അക്രമ മുറവിളിയുടെ രാഷ്ട്രീയ മാനങ്ങൾ
മണിലാൽ
കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ എതിരാളികൾ സ്ഥിരമായി ഉന്നയിക്കുന്ന ഒരാക്ഷേപമുണ്ട്. ഇവർ പൊതുവെ അക്രമകാരികളാണ്. ഇവർ നിയമം കൈയിലെടുക്കുകയും സ്വയം നിശ്ചയിച്ച് നടപ്പിലാക്കുകയും ചെയ്യുന്നവരാണ്. ഇവർക്ക് ഭരണം ലഭിച്ചാൽ പാർട്ടി പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തിലുള്ള സെൽ ഭരണമാണ് നടക്കുക. ഈ പ്രചരണം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. കമ്യൂണിസ്റ്റ് പാർട്ടികളുടെ ആരംഭത്തോളം പഴക്കമുണ്ടതിന്. 1920ൽ സോവിയേറ്റ് യൂണിയനിലെ താഷ്കണ്ടിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ തന്നെ ബ്രിട്ടീഷ് ഭരണകൂടം കാണിച്ച ഒരു ജാഗ്രതയുണ്ടായിരുന്നു. അത് പാർട്ടി രൂപീകരണത്തിനായി, സാഹസികമായി അങ്ങോട്ടു പോയ കമ്യൂണിസ്റ്റുകാർ തിരിച്ച് ഇന്ത്യയിലെത്താതെ സൂക്ഷിക്കുക എന്നതായിരുന്നു. അഫ്ഗാനിസ്ഥാൻ വഴി ഇന്ത്യയിലേയ്ക്ക് പ്രവേശിക്കാവുന്ന ചുരങ്ങളൊക്കെ അവർ ജാഗ്രതയോടെ സീൽ ചെയ്ത് കാവലേർപ്പെടുത്തി. കമ്യൂണിസ്റ്റ് മനോഭാവമുള്ള ആരെങ്കിലും ബ്രിട്ടീഷ് ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവരെ പിടികൂടി കൊന്നുകളയുകയോ കാരാഗ്രഹങ്ങളിൽ അടക്കുകയോ പതിവായി. ആരെയെങ്കിലും നശിപ്പിക്കാനുണ്ടെങ്കിൽ അയാൾ കമ്യൂണിസ്റ്റാണ് എന്ന് രഹസ്യവിവരം നൽകിയാൽ മതിയായിരുന്നു. കമ്യൂണിസ്റ്റുകാരുടെ പരിപാടി എന്തെന്നോ അവർ എന്തിനായി നിലകൊള്ളുന്നവരാണെന്നോ ഒരു സങ്കീർണ്ണ സമൂഹമായ ഇന്ത്യയിലെ ജനങ്ങൾക്കറിയുമായിരുന്നില്ല. അവർ കടുത്ത അക്രമകാരികളാണ്. രാജ്യസ്നേഹമില്ലാത്തവരാണ്. സോവിയേറ്റ് യൂണിയനാണ് അവരുടെ മാതൃരാജ്യം. സ്ത്രീകളെ പൊതുസ്വത്താക്കുന്നവരാണ്. ദൈവനിഷേധികളാണ് എന്നിങ്ങനെ ജനങ്ങൾക്കിടയിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന ധാരാളം ആക്ഷേപങ്ങൾ അവർക്കെതിരായി പ്രചരിപ്പിക്കപ്പെട്ടു. സായുധ കലാപം എന്നത് ജനങ്ങൾക്കെതിരായല്ലെന്നും ഭരണകൂടത്തിന് നേരെയാണെന്നുമുള്ള വസ്തുത മറച്ചുവെയ്ക്കപ്പെട്ടു. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് ധാരാളം കേസുകൾ അവർക്കെതിരെ ചാർജ് ചെയ്്തു. മീററ്റ്, പെഷവാർ, ലാഹോർ തുടങ്ങിയ പേരിലറിയപ്പെട്ട ധാരാളം ഗുഢാലോചന കേസുകൾ (Conspiracy cases) ചരിത്രത്തിൽ സ്ഥാനം പിടിച്ചത് അങ്ങിനെയാണ്. ഈ കേസിൽ പ്രതിയാക്കപ്പെടുന്നവർക്ക് ജനാധിപത്യ അവകാശങ്ങളൊന്നും അനുവദിച്ചു നൽകിയിരുന്നില്ല. ജീവിതാവസാനം വരെ വിചാരണ പോലും നേരിടാതെ തടവിൽ കിടന്ന് മരിക്കുക എന്നതായിരുന്നു വിധി. കോൺഗ്രസ് ബി.ജെ.പി ഭരണകൂടങ്ങൾ തീവ്രവാദികൾ എന്നാരോപിച്ച് ഇസ്ലാമിസ്റ്റുകൾക്കെതിരെയും ചുവപ്പ് ഭീകരത ആരോപിച്ച് നക്സലൈറ്റ്, മാവോയിസ്റ്റുകൾക്കെതിരെയും ഇപ്പോഴും ഇതേ ജനാധിപത്യ വിരുദ്ധമായ നടപടി പ്രയോഗിക്കുന്നുണ്ട് എന്നത് വാസ്തവം. കണ്ണന്പള്ളി മുരളി, അബ്ദുൾ നാസർ മദനി തുടങ്ങിയ ധാരാളം പേർ ഇത്തരത്തിൽ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഇപ്പോഴും തടവറയിലുള്ളത് നമുക്കറിയാം. അവരുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചെറു കൂട്ടായ്മകളൊക്കെ പുറത്ത് രൂപപ്പെടുന്നത് കൊണ്ടാണ് അവരെക്കുറിച്ചൊക്കെ അറിയാനെങ്കിലും ഇടവരുന്നത്. എന്നാൽ യാതൊരു വിവരവും പുറത്തറിയാതെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് പൗരാവകാശങ്ങളൊക്കെ നിഷേധിച്ച്, ആയിരക്കകണക്കിന് ഇന്ത്യൻ പൗരന്മാർ ആരോരുമറിയാതെ തടവറയിൽ കഴിയുന്നുണ്ട് എന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ വേണ്ടത്ര ജാഗ്രതയോടെ കാണുന്നില്ല. ഇവർക്ക് വേണ്ടി ആരെങ്കിലും ശബ്ദമുയർത്താൻ രംഗത്തു വരുന്നവർ മനുഷ്യാവകാശങ്ങളിൽ പ്രചോദിതരാകുന്ന ചെറുഗ്രൂപ്പുകളായിരിക്കും. അവരെയും രാജ്യദ്രോഹ കുറ്റം ആരോപിച്ച് തടവിലാക്കപ്പെടുകയാണ് ചെയ്യുന്നത്. ഡൽഹിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡോ. ഗിലാനി, പ്രൊഫ. സായിബാബ ഉൾപ്പെടെയുള്ള മനുഷ്യവകാശ പ്രവർത്തകർ ഉദാഹരണം. കാശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് എത്രപേർ ഇങ്ങനെ ജയിലിൽ കഴിയുന്നു എന്നതിന് യഥാർത്ഥ കണക്കുപോലും നമുക്ക് ലഭ്യമല്ല. ശരിയായ തീവ്രവാദികൾ തടവിലാക്കപ്പെട്ടാൽ അവർ പലതരത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വിധേയമായി വിട്ടയക്കപ്പെടുന്നു. ഇന്ത്യൻ തടവറകളിലുണ്ടായിരുന്ന കൊടും ഭീകരർ ഉൾപ്പെടെ ഇങ്ങനെ പ്രത്യേക വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനിലും മറ്റും എത്തിച്ച് സ്വതന്ത്രമാക്കപ്പെടുന്നതിന്റെ വാർത്തകളും നാം കേൾക്കാറുണ്ട്. ഒരുകാലത്ത് ഇത്തരം മനുഷ്യത്വവിരുദ്ധമായ, ജനാധിപത്യവിരുദ്ധമായ അതിക്രമങ്ങൾക്ക് ഭരണകൂടത്താൽ ഇരയാക്കപ്പെട്ട കമ്യൂണിസ്റ്റുകാർ ഇത്തരം പ്രശ്നത്തിന്റെ ഗൗരവം കാണാത്തത് വിരോധാഭാസം. നാം ചർച്ച ചെയ്യുന്ന വിഷയം അതല്ല. ഇത്തരത്തിലുള്ള അടിച്ചമർത്തലുകൾക്ക് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ഇരയാക്കപ്പെട്ട കമ്യൂണിസ്റ്റുകാർക്ക് തങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങളെയും സ്വയം കായികമായി തന്നെ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധവും അതിനോട് കമ്യൂണിസ്റ്റ് പാർട്ടി, ‘ജനകീയ യുദ്ധം’ എന്ന നിലപാട് സ്വീകരിക്കുകയും ബ്രിട്ടനെ സഖ്യകക്ഷിയായി കാണാൻ തുടങ്ങിയതുമൊക്കെ സാഹചര്യങ്ങളിൽ മാറ്റം വരുത്തി. തുടർന്നാണ് ഭണകൂടത്തിന്റെ ഈ അതിക്രമങ്ങൾക്ക് ചെറിയ തോതിലെങ്കിലും മാറ്റമുണ്ടായത്.
കേരളത്തിലും ഇതിന് സമാനമായ സാഹചര്യങ്ങൾ തന്നെയാണ് കമ്യൂണിസ്റ്റുകാർക്ക് നേരിടേണ്ടിവന്നത്. തുടക്കകാലത്ത് വലിയ തോതിലുള്ള വേട്ടയാടലുകൾക്ക് കമ്യൂണിസ്റ്റ് പാർട്ടി ഇരയായി. സായുധ കലാപത്തിലൂടെ സ്വാതന്ത്ര്യം എന്ന കാഴ്ചപ്പാടും ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സായുധ സമരങ്ങളും, കൽക്കത്ത തീസിസിനെ തുടർന്ന് രൂപപ്പെട്ട സാഹചര്യങ്ങളുമൊക്കെ ഇത് രൂക്ഷമാക്കി. ഈ കൊച്ചുകേരളത്തിൽ മാത്രം നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ കൊല ചെയ്യപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ ചൂട് പിടിപ്പിച്ച രക്തസാക്ഷികളുടെ വലിയ നിരതന്നെ അങ്ങിനെ സൃഷ്ടിക്കപ്പെട്ടു. ഗാന്ധിയൻ ആദർശങ്ങളിൽ പ്രചോദിതരായവർ എന്നവകാശപ്പെടുന്ന കോൺഗ്രസുകാർ അന്ന് കാണിച്ച അതിക്രമങ്ങൾക്ക് കയ്യും കണക്കുമുണ്ടാവില്ല. ‘ദേശരക്ഷാ സമിതികൾ’ എന്നൊരു വളണ്ടിയർ സംഘടന രൂപീകരിച്ച് കമ്യൂണിസ്റ്റുകാരെ വേട്ടയാടലും അവരെ തിരഞ്ഞു പിടിച്ച് പോലിസിലേൽപ്പിച്ച് കൊല്ലാകൊല ചെയ്യിക്കലുമൊക്കെയായിരുന്നു അവരുടെ പരിപാടി. എന്തിനധികം പറയുന്നു. ഇന്ത്യൻ നാഷണൽ കോൺ്രഗസിന്റെ ആധികാരികമായ ചരിത്രം എഴുതി അതൊരു പുസ്തകമായി പ്രസിദ്ധീകരിച്ച മൊയാരത്ത് ശങ്കരൻ എന്ന കറകളഞ്ഞ ഗാന്ധിഭക്തനെ അദ്ദേഹം കമ്യുണിസ്റ്റുകാരുമായി സഹകരിക്കാൻ തുടങ്ങിയപ്പോൾ പോലീസിനെ ഉപയോഗിച്ച് പിടികൂടി ലോക്കപ്പിലിട്ട് അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ പാരന്പര്യം പോലും കോൺഗ്രസിനുണ്ട്. ചീമേനിയിൽ അഞ്ച് കമ്യൂണിസ്റ്റുകാരെ പാർട്ടി ഓഫീസിലിട്ട് ചുട്ടുകൊന്ന സംഭവങ്ങളൊക്കെ ചരിത്രത്തിന്റെ ഭാഗം. അല്്പം നിവൃത്തിയുള്ളിടത്തൊക്കെ അവരിത് ഇപ്പോഴും തുടരുന്നുമുണ്ട്.
തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടെയും അദ്ധ്വാനിക്കുന്ന എല്ലാ മനുഷ്യരുടെയും അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് സായുധമായ ചെറുത്തുനില്പ്പുകൾ അനിവാര്യമായിരുന്നു. കേരളത്തിലെ ആർ.എസ്.എസ്, മാർക്സിസ്റ്റ് സംഘർഷത്തിന്റെ ചരിത്രം പരിശോധിച്ചാലും ഇത് വ്യക്തമാകും. കേരളത്തിലിന്ന് ബീഡി വ്യവസായം നാശോന്മുഖമായി കൊണ്ടിരിക്കുകയാണ്. ആളുകൾ വലിയ തോതിൽ പുകവലി ഉപേക്ഷിക്കുന്നതും പുകവലിക്കുന്നവർ തന്നെ ബീഡി ഒഴിവാക്കുന്നതുമാണ് കാരണം. ഇന്ത്യയിൽ ബീഡി വ്യവസായം കേരളത്തേക്കാൾ ശക്തമായിരുന്നത് മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ്. എന്നാൽ ദയനീയമാണ് അവിടുത്തെ തൊഴിലാളികളുടെ നില. കേരളത്തിലും ഇതേ അവസ്ഥയായിരുന്നു പണ്ട്. എ.കെ.ജിയുടെയൊക്കെ നേതൃത്വത്തിൽ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ ഐതിഹാസികമായ പ്രക്ഷോഭങ്ങളെ തുടർന്നാണ് അവരുടെ ജീവിതനിലവാരം ഉയർന്നത്. അതിന്റെ പ്രത്യാഘാതങ്ങളും ആ മേഖലയിലുണ്ടായി. ആ മേഖലയിലെ പ്രധാന ബീഡി ഉല്പ്പാദകരായ മംഗലാപുരം ഗണേശ് ബീഡി മുതലാളി തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പിരിച്ചു വിടപ്പെട്ട തൊഴിലാളികൾക്ക് ലഭിച്ച നഷ്ടപരിഹാരത്തുക കൊണ്ട് കേരളാ ദിനേശ് ബീഡി എന്ന പേരിൽ ഒരു സഹകരണ സ്ഥാപനം ഉയർന്നുവന്നു. അവർ ബീഡി വിപണിയിൽ കാര്യമായ സ്വാധീനം നേടി. സ്വാഭാവികമായും ഗണേശ് ബീഡിയുടെ വിപണി തകരാൻ തുടങ്ങി. അപ്പോൾ ദിനേശ് ബീഡി വർക് ഷെഡുകൾക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായി. ഗണേശ് ബീഡി മുതലാളി ആർ.എസ്.എസ് ഗുണ്ടാ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് അക്രമണ പരന്പരകൾക്ക് തുടക്കമിട്ടത് എന്നും പറയപ്പെടുന്നു. സ്വാഭാവികമായും ദിനേശ് ബീഡി തൊഴിലാളികളുടെ ഭാഗത്തു നിന്ന് ചെറുത്തു നില്പുണ്ടായി. തൊഴിലാളി വിഭാഗങ്ങൾ കമ്യൂണിസ്റ്റ് ട്രേഡ് യൂനിയനുകളുമായി ബന്ധമുള്ളവരായിരുന്നത് കൊണ്ട് അവരുടെ സംരക്ഷണത്തിനായി കമ്യൂണിസ്റ്റ് പാർട്ടി രംഗത്തെത്തി. ഈ സംഘർഷങ്ങളാണ് ആർ.എസ്.എസ് മാർക്സിസ്റ്റ് സംഘട്ടനങ്ങളായി പിന്നീട് വളർന്നത്. തൊഴിലാളികൾക്കും കർഷകർക്കും സാധാരണ ജനങ്ങൾക്കുമെതിരായ സ്വത്തുടമാ വർഗത്തിന്റെ കയ്യേറ്റങ്ങളെ സംഘടിതമായി പ്രതിരോധിക്കുക എന്നത് ലോകത്താകെയുള്ള മാർക്സിസ്റ്റുകളുടെ രീതിയായിരുന്നു. എല്ലാ സംഘട്ടനങ്ങളിലും ഒരു ഭാഗത്ത് മാർക്സിസ്റ്റ് പാർട്ടിയാണ് എന്നു പറയുന്പോൾ അതിനൊരു വർഗ ഉള്ളടക്കമുണ്ട്. സാധാരണ ജനങ്ങളുടെ സംരക്ഷകരായി അണിനിരന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. മറുഭാഗത്ത് സ്വത്തുടമാ വർഗത്തിന്റെ താല്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പാർട്ടികൾ അണിനിരന്നിട്ടുണ്ടാവാം. ആദ്യകാലങ്ങളിൽ മർദ്ദനത്തിനും അടിച്ചമർത്തലിനും ഇരയായി തീരുന്നവർ തന്നെ സംഘടിതമായി അക്രമികളെ പ്രതിരോധിക്കുക എന്നതായിരുന്നു രീതി. കാലം കടന്നുപോയപ്പോൾ അതിന് മാറ്റമുണ്ടാകാൻ തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾ ട്രേഡ് യൂനിയൻ പ്രവർത്തകർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത ഒരിനമായി. അതിന് വേണ്ടി നല്ല ഉശിരും ശാരീരിക ശേഷിയും അടിയുറച്ച രാഷ്ട്രീയബോധവുമൊക്കെയുള്ള കേഡന്മാരെ കണ്ടെത്തി അവരെ പ്രത്യേകം പരിശീലിപ്പിക്കുന്ന നിലയുണ്ടായി. സ്വാഭാവികമായും ഈ ഒരു ചുമതല തുടർച്ചയായി നിർവഹിക്കേണ്ടി വരുന്നതോടെ ജീവസന്ധാരണത്തിന് നേരത്തെ ചെയ്തു കൊണ്ടിരുന്ന തൊഴിലിൽ കേന്ദ്രീകരിക്കാൻ കഴിയാതായി. കമ്യൂണിസ്റ്റ് പാർട്ടിക്ക് ബീജാവാപം ചെയ്ത മലബാറിലെ ജില്ലകളിലാണ്, ബ്രീട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മലബാറിലാണ് പാർട്ടിക്കെതിരെ ശക്തമായ ആക്രമണങ്ങൾ നടന്നത്. ശക്തമായ ബഹുജന സമരങ്ങളും ഈ മേഖലയിലായിരുന്നു. കയ്യൂർ, കരിവള്ളൂർ, പാടികുന്ന്, മുനയൻകുന്ന്, തില്ലങ്കേരി, ഒഞ്ചിയം തുടങ്ങിയ സമര കേന്ദ്രങ്ങളൊക്കെ മലബാറിലായിരുന്നല്ലോ. ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഹിംസ കേന്ദ്രീകരിച്ചതും ഈ േമഖലയിലായിരുന്നു. ദേശരക്ഷാ സമിതികൾ രൂപീകരിച്ച് കമ്യൂണിസ്റ്റുകാരെ സർക്കാരിന് ചൂണ്ടികാണിച്ചു കൊടുക്കുന്ന പ്രവർത്തനം കോൺഗ്രസ് ശക്തമായി നടത്തിയതും വടക്കൻ േകരളത്തിലാണ്. ഇതൊക്കെ ചേർന്നപ്പോൾ ഈ മേഖലയിൽ സംഘർഷങ്ങൾക്ക് ചൂരും ചൂടുമൊക്കെ ഇത്തിരി കൂടുതലായിരുന്നു. ആലപ്പുഴ ജില്ലയിലും കയർ തൊഴിലാളി പ്രക്ഷോഭവും ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരവുമൊക്കെ ശക്തമായിരുന്നല്ലോ. അവിടെയാണ് പുന്നപ്ര വയലാർ സംഭവിച്ചത്.
തികച്ചും വിപ്ലവ ലക്ഷ്യങ്ങൾക്ക് വേണ്ടി ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ടതും വിപ്ലവകാരികളായ കാഡർമാരാൽ നിർവഹിക്കപ്പെട്ടതുമാണ് ഇത്തരം പ്രതിരോധങ്ങൾ. കാലക്രമത്തിൽ മറ്റെല്ലാറ്റിലും മാറ്റം വന്നപോലെ ഈ പ്രക്രിയയിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തികച്ചും പ്രതിരോധത്തിന്റെ തലത്തിൽ ആരംഭിച്ച ഈ സംഘർഷങ്ങൾ ചിലപ്പോൾ കടന്നാക്രമണത്തിന്റെ സ്വഭാവം കൈക്കൊണ്ടു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഓരോ സ്ഥലത്തുള്ള തങ്ങളുടെ സ്വാധീനത്തിനനുസരിച്ച് ഇത്തരം കടന്നാക്രമണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ശക്തികേന്ദ്രങ്ങൾ സംരക്ഷിക്കുക എതിരാളികളെ നിശബ്ദരാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. നാദാപുരത്തൊക്കെ കർഷക തൊഴിലാളികളും മുസ്ലിം പ്രമാണിമാരും തമ്മിൽ ഉടലെടുത്ത സംഘർഷമാണ് സി.പി.ഐ (എം) മുസ്ലീംലീഗ് സംഘട്ടനങ്ങളായി മാറിയത്. കാലക്രമത്തിൽ അതിനൊരു വർഗീയ സ്വഭാവം കൈവരികയും ചെയ്തു. നവഉദാരവൽക്കരണത്തിന്റെ കാലത്തേക്ക് പ്രവേശിച്ചതോടെ പാർട്ടി കേഡർമാർക്ക് പകരം കയ്യറപ്പു തീർന്ന ക്രിമിനലുകളെ ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന നിലവന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം ക്രിമിനലുകളെ പോറ്റി വളർത്താൻ നിർബന്ധിതമാകുന്ന അവസ്ഥയുണ്ടായി. അതോടെ ഇത്തരം സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ആയിരിക്കണമെന്ന അവസ്ഥ ഇല്ലാതായി. പലപ്പോഴും സംഘട്ടനങ്ങൾ സംഭവിച്ച ശേഷം അതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയപാർട്ടികൾ ഏറ്റെടുക്കേണ്ട നിലയുണ്ടായി. സംസ്ഥാനത്ത് കണ്ണൂർ, കോഴിക്കോട്, വടകര, കൊടുങ്ങല്ലൂർ, എറണാകുളം ഭാഗങ്ങളിലൊക്കെ ഇത്തരം ക്വട്ടേഷൻ സംഘങ്ങളായ ക്രിമിനലുകൾ രാഷ്ട്രീയ സംഘട്ടനങ്ങളിൽ ഇടപെടുന്ന നിലയുണ്ട്. ഓരോ രാഷ്ട്രീയപാർട്ടിക്കും ഭരണവും മറ്റ് സ്വാധീനവുമൊക്കെ ഉണ്ടാവുന്ന മുറയ്ക്ക് അതിന്റെ അടിത്തട്ടിൽ ക്രിമിനൽ മനോഭാവമുള്ള, മറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളൊന്നും നടത്താത്ത ‘പ്രവർത്തകർ’ അടിഞ്ഞു കൂടുന്ന നിലയുണ്ട്. പലപ്പോഴും ഇത്തരം സംഘങ്ങളെ പിണക്കാൻ അതത് തലത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് കഴിയാതാവുന്നു. ഏതെങ്കിലും വ്യക്തിപരമായ കുടിപ്പകയുടെ പേരിൽ ഉണ്ടാവുന്ന സംഘട്ടനങ്ങൾക്ക് പെട്ടെന്ന് രാഷ്ട്രീയ നിറം ചാർത്തപ്പെടുന്നു. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിനയാകുന്ന, വീട് കയ്യേറ്റങ്ങളും ബോംബേറും സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തലും പരിക്കേൽപ്പിക്കലുമൊക്കെ നിത്യസംഭവമായി തീരുന്നു.
സി.പി.ഐ(എം) പോലൊരു പാർട്ടിക്ക് മുന്പിൽ വരുംകാലങ്ങളിൽ ഇത്തരം പ്രവണതകൾ വലിയ വെല്ലുവിളികൾ തന്നെ ഉയർത്താനിടയുണ്ട്. ഇപ്പോൾ പാർട്ടി സംസ്ഥാന ഭരണത്തിലേക്ക് ഉയർത്തപ്പെടുന്പോൾ അതിന്റെ അടിത്തട്ടിൽ കുറ്റവാസനയുള്ള ‘പ്രവർത്തകരുടെ’ അടിഞ്ഞുകൂടൽ (Criminal sedimentation) ശക്തിപ്പെടാനിടയുണ്ട്. ഇവർ സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങൾ നിസാരമായി കാണാനാവില്ല. പ്രത്യേകിച്ച് സംഘപരിവാർ നേതൃത്വം അവസരത്തിനായി കാത്തു നിൽക്കുന്പോൾ.