ചൈനീസ് സൈനിക വന്മതിൽ ഭീഷണിയോ, ഏഷണിയോ?
വി.ആർ.സത്യദേവ്
പട്ടികയേതായാലും ലോകാത്ഭുതങ്ങളിൽ ഉറപ്പായും ചൈനയിലെ വന്മതിലുണ്ടാകും. വന്മതിലിനു മഹത്തായ മതിൽ അഥവാ Great wall എന്നാണ് ആംഗലേയത്തിൽ മൊഴിമാറ്റം. വലിപ്പം കൊണ്ടു മാത്രമല്ല പഴക്കമടക്കം മറ്റു പല കാര്യങ്ങൾ കൊണ്ടും ചൈനയിലെ വന്മതിൽ മഹത്തരമാണെന്ന കാര്യത്തിൽ സംശയം വേണ്ട. നൂറ്റാണ്ടുകൾ കൊണ്ടു സംഭവിച്ച അത്ഭുതമാണ് വന്മതിൽ. ചൈനയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചക്രവർത്തി ക്വിൻഷി ഹോംഗാണ്. ക്വിന്നിന്റെ കാലത്താണത്രേ വന്മതിലിന്റെ പണി ആരംഭിച്ചത്. അത് പിന്നീടങ്ങോട്ട് ഒരു തുടർച്ചയായി. യൂറേഷ്യൻ െസ്റ്റപ്പിയിൽ നിന്നുള്ള നാടോടി ഗോത്രശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ തുടങ്ങിയ കോട്ട നിർമ്മാണം ഇപ്പോൾ കിഴക്ക് ഡാൻഡോംഗ് മുതൽ പടിഞ്ഞാറ് ലോപ് തടാകം വരെ നീണ്ടു കിടക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഭാഗം അതിശക്തമായിരുന്ന മിംഗ് രാജവംശത്തിന്റെ കാലത്താണ് പണി പൂർത്തിയായത്. ആദ്യ ചക്രവർത്തി തൊട്ടിങ്ങോട്ട് ഭരണാധികാരികൾ മാറിമാറി വന്നിട്ടും സ്വന്തം സംരക്ഷണത്തിനായുള്ള നിർമ്മിതിയുടെ കാര്യത്തിൽ ചൈനക്കാർ വിട്ടുവീഴ്ച കാട്ടിയില്ല. അവർക്ക് അതൊരു തുടർച്ചയാണ്. അതേ തുടർച്ചയുടെ ഭാഗമാണ് അതിവിശാലമായ തങ്ങളുടെ അതിർത്തികളിലെല്ലാം സൈനികസാന്നിദ്ധ്യം ശക്തമാണെന്ന് അവർ ഉറപ്പു വരുത്തുന്നത്. ഇന്തോ ചീന അതിർത്തിയിലെ വർദ്ധിച്ച ചൈനീസ് സൈനിക ബലത്തെക്കുറിച്ചുള്ള അമേരിക്കൻ മുന്നറിയിപ്പിനെയും നമുക്ക് ഇതിനോട് ചേർത്തു വായിക്കാം.
സജീവ അഗ്നി പർവ്വതങ്ങളുടെ കാര്യത്തിലെന്നപോലെ എന്നും സജീവമാണ് ഇന്ത്യ ചൈന അതിർത്തി. വടക്ക് അക്സായ് ചിൻ മുതൽ കിഴക്ക് അരുണാചൽ വരെ 3488 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് കാരണങ്ങൾ ഒരുപാടുണ്ട്. അതിന് ദശാബ്ദങ്ങളുടെ പഴക്കവുമുണ്ട്. അതിനിടയിൽ പരസ്പരം ചോരചിന്തിയ പോരാട്ടങ്ങളുടെയും ഒറ്റപ്പെട്ട ഉരസലുകളുടെയും ഒക്കെ എരിവും പുളിയുമുണ്ട് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്. കാര്യകാരണങ്ങൾ മാറിയുള്ള സംഘർഷ സാദ്ധ്യത തുടരുന്പോഴും എന്നും ഒരു മേശക്ക് അഭിമുഖമിരുന്നു ചർച്ചചെയ്യാവുന്ന അടുപ്പം കാത്തു സൂക്ഷിക്കാനും എന്നും ഇന്ത്യയും ചൈനയും ശ്രദ്ധിച്ചിട്ടുമുണ്ട്. ഈ യാഥാർത്ഥ്യങ്ങളുടെയൊക്കെ വെളിച്ചത്തിൽ വേണം കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശകാര്യ വകുപ്പു മുന്നോട്ടു വച്ച ഈ പുതിയ മുന്നറിയിപ്പിനെ വിലയിരുത്താൻ.
കിഴക്കനേഷ്യൻ കാര്യങ്ങൾക്കായുള്ള അമേരിക്കയുടെ പ്രതിരോധ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി അബ്രഹാം എം ഡെൻമാർക്ക് അമേരിക്കൻ പ്രതിരോധ കാര്യാലയത്തിനു സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യനതിർത്തിയിൽ ചൈനീസ് സേനാ സാന്നിദ്ധ്യം കുത്തനെ വർദ്ധിക്കുന്നത് ആശങ്കാജനകമാണ് എന്ന തലക്കെട്ടിന്റെ തുടർച്ച വായിക്കുന്പോൾ ആ ഭീഷണി അത്രക്കങ്ങു ശക്തമാണോ എന്ന സംശയമുയരുന്നു. ആഗോള ശാക്തിക സമവാക്യങ്ങളിൽ വർത്തമാനകാലത്തുണ്ടായ വ്യതിയാനം കൂടി ഈ വാർത്തയെ സാരമായി സ്വാധീനിക്കുന്നു.
ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ശീതയുദ്ധ കാലത്തിനും അതിനെ തുടർന്ന് അമേരിക്കൻ ശാക്തിക മേധാവിത്വത്തിൽ ഉദയം ചെയ്ത ഏകധ്രുവലോകത്തിനും വാസ്തവത്തിൽ പരിസമാപ്തിയായിരിക്കുന്നു. ലോകത്തെ മൊത്തം സ്വന്തം കൈക്കരുത്തിന്റെ പിൻബലത്തിൽ മാത്രം വരച്ചവരയിൽ നിർത്താനുള്ള അമേരിക്കൻ ഹുങ്ക് അവർക്കു കൈമോശം വന്നിരിക്കുന്നു. ഇറാക്കിലും സിറിയയിലും ഒക്കെ ഒബാമയ്ക്കോ അമേരിക്കൻ സാമ്രാജ്യത്വത്തിനോ സ്വന്തം താൽപ്പര്യങ്ങൾ എതിർപ്പില്ലാതെ അടിച്ചേൽപ്പിക്കാൻ പഴയതുപോലെ കഴിയുന്നില്ല. വ്ളാദീമിർ പുചിന്റെ റഷ്യ ചിലപ്പോഴെങ്കിലും പഴയ സോവ്യറ്റ് റഷ്യയെക്കാൾ ശക്തവും ഗുണപരവുമായ നിലപാടുകളെടുക്കുന്നത് അമേരിക്കൻ ദൗർബ്ബല്യത്തിന്റെ ആഴവും പരപ്പും കൂടുതൽ വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകളോളം അമേരിക്ക കൈപ്പിടിയിലൊതുക്കിയിരുന്ന ലോക നായക പദവി ലക്ഷ്യം വെയ്ക്കുന്ന പ്രധാന രാഷ്ട്രം ഇന്ന് ചൈനയാണ്. അവരുടെ ലക്ഷ്യം ഒന്നാം സ്ഥാനം തന്നെയാണ്. ആരോപണങ്ങളും വിമർശനങ്ങളും ഏറെയുണ്ടെങ്കിലും സൈന്യവും സാന്പത്തികവും സാങ്കേതികവും കായികവുമായ മേഖലകളിലെല്ലാം ചൈന സമീപകാലത്ത് വലിയ കുതിച്ചുകയറ്റം തന്നെയാണ് നടത്തിയിട്ടുള്ളത്. കൃത്യമായ നയപരിപാടികളോടെ വ്യക്തമായ പദ്ധതിരൂപീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ മുന്നേറ്റം. രാഷ്ട്ര പുരോഗതിക്കും നിലനിൽപ്പിനും തന്നെ വഴിമുടക്കിയെന്ന ഒരുകാലത്ത് വിമർശിക്കപ്പെട്ടിരുന്ന മനുഷ്യവിഭവശേഷി ഗുണപരമായി ഉപയുക്തമാക്കി വ്യവായ വികസനം സാദ്ധ്യമാക്കിയുള്ള കുതിപ്പിലൂടെയായിരുന്നു അവർ ഈ ഗതിയിലുള്ള മുന്നേറ്റം ആരംഭിച്ചത്. ലോകമൊട്ടാകെ തുറന്ന വിപണികളിലൂടെ അവർ സ്വന്തം ഖജനാവിലെ നാണയക്കിലുക്കത്തിന്റെ കരുത്തുകൂട്ടി.
ലോകത്തിന്റെ വിവിധയിടങ്ങളിൽ വന്പിച്ച മുതലിറക്കി തങ്ങളുടെ സ്വാധീനവും ശക്തിയും വരുമാനവും കൂട്ടുക എന്നതായിരുന്നു ആ ദിശയിലെ അടുത്ത നടപടി. അയൽ രാജ്യമായ പാകിസ്ഥാൻ തൊട്ട് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയും അതിനപ്പുറവും വരെ നീളുന്നതാണ് ചൈനയുടെ പദ്ധതികൾ. എന്തിനേറെ ഒരുകാലത്ത് ആഗോള സാമ്രാജ്യത്വത്തിന്റെ അവസാനവാക്കായിരുന്ന ഗ്രെയ്റ്റ് ബ്രിട്ടണിലും അതിന്റെ അടുത്തകാലം വരെയുള്ള അവകാശിയായ സാക്ഷാൽ അമേരിക്കയിലുമൊക്കെ വലിയ മുതൽമുടക്കാണ് ചൈന നടത്തിയിരിക്കുന്നത്. ഇതിൽ പലയിടങ്ങളിലും അടിസ്ഥാന സൗകര്യ വികസനം, വ്യവസായം എന്നീ രംഗങ്ങളിലാണ് അവരുടെ മുതലിറക്ക്. ഇതൊക്കെ ഈ നാടുകളുമായി ഒരു സുദീർഘകാല ബന്ധമാണ് അവർ ലക്ഷ്യം വെയ്ക്കുന്നതെന്ന കാര്യം പകൽപോലെ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ വലിയ നിക്ഷേപങ്ങളാണ് ചൈന നടത്തിയിരിക്കുന്നത്. ശ്രീലങ്കയിൽ പതിറ്റാണ്ടുകളോ അതിലുമധികമോ ഒക്ക നീളുന്ന പദ്ധതികളാണ് അവർ നടപ്പാക്കിത്തുടങ്ങിയത്. ഇതിൽ വൻകിട തുറമുഖങ്ങളും ഉൾപ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളിലും നിർമ്മിതികളിലും പലതും ഇന്ത്യക്ക് പ്രത്യക്ഷമായും പരോക്ഷമായുമൊക്കെ ഭീഷണി ഉയർത്തുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിലായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജീത് ഡോവലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ലങ്കൻ തെരഞ്ഞെടുപ്പിൽ നടത്തിയ ശക്തമായ ഇടപെടലുകൾ. ചൈനീസ് സ്വാധീനത്തിൽ നിന്നും ലങ്കയെ വേർപെടുത്തിക്കൊണ്ട് മൈത്രിപാല സിരിസേന ലങ്കൻ പ്രസിഡണ്ടായതിന്റെ പിന്നാന്പുറക്കഥകൾ ഇതു വ്യക്തമാക്കുന്നു. രാജ്യത്തിനു ചുറ്റും മറ്റൊരു ശക്തമായ രാജ്യത്തിന്റെ സ്വാധീന ശക്തി വർദ്ധിച്ചു വരുന്നത് ഇന്ത്യക്കെന്നല്ല ഒരു രാജ്യത്തിനും ഹിതകരമല്ല. അത് മറ്റൊരു അയൽ രാജ്യം തന്നെയാകുന്പോൾ ആ ഭീഷണിയുടെ ആഴം ഏറുന്നു. ഇത് ഇന്ത്യ വ്യക്തമായും തിരിച്ചറിയുന്നുണ്ട്. അതനുസരിച്ചാണ് ഇന്ത്യ സ്വന്തം നയങ്ങളും നിലപാടുകളുമെടുക്കുന്നത്. വർത്തമാനകാല ലോക ശാക്തിക സമവാക്യങ്ങൾക്കും ഇവിടെ വലിയ പ്രാധാന്യമുണ്ട്. ചൈനീസ് പക്ഷത്തു നിന്നു നോക്കിയാൽ ലോകജേതാവാകുക എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. നിലവിൽ അമേരിക്കയോടാണ് അവരുടെ മത്സരം. ഇന്ത്യയുമായി എന്നും അതീവ സൗഹൃദത്തിന്റെയോ ശത്രുതയുടെയോ അല്ലാത്ത ഒരുതരം വിചിത്ര ബന്ധമാണ് എന്നുമവർ പുലർത്തിപ്പോരുന്നത്.
പരിതോവസ്ഥകളുടെ പടുകുഴിയിൽ നിന്നും ലോക ജേതാവാകാനുള്ള കുതിപ്പിലാണ് ചൈന. അത് അസാദ്ധ്യമല്ലെന്ന് ഏഷ്യൻ കടുവകളിലെ പ്രമുഖനായ ചൈനയ്ക്കറിയാം. ഏഷ്യൻ കടുവകൾ തന്നെയായ ഭാരതവും ഇതേ ഗുണങ്ങളും സാദ്ധ്യതകളുമുള്ള രാജ്യമാണെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ അടുത്തുള്ള ഈ കരുത്തൻ തങ്ങളുടെ വഴിമുടക്കിയാവരുതെന്ന് അവർക്കു നിർബന്ധമുണ്ട്. ഇന്ത്യക്കെതിരെയുള്ള സമ്മർദ്ദതന്ത്രങ്ങൾക്കു പിന്നിലുള്ള യഥാർത്ഥ ഉദ്ദേശം ഇതാണ്. ഇത് ഒരുതരത്തിൽ ഇന്ത്യയുടെ കരുത്തും സാദ്ധ്യതകളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നതു കൂടിയാണ്.
ഇപ്പോഴുണ്ടായിരിക്കുന്ന ഒരു പുതിയ സാഹചര്യമോ തിരിച്ചറിവോ അല്ല ഇത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ധിറ്റ് ജവഹർലാൽ നെഹ്റുവും ചൈനീസ് നായകൻ മാവോ സേദൂംഗുമായി നടന്ന 1954 ലെ കൂടിക്കാഴ്ചയിൽ തന്നെ ചൈന ഈ നിലപാടു തുറന്നു പ്രഖ്യാപിച്ചതാണ്. യഥാർത്ഥ ലോക നേതാക്കൾ നമ്മളാണ്. ആ സ്ഥാനം നമുക്കു കൈമാറാൻ അവർ തയ്യാറാകട്ടെ. എന്നായിരുന്നു മാവോയുടെ പ്രഖ്യാപനം. രാഷ്ട്രീയവും സാന്പത്തികവും ആശയപരവുമായ പ്രതിസന്ധികളിലൂടെ ചൈന കടന്നുപോയപ്പോൾ മാവോയുടെ വാക്കുകൾ പലരും തമാശയായി പുച്ഛിച്ചു തള്ളി.
ഇന്ത്യ അന്നു പക്ഷേ ചൈനക്കൊപ്പം തോളോടു തോൾചേർന്നു നടക്കാനായിരുന്നില്ല തീരുമാനിച്ചത്. ആശയപരമായ വൈജാത്യങ്ങൾ തുടരുന്പോഴും പക്ഷേ ബന്ധങ്ങൾ പൂർണ്ണമായും അറ്റുപോകാതിരിക്കാൻ ഇരു രാജ്യങ്ങളും എന്നും പുലർത്തുന്ന കരുതലും ശ്രദ്ധേയമാണ്. 62ലെ യുദ്ധത്തിനൊടുവിൽ പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്നെല്ലാമുള്ള ചൈനയുടെ പിന്മാറ്റം ഇതിനുള്ള ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഉരസലുകൾക്കിപ്പുറവും പരസ്പരം കൊണ്ടും കൊടുത്തുമുള്ള ആ ബന്ധം മോശമല്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദർശിച്ച ചൈനീസ് പ്രസിഡണ്ട് ഇന്ത്യക്കായി അന്നു പ്രഖ്യാപിച്ചത് 20 ബില്യൺ ഡോളറിന്റെ നിക്ഷേപ സാദ്ധ്യതകളാണ്. ഇതിനിടെയിലും പാകിസ്ഥാനുമായി ചേർന്ന് ചൈന പ്രതിരോധ, ആയുധ നിർമ്മാണ രംഗങ്ങളിൽ വർദ്ധിപ്പിക്കുന്ന സഹകരണം ആശങ്കപ്പെടുത്തുന്നതു തന്നെയാണ്.
അതങ്ങനെയൊക്കെയാണെങ്കിലും പൊതുവെയുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്പോൾ അമേരിക്കയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യത്തെ പെരുപ്പിച്ചു കാട്ടുന്നതല്ലേ എന്ന സംശയം ജനിപ്പിക്കുന്നു. ഓരോയിടത്തും സംഘർഷ സാദ്ധ്യത വളർത്തി ആ മേഖലയെ സ്വന്തം ആയുധങ്ങൾ വിറ്റഴിക്കാനുള്ള വിപണിയാക്കുകയും മേഖലയിൽ സ്വന്തം നില ശക്തമാക്കുന്നതും അമേരിക്കയുടെ ശൈലിയാണ്. ചൈനയുമായി പാകിസ്ഥാൻ സഹകരണം ശക്തമാക്കിയത് പാക് വിപണിയിലെ അമേരിക്കൻ സാദ്ധ്യത കുറച്ചിരിക്കുന്നു. ഇന്ത്യ തങ്ങളുടെ പ്രതിരോധ ബജറ്റ് വിഹിതം വർദ്ധിപ്പിച്ചിരിക്കുന്നതിന്റെ സാദ്ധ്യതകൾ ആവുന്നത്ര തങ്ങൾക്ക് അനുകൂലമാക്കണം എന്നതും പുതിയ അമേരിക്കൻ വെളിപ്പെടുത്തലിനു പിന്നിലുണ്ടായേക്കാം. അങ്ങനെയെങ്കിൽ ചൈനീസ് സൈനിക ഭീഷണി ഊതി വീർപ്പിച്ച അമേരിക്കയുടെ ഏഷണി മാത്രമാണെന്നു വിലയിരുത്തേണ്ടിവരും.