പതിവിൻ പടി തിരിയുന്ന സൂചികൾ
മണിലാൽ
യഥാർത്ഥത്തിൽ നമ്മുെട രാഷ്ട്രീയ സമൂഹം ഏത് വിധമാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്? പൊതുവായി മനസ്സിലാക്കുന്നത്, വ്യത്യസ്ഥമായ വർഗ്ഗതാൽപ്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിലാണ് ഈ വിഭജനം എന്നാണ്. ഇത്തരം ഒരു വിഭജനം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അത് നിഷേധിക്കാനാവില്ല. എന്നാൽ രാഷ്ട്രീയ വ്യവഹാരത്തിലേർപ്പെടുന്നവർ തന്നെ കാലക്രമത്തിൽ ഒരു വർഗ്ഗമായി തീരുകയും വർഗ്ഗസമൂഹവുമായി രൂപം കൊള്ളുകയും ചെയ്യുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ ആധുനിക സമൂഹത്തിൽ പ്രബലമാണ്. മിലോവൻ ജിലാസ് തന്റെ പുതിയ വർഗ്ഗം (The New Class) എന്ന പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളാണ്.
രാഷ്ട്രീയ സമൂഹം വിവിധ സമുദായങ്ങളായി വിഭിജിതമാണ് എന്നതാണ് യാഥാർത്ഥ്യം. പഴയ ജാതി സമുദായത്തിലെന്ന പോലെ സാമൂഹ്യ ശ്രേണി, അധികാര ശ്രേണി എന്നിവയിലൊക്കെ ഇത് മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന ഒന്നായി സ്വയം പ്രവർത്തനക്ഷമമാവുന്നുണ്ട്. ഏറ്റവും വിപുലമായ അധികാരങ്ങളും സാന്പത്തിക വിനിയോഗത്തിനുള്ള ഏറ്റവും മുകൾത്തട്ടിലുള്ള ഘടനാരൂപവുമായാണ് നേതൃസമുദായം (Leaders community) പ്രവർത്തിക്കുന്നത്. ജനസംഖ്യയുമായോ അതത് പാർട്ടികളുടെ വോട്ടിംഗ് ശേഷിയുമായോ തട്ടിച്ചു നോക്കുന്പോൾ ദശാംശ സംഖ്യകൾ കൊണ്ട് മാത്രം അടയാളപ്പെടുത്താവുന്ന വിധം ചെറുതാണിത്. എന്നാൽ അധികാരവും സന്പത്തും പ്രത്യേക ജീവിത അവകാശങ്ങളെയുമൊക്കെ കേന്ദ്രീകരിക്കപ്പെടുന്നത് ഇവിടെയാണ്. ഇതിന് തൊട്ടു താഴെയായി കേഡർ സമുദായം (cader community) സ്ഥാനമുറപ്പിക്കുന്നു. ഇതിൽ നിന്നുള്ള നിരന്തരമായ കിടമത്സരങ്ങളിലൂടെയാണ് നേതൃസമുദായത്തിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് നടക്കുക. ജനസംഖ്യയുടെ രണ്ടോ മൂന്നോ ശതമാനം മാത്രമാണ് ഈ വിഭാഗത്തിലുണ്ടാവുക. സാമാന്യേന അധികാര വിനിയോഗം സാന്പത്തിക വിനിയോഗം പ്രത്യേക അവകാശങ്ങൾ എന്നിവയൊക്കെ വഴിയുള്ള ആനുകൂല്യങ്ങൾ അനുഭവിക്കാൻ ഇവർക്ക് അവസരങ്ങളുണ്ട്. പ്രവർത്തക സമുദായം (workers community) ആണ് ഇതിന് തൊട്ടുതാഴെ. അധികാര വിനിയോഗത്തിലെ ഒരു ചെറിയ പങ്ക് നിത്യദാന ചിലവുകൾക്കുള്ള വക, നാമമാത്രമായ പ്രത്യേക അവകാശങ്ങൾ എന്നിവയൊക്കെ ഈ വിഭാഗം അനുഭവിക്കുന്നുണ്ട്. അതത് പാർട്ടി ജനസംഖ്യയുടെ പത്തിൽ താഴെ മാത്രം വരുന്ന ഒരു വിഭാഗമാണിത്. അതിന് താഴെയാണ് അനുയായികളോ അനുഭാവികളോ സാധാരണ അംഗങ്ങളോ ഒക്കെയായി പാർട്ടി സമൂഹം (Party community) നിലയുറപ്പിക്കുന്നത്. ഭരണകൂടങ്ങളിൽ നിന്നുള്ള ചില ആനുകൂല്യങ്ങൾക്കായി അധികാര ഘടനയുമായി ചില വ്യവഹാരങ്ങൾ (Negosiation) നടത്താനുള്ള അവസരം ഈ വിഭാഗത്തിന് ലഭിക്കുന്നു. ഏറ്റവും അടിത്തട്ടിൽ ജനസമുദായം (Peoples community) സ്ഥിതി ചെയ്യുന്നു. അവർക്ക് സ്ഥിരമായ രാഷ്ട്രീയ നിലപാടുകളോ അതിന് വേണ്ടി പണിയെടുക്കാനുള്ള സന്നദ്ധതയോ വോട്ടു ചെയ്യുന്നതിനുള്ള പ്രതിബദ്ധതയോ ഉണ്ടാവണമെന്നില്ല. അതാത് കാലഘട്ടത്തിലെ കത്തി നിൽക്കുന്ന പ്രശ്നങ്ങൾക്കനുസരിച്ച് അവർ നിലപാടെടുക്കും. പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത് ഇവർക്കിടയിൽ ഇടത്തോട്ടോ വലത്തോട്ടോ മധ്യഭാഗത്തേക്കോ ഒക്കെ രൂപപ്പെടുന്ന ചലനങ്ങളായിരിക്കും.
കേരളത്തിൽ കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ട് മുന്പുവരെ കണ്ടിരുന്ന പ്രവണത, ഏറ്റവും അടിത്തട്ടിലുള്ള ജനസമുദായം വരെയുള്ള എല്ലാ വിഭാഗങ്ങളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉത്സുകരായിരുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു സമൂഹമായി കേരളത്തെ വാഴ്ത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജനസമുദായം തിരഞ്ഞെടുപ്പ് പോലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളിലൊന്നും ഒരു താൽപര്യവും പ്രകടിപ്പിക്കുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം പോയി തങ്ങളുടെ മനസിനകത്ത് മാത്രം കുടികൊള്ളുന്ന ചില കാഴ്ചപാടുകൾക്കനുസരിച്ച് ആ വിഭാഗം വോട്ടു രേഖപ്പെടുത്തിയേക്കാം. ഇതിൽ നിന്നു പോലും വിട്ടു നിൽക്കുന്നവരും എണ്ണത്തിൽ കുറവാണെങ്കിലും ഉണ്ട്. ഇവർ ആർക്കാണ് വോട്ടു ചെയ്യുക എന്ന് നിശ്ചയിക്കാൻ മാർഗങ്ങളൊന്നുമില്ല. തിരഞ്ഞെടുപ്പ് പ്രവചനങ്ങളെ അസാദ്ധ്യമാക്കുന്ന ഒരു പ്രധാനഘടകം ഈ കമ്യൂണിറ്റിയുടെ മൗന സ്വഭാവമാണ്, എന്നാൽ ഇടതുപക്ഷ പാർട്ടികളിലെങ്കിലും പാർട്ടി സമുദായത്തെ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നന്നായി പങ്കു കൊള്ളിക്കാൻ സാധിച്ചിരുന്നു. കേഡർ പാർട്ടികളിലൊഴികെ നാം ജനാധിപത്യ പാർട്ടികൾ എന്ന് വിശേഷിപ്പിക്കുന്നവയിൽ, ഈ കമ്യൂണിറ്റിയിലും പ്രകടമായ ചലനങ്ങൾ കുറവായിരുന്നു. എന്നാൽ സമകാലികമായ തിരഞ്ഞെടുപ്പുകളിലൊക്കെ ഇടതുപാർട്ടികൾക്കും ഈ വിഭാഗത്തെ പ്രവർത്തന രംഗത്തിറക്കാൻ തീരെ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇടതുപാർട്ടികളുടെ പ്രത്യേകത, അതിലെ കേഡർ കമ്യൂണിറ്റി ഏറെക്കുറെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരോ അല്ലെങ്കിൽ ഉപജീവനത്തിന് ചില ജോലികളിലൊക്കെ ഏർപ്പെടുമെങ്കിലും രാഷ്ട്രീയ പ്രവർത്തനം ദിനചര്യയുടെ ഭാഗമാക്കിയരോ ആയിരിക്കും എന്നതാണ്. ഇവരിലൂടെ വർക്കേഴ്സ് കമ്യൂണിറ്റിയെ ദൈനംദിന രാഷ്ട്രീയ കാര്യപരിപാടികളിലും തിരഞ്ഞെടുപ്പിൽ വിശേഷിച്ചും പൂർണ്ണമായി സഹകരിപ്പിക്കാൻ കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകളിലൊക്കെ ഉപജീവന ഉപാധിയായ ജോലി പോലും ഉപേക്ഷിച്ച് താൽക്കാലികമായി മുഴുവൻ സമയ പ്രവർത്തകരായി മാറുകയാണ് ഇവർ ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നതിന് ഈ വിഭാഗം വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കാലത്ത് ഇവർക്ക് ഉപജീവനത്തിനുള്ള വേതനം നൽകി ഇവരെ പ്രവർത്തനത്തിനിറക്കുമായിരുന്നു. എന്നാലിത്തവണ പ്രവർത്തക സമുദായം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നൊക്കെ പൊതുവായി വിട്ടു നിൽക്കുകയാണുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അതിന്റെ അവസാന മണിക്കൂറുകളിൽ എത്തിയിട്ടു പോലും കേരളത്തിലൊരിടത്തും ഒരു പാർട്ടിയിലും ഇത്തരം വിഭാഗങ്ങൾ പ്രവർത്തന രംഗത്തിറങ്ങിയിട്ടില്ല. ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉറച്ചുനിന്നത് രാഷ്ട്രീയം ഉപജീവന ഉപാധിയാക്കിയ കേഡർ കമ്യൂണിറ്റിയും അധികാരത്തിന് വേണ്ടി മത്സരിക്കുന്ന ലീഡർ കമ്യൂണിറ്റിയും മാത്രമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഇത്ര ശക്തമായ ഒരു മരവിപ്പ് ഇതിന് മുന്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. അതിന് പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. കാലാവസ്ഥ ചുട്ടുപൊള്ളുന്നതായതോടെ ജനങ്ങൾ പകൽസമയത്ത് പൊതുവെ പുറത്തിറങ്ങാതായി എന്നതാണ് പ്രധാന കാരണമായി പറയുന്നത്. അതു ഒരു പരിധിവരെ ശരിയുമാണ്. മറ്റൊന്ന് വിവാഹം, ഗൃഹപ്രവേശം, ക്ഷേത്രോത്സവങ്ങൾ, മറ്റ് ആഘോഷപരിപാടികൾ എന്നിവ കേന്ദ്രീകരിച്ചു വരുന്ന മാസങ്ങളിലാണ് തിരഞ്ഞെടുപ്പും എത്തിയത് എന്നതുകൊണ്ട് ജനങ്ങൾക്ക് സമയം ലഭിക്കുന്നില്ല എന്നതാണ്. ഇതിലും ശരിയുടെ അംശമുണ്ടെങ്കിലും പതിവായി തിരഞ്ഞെടുപ്പുകൾ ഏപ്രിൽ മെയ് മാസങ്ങളിൽ തന്നെയാണ് കേരളത്തിൽ നടക്കാറുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പുകൾ മാത്രമേ അപവാദമായുള്ളൂ. അപ്പോൾ യഥാർത്ഥ വില്ലൻ ഇതൊന്നുമല്ല എന്ന് നിരീക്ഷിക്കാനാകും. രാഷ്ട്രീയം ഉപജീവന ഉപാധിയാക്കിയവർക്കൊഴികെ ഇതര കമ്യൂണിറ്റികൾക്ക് രാഷ്ട്രീയത്തിൽ താൽപര്യം നഷ്ടപ്പെടുന്നു. അല്ലെങ്കിൽ ഈ വിഭാഗങ്ങളൊക്കെ വലിയ തോതിൽ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നു എന്നതാണ് വാസ്തവം. ചുട്ടുപൊള്ളുന്ന പ്രകൃതിയെ വെല്ലുന്ന ഇലക്ഷൻ ചൂട് എന്നൊക്കെ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സാധാരണ മനുഷ്യർക്ക് അത്തരം ഒരു ചൂടും അനുഭവപ്പെടുന്നില്ല.
ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ത് എന്നന്വേഷിക്കുന്പോൾ ഉത്തരം പലതുമായിരിക്കും. ഏറ്റവും പ്രധാനം നേതൃസമുദായങ്ങൾക്കകത്ത് സംഭവിച്ച വിശ്വാസ തകർച്ചയാണ്. വ്യത്യസ്ത പാർട്ടികളിലെ നേതൃ സമുദായാംഗങ്ങൾ ഒരേ താൽപര്യങ്ങളിൽ ഏകീകരിക്കപ്പെടുന്നുണ്ടെന്നും താഴെ തലത്തിൽ തുറന്ന പോര് നടക്കുന്പോഴും ഏത് സർക്കാർ വന്നാലും ഇവർ പരസ്പരം താങ്ങി നിൽക്കുന്നവരാെണന്നുമുള്ള തോന്നൽ താഴെ കമ്യൂണിറ്റികളിൽ ശക്തമായി തീരുന്നുണ്ട്. രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം കാര്യങ്ങൾ ശരിയായി ഗ്രഹിക്കാൻ നേതൃ സമുദായങ്ങൾക്കകത്തുള്ളവർക്ക് കഴിയുന്നില്ല എന്നതാണ്. ഈ അഞ്ചു കമ്യൂണിറ്റികൾ തമ്മിലുള്ള ആശയവിനിമയം വേണ്ടത്ര ആയാസരഹിതവും മൃദുവായി നടക്കുന്നില്ല. ഓരോ പാർട്ടികൾക്കകത്തുമുള്ള ആഭ്യന്തര ജനാധിപത്യത്തിന്റെ തകർച്ചയാണ് ഇതിന് കാരണമായി തീരുന്നത്. താഴെ തലത്തിലുള്ള ജനവികാരം ജനസമുദായത്തിൽ നിന്നും പാർട്ടി സമുദായത്തിൽ നിന്നും ആർജിച്ചെടുത്ത് നേതൃസമുദായത്തിലോ കേഡർ സമുദായത്തിലോ എത്തിക്കാൻ വേണ്ടപോലെ കഴിയുന്നില്ല. ജനസമുദായത്തിൽ നിന്നും മറ്റും ഊറിക്കൂടി വരുന്ന വിവരങ്ങളും വികാരങ്ങളും പാർട്ടി കമ്യൂണിറ്റിയിലോ വർക്കേഴ്സ് കമ്യൂണിറ്റിയിലോ എത്തി കെട്ടുപോകുന്നു. കുറേയേറെ വിവരങ്ങൾ കേഡർ കമ്യൂണിറ്റി വരെ കയറിയെത്തിയേക്കാമെങ്കിലും അതവർ വേണ്ടവിധം നേതൃസമുദായത്തിൽ റിപ്പോർട്ട് െചയ്യാൻ ധൈര്യപ്പെടാറില്ല. പകരം താഴെ എല്ലാം ഭദ്രമാണ് എന്ന് ബോധ്യപ്പെടുത്താനും തനിക്ക് സേവ പിടിക്കേണ്ട നേതാവിനെപ്പറ്റി ജനങ്ങൾക്കുള്ള യഥാർത്ഥ അഭിപ്രായം മറച്ചുവെച്ച് അവരെ പറ്റി പ്രശംസകൾ ചൊരിയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ജനം എങ്ങനെ ചിന്തിക്കുന്നു എന്നറിയാനുള്ള സാധ്യതകൾ പോലും നഷ്ടമാകുന്നു. എപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ള കേഡർ കമ്യൂണിറ്റിയുടെ താൽപര്യങ്ങളും വികാരങ്ങളും അഭിലാഷങ്ങളുമൊക്കെയാണ് ജനങ്ങളുടേതുമെന്ന് തെറ്റിദ്ധരിക്കുന്നു. ഉമ്മൻചാണ്ടിയും ചെന്നിത്തലയും വി.എം സുധീരനും, വി.എസ് അച്യുതാനന്ദനും പിണറായി വിജയനും കോടിയേരിയും കുമ്മനവുമൊക്കെ ഈ നിലയിൽ തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ ഭാഗമായി സ്വീകരിക്കുന്ന നടപടികൾ ഇവരെ പലപ്പോഴും കുഴിയിൽ ചാടിക്കുകയും ചെയ്യും. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ പുകിലുകൾ ഇതിനുദാഹരണമാണ്. പി.ജയരാജന്റെ ‘കടം തിരിച്ചു കൊടുക്കൽ പ്രസംഗം’ തന്റെ ചുറ്റും നിൽക്കുന്ന കാഡർ കമ്യൂണിറ്റിയിലും ഒരുപക്ഷേ അതിന് താഴെ വർക്കേഴ്സ് കമ്യൂണിറ്റിയിലും ആവേശം ജനിപ്പിക്കുന്നതു തന്നെയാണ്. പക്ഷേ അതിന് താഴെ പാർട്ടി കമ്യൂണിറ്റിയിലും പിപ്പീൾസ് കമ്യൂണിറ്റിയിലും വിപരീതഫലമാണുളവാക്കുക എന്നദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയാതെ പോകുന്നു.
ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ പ്രശ്നങ്ങൾ എല്ലാ രാഷ്ട്രീയപാർട്ടികളിലും നേതൃസമുദായങ്ങളിൽ നിന്ന് സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് നരേന്ദ്രമോഡിയുടെ ‘സോമാലിയ പ്രസംഗം’ ബി.ജെ.പിയെയും അവരുടെ കേഡർ സമുദായത്തെയും അത് ആവേശം കൊള്ളിച്ചപ്പോൾ പാർട്ടി സമുദായത്തിലും ജനസമുദായത്തിലും വിപരീതഫലമാണുളവാക്കിയത്. അപ്പോഴും മോഡിയുടെ പ്രസംഗങ്ങൾ, എൻ.ഡി.എയുടെ ഭൂമികയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നതും കാണാതെ വയ്യ. ബംഗാളിലെ സി.പി.എം കോൺഗ്രസ് ബന്ധത്തെ പരിഹസിച്ച് അദ്ദേഹം നടത്തിയ ‘ബംഗാളിൽ ദോസ്തി, കേരളത്തിൽ ഗുസ്തി’ പ്രയോഗം തരംഗ ചലനം ഉളവാക്കാൻ ശേഷിയുള്ളതാണ്. അതേപോലെ കേരളത്തിൽ മാറി മാറി വരുന്ന ഇടതുവലതു സർക്കാരുകൾ ഒരു ചലനവും സൃഷ്ടിക്കുന്നില്ല എന്നതിന് ഒരിടത്ത് നിലയുറപ്പിച്ചു കൊണ്ട് കാലുകൾ മാറിമാറി ചവിട്ടി സൈനികർ നടത്തുന്ന ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് സ്റ്റിൽ മാർച്ചിനെ ഉദാഹരിച്ചതുമൊക്കെ ഇതേ ഫലങ്ങളുളവാക്കുന്നത് തന്നെയാണ്. പക്ഷേ സോമാലിയ പ്രയോഗത്തിലൂടെ ഇതൊക്കെ നിറം കെട്ടുപോയി എന്നതും കാണാതെ വയ്യ. പൊതുവെ ദുർബല ശരീരക്കാരനായ കുമ്മനത്തെ സോമാലിയക്കാരനായി ചിത്രീകരിച്ച് പുറത്തിറങ്ങിയ കാർട്ടൂണുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ‘പോ മോനെ മോഡി’യുമൊക്കെ ബി.ജെ.പിയുടെ അജണ്ടകളെ അവരുടെ ഭാഗത്ത് നിന്ന് തന്നെ പ്രതിരോധിക്കാനുള്ള ആയുധങ്ങളായി തീർന്നു. ഇവിടെയൊക്കെ ഉമ്മൻചാണ്ടിയുടെ ചാണക്യ തന്ത്രങ്ങൾ അംഗീകരിച്ചേ മതിയാകൂ. ഉമ്മൻചാണ്ടി വലിയ പ്രതിസന്ധിയിലായി നിൽക്കുന്ന സമയത്താണ് മോഡിയുടെ സോമാലിയ വീണുകിട്ടിയത്. ആദ്യം അതിനെതിരായി മലയാളിയുടെ പൊതുവികാരമുണർത്താനും അതിനെ ഇന്ത്യക്കാരന്റെ വികാരമാക്കാനുമൊക്കെ ബുദ്ധിപൂർവ്വം ഇടപെട്ടത് ഉമ്മൻചാണ്ടിയായിരുന്നു. ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തിന് പോലും അതിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങേണ്ടിയും വന്നു. മോഡിയുടെ അവസാന വട്ട സന്ദർശനത്തിന്റെ മാറ്റ് കുറയാനും അതിടയാക്കി. ഛത്തീസ്ഗട്ടിലെ ജനാധിപത്യക്കുരുതിയും അതിൽ കോടതിയുടെ ഇടപെടലും അവസാനം പഴയ മുഖ്യമന്ത്രിയെ തന്നെ ആ സ്ഥാനത്ത് പുനസ്ഥാപിക്കേണ്ടി വന്നതുമൊക്കെ മോഡിയുടെ വ്യക്തിത്വത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ അത്യുഷ്ണവും വരൾച്ചയും നേരിടുന്നതിൽ പ്രധാനമന്ത്രി എന്ന നിലയിൽ മോഡി കാണിക്കുന്ന അലംഭാവത്തിനെതിരെ സുപ്രീംകോടിതയിൽ നിന്നുണ്ടായ അതിശക്തമായ വിമർശനം മോഡിയുടെ വ്യക്തിത്വത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. അതിന്റെ അനുരണങ്ങൾ കേരളത്തിൽ പ്രകടവുമാണ്. അമിത്ഷായുടെ പൊതുയോഗങ്ങളിൽ പോലും വേണ്ടത്ര ജനക്കൂട്ടത്തെ അണിനിരത്താൻ അവർക്ക് കഴിയാതായി. ഇടതുപക്ഷത്തിന്റെ ക്യാന്പയിനർമാരിൽ വി.എസ് അച്യുതാനന്ദൻ കഴിഞ്ഞാൽ സീതാറാം യെച്ചൂരിക്ക് മാത്രമാണ് സാമാന്യം ഭേദപ്പെട്ട ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം എന്നിരിക്കെ അഖിലേന്ത്യാ നേതാക്കൾ പലപ്പോഴും ബി.ജെ.പി വിമർശനത്തിൽ ഒതുങ്ങിപ്പോകുന്നത് ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ പഴുതുകളുണ്ടാക്കും എന്ന് ഇടതുപക്ഷനേതാക്കൾ വേണ്ടതുപോലെ തിരിച്ചറിയുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. അപ്പോഴും ദീർഘകാലാടിസ്ഥാനത്തിലുള്ള പാർട്ടിയുടെ ദേശീയ താല്പര്യവും ബി.ജെ.പിക്ക് അവസരമൊരുക്കുന്ന കോൺഗ്രസ് നയങ്ങളും നന്നായി അവതരിപ്പിക്കാൻ സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കൾക്ക് സാധിക്കുന്നുമുണ്ട്.
അപ്പോഴും സോമാലിയ മാത്രമല്ല പാമോലിയയും പ്രശ്നം തന്നെയാണ് എന്ന വി.എസിന്റെ പ്രയോഗം ഉമ്മൻചാണ്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കി. അഴിമതിക്കേസുകളെയാകെ വീണ്ടും ഉപരിതലത്തിലേക്ക് കൊണ്ടുവരാൻ അതിടയാക്കി. പാമോലിൻ കേസ് പിൻവലിക്കണമെന്ന അപേക്ഷ തിരഞ്ഞെടുപ്പ് മുഖത്തുവെച്ച് ഹൈക്കോടതി തള്ളുക മാത്രമല്ല, സംസ്ഥാന സർക്കാർ കളവായ കാര്യങ്ങൾ കോടതിയിൽ അവതരിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന നിരീക്ഷണം കൂടിയായപ്പോൾ അത് ഉമ്മൻചാണ്ടിക്ക് താങ്ങാനാവാത്ത പ്രഹരമായി. അതിനിടയിലാണ് വി.എസ് അച്യുതാനന്ദൻ എന്ന ഇരുന്പിൽ കടിച്ച് പല്ലുകളയാൻ മാത്രമുള്ള ഒരു വ്യവഹാരവുമായി ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. തനിക്കെതിരെ 31 കേസുണ്ടെന്ന വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഉപഹർജിയുമായി ചാണ്ടി വീണ്ടും കോടതിയിലെത്തിയത്. കോടതിയുടെ നീരിക്ഷണങ്ങളാകട്ടെ ചാണ്ടിക്ക് മുഖമടച്ച് വീണ്ടും പ്രഹരമേൽപ്പിക്കപ്പെട്ട നിലയിലുമായി. വി.എസിനെതിരായ പിണറായിയുടെ ഒരു നാക്കുപിഴവ് (?) ഒഴികെ ഇടതുപക്ഷത്തിന് പതിവുള്ളതുപോലെ സെൽഫ് ഗോളുകളൊന്നും ഇത്തവണയുണ്ടായിട്ടില്ല. പതിവുപോലെ വലതുപക്ഷത്തിന്റെ ഊഴം കഴിഞ്ഞ് സൂചി ഇടതുപക്ഷത്തേക്ക് തന്നെ തി