക്കുകയാണ്‍ ശ്രീ. എം മുകുന്ദൻ‍. മയ്യഴി എന്ന ഗ്രാമ പരിസരത്തു നിന്നാരംഭിക്കുന്നു കുട നന്നാക്കുന്ന ചോയി. മയ്യഴിയിൽ‍ ഏറ്റവും നന്നായി കുട നന്നാക്കുന്ന ഒരാൾ‍ അത് ചോയി മാത്രമാണ്. എന്നാൽ‍ നന്നായി കുട നന്നാക്കിയതു കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ‍ പറ്റാതാവുന്ന ജീവിതാവസ്ഥയാണ് ഇന്ത്യയിലെന്ന് നമുക്കറിയാം. ഇന്ത്യയിലെന്നുമാത്രമല്ല എല്ലാ മൂന്നാം കിട രാജ്യങ്ങളിലും ഒപ്പം മുതലാളിത്ത രാജ്യങ്ങളിലെ ഏറ്റവും പാവപ്പെട്ടവനും പിച്ചക്കാരനാണെന്ന് നമുക്കാറിയാം. തന്‍റെയും കുടുംബത്തിന്റെയും കടുത്ത ദാരിദ്ര്യം ചോയി എന്ന ഏറ്റവും നന്നായി കുട നന്നാക്കുന്ന ഒരാളെ ഫ്രഞ്ച് പട്ടാളത്തിലെത്തിക്കുകയും അവിടെ ജിബൂത്തിൽ‍ കലാപം അമർ‍ച്ച ചെയ്യാൻ‍ നിയുക്തനാവുകയും ചെയ്യുന്നു. അത്തരുണത്തിൽ‍ ഇതൊരു പ്രവാസ നോവൽ‍ കൂടിയാണെന്ന് വായനക്കാരന് തോന്നും. അതങ്ങിനെ തന്നെയാണു താനും.  കേരളത്തിൽ‍ നിന്ന് ഗൾ‍ഫ് നാടുകളിലേയ്ക്കും മറ്റ് രാ‍‍ജ്യങ്ങളിലേയ്ക്കും കുടിയേറിപ്പോകുന്നത് ദേശത്തെ കലാപമൊ മറ്റ് വംശിയമായ ഭിന്നിപ്പൊ കൊണ്ടല്ലെന്നും അത് തീർ‍ത്തും ജീവിക്കാനുള്ള പ്രാഥമീകാവശ്യങ്ങൾ‍ക്കു വേണ്ടിയും അതു കഴിഞ്ഞ് ജീവിത നിലവാരം ഉയർ‍ത്തുന്നതിനു വേണ്ടിയുള്ള പരക്കം പാച്ചലുകളുമാണ് ഏതൊരു പ്രവാസിയും ജീവിക്കുന്നത്. അത് തന്നെയാണ് ചോയിയും നോവലിൽ‍ ചെയ്യുന്നത്. നോവലിനെ ഒറ്റ വാക്യത്തിൽ‍ പറയുകയാണെങ്കിൽ‍ കുട നന്നാക്കുന്ന ചോയി ഫ്രാൻ‍സിൽ‍ പോവുകയും അവിടെ നിന്ന് യുദ്ധത്തിൽ‍ മരിച്ച് മൃതദേഹം നാട്ടിലെത്തി സംസ്കരിക്കുകയും ചെയ്യുന്പോൾ‍ ബാക്കിയാവുന്നത് പോകുന്പോൾ‍ ഏൽപ്പിച്ച് പോയ ഒരു ലക്കോഡ് മാത്രമാണ്. നോവലിൽ‍ ഉടനീളം കുട നന്നാക്കുന്ന ചോയി നോവലാരംഭത്തിൽ‍ മാധവനെ ഏൽപ്പിച്ചു പോയ ഈ ലക്കോഡ് മുഴുനീള സസ്പെൻ‍സ് നിലനിർ‍ത്തി കൊണ്ടു പോകാനും ഈ നോവലിന്‍ സാധിക്കുന്നുണ്ട്. ലക്കോഡ് അച്ചൂട്ടിയുടെ മകന് മാധവൻ കൊടുക്കുന്പോൾ‍ ചോയി മുന്നോട്ട് വെയ്ക്കുന്ന ഒരു നിബന്ധനയുണ്ട്. താൻ‍ മരിച്ചാൽ‍ മാത്രമേ ഈ ലക്കോഡ് തുറക്കാൻ പാടുള്ളൂ എന്ന സുപ്രധാനമായ ഉറപ്പ്. അതുകൊണ്ട് തന്നെ ഈ ലക്കോട്ട് ഒരു നാടിന്റെ ഉൽ‍ക്കണ്ഡയും ആകാംക്ഷയുമായി മാറുകയും വളരുകയും ചെയ്യുന്നുണ്ട്. എന്നാൽ‍ തീർ‍ത്തും അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ‍ കത്തിന്റെ ഉള്ളടക്കം മാറ്റി മറിക്കപ്പെടുകയാണ്. മാറ്റി മറിച്ച് വാർ‍ത്ത കേൾ‍ക്കാൻ‍ കാത്തു നിൽ‍ക്കുന്ന ജനസമക്ഷം പുതിയ ഒരു വാർ‍ത്ത, ചമയ്ക്കുകയും ചെയ്യുന്നു മാധവൻ‍. അങ്ങിനെ മാധവൻ സമകാലിക ഇന്ത്യയുടെ പ്രതിനിധിയാവുകയും ചെയ്യുന്നു. പാരന്പര്യവും പുരോഗമന വിദ്യാഭ്യാസവും ഒത്തിണങ്ങിയ മാധവൻ‍ ഒരു നിമിഷം കൊണ്ട് ഫാസിസിസ്റ്റായി മാറുകയല്ല മറിച്ച് നോവലിന്റെ തുടക്കത്തിൽ‍ നിന്ന്‍ വളർ‍ന്ന് വളർ‍ന്ന് നോവലിന്റെ അവസാനം തീർ‍ത്തും നുണപറയുന്ന യഥാർ‍ത്ഥ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.

കുട നന്നാക്കുന്ന ചോയി ലക്കോട്ടിലെ കത്തിൽ‍ ഒളിപ്പിച്ച് വെച്ച രഹസ്യം ഇങ്ങനെ ആയിരുന്നു. “വയറ്റുപ്പിഴപ്പിനു വേണ്ടിയാണ്‍ ഞാൻ‍ കപ്പൽ‍ കയറിപ്പോകുന്നത്. എന്റെ നാട് ഗാന്ധിജിയുടെ ഇന്ത്യയാണ്. ഞാൻ‍ മരിച്ചു കഴിഞ്ഞ‍ാൽ‍ എന്‍റെ മൃതദേഹം നമ്മുടെ ദേശീയ പതാകയിൽ‍ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങിനെ ചെയ്തില്ലെങ്കിൽ‍ എന്റെ ആത്മാവിന്‍ ഒരിക്കലും ശാന്തി ലഭിക്കില്ല” എന്നാണ്. അക്ഷമരായ ആൾ‍ക്കൂട്ടം ആക്രമിക്കാനെന്ന മട്ടിൽ‍ മാധവനു നേരെ നീങ്ങുന്നുവെന്ന് തോന്നിയ ആ നിമിഷത്തിൽ‍ ആൾ‍ക്കൂട്ടത്തിനു കേൾ‍ക്കാനായി മുഷ്ടി ചുരുട്ടി മാധവൻ‍ ഉറക്കെ കത്ത് വായിക്കുന്നു. അതിങ്ങനെയാണ്.

“എന്റെ നാട് ഭാരതമാണ്‍. ഭാരത ദേശത്തിന്റെ സംസ്കാരത്തിലും പാരന്പര്യങ്ങളിലും ഞാൻ‍ അഭിമാനം കൊള്ളുന്നു. ഞാൻ‍ മരിച്ചു കഴിഞ്ഞാൽ‍ എന്റെ മൃതദേഹം കാവിയിൽ‍ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങിനെ ചെയ്തില്ലെങ്കിൽ‍ എന്റെ ആത്മാവിന്‍ ഒരിക്കലും ശാന്തി ലഭിക്കില്ല”

അതെ കുട നന്നാക്കുന്ന ചോയിയുടെ കത്തിലെ ഉള്ളടക്കം മാധവൻ‍ മാറ്റി പറയുന്നു. അതുകൊണ്ടാണ് ആദ്യമേ പറഞ്ഞത് ഇത് ഒരു നിമിഷം മാധവനിൽ‍ വന്നു ചേർ‍ന്ന തോന്നൽ‍ മാത്രമായിരുന്നില്ല. മറിച്ച് ചോയി നാടു വിട്ട് പോയ ശേഷമുള്ള ക്രമാഗനുഗതമായ വളർ‍ച്ചയായിരുന്നു മാധവന്‍റേത്. അപകടകരമായ വളർ‍ച്ച. ചരിത്രവും പാരന്പര്യവും മാറ്റിയെഴുതിക്കൊണ്ടുള്ള തീവ്രഹിന്ദുത്വ നിലപാടുകളുടെ കാലക്രമേണയുള്ള ഇന്ത്യയിലെ വളർ‍ച്ചയെ കൃത്യമായി അടയാളപ്പെടുത്താൻ‍ മുകുന്ദന് സാധിക്കുന്നുണ്ട്. ഭരണകൂടവും അധികാരവും വർ‍ഗ്ഗീയതയെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്ന് നമുക്ക് മനസ്സിലാക്കി തരുവാനും ഈ നോവൽ‍ ശ്രമിക്കുന്നുണ്ട്. പ്രാദേശികമായ സത്വങ്ങളെ ഇല്ലായ്മ ചെയ്യുകയും ചരിത്രത്തെ വളച്ചൊടിച്ച് പുതിയ ചരിത്രമെഴുതാനും ശ്രമിക്കുന്ന ഹിന്ദുത്വ തീവ്രവീക്ഷണങ്ങളോടുള്ള ശക്തമായ രചനയാണ് കുട നന്നാക്കുന്ന ചോയി. നമുക്കറിയാം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് അൽ‍ഫോൺ‍സ് കണ്ണന്താനമെന്ന സമർ‍ത്ഥനായ ഉദ്യോഗസ്ഥൻ‍ മലക്കം മറിഞ്ഞ് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത് ഇടതു പക്ഷ സ്വതന്ത്ര്യനെന്ന ലേബലിൽ‍ നിന്നാണ്. അദ്ദേഹം വിദ്യാഭ്യാസവും അതു പോലെ വിവേകവും ഒത്തിണങ്ങിയ ഒരാളായിട്ടായിരുന്നു അന്നു വരെ ജനവും കേരളവും കണ്ടിരുന്നത്. അതേ അൽ‍ഫോൺ‍സ് കണ്ണന്താനമെന്ന ഉദ്യോഗസ്ഥൻ‍ ഒടുവിൽ‍ വർ‍ഗീയ പാർ‍ട്ടിയിലേക്ക് ചേക്കേറുന്നു. ഇങ്ങനെ തന്നെയാണ് മാധവനും നോവലിൽ‍ ചെയ്യുന്നത്, സമർ‍ത്ഥമായ ഒരു വിശ്വാസ വഞ്ചന. നമ്മളറിയാതെ നമുക്കു ചുറ്റും പലതും സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. മറ്റൊരുതരത്തിൽ‍ യുവതയെ പാട്ടിലാക്കാൻ‍ വർ‍ഗ്ഗീയ വാദികൾ‍ അവർ‍ക്കാവശ്യമുള്ളതൊക്കെയും എത്തിച്ചു കൊടുക്കുന്ന വർ‍ഗീയ വിഷം പകർ‍ന്നു നൽ‍കാൻ‍ സദാ തയ്യാറാകുന്നു എന്നുവേണം കരുതാൻ‍. സമീപകാലത്തെ തിരഞ്ഞെടുപ്പിൽ‍ സുരേഷ് ഗോപിയുടെ രാജ്യസഭാ എം.പി സ്ഥാനവും ശ്രീശാന്തിന്റെ ബിജെപി സ്ഥാനാർ‍ത്ഥിത്വവും തുടങ്ങി നിരവധിയായ കാര്യങ്ങൾ‍ ഈ തരുണത്തിൽ‍ നമുക്ക് ഓർ‍ത്തെടുക്കാവുന്നതാണ്.

അന്പലത്തിലൊന്നും പോകാൻ‍ വല്യ താൽപര്യം കാണിക്കാതിരുന്ന മാധവൻ‍ അന്പലത്തിൽ‍ പോകാൻ‍ താൽപര്യം കാണിക്കുന്പോ‍ൾ‍ ചോയിയുടെ പെങ്ങൾ‍ കമല അതിശയത്തോടെ ചോദിക്കുന്നത് ഇങ്ങനെയാണ്.

“ഇഞ്ഞി അന്പലത്തിൽ‍ പോകോ? ഇനിക്ക് ദൈവത്തിൽ‍ വിശ്വാസം ല്ലെന്നാ രാധ പറഞ്ഞത്” അപ്പോ മാധവൻ‍ പറയുന്നത് “ഞാനും വരുന്നു എന്നാണ്. അന്പലത്തിൽ‍ ഭഗവാന്റെ  മുന്പിൽ‍ നിൽ‍ക്കുന്ന മാധവൻ‍ കൈ കൂപ്പുകയും കമല അയാളുടെ നെറ്റിയിൽ‍ ചന്ദനക്കുറി ഇട്ടുകൊടുക്കുകയും ചെയ്യുന്നു. ചന്ദനക്കുറിയിട്ടപ്പോൾ‍ മാധവന്റെ നെഞ്ചിലേക്ക് ഒരു കുളിർ‍മ്മ ഇറങ്ങി വരുന്നതായി തോന്നി എന്നാണ് നോവലിസ്റ്റ് എഴുതിയിരിക്കുന്നത്. അങ്ങിനെ അതോടു കൂടി പൂർ‍ണ്ണമായും ഹൈന്ദവതയുടെ മുഖമായി മാറുകയാണ് മാധവൻ‍. അതുകൊണ്ട് തന്നെ ലക്കോട്ടിലെ രഹസ്യം മാറ്റി പ്പറയുന്ന മാധവൻ‍ സമകാലിക ഇന്ത്യയുടെ മുഖമായി മാറുന്നുവെന്ന് വായനക്കാരന് മനസ്സിലാവുകയും ചെയ്യും.

ഗ്രാമ്യ ഭാഷകളുടെ സാർ‍വ്വത്രീകമായ ഈ നോവലിനെ സന്പന്നമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധിനിവേശം അത് ആഭ്യന്തരമായ അധിനിവേശം അല്ലെങ്കിൽ‍ ഫാസിസത്തിന്റെ കടന്നു കയറ്റത്തിനെതിരെ ഫലപ്രദമായ പ്രതിരോധം തീർ‍ക്കേണ്ടത് ഗ്രാമ പദങ്ങൾ‍ കൊണ്ട് തന്നെയാണെന്ന് നോവലിസ്റ്റ് അടിവരയിടുന്നു. അതുപോലെ ഈ പ്രാദേശിക പദങ്ങളൊക്കെയും നോവലിൽ‍ സ്വാഭാവികമായി കടന്നു വരുന്നു എന്നുള്ളത് കൊണ്ട് അടിക്കുറിപ്പിന്റെ ആവശ്യമില്ലാതെ തന്നെ വടക്കനും തെക്കനും ഹൃദ്യമായി വായിച്ച് മനസ്സിലാക്കാൻ‍ സാധിക്കുമെന്നതിൽ‍ തർ‍ക്കമില്ല.

സമകാലിക ഇന്ത്യയിലെ അപകടകരമായ സൂചനകളേയും അതിന്റെ സൂക്ഷ്മതകളേയും ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കാൻ‍ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്. അതു പോലെ ഇന്ത്യക്കാരനെന്ന രീതിയിലും പേടിയോടെ മാത്രമേ കാണുവാൻ‍ സാധിക്കൂ. “തെക്കു നിന്നുള്ള ആവി വണ്ടിയിൽ‍ ചന്ദനക്കുറി തൊട്ട കുറേ യുവാക്കളും വന്നു. നാട്ടുകാർ‍ക്ക് പരിചയമില്ലാത്ത ചിലർ‍ ഓക്കുമരം കൊണ്ടുള്ള ശവപ്പെട്ടിക്കു മുകളിൽ‍ ഒരു കാവി പതാക വിരിച്ചു. അപരിചിതരുടെ ഒരു ആൾ‍ക്കൂട്ടം കാവി പുതച്ച ചോയിയെ ചുമന്നു കൊണ്ട് ശ്മശാനത്തിലേയ്ക്ക് നടന്നു. അൽപനേരത്തിനു ശേഷം അവിടെ നിന്ന് ഉയർ‍ന്ന പുകയ്ക്ക് കാവി നിറമായിരുന്നു.” ഇത് തന്നെയാണ് ഈ നാടിന്റെ പ്രശ്നം എന്ന് മുകുന്ദൻ‍ പറയുന്പോൾ‍ അത് തിരിച്ചറിയാൻ‍ വായനക്കാരനും അതുപോലെ കേരളത്തിലെ ഓരോ ആളുകൾ‍ക്കും ബോധ്യമാവേണ്ടതുണ്ട്. ചോയി ഒരു ബിംബം മാത്രമാണ്. ചോയി ഞാനും നിങ്ങളുമാവാം. അല്ലെങ്കിൽ‍ ചോയി ഇന്ത്യ തന്നെയാവാം. നിങ്ങളുടെ സ്വപ്നങ്ങൾ കാവിയിൽ‍ മുക്കി കളയാനുള്ളതാണൊ അതൊ ഇന്ത്യയുടെ സുവർ‍ണ്ണ പതാകയിൽ‍ മുക്കേണ്ടതാണൊ? നിങ്ങളുടെ ചിന്തകൾ‍ ഇന്ത്യയുടെ സുവർ‍ണ്ണ ലിപികളിൽ‍ ചേർ‍ക്കേണ്ടതാണൊ അതൊ കാവിയിൽ‍ പൊതിയാനുള്ളതാണൊ ചിന്തകൾ‍ക്ക് ചൂടു പിടിപ്പിക്കാൻ‍; കുട നന്നാക്കുന്ന ചോയി’ ഒരു സമോവറായി മാറുക തന്നെ ചെയ്യുന്നുണ്ട്.

നോവലിന്റെ അവസാന പേജിൽ‍ ഓരോ ഗ്രാമത്തിൽ‍ നിന്നു വേണം ഫാസിസത്തിനെതിരെ പ്രതിരോധം തീർ‍ക്കേണ്ടതെന്നും ഗാന്ധിജി പറഞ്ഞതു പോലെ ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവിരിക്കുന്നതെന്നും നോവൽ‍ പറയാതെ പറയുന്നുണ്ട്. നാളെയുടെ പ്രഭാതം മൂവർ‍ണ്ണ കൊടിയുടേതാവേണ്ടത് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ധതയ്ക്കും അത്യാവശ്യമാകേണ്ടതുണ്ട്. അത് ദേശീയ പതാകയുടെ നിറമാക്കുവാൻ‍ നാമോരുത്തരും പ്രതിജ്ഞാ ബന്ധരാവേണ്ടതും ഓർ‍മ്മപ്പെടുത്താൻ‍ ‘കുട നന്നാക്കുന്ന ചോയി’ ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നോവൽ‍ വായന അതി സുന്ദരമാവുകയും ചെയ്യുന്നു.

 

 

You might also like

Most Viewed