പ്രതീക്ഷയുടെ പൂക്കൾ; ആശങ്കയുടെ മുള്ളുകൾ
മണിലാൽ
‘എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും’ എന്ന തലക്കുറി മുദ്രാവാക്യം ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങൾക്ക് അത് വലിയ വ്യാമോഹങ്ങൾ സമ്മാനിക്കില്ലേ, കാലാന്തരത്തിൽ അത് അവർക്ക് വലിയ തോതിൽ നിരാശ ഉളവാക്കില്ലേ എന്ന ചോദ്യമൊക്കെ പ്രസക്തം തന്നെ. പക്ഷേ അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി തീർന്നതാണ്. വലിയ പ്രതീക്ഷ തന്നെയാണ് കേരള ജനത ഈ സർക്കാരിൽ വെച്ചു പുലർത്തുന്നത്. തീർച്ചയായും അത് ഭരണനായകനിലുള്ള പ്രതീക്ഷയും വിശ്വാസവും തന്നെയാണ്. ദേശാഭിമാനി വാരാന്തപതിപ്പ് എഴുതുന്നു, “നാലാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ പിണറായി വിജയൻ നടത്തിയ അദ്ധ്യക്ഷ പ്രസംഗം നവകേരളത്തിന്റെ രൂപരേഖയായിരുന്നു. അതാണ് പിന്നീട് വികസിച്ച് പ്രകടന പത്രികയായും തിരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യമായും ഉയർന്നത്. അതിലാണ് കേരളം പ്രതീക്ഷയും വിശ്വാസവും അർപ്പിച്ചത്. വിജയ ശില്പി തന്നെ ഭരണനായകനാവുകയാണ്. പ്രസ്ഥാനത്തിന്റെയും ജനങ്ങളുടെയും പരിപൂർണ്ണ വിശ്വാസമാർജിച്ചു കൊണ്ട് കേരളത്തിന്റെ നായകത്വത്തിലേയ്ക്ക് സഖാവ് പിണറായി പാദമൂന്നുന്നു.”
ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന മാർക്സിസ്റ്റ് വിരുദ്ധതയും അപകടസാധ്യതകളൊന്നും വിശകലനം ചെയ്യാനുള്ള അവസരമില്ലിത്. നമുക്കാ വാക്കുകളെ മുഖവിലക്കെടുക്കാം. ഏതായാലും പ്രതീക്ഷിക്കാവുന്നതിലപ്പുറമുള്ള ഒരു പ്രതീക്ഷ പൊതുജനം ഈ സർക്കാരിൽ അർപ്പിച്ചിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങൾ നാട്ടിലാകെ പ്രകടവുമാണ്. ഈ സർക്കാരിന്റെ തുടക്കമാവട്ടെ ആ പ്രതീക്ഷകളെയാകെ പൊലിപ്പിച്ചെടുക്കുന്നതുമായിരുന്നു. മന്ത്രിമാരുടെ എണ്ണത്തിൽ നേരിയ തോതിലാണെങ്കിലും ഉണ്ടാക്കിയ കുറവ്, മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ കോടികൾ ചിലവിടുന്ന രീതി പാടില്ല, പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25ൽ കവിയാൻ പാടില്ല, 60 വയസിനു മുകളിലുള്ളവരെ പൊതുവായി സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ടതില്ല തുടങ്ങിയ നിലപാടുകൾ മുഖ്യമന്ത്രി തന്നെ തന്റെ സഹപ്രവർത്തകരുടെ മുന്പാകെ വെയ്ക്കുകയുണ്ടായി.
പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന് അദ്ദേഹവും മാധ്യമങ്ങളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും അവശേഷിക്കുന്ന ജനങ്ങളുമൊക്കെ ചേർന്ന് നിർമ്മിച്ചു നൽകിയ ഒരു പ്രതിച്ഛായയുണ്ട്. ഒരിക്കലും ചിരിക്കാത്ത തന്റെ നിലപാടുകളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഏകാധിപത്യ മനോഭാവമുള്ള ഒരാൾ എന്നതിനെ ചുരുക്കി വിശേഷിപ്പിക്കാം. തന്റെ കൂടെ നിൽക്കുന്നവർ എത്ര കൊള്ളരുതാത്തവരായാലും അവരെയൊക്കെ സംരക്ഷിക്കുന്ന സ്വഭാവം പിണറായിക്കുണ്ട് എന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. സൈബർ ലോകത്ത് ‘മുണ്ടുടുത്ത മുസ്സോളിനി’ എന്നുവരെ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ആളുണ്ടായി എന്നതും മറക്കരുത്. അദ്ദേഹത്തിന് ചാർത്തി നൽകിയ വിശേഷണങ്ങളൊക്കെ ഒരു ഭരണാധികാരി എന്ന നിലയിൽ മൈനസാണ് എന്ന് പറയാൻ കഴിയില്ല. പലതും പ്ലസ് തന്നെയാണ്. ലോകത്ത് ആകെ ഒന്നു കണ്ണോടിച്ചാൽ വലിയ ജനാധിപത്യവാദി അല്ലാതിരുന്ന ഭരണാധികാരികൾ ആണ് വലിയ വിജയം കൊണ്ടുവന്നത്. നമ്മുടേതു പോലുള്ള സങ്കീർണ്ണ സമൂഹത്തിൽ ശരിയായ തീരുമാനം ശരിയായ സമയത്ത് എടുക്കാൻ സാധിക്കുക, അവസരവാദികളുടെയും സംശയാലുക്കളുടെയും വായടപ്പിച്ച് എടുത്ത തീരുമാനങ്ങൾ വിജയിപ്പിക്കാൻ കഴിയുക എന്നതൊക്കെ ഭരണത്തിൽ നല്ല റിസൾട്ട് ഉണ്ടാക്കാൻ ചിലപ്പോൾ സഹായകരമായി തീരുകയും ചെയ്യും. എന്തൊക്കെ ഗുണവിശേഷങ്ങൾ അത് ഉണ്ടാക്കിയാലും ആത്യന്തികമായി ജനാധിപത്യബോധം തന്നെയാണ് പരമപ്രധാനം എന്നത് വേറെ കാര്യം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ പരിഗണിക്കുന്പോൾ തന്റെ വ്യക്തിത്വം നിലനിർത്തിക്കൊണ്ടു തന്നെ തികഞ്ഞ ജനാധിപത്യ വാദിയായി പ്രവർത്തിക്കാൻ തുടക്കത്തിലെങ്കിലും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു എന്നത് നിസാര പ്രശ്നമല്ല. തന്നെ ശുണ്ഠി പിടിപ്പിക്കാനും തങ്ങൾക്ക് ആവശ്യമുള്ളത് പറയിക്കാനുമൊക്കെ മാധ്യമ സുഹൃത്തുക്കൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂടെ നിർത്തുന്ന ഒരു നിലപാടാണ് താൻ സ്വീകരിക്കുക എന്ന സന്ദേശം നൽകാൻ കഴിയുന്നതായിരുന്നു തുടക്കത്തിലെ നടപടികളൊക്കെ. ഏറ്റവും പ്രധാനം വി.എസ് അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചതും ഉപദേശം തേടിയതുമൊക്കെ. അത് മലയാളിയുടെ മനസിൽ കനം തൂങ്ങി നിന്ന ചില ആശങ്കകളെ തെല്ലൊന്നുമല്ല ബാഷ്പീകരിച്ചു കളഞ്ഞത്. കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടിനിടയിൽ അങ്ങോട്ട് ചെന്ന് പിണറായി അച്യുതാനന്ദനെ കണ്ട സന്ദർഭങ്ങളില്ല. ഇപ്പോൾ അതിനദ്ദേഹം തയ്യാറായത് തീർച്ചയായും നല്ല സൂചനയാണ്. ചെന്നു കാണുക മാത്രമല്ല, ഇരുപത് മിനുട്ടോളം സംഭാഷണങ്ങളിലേർപ്പെടുകയും ഉപദേശങ്ങൾ കേട്ടതായി അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തു. വി.എസിനെ മാത്രമല്ല അദ്ദേഹം കണ്ടത്, കെ.ആർ ഗൗരിയമ്മയെ അങ്ങോട്ടുപോയി കണ്ട്, അവരെ സന്തോഷിപ്പിക്കുകയും പിറന്നാളുണ്ണുകയുമൊക്കെ ചെയ്തത് തിടം വെയ്ക്കുന്ന ഒരുപാട് നിഷേധാത്മകതകളെ ലഘൂകരിക്കാൻ സഹായമാകുക തന്നെ ചെയ്തു. അതേപോലെ അങ്ങോട്ട് ചെന്നു കാണേണ്ടവരെയെല്ലാം അങ്ങോട്ട് ചെന്ന് കണ്ടും ഫോണിൽ ബന്ധപ്പെടാവുന്നവരെയൊക്കെ അത് ചെയ്തുമൊക്കെയാണ് തുടങ്ങിയത്. മന്ത്രിമാരുടെ എണ്ണം കുറയ്ക്കാൻ നടത്തിയ നീക്കവും ശ്ലാഘനീയം തന്നെ. മന്ത്രിമന്ദിരങ്ങളിലൊക്കെ അത്യാവശ്യം വേണ്ട റിപ്പയറുകളും മോടി പിടിപ്പിക്കലുമൊക്കെ ഇപ്പോൾ നടന്നുവരുന്നുണ്ട്. പക്ഷേ കഴിഞ്ഞ വർഷത്തെ പോലെയൊക്കെ അത് പരിധി വിട്ടതായി എന്ന് പറയിപ്പിക്കാൻ ഇടവരാത്ത വിധത്തിലുള്ള ജാഗ്രത കാണിച്ചത് അഭിനന്ദനാർഹം തന്നെ. ഏറ്റവും പ്രധാനം പേഴ്സണൽ സ്റ്റാഫിന്റെ എണ്ണത്തിൽ വരുത്തിയ കുറവാണ്. ഏറ്റവും ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ഒരു മന്ത്രിയുടെ സ്റ്റാഫിൽ കുറവുണ്ടാകും. മൊത്തം 100 പേരെയെങ്കിലും ഈ വിധം കുറയ്ക്കാൻ കഴിയുന്നു. ശന്പളം ഉൾപ്പെടെ പ്രതിമാസം 75000 രൂപയെങ്കിലും ഒരാൾക്ക് വേണ്ടി ചിലവഴിക്കേണ്ടിവരുന്നു എന്ന് കണക്കാക്കിയാൽ പൊതുഖജനാവിൽ നിന്ന് ഓരോ മാസവും ചിലവഴിക്കുന്ന പണം എത്ര വലുതാണ് എന്നറിയാം. ഭരണ ചിലവും ധൂർത്തും കുറച്ചു കൊണ്ടുവരിക എന്നത് തന്നെയാണ് ഒരു ഭരണാധികാരിക്ക് പിൻതുടരാവുന്ന മാതൃക. പ്രത്യേകിച്ച് ഇക്കാലത്ത്. ഭരണതലത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു നടപടിയാണ് പേഴ്സണൽ സ്റ്റാഫിൽ 60 വയസിനു മുകളിലുള്ളവരെ നിയമിക്കേണ്ടതില്ല എന്ന തീരുമാനം. പൊതുപ്രവർത്തന രംഗത്തോ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെട്ടോ ഒരു അനുഭവവുമില്ലാത്ത തന്റെ യൗവ്വനം മുഴുവൻ സർക്കാർ സർവ്വീസിലൊക്കെ പ്രവർത്തിച്ച് പരമാവധി സന്പാദിച്ച ശേഷം വിരമിക്കുന്ന ധാരാളം പേർ നമുക്കിടയിലുണ്ട്. ഇവർ പിന്നീട് നോട്ടമിടുന്ന ഒരു മേച്ചിൽപുറമാണ് മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റുക എന്നത്. എല്ലാ മന്ത്രിസഭകളിലും അത്തരക്കാരെ ധാരാളമായി കണ്ടുവരാറുണ്ട്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ അനുഭവങ്ങളൊന്നുമുണ്ടാവില്ല. ശാരീരിക ക്ഷമതയും മാനസികമായ സന്നദ്ധതയുമൊക്കെ കുറഞ്ഞ് തുടങ്ങുകയും ചെയ്തിരിക്കും. പക്ഷേ കസേരകളിൽ അള്ളിപിടിച്ചിരുന്ന് ഒരു കാര്യവും നടത്താതിരിക്കാനുള്ള ന്യായങ്ങൾ നിരത്തും. 60 വയസു കഴിഞ്ഞവരെ പേഴ്സണൽ സ്റ്റാഫിൽ വേണ്ട എന്ന പിണറായിയുടെ പ്രഖ്യാപനം ഇവർക്കൊക്കെ ഇടിത്തീയായി. എന്നാൽ അനുഭവ സന്പത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം പരിഗണിക്കേണ്ടവരെ അങ്ങിനെ ചെയ്യുന്നതിന് തടസ്സങ്ങളുമില്ല.
ഇതൊക്കെ പറയുന്പോഴും തുടക്കത്തിലുണ്ടായ ചില പോരായ്മകൾ ചൂണ്ടിക്കാട്ടാതെ നിർവാഹമില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ അസ്ഥാനത്തായി പോയി. ഈ പ്രശ്നത്തിൽ കഴിഞ്ഞ സർക്കാരും മുഖ്യധാര സമൂഹവും മുന്നോട്ടു െവച്ച കാഴ്ചപ്പാടുകളോട് വിയോജിപ്പുള്ള ആളാണ് ഞാൻ. അതു മാത്രമല്ല ഇപ്പോൾ മുഖ്യമന്ത്രി മന്നോട്ടു വെച്ച നിലപാടുകൾ പ്രസക്തവുമാണ്. പ്രശ്നമതല്ല, കഴിഞ്ഞ സർക്കാർ പിന്തുടർന്നതും കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സർവകക്ഷി യോഗങ്ങളിൽ അംഗീകരിച്ചതുമായ ഒരു നിലപാടുണ്ട്. അത് തമിഴ്നാടിന് െവള്ളം, കേരളത്തിന് സുരക്ഷ, സുരക്ഷിതമായ മറ്റൊരു ഡാം എന്നതാണല്ലോ. അന്നത്തെ ജലസേചന മന്ത്രി പറഞ്ഞത് ഡാം പൊട്ടുമെന്ന് പേടിച്ച് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നില്ല എന്നാണ്. ചപ്പാത്തിൽ തുടർച്ചയായി ജനങ്ങളുടെ സമരങ്ങളും നടന്നതാണ്. ഇങ്ങനെയുള്ള പ്രശ്നത്തിൽ ശരിയായ നിലപാട് മുന്നോട്ടു വെയ്ക്കാൻ ഈ ഗവൺമെന്റ് ബാധ്യസ്ഥമാണ്. അല്ലാതെ പഴയ സർക്കാരിന്റെ വിഡ്ഢിത്തങ്ങൾ ആവർത്തിക്കുകയല്ല വേണ്ടത്. പക്ഷേ അത് എല്ലാവരെയും കൊണ്ട് അംഗീകരിപ്പിച്ച് സാവധാനത്തിൽ ജനാധിപത്യപരമായി നിർവ്വഹിക്കുന്നിടത്താണ് സർക്കാരിന്റെ വിജയം. ആദ്യം അത്തരം വിഷയങ്ങൾ സ്വന്തം പാർട്ടിയിൽ ചർച്ച ചെയ്ത് ഒരു നിലപാടുണ്ടാക്കണം. പിന്നീടത് ഭരണ മുന്നണിയായ ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് പൊതുവായ ധാരണയാക്കണം. പിന്നീട് മന്ത്രിസഭയിലും ആവശ്യമെങ്കിൽ നിയമസഭയിലുമൊക്കെ ചർച്ച ചെയ്യണം. പൊതുവായി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ജനങ്ങൾക്കിടയിൽ ബോധ്യം വരത്തക്ക വിധത്തിൽ നന്നായി ക്യാന്പയിൻ ചെയ്യണം. അതിന് പകരമായി ഏകപക്ഷീയമായ തന്റെ നിലപാട് പ്രഖ്യാപിക്കുന്നത് ആശയകുഴപ്പത്തിനാണിടയാക്കുക. അത് എതിർപ്പുകൾ ശക്തിപ്പെടുത്തുകയേ ചെയ്യൂ. ബിജിമോൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അവിടെ സമരരംഗത്തുള്ളവരാണ്. അവർക്കെങ്ങിനെയാണ് പൊടുന്നനെ ഒരു യുടേൺ സാധ്യമാകുക? വി.എസ് അച്യുതാനന്ദൻ ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ജനാധി
പത്യപരമല്ല, ഇത് വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്ക് കത്തു കൊടുത്തതായി കണ്ടു. ഇപ്പോൾ തന്നെ കേരളത്തിന്റെ താൽപര്യങ്ങൾക്കെതിരായാണ് കേരളത്തിൽ നിന്ന് ശന്പളം പറ്റുന്ന ഉദ്യോഗസ്ഥ എഞ്ചിനീയറിംഗ് വിഭാഗം പ്രവർത്തിക്കുന്നത് എന്ന് ആക്ഷേപവും ശക്തമാണ്. അപ്പോൾ പിന്നെ സംഭവിക്കുക എന്താണ്? തമിഴ്നാടിന് പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുകയല്ലേ ഉണ്ടാവുക? അതുമാത്രമല്ല പിണറായി പാർട്ടി സെക്രട്ടറിയായ കാലത്ത് പുതിയ ഡാം മാത്രമാണ് പരിഹാരമെന്നും സംസ്ഥാന സർക്കാരിന്റെ കഴിവുകേടു കൊണ്ടാണത് പണിയാൻ കഴിയാത്തത് എന്നും വാദിക്കുന്ന പഴയ പ്രസംഗങ്ങളും ടെലിവിഷൻ ഫൂട്ടേജുകളും തുടർച്ചയായി പ്രക്ഷേപണം ചെയ്യുക കൂടി ചെയ്താലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.
ഇതേപോലെ തന്നെ പ്രധാനമാണ് അതിരപ്പിള്ളി ജലവൈദ്യുതി പ്രശ്നത്തിൽ ഉണ്ടായ വിവാദവും. അത് തികച്ചും അനാവശ്യവും അസ്ഥാനത്തും ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. പരിസ്ഥിതി സംബന്ധിച്ച പൊള്ളുന്ന ചർച്ചകളും നിലപാടുകളും നമ്മുെട സമൂഹത്തിൽ സ്വാഭാവികമായും ശക്തമാണല്ലോ. അതികഠിനമായ ഒരു വേനൽ, ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ആളുകളുടെ അസ്ഥിക്ക് പിടിക്കുന്ന പ്രശ്നങ്ങൾ കത്തി നിൽക്കുന്ന ഒരു കാലമാണിത്. അതിരപ്പിള്ളി പദ്ധതി സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾക്ക് ദീർഘകാലത്തെ ചരിത്രമുണ്ട്. ഏതായാലും അത് പ്രാവർത്തികമാക്കാൻ കഴിയും എന്ന് കരുതാവുന്ന ഒരു സാഹചര്യവും ഇപ്പോഴില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരും യു.ഡി.എഫ് സർക്കാരും ഒരുപോലെ പദ്ധതി പ്രാവർത്തികമാക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. സി.പി.ഐ (എം) നകത്ത് തന്നെ ഇക്കാര്യത്തിൽ ശക്തമായ രണ്ടഭിപ്രായമുണ്ട്. പഴയ സൈലന്റ് വാലി വിവാദം പോലെ തന്നെ കെഎസ്.ഇ.ബി, വൈദ്യുതി ജീവനക്കാരുടെ സി.ഐ.ടി.യു സംഘടനകൾ, പാർട്ടിയിലെ വികസന പക്ഷപാതികൾ ഒക്കെ ഒരു വശത്താണ്. എന്നാൽ ശക്തമായ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്പോഴും പരിസ്ഥിതി സംരക്ഷണം പ്രഥമ പരിഗണനയായി കാണുന്നവരും പാർട്ടിയിലുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ നിരവധി സംഘടനകളെ ഈ ഗണത്തിൽ പെടുത്താനാകും. മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള വികസനവാദികൾ പദ്ധതിക്ക് അനുകൂലമായ നിലപാടെടുക്കുന്പോൾ, വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള വലിയ ഒരു വിഭാഗം പദ്ധതിക്കെതിരാണ്. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ മൊത്തമായി പദ്ധതിക്കെതിരാണ്. അതിരപ്പിള്ളി പദ്ധതി പാടില്ല എന്നത് അവരുടെ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖയാണ്. നവകേരള മാർച്ച് നടക്കുന്പോൾ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കും എന്ന് പിണറായി സൂചിപ്പിച്ചപ്പോൾ അതിനെതിരെ ആദ്യം രംഗത്ത് വന്നത് കാനം രാജേന്ദ്രനായിരുന്നു. ഇത്തരം ഒരു പശ്ചാത്തലത്തിൽ, തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് ആഴ്ചകൾക്കകം അതിരപ്പിള്ളി വിവാദവിഷയമാക്കാൻ ഇടം കൊടുക്കരുതായിരുന്നു. ആവശ്യമായ സമയം എടുത്ത് നന്നായി ഗൃഹപാഠം ചെയ്ത് ഇക്കാര്യത്തിൽ ഒരു സംവാദം ഉയർത്തിക്കൊണ്ട് വരികയും അതിന്റെ കൂടെ പശ്ചാത്തലത്തിൽ പദ്ധതിയെക്കുറിച്ചുളള ആലോചനകൾ ആംഭിക്കുകയുമാണ് വേണ്ടിയിരുന്നത്. പക്ഷേ ഒരു കാര്യം അപ്പോഴും ഉറപ്പിച്ചു പറയാൻ എനിക്ക് മടിയില്ല. അതിരപ്പിള്ളി പദ്ധതി കേരളത്തിൽ പ്രായോഗികമാകാനുള്ള സാധ്യത തുലോം വിരളമാണ്.
അതേപോലെ പ്രധാനമായ ഒന്നാണ് ഡി.ജി.പി സെൻകുമാറിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം. സെൻകുമാർ ഒരിക്കലും ഇടതുമുന്നണി സർക്കാരിന്റെ ഡി.ജി.പിയായിരിക്കാൻ കൊള്ളാവുന്ന ഒരാളല്ല. സാധ്യമായതിൽ തങ്ങൾക്ക് പറ്റിയ ഒരാളെ പുതിയ സർക്കാർ കണ്ടെത്താൻ ശ്രമിക്കുന്നത് തെറ്റുമല്ല. കാരണം പുതിയ സർക്കാരിന്റെ നയം നടപ്പിലാക്കാൻ കൊള്ളാവുന്ന ഒരാളെ തന്നെയാണ് പുതിയ സർക്കാറിന് വേണ്ടത്. പക്ഷേ അത് ചെയ്യുന്പോൾ അനുവർത്തിക്കാവുന്ന ചില നയങ്ങളുണ്ട്. ബന്ധപ്പെട്ടയാളിന്റെ അറിവോടും സമ്മതത്തോടും കൂടി സൗഹൃദപരമായ അന്തരീക്ഷത്തിൽ അത് നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിച്ച്, നടപ്പിലാക്കാൻ കഴിയില്ല എന്നുറപ്പായാൽ ചില ശസ്ത്രക്രിയയൊക്കെ ആവാം. അതിന് സമൂഹത്തിന്റെ മുന്പിൽ സാധൂകരണവും ലഭിക്കും. സെൻകുമാറിനെ വിളിച്ചു വരുത്തി സർക്കാറിന്റെ ആഗ്രഹം അറിയിക്കാം. അതറിഞ്ഞാൽ അദ്ദേഹം മാന്യനായ ഉദ്യോഗസ്ഥനാണെങ്കിൽ സ്വയം വിരമിക്കാൻ സന്നദ്ധനാകും, അപ്പോൾ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി പരിഗണിച്ച ചില നിലപാടുകൾ സ്വീകരിക്കാം. ഒന്നിച്ചു കൂടിയിരുന്ന് ഒരു ചായയൊക്കെ കുടിച്ച് ഒരു മാലയും ബൊക്കയുമൊക്കെ നൽകി അദ്ദേഹത്തെ യാത്രയാക്കാം. പുതിയ ആളെ അവിടെ െവച്ചു തന്നെ ചുമ
തലകളേൽപ്പിക്കുകയുമാവാം. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ പുരോഗമിച്ചതെങ്കിൽ ഇന്നുണ്ടായ വിവാദം ഒഴിവാക്കാമായിരുന്നു. പണ്ട് കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത് പോലീസുകാരുടെ സ്ഥലമാറ്റത്തെക്കുറിച്ച് ചോദിച്ച പത്രക്കാരോട് അദ്ദേഹം ഒരു മറുചോദ്യം ചോദിച്ചു. “കാളയോട് ചോദിച്ചിട്ടാണോ അതിന്റെ കഴുത്തിൽ നുകം വെയ്ക്കുന്നത്” എന്ന ചോദ്യം. ആ പരമാർശത്തിനെതിരെ കേരളത്തിൽ ശക്തമായ ജനവികാരം ഉയർന്നുവന്നപ്പോൾ അതിനോടൊപ്പമാണ് ഇടതുപക്ഷം നിലയുറപ്പിച്ചത് എന്നും ഓർക്കണം. സെൻകുമാർ കൊള്ളാവുന്ന മനുഷ്യനല്ല എന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്നൊക്കെ വ്യക്തമാണ്. പക്ഷേ തുടക്കത്തിലെ ഈ സർക്കാറിന്റെ നേരെ ചളി കുടയാൻ അദ്ദേഹത്തിന് അവസരം നൽകാതെ കൈകാര്യം ചെയ്യുന്നതാണ് ഭരണ നൈപുണ്യം.