അപായത്തിന്റെ ആകാശ വഴികൾ


വി­.ആർ. സത്യദേവ്

ഭൂമിയിലെ വഴികളിലുണ്ടാകുന്ന അപകട നിരക്കുമായി തട്ടിച്ചു നോക്കിയാൽ ആകാശത്തെ അപകടങ്ങൾ വളരെ കുറവാണ്. എങ്കിലും അതിന് ആകാശത്തോളം വാർത്താ പ്രാധാന്യം കിട്ടുന്നു. പക്ഷെ അടുത്ത കാലത്തായി അതിന്റെ നിരക്കു കൂടുകയാണോ എന്നു സംശയം. സാങ്കതികമായി ലോകം കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുന്പോഴാണ് ഇത്തരം അപകടങ്ങളും കൂടുന്നത് എന്നതാണ് കൗതുകകരമായ കാര്യം. എല്ലാത്തിലുമെന്നപോലെ ആകാശ വഴികളിലും തീവ്രവാദത്തിൻ്റെ കടന്നു കയറ്റം തന്നെയാണ് അപകടത്തോത് കുത്തനെ ഉയരാനുള്ള കാരണങ്ങളിൽ ഒന്ന്. ആകാശ യാനങ്ങളിലേക്ക് അപകടകാരികളായ ആയുധങ്ങളും സ്ഫോടകവസ്തുക്കളും മറ്റും എത്തുന്നതു തടയാൻ ലോകത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം കടുത്ത സുരക്ഷാ കടന്പകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ച ഈ കടന്പകൾ താണ്ടുന്നതിൽ തീവ്രവാദികളെയും വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് എളുപ്പത്തിൽ തടയാനുമാവില്ല. തീവ്രവാദത്തിനെതിരെയുള്ള ഒന്നിച്ചുള്ള നടപടികളിലൂടെയും തീവ്രവാദ ശക്തികളെ അടിച്ചമർത്തുന്നതിലും ഒറ്റപ്പെടുത്തുന്നതിലും കൂടിയേ ഇതു കുറച്ചെങ്കിലും സാദ്ധ്യമാകൂ. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫ്രാൻസിലെ പാരീസിൽ നിന്നും പറന്നുയർന്ന ഈജിപ്റ്റ് എയർ വിമാനം മെഡിറ്ററേനിയൻ കടലിനു മുകളിൽ തകർന്നു വീണതിനു പിന്നിലും ഈ ഘടകങ്ങളൊക്കെ ഉണ്ടായേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. മദ്ധ്യതരണിയാഴിയുടെ ആഴങ്ങളിൽ നിന്നും അതിൻന്റെ ബ്ലാക് ബോക്സ് കണ്ടെടുത്തു നടത്തുന്ന പരിശോധന ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിവാക്കിയേക്കാം. എന്നാലും ഇത്തരം അപകടങ്ങൾക്കു പിന്നിലെ യഥാർത്ഥ കാരണങ്ങളെന്തെന്നത് സംബന്ധിച്ച ദുരൂഹതകൾ ഒരുപാടുകാലത്തേക്ക് തുടരാൻ തന്നെയാണ് സാദ്ധ്യത. അനുഭവങ്ങൾ നൽകുന്ന സൂചന അതാണ്. 

പാരീസ് വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം 11.09 നു പറന്നുയർന്ന ഏ 321 വിമാനം 45 മിനിട്ടിനു ശേഷമാണ് കാണാതായത്. ഈജിപ്റ്റിൻ്റെ തലസ്ഥാനമായ കെയ്റോയിലേക്ക് പറക്കുകയായിരുന്നു വിമാനം. 56 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈജിപ്റ്റ് തീരത്തിനടുത്ത് കിഴക്കൻ മെഡിറ്ററേനിയൻ കടലിനു മുകളിൽ പറക്കുന്നതിനിടെ വിമാനം ക്ഷണനേരം കൊണ്ട് റഡാർ കണ്ണുകളിൽ നിന്നും മറയുകയായിരുന്നു. വിമാനത്തിൻ്റെതെന്നു കരുതുന്ന അവശിഷ്ടങ്ങൾ മദ്ധ്യതരണിയാഴിയിൽ തുടരുന്ന തെരച്ചിലിൽ കണ്ടെടുത്തിട്ടുണ്ട്. 

വിമാനം പറക്കുന്പോൾ കാലാവസ്ഥ മികച്ചതായിരുന്നു. ആകാശം വളരെ നല്ലതായിരുന്നു എന്നാണ് റിപ്പോർട്ട്. കാലാവസ്ഥയിലെ ഏതെങ്കിലുമൊരു കുഴപ്പത്തെക്കുറിച്ച് പൈലറ്റുമാരുടെ ആശയ വിനിമയത്തിൽ എങ്ങും ഒന്നുമില്ലെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ അപകടകാരണണങ്ങളുടെ പട്ടികയിൽ നിന്നും പ്രതികൂലകാലാവസ്ഥയെ അധികൃതർ ആദ്യമേ ഒഴിവാക്കുകയാണ്. അപകടത്തിലേക്കു നയിച്ചതിന് പ്രധാനമായും മറ്റു നാലു സാദ്ധ്യതകളാണ് വിദഗ്ദ്ധർ കൽപ്പിക്കുന്നത്. അതിൽ ഒന്നാമത്തേത് തീവ്രവാദി ആക്രമണം തന്നെയാണ്. അമേരിക്കയും റഷ്യയുമൊക്കെ ഈ സാദ്ധ്യത ഉന്നയിച്ചിട്ടുണ്ട്. വിമാനം പറന്നുയർന്നത് ഫ്രാൻസിലെ പാരീസിൽ നിന്നാണ് എന്നതാണ് ഇതിനു പ്രധാന കാരണം. ഫ്രാൻസ് തീവ്രവാദ ആക്രമണ ഭീഷണികളുടെ നിഴലിലാണ് എന്നത് നിസ്തർക്കമായ കാര്യമാണ്. ഷാർലി എബ്ദോ തീവ്രവാദിയാക്രമണവും പാരീസ് ഭീകരാക്രമണവുമൊന്നും ലോകം മറന്നു തുടങ്ങിയിട്ടില്ല. ഈജിപ്റ്റിൻ്റെ കാര്യവും വ്യത്യസ്ഥമല്ല. ഈ കാര്യങ്ങലൊക്കെ ചേർത്തു വായിക്കുന്പോൾ ആരും ആദ്യം സംശയിച്ചു പോവുക തീവ്രവാദികളെ തന്നെയാവും. എന്നാൽ സാധാരണയായി അത്തരം ആക്രമണങ്ങളാണ് നടന്നതെങ്കിൽ ആ വാർത്ത പുറത്തു വരുന്നതിനൊപ്പം തന്നെ അതിനു പിന്നിൽ തങ്ങളാണെന്ന ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ അവകാളവാദവും പുറത്തു വരാറുണ്ട്. ഇത്തവണ അത് ഉണ്ടായിക്കണ്ടില്ല. അതുകൊണ്ടു തന്നെ ഇതിനുള്ള സാദ്ധ്യത പൂർണ്ണമായും നമുക്കു വിശ്വസിക്കാനാവില്ല. ഏതെങ്കിലുമൊക്കെ തരത്തിൽ വിമാനത്തിനുള്ളിലെത്തിച്ച ബോംബ് പൊട്ടിത്തെറിച്ചാവാം ഇത്തരത്തിലൊരു അപകടമുണ്ടായതെന്നായിരുന്നു ആദ്യ വിലയിരുത്തലുകളിലൊന്ന്. 

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെട്ടപ്പോൾ അതിനൊപ്പം തന്നെ അതിനെ താണ്ടാനുള്ള പഴുതുകൾ തീവ്രവാദികളായ സാങ്കേതിക വിദഗ്ദ്ധരും കണ്ടെത്തിത്തുടങ്ങി എന്നു വ്യക്തമാക്കുന്നതാവും ഈ സാദ്ധ്യത. പാരീസ് പോലുള്ള വിമാനത്താവളങ്ങളിടെ മൾട്ടി ലെയർ സുരക്ഷാ പരിശോധനയെ മൾട്ടി ലെവൽ ഓപ്പറേഷൻ കൊണ്ട് അവർ തരണം ചെയ്യുന്നു. വിമാനത്തിലെ തന്നെ ഉദ്യോഗസ്ഥരോ വിമാനവുമായി ബന്ധപ്പെട്ട മറ്റു ജോലിക്കാരോ നേരിട്ട് ഇത്തരത്തിൽ വിമാനത്തിനുള്ളിൽ ബോംബെത്തിക്കാനുള്ള സാദ്ധ്യതയാണ് മറ്റൊന്ന്. സമീപകാല ചരിത്രത്തിൽ ഇത്തരം അനുഭവങ്ങൾ എടുത്തു പറയാനുമുണ്ട്. പാരീസ് വിമാനത്താവളത്തിലെ അനധികൃത പ്രാർത്ഥനാ സ്ഥലങ്ങൾ ഇത്തരത്തിലുള്ള ഇടപാടുകൾക്ക് വഴിയൊരുക്കുന്നതാണ് എന്ന് 2004ൽ വിമാനത്താവള സുരക്ഷയെക്കുറിച്ചു സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പരാമർശമുണ്ട്. 

കഴിഞ്ഞവർഷം ഷാം എൽ ഷെയ്ഖിൽ നിന്നും പറന്നുയർന്ന റഷ്യൻ യാത്രാ വിമാനം സീനായ് മലനിരകൾക്കു മുകളിൽ തകർന്നു വീണ് 224 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ബോംബെത്തിയത് ഇങ്ങനെയായിരുന്നു എന്നു കണ്ടെത്തിയിരുന്നു. ഒരു വിമാന ജീവനക്കാരൻ തന്നെയായിരുന്നുവത്രേ അന്ന് സ്ഫോടനമുണ്ടാക്കിയ ബോംബ് വിമാനത്തിനുള്ളിലെത്തിച്ചത്. 

സാങ്കേതിക പ്രശ്നമാണ് അടുത്ത സാദ്ധ്യത. സമാനമായ അപകടങ്ങളിൽ ചിലതിനെക്കുറിച്ചുള്ള ദുരൂഹത വർഷങ്ങൾക്കു ശേഷം ഇത്തരത്തിൽ മാറിയ ചരിത്രവുമുണ്ട്. 2009 ജൂണിൽ മദ്ധ്യ അറ്റ്ലാൻറ്റിക്കിനുമുകളിൽ അപ്രത്യക്ഷമായ എയർ ഫ്രാൻസ് വിമാനത്തെക്കുറിച്ചുള്ള ദുരൂഹത മാറിയത് വർഷങ്ങൾക്കു ശേഷമാണ്. അറ്റ്ലാൻറിക് സമുദ്രത്തിൽ 4000 മീറ്റർ ആഴത്തിൽ നിന്നും കണ്ടത്തിയ വിമാനത്തിൻ്റെ ബ്ലാക് ബോക്സായിരുന്നു അന്നു ദുരൂഹതകളുടെ ചുരുളഴിച്ചത്. ബ്രസീലിലെ റയോ ഡി ജനീറോയിൽ നിന്നും ഫ്രാൻസിലേക്കുള്ള യാത്രക്കിടെയായിരുന്നു അന്ന് വിമാനം അപ്രത്യക്ഷമായത്. 

വൈമാനികർതന്നെ വിമാനം അപകടപ്പെടുത്താനുള്ള സാദ്ധ്യതയാണ് ഒടുവിലത്തേത്. സമീപകാലത്ത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കൊല്ലം തന്നെ ഇതുവരെ സമാനമായ രണ്ടപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വർഷമുണ്ടായ ജർമ്മൻ വിംഗ്സ് വിമാനാപകടവും ഇത്തരത്തിലായിരുന്നു സംഭവിച്ചതെന്ന് സ്ഥിരീകിക്കപ്പെട്ടിട്ടുണ്ട്. 27 വയസുകാരനായ സഹവൈമാനികനായിരുന്നു അന്നു വില്ലൻ. പ്രധാന പൈലറ്റിനെ പൂട്ടിയിട്ടശേഷമായിരുന്നു അന്ന് അയാൾ ആ പൈശാചിക പ്രവൃത്തി നടത്തിയത്. ആന്ദ്രിസ് ലൂബിസെന്ന 27 കാരൻ യുവവൈമാനികൻ്റെ പ്രണയ നൈരാശ്യമായിരുന്നു അതിനു വഴിവച്ചത്. ആൽപ്സ് മലമടക്കുകളിൽ അന്ന് അയാൾക്കൊപ്പം ഒടുങ്ങിയത് 149 പേരായിരുന്നു. 

കാരണങ്ങൾ ഇങ്ങനെ പലതാണ്. ചില അപകടങ്ങളുടെ കാരണങ്ങളാവട്ടെ നമ്മൾ ഒരിക്കലും അറിയണമെന്നു തന്നെയില്ല. അറിയുന്നതെല്ലാം ശരിയാവണമെന്നുമില്ല. അതിനും വ്യോമയാന ചരിത്രത്തിൽ ഉദാഹരണങ്ങൾ ഒട്ടേറെ. സമീപകാലചരിത്രത്തിൽ അത്തരം രണ്ടു കഥകൾ മലേഷ്യൻ എയറുമായി ബന്ധപ്പെട്ടവയാണ്. 2014 മാർച്ച് 8 ന് ക്വലാലംപൂരിൽ നിന്നും പറന്നുയർന്ന മലേഷ്യൻ എയർ വിമാനം മലേഷ്യയിലേക്കുള്ള യാത്രക്കിടെ ദുരൂഹതകളിലേക്കു പറന്നകലുകയായിരുന്നു. മലേഷ്യ വഴി ചൈനയിലെ ബീജിംഗിലേക്കായിരുന്നു വിമാനം യാത്ര തിരിച്ചത്. പറന്നുയർന്ന് ഏറെക്കഴിയും മുന്പ് വിമാനം ഗതിമാറി. പോകണ്ട ആകാശ പാതയിൽ നിന്നും പടിഞ്ഞാറേയ്ക്കു മാറിപ്പറന്ന വിമാനം ആൻഡമാൻ കടലിനു മുകളിൽ നിന്നും മലേഷ്യൻ റഡാറുകളുടെ പരിധിക്കപ്പുറത്തായി. പിന്നീട് ആ വിമാനവുമായി ബന്ധപ്പെട്ട് ലോകത്തിനു ലഭിച്ചത് ആഭ്യൂഹങ്ങൾ മാത്രമാണ്.

 മാസങ്ങൾക്കകം വീണ്ടുമൊരു കനത്ത നഷ്ടം കൂടി മലേഷ്യൻ എയറിലൂടെ ലോകത്തിനുണ്ടായി. ഇത്തവണ പ്രശ്ന കലുഷിതമായ യുക്രൈൻ്റെ ആകാശത്തായിരുന്നു ദുരന്തം ചിറകുവിരിച്ചത്. 290 പേരായിരുന്നു അന്നു മരിച്ചത്. യുക്രൈൻ അതിർത്തിയിലെ ആകാശത്ത് റഷ്യൻ നിർമ്മിത മിസൈലേറ്റതായിരുന്നു അപകടകാരണം. അപകടത്തിൻ്റെ ഉത്തരവാദിത്തത്തെ സംബന്ധിച്ച തർക്കം ഇനിയും അവസാനിച്ചിട്ടില്ല. 

 

അപകടങ്ങൾക്ക് അവസാനമില്ല. ദുരൂഹതകൾക്കും. അവയിലേറെയും മനുഷ്യ സൃഷ്ടികൾ തന്നെയാണ് എന്നതാണ് സങ്കടകരം. 

You might also like

Most Viewed