വാർത്തകളാകാതെ പോയവ...
മഹദ് വ്യക്തികളുടെ ജന്മം കൊണ്ട് പുണ്യമാണ് നമ്മുടെ ഭാരതം. ആർഷഭാരതത്തെ അവിസ്മരണീയമാക്കിയ ഒട്ടനവധി മഹാത്മാക്കൾ നമുക്കുണ്ടായിട്ടുണ്ട്. മഹദ്്വജനങ്ങളും അനേകം കണ്ടുപിടുത്തങ്ങളും വിലമതിക്കാനാകാത്ത സംഭാവനങ്ങളും ഈ പുണ്യഭൂമിക്കു ലഭിച്ചിട്ടുണ്ട്. അതിലേറെയും വിദേശികൾ കൈയ്യടക്കി. അത് പോലും തിരിച്ചറിയാൻ നമ്മൾ വൈകി. വിദേശികളെ സ്വീകരിച്ചത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നെങ്കിലും അവരെ പ്രതിഷ്ഠിച്ചത് ഒരു തരത്തിൽ ആത്മഹത്യാപരമായിരുന്നു. സാമൂഹ്യശാസ്ത്ര വിഷയത്തിൽ വിദേശികൾ നൽകിയ ഭരണപരിഷ്ക്കാരങ്ങൾ വാനോളം ഉയർത്തി നമ്മെ പഠിപ്പിച്ചെങ്കിലും അതിലുമെത്രയോ ഭീകരമായി നഷ്ടപ്പെടുത്തിയ നമ്മുടെ മൂല്യങ്ങളെ നാം മറന്നു. അതിലൊരു വലിയ പങ്ക് മാധ്യമങ്ങൾക്കുണ്ട്. ഇന്നുമത് പ്രതിഫലിക്കുന്നു. ആരുടെയൊക്കെയോ ആജ്ഞാനുവർത്തികൾ മാത്രമാകുന്നു മീഡിയകൾ. ഉപ്പുതൊട്ട് നാളികേരം, വെളിച്ചെണ്ണ തുടങ്ങി അനേകം ഇന്ത്യൻ മൂല്യാധിഷ്ടിത വിഭവങ്ങളെ താറടിച്ചും കുപ്രചരണം നടത്തിയും ഇല്ലായ്മ ചെയ്യുന്നതിൽ അവർ വിജയിച്ചത് അന്ധമായ മാധ്യമ പ്രചരണത്തിൽ കൂടി തന്നെയാണ്..! ഫലമോ...? തൈറോയ്ഡ്, ഷുഗർ, പ്രഷർ, കൊളസ്റ്റ്രോൾ, ബ്ലീഡിങ്ങ്, വൃക്ക തകരൽ തുടങ്ങിയ രോഗകങ്ങളാൽ സന്പന്നം കേരളം..! മനുഷ്യനിർമ്മിത വൈറസുകളുടെയും കൃത്രിമ രോഗങ്ങളുടെയും ആവാസ കേന്ദ്രവും, വൻകിട മരുന്നു വ്യവസായികളുടെ വിപണനകേന്ദ്രവും... ഒക്കെയായി കേരളം..!. ഇന്നുമത് തുടരുന്നില്ലേ...? ഈയിടെയാണ് പച്ചക്കറിക്കെതിരെ പഠന റിപ്പോർട്ടെന്ന പേരിൽ വാർത്ത ഇറങ്ങിയത്. ഭീകരാക്രമണങ്ങൾ പോലും പാർശ്വവൽക്കരിക്കപ്പെടുന്നു. 200 ലധികം കറുത്തവർ മരിച്ചതും ഏഴെട്ടോളം ഭീകരാക്രമണങ്ങൾ പലയിടത്തായി നടന്നതും വാർത്തയേ അല്ല. മറിച്ച് പാരീസും ബ്രസ്സൽസ്സുമൊക്കെ വലിയ വാർത്തകളാകുന്നു. ഈയിടെ പാക് മാധ്യമങ്ങളോട്, ഇന്ത്യൻ മാധ്യമങ്ങളെ അനുകരിക്കരുതെന്ന അതീവ ഗുരുതരായ പ്രസ്ഥാവന വെളിപ്പെടുത്തുന്നത്, ഇന്ത്യക്കാർ സ്വന്തം നാടിനെ ഇടിച്ചു കാണിക്കുന്നത് വിദേശിയർ പോലും ശ്രദ്ധിച്ചിട്ടുണ്ട് എന്നുള്ളതാണ്.
അതിനൊരു വലിയ ഉദാഹരണമാണ്, 155 രാഷ്ട്രങ്ങളിൽ നിന്നും 35 ലക്ഷത്തോളം ലോകജനത പങ്കെടുത്ത സാംസ്ക്കാരിക സമ്മേളനം (World Cultural Festival) നടത്തിയപ്പോഴുണ്ടായ ഇന്ത്യൻ മീഡികളുടെ നിഷേധാത്മക നിലപാട്. കഴിഞ്ഞ ഒരു വർഷത്തോളമായി വിദഗ്ദ്ധമായ ഏകോപനത്തിലൂടെയും ചടുലമായ പരിശീലനത്തിലൂടെയും ലോകജനതയെ ‘വസുധൈവകുടുംബക’മെന്ന ആശയത്തിലൂടെ അണിനിരത്തുന്ന നിരവധി കർമ്മപദ്ധതികളിൽ വ്യാപൃതനായ ശ്രീശ്രീ രവിശങ്കർ, സർക്കാരിന്റേയും മറ്റ് സ്ഥാപനങ്ങളുടേയും അനുമതിയോടെയും അതിവിപുലമായ സജീകരണങ്ങളോടെയുമാണ് ലോകസാംസ്ക്കാരിക സമ്മേളനം നടത്തിയത്. കലാവിരുന്നൊരുക്കിയ 35,973 കലാകാരൻമാരിൽ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യു.എൻ, ബൾഗേരിയ, ഇൻഡോനേഷ്യ, മംഗോളിയ, മലേഷ്യ, ശ്രീലങ്ക, തുർക്കി, തായ്, ചൈന, സ്കാൻഡിനേവിയ, റഷ്യ, അർജർറ്റീനാ, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റു രാജ്യത്തുള്ളവരും പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സഭാദ്ധ്യക്ഷൻമാരും അനേകം സംസ്ഥാന മുഖ്യമന്ത്രിമാരും 2000 ത്തിലധികം വിശിഷ്ട വ്യക്തികളും വിവിധ മതപണ്ധിതൻമാരും ചലചിത്ര മേഖലയിലെ പ്രമുഖരും സാഹിത്യകാരൻമാരും കർഷക നേതാക്കളും തുടങ്ങി സർവ്വകാല റിക്കാർഡ് സൃഷ്ടിച്ച ഈ മഹാസമ്മേളനത്തിൽ, നേപ്പാൾ ഉപപ്രധാനമന്ത്രിയും ശ്രീലങ്കൻ വൈസ് പ്രസിഡണ്ടും പാകിസ്ഥാൻ പ്രമുഖരും അഫ്ഗാനിസ്ഥാൻ, യു.എൻ, ബൾഗേരിയ, ജപ്പാൻ, ഇൻഡോനേഷ്യ, മംഗോളിയ, മലേഷ്യ, തുർക്കി, തായ്, ചൈന, റഷ്യ, അർജന്ററീന, കൊറിയ, ബംഗ്ലാദേശ്, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ഓരോരുത്തരും തങ്ങളുടെ സാംസ്ക്കാരിക −കലാ നൃത്തങ്ങളെ ഈ ലോക സാംസ്ക്കാരിക സമ്മേളനത്തിലവതരിപ്പിക്കാൻ അവസരമൊരുക്കിയ ശ്രീശ്രീ രവിശങ്കറെ, അഗ്രഗണ്യം പ്രശംസിച്ചും നന്ദി പ്രകാശിപ്പിച്ചും കൊണ്ടാണ് വാക്കുകൾ ഉപസംഹരിച്ചത്. നീണ്ട പ്രസംഗങ്ങൾ തയ്യാറാക്കി ഊർജ്ജസ്വലരായി പങ്കെടുത്ത പലരേയും, സമയകുറവുമൂലം ഗുരുജി പിൻതിരിപ്പിച്ചതും അദ്ഭുത കാഴ്ചകളായിരുന്നു. ഓരോ രാജ്യക്കാരും തങ്ങളുടെ കലകളെ ഗംഭീരമികവോടെ വർണ്ണാഭമാക്കിയത് അപൂർവ്വങ്ങളിൽ അപൂർവ്വ കാഴ്ചകളായിരുന്നു!! കൂടാതെ ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളുടേയും തനതു കലാരൂപങ്ങളെ അതിന്റേതായ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കപെട്ടു. കേരളത്തിലെ അനേകായിരങ്ങൾ പങ്കെടുത്ത മോഹിനിയാട്ടവും കഥകളിയും എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. ഇതാസ്വദിച്ച രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ.കുര്യൻ സാർ പങ്കെടുത്തവർക്കും ശ്രീശ്രീ രവിശങ്കറിനും അഭിനന്ദനമർപ്പിച്ചു കൊണ്ട് സംസാരിച്ചു. ‘യോഗാ ദിനം’, ആചരണ വേളയിൽ ഇന്ത്യയെ ലോകം ഉറ്റു നോക്കിയപ്പോൾ കിട്ടിയ അഭിമാന മുഹൂർത്തമോ അതിനപ്പുറമോ ആണ് ഈ സമ്മേളനവും നമുക്കേകിയത്.
ഇന്ത്യൻ ചാനലുകളിൽ ചിലതും ഒട്ടേറെ ലോകരാഷ്ട്രങ്ങളും തത്സമയ പ്രക്ഷേപണമൊരുക്കി, ലക്ഷക്കണക്കിനു പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. മഹാദ്ഭുതങ്ങളിൽ ഒന്നായി കണക്കാക്കേണ്ടിയിരുന്ന ഈ ലോക സാംസ്ക്കാരിക സമ്മേളനത്തെ ഇന്ത്യയിലെ ഒരു വിഭാഗം, മാധ്യമക്കാർ പ്രതികാര ബുദ്ധിയോടെ ഇകഴ്ത്താനാണു ശ്രമിച്ചത്. ലോകരാജ്യങ്ങളെ മുഴുവൻ, ഇന്ത്യൻ സംസ്കാരത്തിന്റെ കുടക്കീഴൽ അണിനിരത്തിക്കൊണ്ടുള്ള ഒരു മഹോത്സവമായിരുന്നു ലോക സാംസ്ക്കാരിക സമ്മേളനം. ജാതി-മത-വർഗ്ഗ-വർണ്ണ-രാഷ്ട്രീയ −ചിന്ത−ക്കതീതമായി ലോകത്തെ സമാധാനത്തിലൂടെ ഒന്നിപ്പിക്കാനുള്ള പ്രയത്നം. ലോകമാധ്യമങ്ങളിൽ ‘ഒളിന്പിക്സ്’ മഹോത്സവമായാണ് ലോക സാംസ്ക്കാരിക സമ്മേളനം വിശേഷിപ്പെട്ടത്. ഇന്ത്യയിലാകട്ടെ ഈ സമ്മേളനത്തിന്റെ നടത്തിപ്പിനെതിരായി ‘ഗ്രീൻ ട്രിബ്യൂണൽ ഓഫ് ഇന്ത്യ’ കേസ് ഫയൽ ചെയ്തപ്പോഴാണ് ചൂടു വാർത്തയാവുന്നത്. തെറ്റായ പ്രചരണം നൽകാൻ മത്സരം തന്നെ. ഏതെല്ലാം കോണിൽ നിന്നാണ് പ്രകൃതിസ്നേഹികൾ പൊട്ടിമുളച്ചത്? ആരാണ് യഥാർത്ഥ പ്രകൃതി സ്നേഹികൾ..?
യമുനാനദിയെയും അവിടെയുള്ള ജനജീവിതത്തെയും കൃഷിയെയും മുപ്പത്തഞ്ചു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന ഉത്സവ സംവിധാനങ്ങൾ അപകടപ്പെടുത്തുമെന്നായിരുന്നു പരാതി. കേവലമായ ചില നഷ്ടങ്ങൾ അതിന്റെ ഇരട്ടിയായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന വിശ്വാസവും ഉറപ്പും സംഘടനക്കുണ്ട്. പരിസ്ഥിതി സംസ്ഥാപനത്തിനും നദീമാലിന്യ നിർമ്മാർജ്ജനത്തിനുമൊക്കെയായി എപ്പോഴും പ്രവർത്തിക്കുന്ന സംഘടനയാണ് ആർട്ട് ഓഫ് ലിവിംഗ്(AOL), എന്നാലതിന്റെ സത്യാവസ്ഥ ജനങ്ങളിലെത്തിക്കാൻ പിന്നീട് ശ്രമിച്ചോ ഇല്ല...? കേസും ആരോപണങ്ങളും കൊട്ടിഘോഷിക്കപ്പെട്ടു. മഹാസമ്മേളന സമാപനത്തെ തുടർന്ന് അതിവേഗതയോടെ, പ്രകൃതിക്കോ ജൈവ ആവാസ വ്യവസ്ഥക്കോ ഒരു കോട്ടവും തട്ടാതെ പൂർണ്ണമായും മാലിന്യം നീക്കം ചെയ്യപ്പെട്ടത് വാർത്താതുടർച്ചയായി കാണിക്കാൻ പോലും നമ്മുടെ മാധ്യമങ്ങൾ തയ്യാറായില്ല. 2016, March 11, 12, 13 സമ്മേളനം നടന്ന ഈ ഭൂമിയിലെ ഏപ്രിൽ, 16−ൽ ഇറക്കിയ ഒരു വീഡിയോ ദൃശ്യത്തിൽ മേഞ്ഞു നടക്കുന്ന കന്നുകാലികളെ കണ്ടാലറിയാം പച്ചപ്പിന്റെ സാന്നിദ്ധ്യം എത്രാമാത്രമെന്ന്.
ഇന്ന് ലോക സന്നദ്ധസംഘടനകളിൽ തന്നെ, ഒരു പക്ഷെ ഏറ്റവും മികച്ച സംഭാവന നൽകുന്ന സംഘടന ശ്രീശ്രീ രവിശങ്കർജിയുടെ ആർട്ട് ഓഫ് ലിവിംഗ് തന്നെയാണ്. ഹ്യൂമനിസത്തി വേരൂന്നിയിരിക്കുന്ന ഈ പ്രസ്ഥാനം 155 രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്നു. ഏതു സന്നദ്ധ പ്രവൃത്തിക്കും തയ്യാറുള്ള വളണ്ടിയർമാരാൽ സന്പന്നമാണ് ഈ സംഘടന. ഇന്ത്യയിൽ 299 വിദ്യാലയങ്ങളുള്ള ഈ സംഘടന നിരാലംബരായ അനവധി കുട്ടികളെ ഏറ്റെടുക്കുകയും നിർദ്ദനരായവരെ സൗജന്യമായി പഠപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭീകരാക്രമണം നടന്നിടത്തും യുദ്ധമേഖലകളിലും പ്രകൃതി ദുരന്തങ്ങളുണ്ടായ നിരവധി സ്ഥലങ്ങളിലും AOL വളണ്ടിയർമാരുടെ സേവനങ്ങൾ നിസ്സീമമാണ്. ശബരിമല മാലിന്യ നിർമാർജ്ജനത്തിന് അവർ വഹിച്ച പങ്ക് നാം കണ്ടതാണ്. 2010 മുതലേ, ലോകസാംസ്ക്കാരിക സമ്മേളനത്തിന്റെ ഭാഗമായി 5000ത്തോളം വളണ്ടിയർമാർ 55 മില്യൺ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും ഇന്ത്യയിൽ 16−ഓളം നദികളെ പുനരുജ്ജീവിപ്പിച്ച് യമുനാ നദിയിൽ നിന്നും മാത്രം 512 ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുമുണ്ട്. തുടർന്നും അവരുടെ സേവനങ്ങൾ നിർലോപം തുടരുന്നു. ഇതൊക്കെ അറിയുന്ന പല മാധ്യമങ്ങളും ഹരിത ട്രിബ്യൂണലിൽ ഒരു പരാമർശം വന്നപ്പോൾ, സത്യത്തിനു വിരുദ്ധമായ വാർത്തകൾ കാണിക്കാൻ ആവേശം കാണിച്ചു. എന്നാലത് സമ്മേളനത്തിനു ഏറെ പബ്ലിസിറ്റിയുമായി.
ശ്രീ ശ്രീ രവിശങ്കർ
1956, May-13നു തമിഴ്നാട്ടിലെ പാപനാശത്ത് ജനിച്ച് തന്റെ നാലാമത്തെ വയസ്സിലേ ഗീതാപാരായണത്തിലൂടെ അദ്ഭുത ബാലനായി അറിയപ്പെട്ട ആളാണ് ശ്രീശ്രീ രവിശങ്കർ. ഭൗതിക−വേദ ശാസ്ത്രങ്ങളിൽ ബിരുദധാരിയായ ഇദ്ദേഹത്തിന്റെ സംഭാവനകൾ അനന്തമാണ്. സമാധാനത്തിനു വേണ്ടി അദ്ദേഹം നൽകുന്ന സംഭാവനകൾ ലോകം അംഗീകരിക്കുന്നതിനു തെളിവാണ് നിരന്തരമായ് അദ്ദേഹത്തിനു കിട്ടികൊണ്ടിരിക്കുന്ന അവാർഡുകൾ. ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ ഉയർത്തിക്കാട്ടുന്നത് ഇന്ത്യയുടെ സംസ്കാരത്തെയാണ്.
എന്താണ് ജീവനകല..?
അടുക്കും ചിട്ടയും നിറഞ്ഞ മനോഹരമായ ജീവിതം തിട്ടപ്പെടുത്താനുള്ള ഉപായം അല്ലെങ്കിൽ അതിലേക്കുള്ള വിശാലമായ പാതയൊരുക്കുക. ഇതാണ് ജീവനകല ഉദ്ദേശിക്കുന്നത്. അതിനുവേണ്ട പോംവഴികളും നിർദ്ദേശങ്ങളും കുറേയേറെ ടെക്നിക്കുകളും ഏതൊരു സാധാരണക്കാരനും ഉൾകൊള്ളനാവും വിധം ക്രോഡീകരിച്ചൊരു മാർഗ്ഗം. സമാധാനവും സന്പൽസമൃദ്ധവും ആരോഗ്യവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക. അത് ഓരോ വ്യക്തിയിലൂടെ സാധ്യമാക്കുക. വ്യക്തിവികാസം എന്നാൽ പെരുമാറ്റം, സഹകരിക്കൽ, അംഗീകരിക്കൽ, മനസ്സിലാക്കൽ, എല്ലാത്തിനുമുപരി അർപ്പണമനോഭാവം പിന്നെ ശ്രമം, സേവനം, അദ്ധ്വാനം എന്നിവയൊക്കെ ജീവനകലയുടെ മുഖമുദ്രയാണ്. ജീവിതപടവുകളിലൂടെ നടന്നു നീങ്ങുന്പോൾ നിർബന്ധമായും ഒരാൾക്ക് വേണ്ട സത്യം, നീതി, ന്യായം, അടുക്കു ചിട്ടകൾ, പിടിച്ചു നിൽക്കാനുള്ള ശേഷി എന്നിവയൊക്കെ ഇതിന്റെ വിവിധ കോഴ്സുകളിലൂടെ നമ്മൾ പഠിക്കുന്നു. ആർക്കും ഇറങ്ങി ചെല്ലാനുള്ള തുറന്ന പുസ്തകമാണ് ജീവിനകല.
മനുഷ്യന്റെ അമിതാഗ്രഹത്താൽ സംസ്ക്കാരികവും അദ്ധ്യാത്മികവുമായ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്ന ഇന്ന് ഉപഭോഗസംസ്ക്കാരത്തിന്റെയും, കച്ചവട വിദ്യാഭ്യാസത്തിന്റെയും അതിപ്രസരണം മനുഷ്യമനസ്സിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുയാണ്. ഇവിടെയാണ് ജീവനകലയുടെ പ്രസക്തി.!
ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഒരു ജീവിതവും ഈ ലോകത്തില്ല. എന്നാൽ ആ ബുദ്ധിമുട്ടിനെ ശക്തിയോടെ നേരിടാൻ സഹായിക്കുന്ന പ്രക്രിയയാണ് ആർട്ട് ഓഫ് ലിവിങ്ങ് അഥവാ ജീവനകല. ഒട്ടേറെ കോഴ്സുകളുള്ള ജീവനകലയിലെ ആദ്യ ഭാഗത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് സുദർശനക്രിയ. ഇതിലൂടെ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും ജീവൻ വെക്കുന്നു. ഒപ്പം ശരീരത്തിൽ അടിഞ്ഞുകുടിയിരിക്കുന്ന വിഷാംശങ്ങളേയും നിഷേധ വികാരങ്ങളേയും ഈ ക്രിയ പുറത്തേയ്ക്ക് കൊണ്ടുവരുന്നു. ആഴത്തിലുള്ള ശുദ്ധീകരണം നടക്കുന്നതിനോടൊപ്പം ശാരീരകവും മാനസികവുമായ ഉണർവ്വും ആത്മീയമായ വളർച്ചയും ഉണ്ടാകാൻ ഈ ക്രിയ സഹായിക്കുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ പല ഘട്ടങ്ങളിലായി മനാഹരമായി വിഭാവനം ചെയ്ത ഒട്ടനവധി കോഴ്സുകൾ ലഭ്യമാണ്. ബേസിക് (part-1, Happiness course), part−2, യോഗ ലെവൽ−1, ലെവൽ−2, തുടങ്ങി വലിയവർക്ക് അനേകം കോഴ്സുകളും ലിറ്റിൽ ഏയ്ഞ്ജൽസ്, ആർട്ട് എക്സൽ, എസ്(YES) കോഴ്സ്, വൈ.എൽ.ടി.പി തുടങ്ങി വിദഗ്ദ്ധമായി സെറ്റ് ചെയ്ത കുട്ടികളുടെ സെക്ഷൻ വേറെയുമാണ്. എടുത്തു പറയേണ്ട ഒന്നാണ് ‘Intuition Process’, (2015,Oct) എന്ന നൂതനമായ കോഴ്്സ്. ആറാം ഇന്ദ്രിയം തുറക്കപ്പടുന്ന ഇതിന്റെ ഓരോ ഘട്ടവും അദ്ഭുതാവഹമാണ്. പ്രാചീന ഭാരതത്തിൽ, ഭൂമി ഉരുണ്ടതാണെന്നും പ്രകാശ വർഷത്തിന്റെ വേഗത ഇത്രയാണെന്നും മഹാത്മാക്കൾ കണ്ടെത്തിയത് എങ്ങിനെയായിരുന്നോ ആ അതിന്ദ്രീയ ജ്ഞാനം അഥവാ ഉപബോധ മനസ്സിനെ ഉണർത്തുന്ന ആ വിദ്യയാണ് സാക്ഷാൽ ഗുരു ജി അനുയായികൾക്ക് പകർന്ന് നൽകിയിരിക്കുന്നത്. അഞ്ച് മണിക്കൂറുകളോളം കണ്ണടച്ചു വെച്ച് കുട്ടികളെ അകകണ്ണിലൂടെ വായിക്കാനും വർണ്ണങ്ങൾ തിരിച്ചറിയാനും ഒക്കെ പ്രാപ്തരാക്കുന്ന ഈ വിദ്യ ഗംഭീര അനുഭവമാണ്. അതുപോലെ ജീവനകലയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളാണ് ജീവിതം തിരിച്ചുപിടിച്ചിട്ടുള്ളത്. കോമ, സ്ട്രോക്ക്, ആസ്ത്മ, വാതം, തുടങ്ങി അസാധാരണവും സാധാരണവും ആയ എത്രയോ അസുഖങ്ങളിൽ നിന്നെല്ലാം മോചിതരായവരേയും മരുന്നുകൾ പൂർണ്ണമായും ഒഴിവാക്കിയവരേയും നമുക്ക് ചുറ്റും കാണാം.
കോടിക്കണക്കിനാളുകളുടെ ആശ്രയമാകുന്ന ഇത്തരം മഹാത്മാക്കളെ വിമർശിക്കുന്നവർ അരവയറിനു പോലും ഊട്ടാൻ മനസ്സില്ലാത്തവരും അതിനു മെനക്കെടാത്തവരും ആകുന്നതിന്റെ വിരോധാഭാസം പരിഹാസ്യമാണ്. ആൾദൈവങ്ങളെന്നും പണക്കാരുടെ ദൈവങ്ങളെന്നും മുദ്രയടിച്ച് വിമർശിക്കുന്നതിനു മുന്നെ എന്തോക്കെ ചെയ്യുന്നുണ്ടെന്നു കൂടി അറിഞ്ഞുവെക്കുക. ഇന്നത്തെ കാലത്ത് പാവങ്ങളേയും അറിവില്ലായ്മയേയും ചൂഷണം ചെയ്യുന്ന കുറേ ശക്തികൾ ഒറ്റക്കും അല്ലാതെയും സമൂഹത്തിലുണ്ട്. അവരെ തിരിച്ചറിയേണ്ടതുണ്ട്. സോഷ്യൽ മീഡിയകളുടെ നിയന്ത്രണമടക്കം നാടിന്റെ സകലമേഖലകളിലും ഭാരതം സ്വയം പര്യാപ്തത കൈവരിക്കേണ്ട കാലവും അതിക്രമിച്ചു.
ഒരു ആർട്ട് ഓഫ് ലിവിംങ്ങ് അനുഭാവി