ശീതയുദ്ധം വീണ്ടും ?


വി.ആർ സത്യദേവ്

യുദ്ധം ആകുലതകളുടെയും അസ്വസ്ഥതകളുടേതുമാണ്. അത് ശീതയുദ്ധമായാലും ലോക യുദ്ധമായാലും ലോകത്തിന്റെ പിരിമുറുക്കമേറ്റുന്നു. യുദ്ധങ്ങൾ പല തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളുടെയും സ്വന്തം കരുത്തിലുള്ള ശാക്തിക പക്ഷങ്ങളുടെ അഹങ്കാരത്തിന്റെയും സന്തതികളാണ്. അഭിപ്രായ വ്യത്യാസങ്ങൾ മനുജ കുലത്തിന്റെ ആവിർഭാവകാലം തൊട്ടിങ്ങോട്ട് അതിന്റെ സന്തത സഹചാരിയാണ്. സമൂഹങ്ങളുടെ നിലപാടുകൾക്ക് സാന്പത്തിക മാനം കൂടി വന്നതോടേ അത്തരം ബലപരീക്ഷണങ്ങൾ തുടർക്കഥയാവുകയും ചെയ്തു. ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണുകളിൽ യുദ്ധമൊഴിഞ്ഞിട്ടൊരു നേരമില്ല എന്നതാണ് നിലവിലെ അവസ്ഥ. അത് ഏതെങ്കിലും ചില ശക്തികൾ തമ്മിൽ മാത്രമുള്ളവയാണ്. ലോക രാഷ്ട്രങ്ങൾ ഇത്തരം കാര്യങ്ങളിലൊക്കെ നിലപാടെടുക്കുകയും പക്ഷം പിടിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാലവയൊക്കെ വലിയ തോതിലുള്ള ഒരു യുദ്ധത്തിനിപ്പുറം സംയമനം പാലിച്ചു നിൽക്കാറാണു പതിവ്. ഇതു ലംഘിക്കപ്പെടുന്ന അവസരങ്ങളിലാണ് ലോക യുദ്ധങ്ങളുടെ പിറവി. ലോകം ഇത്തരത്തിലൊരു സംഘർഷത്തിന്റെ വക്കിലേക്കാണ് പോകുന്നത് എന്ന ആശങ്ക അതിവേഗം ശക്തി പ്രാപിക്കുകയാണ്. അതിനു മുന്നോടിയായി അമേരിക്കയുടെയും റഷ്യയുടെയും നായകത്വങ്ങളിലുള്ള ശീതയുദ്ധം വീണ്ടും കളം നിറയുകയാണോയെന്നും ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.  

ഇതുവരെ രണ്ടു ലോകയുദ്ധങ്ങളാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതാതു കാലത്തെ പ്രധാന ലോക ശക്തികൾ ചേരി തിരിഞ്ഞു നടത്തിയ രണ്ടു ലോക യുദ്ധങ്ങളിലും ദശ ലക്ഷക്കണക്കിനാൾക്കാരാണ് ചത്തൊടുങ്ങിയത്. ഈ രണ്ടു ലോക യുദ്ധങ്ങളും നടന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലായിരുന്നു. ഇരു ലോക യുദ്ധങ്ങൾക്കും തുടക്കം യൂറോപ്പിലുമായിരുന്നു. 1914 ജൂലൈ 28 മുതൽ 1918 നവംന്പർ 11 വരെ ദീർഘിച്ച ഒന്നാം ലോക യുദ്ധം 90 ലക്ഷം പട്ടാളക്കാരെ കുരുതി കൊടുത്തു. 70 ലക്ഷത്തിനടുത്ത് സാധാരണക്കാർക്കും യുദ്ധത്തിൽ ജീവൻ നഷ്ടമായി. ആസ്ത്രിയൻ കിരീടാവകാശി ആർച് ഡ്യൂക് ഫെർഡിനാൻ്റിന്റെ കൊലപാതകത്തോടെയായിരുന്നു യുദ്ധാരംഭം എന്നാണു കണക്കാക്കപ്പെടുന്നത്. 

ഒന്നാം ലോക യുദ്ധം കഴിഞ്ഞ് രണ്ടു ദശാബ്ദം കഴിഞ്ഞതും ലോകം ഇന്നേ വരെ കണ്ടതിൽ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനു വഴിവെച്ച മഹായുദ്ധത്തിനു തുടക്കമായി. 1939നാരംഭിച്ച യുദ്ധമവസാനിച്ചത് നീണ്ട ആറു വർഷങ്ങൾക്കു ശേഷം 1945 ലായിരുന്നു. ഇരു ചേരികളിലുമായി 30 രാജ്യങ്ങൾ യുദ്ധത്തിൽ പോരാടി. മരിച്ചവർ എത്രയെന്ന കൃത്യമായ കണക്കെടുപ്പ് അസാദ്ധ്യം. നാസി ജർമ്മനിയുടെ നായകൻ അഡോൾഫ് ഹിറ്റ്ലറുടെ കൂട്ട വംശഹത്യയിലും അമേരിക്ക ജപ്പാനിൽ നടത്തിയ നിഷ്ഠൂരമായ ആണവാക്രമണത്തിലുമൊക്കെയായി ഇല്ലായ്മചെയ്യപ്പെട്ടത് ലക്ഷക്കണക്കിനു നിരപരാധികളായിരുന്നു. യുദ്ധക്കെടുതികളുടെ ദുരന്തം ഇനിയും ഭൂമുഖത്തു നിന്നും പൂർണ്ണമായും മാഞ്ഞിട്ടില്ല. 1939 സെപ്റ്റംബർ ഒന്നിന് ജർമ്മനി നടത്തിയ പോളണ്ട് അധിനിവേശത്തോടെ ആരംഭിച്ച രണ്ടാം ലോക യുദ്ധത്തിന് 1945 ഓഗസ്റ്റ് 14 നുണ്ടാക്കിയ സമാധാന ഉടന്പടിയോടെ വിരാമമായി. എന്നാൽ ജപ്പാൻ കീഴടങ്ങിയ സെപ്തംബർ 2 വരെ യുദ്ധം നീണ്ടതായി കരുതാം എന്നു വാദിക്കുന്നവരുമുണ്ട്.

ജനലക്ഷങ്ങളുടെ ദുരിതത്തിനപ്പുറം രണ്ടാം ലോകയുദ്ധ ഫലങ്ങൾ മറ്റു പലതുമുണ്ടായിരുന്നു. നാസി ജർമ്മനി ചരിത്രമായി. യുദ്ധത്തിന്റെ ദുരന്തം ആവോളമേറ്റു വാങ്ങിയ ലോകത്തിന് ഇനിയുമൊരു ലോകയുദ്ധം ഉണ്ടായാൽ സംഭവിക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കൂടുതൽ ബോധ്യമായി. ആ ദിശയിലുള്ള ശ്രമ ഫലമായി രൂപം കൊണ്ടതാണ് ഇന്നത്തെ ഐക്യ രാഷ്ട്ര സഭ. യുദ്ധം അവസാനിച്ചപ്പോഴേക്കും രണ്ടു ലോക രാജ്യങ്ങൾ സൂപ്പർ പവറുകളുടെ പദവിയിലേക്കും എത്തപ്പെട്ടിരുന്നു.  ലോകയുദ്ധാരംഭ വേളയിൽ രണ്ടു കരുത്തന്മാർ മാത്രമായിരുന്ന അമേരിക്കയും സോവ്യറ്റ് റഷ്യയുമായിരുന്നു ആ ആഗോള ശക്തികൾ. കമ്യൂണിസ്റ്റു ലെനിനിസ്റ്റ് ആശയ സംഹിതയുടെ പ്രയോക്താക്കളും പ്രചാരകരുമായി പാർട്ടി സർവ്വാധിപത്യത്തിന്റെ തേരിൽ റഷ്യ പ്രയാണം തുടങ്ങിയപ്പോൾ അമേരിക്ക ജനാധിപത്യ മുതലാളിത്ത ചേരിക്കു നായകത്വം നൽകി അതിനെ പ്രതിരോധിച്ചു തോൽപ്പിക്കാൻ പ്രതിജ്ഞാബദ്ധരായി. ഇരു സൂപ്പർ പവറുകളുടെയും ഉയർച്ചയോടെ സംജാതമായ പുതിയ സ്ഥിതി വിശേഷമായിരുന്നു കോൾഡ് വാർ അഥവാ ശീതയുദ്ധം. 

ഒന്നാം ലോകയുദ്ധമവസാനിച്ച രണ്ടു വർഷത്തിനുള്ളിൽ പുതിയ സംഘർഷത്തിന്റെ കരനിഴലിനു കീഴിലായി ഭൂഗോളം. ആകാശങ്ങൾക്കപ്പുറത്ത് ബഹിരാകാശത്തോളം ആ പോരു നീണ്ടതായി ചരിത്രം പറയുന്നു. രാഷ്ട്രീയവും സൈനികവുമായ പ്രവചനാതീതമായ സംഘർഷ സാദ്ധ്യതകൾ ഒന്നും രണ്ടുമല്ല നീണ്ട നാലുപതിറ്റാണ്ടാണ് ലോകത്തെ ചൂഴ്ന്നു നിന്നത്. കൃത്യമായി പറഞ്ഞാൽ 44 സംവൽസരങ്ങൾ. 1947 മുതൽ 1991 വരെ. ഇരു പക്ഷങ്ങളും തങ്ങളുടെ പക്ഷത്ത് ആളെക്കൂട്ടുന്ന രാഷ്ട്രീയത്തിന്റെ ആഗോള മുഖമായിരുന്നു ശീതയുദ്ധത്തിൽ ലോകം കണ്ടത്. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള രാജ്യങ്ങളെ സ്വന്തം പക്ഷത്താക്കാൻ അമേരിക്കയും സോവ്യറ്റ് റഷ്യയും ആവതെല്ലാം ചെയ്തു. ചിലപ്പോൾ സഹായിച്ചു സന്തോഷിപ്പിച്ചും മറ്റു ചിലപ്പോൾ തന്ത്രപൂർവ്വം ഭീഷണിപ്പെടുത്തിയുമെല്ലാമാണ് ഇരുപക്ഷവും ഇതു സാധിച്ചു പോന്നത്.

ഇരു പക്ഷങ്ങളിലായി അണി ചേർന്നതിന് ഇതിൽ ഒരുപാടു രാഷ്ട്രങ്ങൾക്ക് സാന്പത്തികവും സൈനികപരവുമായെല്ലാം വലിയ ഗുണങ്ങളുമുണ്ടായി. പ്രതിരോധ, ബഹിരാകാശ രംഗങ്ങൾക്ക് ഈ ചേരിപ്പോര് വലിയ തോതിലുള്ള കുതിച്ചു ചാട്ടങ്ങൾക്ക് വഴിവച്ചു. ചാന്ദ്ര പര്യവേഷണങ്ങൾക്കും മറ്റു ബഹിരാകാശ പര്യവേഷണങ്ങൾക്കുമൊക്കെ ഗതിവേഗം കൂടാൻ കാരണം അമേരിക്കയും റഷ്യയും തമ്മിൽ നിലനിന്ന ശീതയുദ്ധം തന്നെയെന്ന് നിസ്സംശയം പറയാം. നേരിട്ടുള്ള ആക്രമണങ്ങളെക്കാൾ പ്രതിരോധത്തിലും സ്വയരക്ഷയിലും ഊന്നിയുള്ളതായിരുന്നു ശീതയുദ്ധം. അതു പക്ഷേ വലിയ തോതിലുള്ള ആയുധ വ്യാപനത്തിനും ആയുധ വിന്യാസത്തിനും കാരണമായി. ആയുധങ്ങൾ ലോകത്തിന്റെ ആധി കുത്തനെ കൂട്ടുകയും ചെയ്തു. പരസ്യമായി കൈകൊടുക്കുന്പൊഴും പകയുടെ കനലുകളെരിയുന്ന തരത്തിലായിരുന്ന ഇരു ലോക ശക്തികളുടെയും ഇടപാടുകളെല്ലാം. സ്വന്തം മേധാവിത്വം നിലനിർത്തുന്നതിനായി രണ്ടു രാജ്യങ്ങളും വലിയ തുകകളാണ് വാരിക്കോരിച്ചെലവഴിച്ചത്. ഒരുപക്ഷേ സോവ്യറ്റ് റഷ്യയെ തകർച്ചയുടെ വക്കിലേക്കെത്തിച്ചത് ഈ ഘടകം കൂടിയാവാം എന്നു വിലയിരുത്തുന്നവരുണ്ട്.  ഏതായാലും 1991 ൽ സോവ്യറ്റ് യൂണിയൻ ചരിത്രമായതോടെ ശീതയുദ്ധവും ഓർമ്മ മാത്രമായി. അമേരിക്കയ്ക്കു മാത്രം നായകത്വമുള്ള ഒരു ഏകധ്രുവ ലോകം പിറന്നത് ഇതോടെയായിരുന്നു.

എന്നാൽ ഗോർബച്ചേവിൽ നിന്നും വ്ളാദീമിർ പുചിനിലേക്കു റഷ്യൻ നായകത്വം എത്തിയതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. സോവ്യറ്റ് യൂണിയൻ റഷ്യൻ ഫെഡറേഷനായി വീണ്ടും കരുത്താർജ്ജിക്കുന്നതിനാണ് സമീപകാലലോകം സാക്ഷ്യം വഹിക്കുന്നത്. അമേരിക്കയുടെ അപ്രമാദിത്വം പലകാരണങ്ങൾകൊണ്ടും പതിയെ പതിയെ ഇല്ലാതാകുന്നു. കൈക്കരുത്തിന്റെ പിൻബലത്തിൽ ലോക പോലീസായി വിരാജിച്ചിരുന്ന അമേരിക്കൻ ഹുങ്ക് ഇന്നില്ല. പണ്ട് സദ്ദാമിനെ കഴുവേറ്റിയ ധാർഷ്ട്യം ഇറാഖിലും സിറിയയിലും ഉത്തരകൊറിയയിലുമൊന്നും ഇപ്പോൾ വിലപ്പോവുന്നില്ല. പലയിടങ്ങളിലും അമേരിക്കയുടെ ഏകപക്ഷീയ താൽപ്പര്യ സംരക്ഷണത്തിനു വിലങ്ങു തടിയാകുന്നത് റഷ്യ തന്നെയാണ്.

പല കാരണങ്ങൾകൊണ്ടും കുറവുവരുന്ന അമേരിക്കൻ ശക്തിയും പ്രതിശ്ചായയും നിലനിർത്താൻ പെടാപ്പാടു പെടേണ്ട അവസ്ഥയിലാണ് അമേരിക്ക. അതിനവർ കാണുന്ന പ്രധാന നടപടി നാറ്റോയുടെ ശാക്തീകരണമാണ്. പ്രതിരോധത്തിന്റെ പേരു പറഞ്ഞാണ് അമേരിക്കയുടെ ആയുധ വിന്യാസം. പലഭാഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന് എന്നപേരിൽ റൊമാനിയയിലും ജർമ്മനിയിലും തുർക്കിയിലും പോളണ്ടിലുമെല്ലാം നാറ്റോയുടെ ബാനറിൽ അവർ ആയുധങ്ങൾ സജ്ജമാക്കുന്നു. ഓരോയിടങ്ങളിലും അതാതു രാജ്യങ്ങൾക്ക് ശത്രുക്കളിൽ നിന്നുമുണ്ടാകാവുന്ന ആക്രമണങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാണ് ഇതെന്നാണ് അമേരിക്കയുടെ വാദം. ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കളല്ല മറിച്ച് പ്രതിരോധത്തിനുള്ള സംവിധാനങ്ങൾ മാത്രമാണ് ഇവിടങ്ങളിലെല്ലാമുള്ളതെന്ന് അമേരിക്കയും നാറ്റോയും സമർത്ഥിക്കുന്നു. എന്നാൽ തങ്ങൾക്കെതിരെ വളഞ്ഞാക്രമണത്തിനും ആഗോളതലത്തിൽ തങ്ങളെ ഒറ്റപ്പെടുത്തുന്നതിനുമുള്ള നീക്കമാണ് നാറ്റോയുടെ പേരിൽ അമേരിക്ക നടത്തുന്നത് എന്നതാണ് റഷ്യയുടെ ആശങ്ക. ഇതിൽ കഴന്പില്ലാതില്ല. 

പണ്ട് തങ്ങളുടെ പക്ഷത്തുണ്ടായിരുന്ന റൊമാനിയയിൽ ഈ മാസമാദ്യം നാറ്റോ സ്ഥാപിച്ച മിസൈൽ പ്രതിരോധ സംവിധാനം റഷ്യയെ അക്ഷരാർത്ഥത്തിൽ പ്രകോപിപ്പിച്ചിരിക്കുന്നു. ഇതിനെതിരെയുള്ള റഷ്യൻ സൈനിക നീക്കങ്ങളാണ് പുതിയ ശീതയുദ്ധ സാദ്ധ്യത മുന്നോട്ടു െവയ്ക്കുന്നത്. റൊമാനിയയിലേതിനു സമാനമായി പോളണ്ടിലും ഒരു നാറ്റോ സംവിധാനമൊരുങ്ങുകയാണ്. ജർമ്മനിയിൽ വലിയ തോതിലുള്ള വ്യോമ പ്രതിരോധ നിയന്ത്രണ സംവിധാനങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. സ്പെയിനിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളുമായി മുന്നു കപ്പലുകളുള്ള ഒരു വ്യൂഹവും തയ്യാറാണ്. ഭൂരിപക്ഷം റഷ്യക്കാരും ഈ നീക്കങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നു. ഇതിനെതിരെ പ്രസിഡണ്ട് പുചിൻ അതിശക്തമായ നിലപാടെടുക്കണമെന്ന് രാജ്യത്തെ 80 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ഇത് കരുത്തനായ പുചിന്റെ നിലപാടുകളെയും നടപടികളെയും കൂടുതൽ കടുപ്പിക്കുന്നു. അതുതന്നെയാണ് ഈ രംഗത്തെ നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നതും. 

ഒരുപക്ഷേ പണ്ടത്തെക്കാൾ ശക്തമായൊരു ശീതയുദ്ധത്തിനുള്ള സാദ്ധ്യത നിലവിലുള്ള സാഹചര്യങ്ങളിൽ തള്ളിക്കളയാനാവില്ല. അത് വീണ്ടുമൊരു ലോക യുദ്ധത്തിനു തന്നെ വഴിവെച്ചാലും അത്ഭുതത്തിനവകാശമില്ല. പക്ഷേ ഇനിയൊരു ലോകയുദ്ധമുണ്ടായാൽ അതിന്റെ ഭവിഷ്യത്തുക്കളെക്കുറിച്ച് മറ്റാരെക്കാളും ബോധവാന്മാരാണ് റഷ്യയും അമേരിക്കയും. അതുകൊണ്ട് ലോകത്ത് സമാധാനം പുലരുമെന്നു തന്നെ നമുക്കു പ്രത്യാശിക്കാം.

You might also like

Most Viewed